sections
MORE

'ഉച്ചമരപ്പച്ച' അതിജീവനത്തിന്റെ ആത്മകഥനം 

HIGHLIGHTS
  • കാന്‍സർ അതിജീവനത്തെ ഹൃദയത്തിന്റെ ഭാഷയില്‍ അടയാളപ്പെടുത്തുന്ന പുസ്തകം
  • കണ്ണീരില്‍ ചാലിച്ചെടുത്ത കവിതയെന്ന് ഈ അനുഭവക്കുറിപ്പുകളെ വിശേഷിപ്പിക്കാം.
Uchamarapacha cover.cdr
SHARE
ഷാനവാസ് പോങ്ങനാട്

മെലിന്‍ഡ ബുക്‌സ്

വില 140 രൂപ

ജീവിതത്തിന് പ്രത്യാശ പകരുന്ന പുസ്തകമാണ് ഷാനവാസ് പോങ്ങനാടിന്റെ 'ഉച്ചമരപ്പച്ച'. കാന്‍സര്‍രോഗത്തില്‍ നിന്നുള്ള അതിജീവനത്തെ ഹൃദയത്തിന്റെ ഭാഷയില്‍ അടയാളപ്പെടുത്തുന്ന പുസ്തകമായതിനാൽ തന്നെ വായനക്കാരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആയുസ്സിന്റെ മുനമ്പില്‍നിന്ന് തിരിച്ചുവന്നതിന്റെ അനുഭവസാക്ഷ്യമാണിത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാനവാസ് പോങ്ങനാടിന്റെ ജീവിതത്തില്‍ വന്നുപെട്ട കറുത്തദിനങ്ങളെ വികാരതീവ്രമായി 'ഉച്ചമരപ്പച്ച' എന്ന കൃതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. വായിച്ചുകഴിയുമ്പോള്‍ ഇത് സ്വന്തം അനുഭവത്തിന്റെ നേര്‍ച്ചിത്രമായി തോന്നിയേക്കാം. അത്രത്തോളം നമ്മെ ജീവതത്തിന്റെ വില ബോധ്യപ്പെടുത്തിത്തരുന്നതാണ് ഈ പുസ്തകം. 

വീണ്ടും തളിര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഉണക്കമരം പോലെയാണ് ഓരോ കാന്‍സര്‍ രോഗിയുമെന്ന് ഓർമപ്പെടുത്തുന്നു 'ഉച്ചമരപ്പച്ച'. കത്തിനിന്ന ജീവിതമധ്യാഹ്നത്തില്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന് കരിഞ്ഞുണങ്ങിയപ്പോള്‍ അകലെക്കണ്ട ഒരു വൃക്ഷത്തിന്റെ അതിജീവനത്തിന്റെ കാഴ്ച പുസ്തകത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന ഘട്ടം വരുമ്പോഴാണ് ഓരോ കാഴ്ചയിലും നവഭംഗി അനുഭവപ്പെടുന്നത്. കീമോയെടുത്ത് വീട്ടില്‍ വിശ്രമിക്കുന്ന ദിവസങ്ങളിലൊന്നിലാണ് അയല്‍പ്പറമ്പിലെ അയണിമരത്തിന്റെ കൊമ്പുകള്‍ വെട്ടിയിറക്കുന്നത് കണ്ടത്. വൃക്ഷത്തിന് എല്ലാ ശിഖരങ്ങളും നഷ്ടപ്പെട്ടു. ഇലകളില്ലാതെ ആകാശം നോക്കിനില്‍ക്കുന്ന മരം എഴുത്തുകാരനെ വേദനിപ്പിച്ചു. ഇതുപോലെ ജീവിതത്തിന്റെ പച്ചിലകള്‍ കൊഴിഞ്ഞുപോയവരാണല്ലോ കാന്‍സര്‍ രോഗികളെന്ന് തോന്നുകയും ചെയ്തു. 

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിസ്മയകരമായ കാഴ്ച. മരത്തില്‍ പച്ചിലനാമ്പുകള്‍ വീണ്ടും തലപൊക്കുന്നു. ഇളംകാറ്റില്‍ അവ തലയാട്ടുന്നു. എല്ലാ കാന്‍സര്‍ രോഗികളും ഇത്തരത്തില്‍ വീണ്ടും പച്ചിലച്ചാര്‍ത്തുള്ള വന്‍മരങ്ങളായി മാറണം. അതു സാധ്യമാകുമെന്ന തന്റെ പ്രതീക്ഷ എഴുത്തുകാരന്‍ പങ്കിടുന്നു. രോഗത്തെ കീഴടക്കിയശേഷം ലോകത്തെ കാണുന്നത് കുട്ടികളുടെ കൗതുകത്തോടെയാണ്. മൂലകോശങ്ങള്‍ മാറിയതോടെ വീണ്ടും കുഞ്ഞായി പിച്ചവച്ചു പുതിയ മനുഷ്യനായി മാറിയെന്ന് ഷാനവാസ് എഴുതുന്നു.

രോഗാവസ്ഥ പ്രകൃതിയിലൂടെ നോക്കിക്കാണുകയാണിവിടെ. സൂക്ഷ്മമായ നിരീക്ഷണബോധവും വിശകലനബുദ്ധിയും ഈ ഗ്രന്ഥത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രോഗവും ചികിത്സയും സംബന്ധിച്ച ഗ്രന്ഥങ്ങള്‍ നിരവധി ഇറങ്ങുന്നുണ്ടെങ്കിലും ഭാഷാപരമായ തെളിമ ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകതയാണ്. 

പുസ്തകം കൈയിലെടുത്താല്‍ വായന കഴിഞ്ഞേ അത് മടക്കിവയ്ക്കാനാവുകയുള്ളു. ലളിതവും കാവ്യാത്മകവുമാണ് ഇതിന്റെ ഭാഷ. കണ്ണീരില്‍ ചാലിച്ചെടുത്ത കവിതയെന്ന് ഈ അനുഭവക്കുറിപ്പുകളെ വിശേഷിപ്പിക്കാം. നോവല്‍ വായിക്കുന്നതിനേക്കാള്‍ ആകാംക്ഷാനിര്‍ഭരവും വികാരഭരിതവുമാണ് ഉച്ചമരപ്പച്ച. 

'മരങ്ങള്‍ക്കു മീതെ മഞ്ഞവെയില്‍ വീണുകിടന്നു. ഈ മുറ്റത്തുനിന്ന് എത്രയോ തവണ അകലെ ആകാശം മുട്ടിനില്‍ക്കുന്ന ചക്രവാളത്തെ നോക്കിനിന്നിട്ടുണ്ട്. അതിനപ്പുറത്തെന്തായിരിക്കും? പക്ഷികള്‍ പറന്ന് മറയുന്നു. മേഘങ്ങള്‍ അലസമായി അങ്ങോട്ടേക്ക് തുഴയുകയാണ്. ജീവിതത്തിന്റെ കൂടുപേക്ഷിച്ച് പോകുന്നവര്‍ പറന്നുമറയുന്നിടമാണോ ആകാശത്തിന്റെ ഈ വക്ക്. വീണ്ടും അവിടേക്ക് നോക്കിനില്‍ക്കുകയാണ്. പക്ഷേ പ്രകാശമാനമായ മേഘപാളികളാണ് കാണുന്നത്. നുരകുത്തിമറിയുന്ന മേഘക്കീറുകളില്‍ വെള്ളിത്തിളക്കം'. രോഗത്തെ മാത്രമല്ല പ്രകൃതിയേയും ചുറ്റും നടക്കുന്ന സംഭവങ്ങളെയും കിടപ്പിലായ ഒരാള്‍ എങ്ങനെ നിരീക്ഷിക്കുന്നു എന്നുകൂടി അടയാളപ്പെടുത്തുന്നു.

രോഗത്തെ അതിജീവിച്ചുവന്ന പ്രശസ്തരുടെയും അത്ര പ്രശസ്തരല്ലാത്തവരുടേതുമായി നിരവധി പുസ്തകങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍നിന്ന് 'ഉച്ചമരപ്പച്ച' വേറിട്ടുനില്‍ക്കുന്നു. 'ജീവിതം കത്തിനിന്ന മധ്യാഹ്നത്തില്‍ വന്നുപെട്ട പരീക്ഷണമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ക്യാന്‍സര്‍. ആകെ കരിഞ്ഞുണങ്ങിയ കാലം. അവിടേക്ക് തളിര്‍പ്പച്ചയായി തിരിച്ചുകിട്ടിയതാണീ ജീവിതം. അതൊരു യാത്രയായിരുന്നു. പ്രയാസങ്ങളും ആശങ്കകളും നിറഞ്ഞ സുഖകരമല്ലാത്ത യാത്ര. ലക്ഷ്യത്തിലെത്താന്‍ ദുസ്സഹമായ വഴികളിലൂടെ ഏറെ നടക്കേണ്ടിവന്നു'. ആയുസിന്റെ മുമ്പില്‍നിന്നുള്ള തിരിച്ചുവരവിനെ വായിക്കുന്നവരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇളംകാറ്റും ഈറന്‍ പ്രഭാതവും ഇനിയും എനിക്കായുണ്ടെന്ന പ്രത്യാശനിര്‍ഭരമായ വാക്കുകളോടെയാണ് ഈ പുസ്തകം അവസാനിപ്പിക്കുന്നത്. വായിക്കേണ്ട പുസ്തകങ്ങളിലൊന്നാണ് ഉച്ചമരപ്പച്ച. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA