sections
MORE

അലക്സാണ്ടര്‍ ഇന്ത്യയെ ആക്രമിച്ചു; ഒരു പാചകക്കാരന്‍ കൂടെയില്ലായിരുന്നോ?

HIGHLIGHTS
  • കേരളത്തിന്റെ ചരിത്രത്തില്‍നിന്ന് ഒഴിവാക്കാന്‍ കഴിയാത്ത ആത്മകഥ.
  • കാഴ്ചപ്പാടുകളെ നവീകരിച്ച് യഥാര്‍ഥ മനുഷ്യനാകാന്‍ പ്രേരിപ്പിക്കുന്ന പുസ്തകം.
dalithan-p
SHARE
കെ.കെ. കൊച്ച്

ഡിസി ബുക്സ്

വില 395 രൂപ

അലക്സാണ്ടര്‍ ഇന്ത്യയെ ആക്രമിച്ചു

ഒരു പാചകക്കാരന്‍ കൂടെയില്ലായിരുന്നോ? 

എന്നു കവിതയിലൂടെ ബ്രെഹ്ത് ചോദിച്ചത് വായിച്ചപ്പോഴാണ് ആത്മകഥയെക്കുറിച്ച് കെ.കെ. കൊച്ച് ചിന്തിക്കുന്നതും എഴുതിത്തുടങ്ങുന്നതും. ചരിത്രത്തില്‍ രാജാക്കന്‍മാരും കൊട്ടാരങ്ങളും പടയോട്ടങ്ങളുമുണ്ട്; പരിചാരകരും ചതഞ്ഞരയുന്ന മനുഷ്യരും ഭാരം വലിച്ചു തളര്‍ന്നുവീഴുന്ന മൃഗങ്ങളുമില്ല. അവര്‍ക്കു കഥയും ചരിത്രവുമില്ലാത്തതുകൊണ്ടല്ല. ചരിത്രസ്രഷ്ടാക്കളെങ്കിലും അവഗണിക്കപ്പെടുകയാണവര്‍. അദൃശ്യരാക്കപ്പെടുന്നവര്‍, ചരിത്രത്തില്‍നിന്നുതന്നെ തൂത്തെറിയപ്പെടുന്നവര്‍‍. ബഹിഷ്കൃതമായ ഒരു ലോകമാണവരുടേത്; പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത്, അരികുവല്‍ക്കരിക്കപ്പെട്ടത്, മുഖ്യധാരയില്‍നിന്ന് പുറംതള്ളപ്പെട്ടത്. അവരില്‍ ഒരാളാണെന്നു തിരിച്ചറിയുകയും ആ അറിവിന്റെ ഭാരം പേറി തളരുകയും ചെയ്യുന്നതിനു പകരം ജീവിതത്തിലും സമൂഹത്തിലും കാലത്തിലും തന്നെയും തന്നെപ്പോലുള്ളവരെയും അടയാളപ്പെടുത്തുകയാണ് കെ.കെ. കൊച്ച് ‘ദലിതന്‍’ എന്ന ആത്മകഥയിലൂടെ.

പുലയന് ആത്മകഥയുണ്ടോ എന്നു ചോദിച്ച കല്ലേന്‍ പൊക്കുടന് ഒന്നിലധികം ആത്മകഥകളുണ്ട്. സി.കെ. ജാനുവിനും സെലീന പ്രക്കാനത്തിനും ആത്മകഥകളുണ്ട്. അവയെല്ലാം പൂര്‍ണമായ ജീവിതാനുഭവങ്ങളല്ലെന്നു മാത്രമല്ല കേട്ടെഴുതപ്പെട്ടവ കൂടിയാണ്. ഇവിടെയൊരു ദലിതന്‍ ഇതാദ്യമായി മലയാളത്തില്‍ ഒരു ആത്മകഥ പൂര്‍ണമായി, പരസഹായമില്ലാതെ എഴുതുകയാണ്. ഇത്തരത്തില്‍ മലയാളത്തിലെ ആദ്യത്തെ കൃതി. ‘കേരള ചരിത്രവും സമൂഹ രൂപീകരണവും’ എന്ന പുസ്തകത്തിലൂടെ ദലിത് സമുദായത്തിന് സ്വന്തമായി ചരിത്രം രചിച്ച കെ.കെ. കൊച്ചിന്റെ ആത്മകഥ. അപകടകരമായി കര്‍മം ചെയ്യുകയും ആപല്‍ക്കരമായി ജീവിക്കുകയും ചെയ്തുകൊണ്ട് ആത്മാഭിമാനമുള്ള ഒരു മനുഷ്യനായി ഉയരാനും ഉണരാനുമുള്ള ഐതിഹാസിക പരിശ്രമം. 

കേവലം ഒരു വ്യക്തി എന്നതിനപ്പുറം ഒരു പ്രത്യയശാസ്ത്ര മനുഷ്യനാണ് കെ.കെ.കൊച്ച്. ജീവിതത്തിലൊരിക്കലും ഒരു ജാതി സംഘടനയോടും വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളോടും സന്ധിചെയ്യാതെ ജീവിച്ച മനുഷ്യന്‍. അതുകൊണ്ടുതന്നെ വ്യക്തിഗതമായ ജീവിതാനുഭവങ്ങള്‍ക്കു പകരം സാമൂഹിക അനുഭവങ്ങളാണ് കൊച്ച് ആത്മകഥയില്‍ പറയുന്നത്. കാലദേശങ്ങളിലൂടെ കുതിച്ചും കിതച്ചും നടത്തിയ സഞ്ചാരപഥങ്ങളുടെ സത്യസന്ധമായ ചരിത്രം. 

ആദ്യക്ഷരങ്ങളില്‍ തുടങ്ങി അന്ത്യാക്ഷരങ്ങളില്‍ അവസാനിക്കുന്ന സാമാന്യം ദീര്‍ഘമായ ആത്മകഥയില്‍ അവസാനത്തേതിനു മുമ്പിലുള്ള അധ്യായത്തിന് കൊച്ച് പേരിട്ടിരിക്കുന്നത് ‘ഒരു വാതില്‍ കൂടി അടയുന്നു’ എന്നാണ്. 1949ല്‍ ജനിച്ച കൊച്ചിന്റെ ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ വാതിലുകള്‍ അടയുന്നത് ഒരിക്കലല്ല, പലവട്ടമാണ്. ഇനി മുന്നോട്ടുപോകാനേ ആവില്ലെന്ന മട്ടില്‍ വാതിലുകള്‍ അടഞ്ഞുകൊണ്ടിരുന്നപ്പോഴും കുടുംബവും വ്യക്തിജീവിതവും ശിഥിലമാവുകയും കിടപ്പാടം പോലും നഷ്ടപ്പെടുകയും ചെയ്തപ്പോഴും കൊച്ച്  മുന്നോട്ടുതന്നെ നടന്നു; ഇല്ലാത്ത വഴിയിലൂടെ, ഇല്ലാത്ത ഭാവിയിലേക്ക്. അതു കാലാകാലങ്ങളായി ദലിതര്‍ നടക്കുന്ന വഴിയാണ്. മറ്റു സംഘടനകളുടെ നേതാക്കന്മാരാലും ചിലപ്പോഴൊക്കെ സ്വന്തം നേതാക്കന്മാരാല്‍പ്പോലും ചതിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്ത് തല താഴ്ത്തി നടക്കാന്‍ വിധിക്കപ്പെട്ട ദലിതരുടേത്. അവര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ശരിയായ വഴി കണ്ടുപിടിക്കാന്‍ നടത്തിയ ആത്മാന്വേഷണമാണ് കെ.കെ. കൊച്ചിന്റെ ജീവിതവും എഴുത്തും പ്രത്യയശാസ്ത്ര പരീക്ഷണങ്ങളും.

ചെറുപ്പം മുതലേ പൊതുരംഗത്തു പ്രവര്‍ത്തിക്കുകയും എഴുത്തും വായനയും കൊണ്ട് അനേകംപേരെ സ്വാധീനിക്കുകയും ചെയ്തിട്ടും അംഗീകാരത്തിലും കൂടുതല്‍ പുറംതള്ളലാണ് കൊച്ചിനു കിട്ടിയത്. കാരണം അദ്ദേഹത്തിന്റെ ജാതി മാത്രമല്ല. പൊതു സമൂഹത്തിലും സ്വസമുദായത്തിലും അദ്ദേഹം ഉന്നയിച്ച, അടിസ്ഥാനമുള്ള വിയോജിപ്പുകള്‍ കൂടിയാണ്. ഇത്തരം വിയോജിപ്പുകളാണ് കൊച്ച് ചരിത്രത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനയും. അതുകൊണ്ടാണ് ആപല്‍ക്കരമായി കര്‍മം ചെയ്തയാളെന്ന് കൊച്ചിനെ വിശേഷിപ്പിക്കുന്നത്. അപകടരമായി ജീവിച്ചുവെന്ന ആത്മാഭിമാനം അദ്ദേഹത്തിനു സ്വന്തമാക്കാനാകുന്നതും. 

ആത്മകഥ കൊച്ച് തുടങ്ങുന്നതുതന്നെ വിയോജിപ്പുകളെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്; കമ്യൂണിസത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട് സാമുദായിക സ്വത്വാന്വേഷണത്തിനു തുടക്കം കുറിച്ച നാളുകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്. സംവരണ വിഷയത്തില്‍ ദലിത് പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടിനെ എതിര്‍ത്ത കൊച്ച് ന്യൂനപക്ഷ വിഷയത്തില്‍ ഡോ.ബി.ആര്‍. അംബേദ്കറിന്റെ ചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതു കാണാം. ദലിത് ക്രൈസ്തവരുടെ സംവരണ വിഷയത്തിലും സ്വന്തമായി നിലപാട് ഉന്നയിച്ച അദ്ദേഹം കമ്യൂണിസത്തോടു കലഹിക്കുന്നതുപോലെ നക്സലിസത്തോടും കലഹിക്കുന്നുണ്ട്, മുത്തങ്ങ സമരത്തെ തള്ളിപ്പറയുന്നുണ്ട്, ചെങ്ങറ സമരത്തില്‍ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുന്നുണ്ട്. 

ജാതിക്ക് എതിരെയുള്ള സമരത്തെ പരമപ്രധാനമായി കാണുമ്പോള്‍ത്തന്നെ ദാരിദ്ര്യത്തിന് എതിരെയുള്ള സമരത്തെ ഒട്ടും വിലകുറച്ചു കാണുന്നുമില്ല. ജാതിവ്യവസ്ഥ തകരുന്നതിനൊപ്പം വ്യക്തികള്‍ക്ക് ആത്മാഭിമാനം നിലനിര്‍ത്താനും ബഹുമാനിതരായി മാറാനും ദാരിദ്ര്യവും ഇല്ലാതാകേണ്ടതുണ്ടെന്ന് സാക്ഷ്യപ്പെടുത്താന്‍ ‘ദലിതന്‍’ എന്ന ആത്മകഥയ്ക്കു കഴിയുന്നുമുണ്ട്. 

‘വിയോജിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു; അതുകൊണ്ട് ഞാന്‍ നിലനില്‍ക്കുന്നു...’ എന്ന പ്രശസ്ത വാചകത്തിന്റെ അര്‍ഥം അക്ഷരാര്‍ഥത്തില്‍ മനസ്സിലാക്കണമെങ്കില്‍ കൊച്ചിന്റെ ആത്മകഥ വായിക്കണം. ദലിത് ചരിത്രത്തില്‍ സജീവമായി ഇടപെട്ട് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ച, സാഹിത്യത്തിലും നിരൂപണത്തിലുമെല്ലാം ക്രിയാത്മകമായ സംഭാവനകള്‍ നല്‍കിയ വ്യക്തി കൂടിയാണ് കെ.കെ.കൊച്ച്.  സാമുദായിക-രാഷ്ട്രീയ പ്രവര്‍ത്തനത്തിനുവേണ്ടി ജോലിയില്‍ തരംതാഴ്ത്തലുകള്‍ നേരിടുകയും കുടുംബ ജീവിതത്തിലെ സൗഖ്യം നഷ്ടപ്പെടുകയും ചെയ്തിട്ടും തളരാതെ പോരാടിയ ധീരന്‍. കോളജില്‍ പഠിക്കുന്ന മകന്റെ പഠനാവശ്യത്തിനുള്ള പണം കടം വാങ്ങാന്‍വേണ്ടി സുഹൃത്തായ ഡോക്ടറുടെ വീടിന്റെ മുകള്‍നിലയില്‍ രണ്ടരദിവസം തടവുകാരനെപ്പോലെ കഴിച്ചുകൂട്ടേണ്ടിവന്നതിനെക്കുറിച്ച് കൊച്ച് എഴുതിയിട്ടുണ്ട്. അതൊരു ദലിതന്റെ സമാനതയില്ലാത്ത അനുഭവമാണ്. ജീവിതത്തെക്കുറിച്ചും സുഖസൗകര്യങ്ങളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും നിരന്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന കൊച്ചിന്റെ ആത്മകഥ കേരളത്തിന്റെ ചരിത്രത്തില്‍നിന്ന് ഒഴിവാക്കാന്‍ പറ്റില്ല, മലയാളിയുടെ ധൈഷണിക ജീവിതത്തില്‍നിന്ന് എടുത്തുകളയാന്‍ പറ്റില്ല. ഇതു നമ്മുടെ ചരിത്രമാണ്. വര്‍ത്തമാനമാണ്; ഭാവിയും. 

ആമുഖത്തില്‍ ബാബുരാജ് ചൂണ്ടിക്കാട്ടുന്നതുപോെല, ‘കടന്നുപോകാന്‍ ഇതൊരു കഥയല്ല’.  കഥ മാത്രമല്ല, ജീവിതം കൂടിയാണ്. അംഗീകരിക്കുകയും ആദരിക്കുകയും കയ്യടിക്കുകയും ചെയ്യേണ്ട ജീവിതം. പ്രതിബദ്ധതയുടെ പുതുചരിത്രം. കാഴ്ചപ്പാടുകളെ നവീകരിച്ച് യഥാര്‍ഥ മനുഷ്യനാകാന്‍ പ്രേരിപ്പിക്കുന്ന പാഠപുസ്തകം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA