sections
MORE

ഏകാകികളുടെ പുസ്തകം; കൈകളിൽ നീലഞരമ്പുകളുള്ളവർ

kaikalil-neela-njarambukal-ullavar-p
SHARE
ശ്രീദേവി വടക്കേടത്ത്

ഗ്രീൻ ബുക്ക്സ്

വില 245 രൂപ

ഏറ്റം ഒടുവിലേക്ക് വായനയ്ക്കായി നീക്കിവെക്കപ്പെടുന്ന ചില പുസ്തകങ്ങളുണ്ട്. വായനക്കായി അത്രമേൽ ഏകാന്തത വേണ്ടുന്നവ. തിരക്കുകളുടെ ആരവമൊഴിഞ്ഞ്‌, ഒടുവിലത്തെ ശബ്ദവും മൗനം പുതക്കുന്ന നേരം മാത്രം വായന സാധ്യമാവുന്ന പുസ്തകങ്ങൾ. ഓർമകളാൽ മെനഞ്ഞെടുക്കപ്പെട്ട, തീർത്തും ഏകാകികളായ മനുഷ്യരുടെ കഥ പറയുന്ന ഈ നോവൽ 'കൈകളിൽ നീലഞരമ്പുകളുള്ളവർ' അങ്ങനെയൊരു പുസ്തകമാണ്. ഭൂപ്രദേശങ്ങളുടെയോ, വിശ്വാസപ്രമാണങ്ങളുടെയോ, ലിംഗ ഭേദങ്ങളുടെയോ അതിർവരമ്പുകളില്ലാത്ത, മൂന്ന് മനുഷ്യരുടെ സൗഹൃദത്തിന്റെ, വിചാരങ്ങളുടെ, ഏകാന്തതകളുടെ ഒരേനേരം സാധാരണവും വിചിത്രവുമായ കഥ. വിശാലമായൊരു കാൻവാസിൽ വാക്കുകളെക്കൊണ്ട് ചിത്രം വരയ്ക്കുകയും വർണം പടർത്തുകയും ചെയ്യുന്ന മാന്ത്രികത. തൃശൂരിലെ ഒല്ലൂരിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കും, ഈജിപ്തിലേക്കും, ഫിലിപ്പൈൻസിലേക്കും, സിറിയയിലേക്കും, ലെബനോനിലേക്കും, സ്വിസ്സിലെ ഇന്റർലേക്കനിലേക്കുമൊക്കെ ചിന്തകളെന്ന പോലെ തന്നെ എഴുത്തും അതിർവരമ്പുകളില്ലാതെ അനായാസം വ്യാപിച്ചു കിടക്കുന്നു. ഭൂപ്രദേശങ്ങളും, ചരിത്രവും, സംസ്‌ക്കാരവും, ഭക്ഷണവും വരെ അതിസൂക്ഷ്മമായി വരച്ചിട്ടിരിക്കുന്നു.  

ഒരേ കാഴ്ചയിൽ തറഞ്ഞിരിക്കുന്ന മൂന്നു പേരുടെ മൂന്ന് ആത്മഗതങ്ങളിൽ തുടങ്ങുന്ന നോവൽ, തികച്ചും വ്യത്യസ്തരായ ആ കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളിലൂടെ വായനക്കാരനെ കൊണ്ടുപോവുന്നു. ചിരപരിചിതരെന്ന് ഭാവിക്കുമ്പോഴും അപരിചിതരായിത്തന്നെ നിലകൊള്ളുന്നവർ. കൈകളിൽ തുടിക്കുന്ന നീലഞരമ്പുകൾ മാത്രമാണവരെ ബന്ധിപ്പിക്കുന്നതും. 

വിഷാദത്തിന്റെ കരിനീലച്ചുഴിയിലേക്ക് വലിച്ചിടാൻ പരിശ്രമിക്കുന്നവർക്കിടയിൽ നിന്ന് പൊരുതി പുറത്തു കടക്കുന്ന, പുസ്തകങ്ങളുടെ കാവൽക്കാരിയാണ് ആഗ്നസ്‌. പൂർണ്ണവിരാമമിടാതിരിക്കാനുള്ള പരിശ്രമങ്ങളാണ് ആഗ്നസിന്റെ ജീവിതമെങ്കിൽ, ആത്മരക്ഷ തേടിയുള്ള പലായനങ്ങളിലാണ് ജെയ്സി. ഒരു തരത്തിൽ അവനിൽ നിന്നും അവളിലേക്കുള്ള യാത്ര കൂടിയാണത്. അതാവട്ടെ അയാൾക്ക്‌ നന്നേ മടുക്കുകയും ചെയ്തിരിക്കുന്നു. ഒരു പൂർണ്ണവിരാമത്തെക്കുറിച്ചയാൾ സ്വപ്നം കാണുന്നുണ്ട്. ഉമിത്തീ പോലെ നീറുന്ന ഒരു പ്രണയനഷ്ടത്തെ അതിജീവിക്കുവാനുള്ള പ്രയത്നമാണ് മുസ്തഫ അഹമ്മദിന്റേത്. വേരുകളും ബന്ധങ്ങളും ബാധ്യതകളാണെന്ന് ഒടുക്കം അയാൾക്ക്‌ വെളിപാടുണ്ടാവുന്നു; ദേശാടനക്കിളികളിലേക്കു മനസുറപ്പിക്കുന്നു. തീർത്തും നിസംഗമായിങ്ങനെ പറഞ്ഞു പോവുമ്പോഴും അനുവാചകന്റെ ഹൃദയത്തിൽ നോവടയാളങ്ങൾ പതിക്കുന്നുണ്ട് ഈ കഥാപാത്രങ്ങൾ.

ഭൂപ്രദേശങ്ങളെ പൂക്കൾ കൊണ്ടടയാളപ്പെടുത്തുന്ന കൗതുകം നമുക്കിതിൽ കാണാം. വസന്തത്തിൽ ഇലമൂടി വിടരുന്ന വെളുത്ത പോളിയാന്തസ്‌ പൂക്കളാൽ ആസ്‌ട്രേലിയയെ അടയാളപ്പെടുത്തിയിരിക്കുന്നു. പുൽത്തകിടിയിലെ കുഞ്ഞു വയലറ്റ്‌ പൂക്കൾ ലെബനോനെ ഓർമിപ്പിക്കുന്നു.

ഇതിലൂടെ നാം കടന്നു പോവുമ്പോൾ കാപ്പിക്കടകളുടെയും, ഉപ്പും കുരുമുളകും പുരട്ടി തീയിൽ ചുട്ടെടുക്കുന്ന സാൽമണുകളുടെയും ഗന്ധം പരക്കും. ചെറുനാരങ്ങക്കഷണങ്ങളും പുതിനയിലയും, പൊടിച്ച മഞ്ഞുകട്ടകളും നിറഞ്ഞ വീഞ്ഞിൻ ചഷകങ്ങൾക്കൊപ്പം ഒറ്റപ്പെടലിന്റെ ചവർപ്പും നുണഞ്ഞിറക്കുന്ന മനുഷ്യരെ കാണും. എപ്പോൾ വേണമെങ്കിലും ചിതറിത്തെറിച്ചു പോവാമെങ്കിലും തെരുവുകളിലൂടെ ഡമാസ്കസിലെ മനുഷ്യർ സ്വപ്നത്തിലെന്ന പോലെ നടന്നുപോവുന്നത് കാണും. ഏകാകികളുടെ പ്രത്യക്ഷത്തിലെ ഏക അടയാളമായ കൈത്തലങ്ങളിലെ നീലഞരമ്പുകളാവട്ടെ അദൃശ്യമായി പുസ്തകം മുഴുവനും ആകാശത്തിന്റെയും സമുദ്രത്തിന്റെയും നീലിമയാവാഹിച്ച്‌ കരിനീലിച്ച് പടർന്നു കിടക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA