sections
MORE

നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവല്‍ ഇതാ മലയാളത്തില്‍

HIGHLIGHTS
  • ജീവചൈതന്യമുള്ള നോവല്‍ എന്ന് എം.ടി. വാസുദേവന്‍ നായര്‍ വിശേഷിപ്പിച്ച പുസ്തകം
  • 15 മില്യന്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട അദ്ഭുതം.
Shadow of the wind
SHARE
കാര്‍ലോസ് റൂയിസ് സാഫോണ്‍

കറന്റ് ബുക്സ് തൃശൂര്‍

വില 575 രൂപ

വായനയെ അനുഷ്ഠാനമാക്കുന്ന ജീവചൈതന്യമുള്ള നോവല്‍ എന്ന് എം.ടി. വാസുദേവന്‍ നായര്‍ വിശേഷിപ്പിച്ച അപൂര്‍വ പുസ്തകം; 15 മില്യന്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട അദ്ഭുതം. 

പാരിസിലും ബാര്‍സിലോണയിലുമുള്‍പ്പെടെ പുസ്തകക്കടകളിലും ഗ്രന്ഥശാലകളിലും അയാള്‍ കയറിയിറങ്ങി. ജൂലിയന്‍ കാരക്സ് എന്ന അറിയപ്പെടാത്ത എഴുത്തുകാരന്റെ പുസ്തകങ്ങളാണ് അയാളുടെ ലക്ഷ്യം. ലഭ്യമായ എല്ലാ കോപ്പികളും അയാള്‍ക്കു വേണം. അച്ചടിച്ചിരിക്കുന്ന വിലയോ അതിലും കൂടുതലോ നല്‍കാന്‍ തയാര്‍. കോപ്പികളെല്ലാം അയാള്‍ സ്വന്തമാക്കുന്നത് ആരാധന കൊണ്ടോ ഇഷ്ടം കൊണ്ടോ ഒന്നുമല്ല. തീയിട്ടു നശിപ്പിക്കാന്‍. അച്ചടിച്ചിട്ടും ആര്‍ക്കും വേണ്ടാതെ കൂട്ടിയിട്ടവയാണ് ജൂലിയന്റെ പുസ്തകങ്ങള്‍. നൂറു കോപ്പി പോലും ചെലവാകാത്തവ. ഒരാളും ഒരു നിരൂപണം കൊണ്ടുപോലും അനുഗ്രഹിക്കാത്തവ. പുസ്തകക്കടകളില്‍ ലഭ്യമായ കോപ്പികളെല്ലാം അയാള്‍ കൈക്കലാക്കി. ഗ്രന്ഥശാലകളില്‍ അവശേഷിച്ചവയും. പുസ്തകത്തിന്റെ പ്രൂഫ് പോലും അവശേഷിക്കാതിരിക്കാന്‍ പ്രസീദ്ധീകരണ സ്ഥാപനത്തിനും അയാള്‍ തീയിട്ടു. വ്യക്തികളുടെ കൈവശമുണ്ടെങ്കില്‍ അവയും കൈക്കലാക്കാനായി അടുത്ത ശ്രമം. അതിലും അയാള്‍ വിജയിച്ചു. പക്ഷേ, നോവലുകളില്‍ ഒരെണ്ണത്തിന്റെ ഒരു കോപ്പി മാത്രം അവശേഷിച്ചു. കാറ്റിന്റെ നിഴല്‍ എന്നാണ് ബാക്കിയായ നോവലിന്റെ പേര്. അതൊരു കുട്ടിയുടെ കൈവശമാണ്. അവനാകട്ടെ എത്ര വില കൊടുക്കാമെന്നു പറഞ്ഞിട്ടും അതു കൈമാറുന്നില്ല. അവന്‍ എവിടെയാണ് നോവല്‍ സൂക്ഷിച്ചിരിക്കുന്നതെന്നും ആര്‍ക്കും അറിയില്ല. ഡാനിയേല്‍ എന്നാണ് കുട്ടിയുടെ പേര്. യാദൃശ്ചികമായാണ് അവന്‍ കാറ്റിന്റെ നിഴല്‍ വായിക്കുന്നത്. അവനത് കിട്ടിയതാകട്ടെ പുസ്തകങ്ങളുടെ സെമിത്തേരിയില്‍ നിന്നും!. അതേ, അങ്ങനെയൊരിടമുണ്ട്. വിസ്മരിക്കപ്പെട്ട പുസ്തകങ്ങള്‍ക്കുവേണ്ടി ഒരിടം. അതിനൊരു കാവല്‍ക്കാരനും. 

1945 ലെ ഒരു വേനല്‍ക്കാലം. ബാര്‍സിലോണയിലെ ഒരു തെരുവ്. വിസ്മരിക്കപ്പെട്ട പുസ്തകങ്ങളുടെ ശവപ്പറമ്പില്‍ അവര്‍ എത്തി. ഡാനിയേല്‍ എന്ന കുട്ടിയും അവന്റെ കൈ പിടിച്ച് അച്ഛനും. 

ഓരോ പുസ്തകത്തിനും അതിന്റേതായ ഒരാത്മാവുണ്ട്. ഗ്രന്ഥകര്‍ത്താവിന്റെ തന്നെ ആത്മാവ്. വിസ്മരിക്കപ്പെട്ട ശവപ്പറമ്പിലെ പുസ്തകങ്ങള്‍ ഒരുകാലത്ത് വായിക്കപ്പെട്ടവയാണ്. അന്ന് ആ പുസ്തകങ്ങള്‍ക്കൊപ്പം സ്വപ്നം കണ്ട ഒരുപാടു വായനക്കാരുടെ ജീവിതവും അവയ്ക്കൊപ്പമുണ്ട്. ഒരു വായനശാല ഇല്ലാതാകുമ്പോള്‍, ഒരു പുസ്തകക്കട അടച്ചുപൂട്ടപ്പെടുമ്പോള്‍, ആ പുസ്തകങ്ങളെല്ലാം ബാര്‍സിലോനയിലെ ശവപ്പറമ്പിലേക്കു കൊണ്ടുവരുന്നു. പുസ്തകങ്ങളൊന്നും തന്നെ നാമാവശേഷമാകുന്നില്ല എന്ന് ശവപ്പറപ്പിന്റെ സൂക്ഷിപ്പുകാര്‍ ഉറപ്പുവരുത്തുന്നു. വിസ്മൃതിയിലാണ്ടുപോയ പുസ്തകങ്ങള്‍. എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയവ. അവയെല്ലാം സുരക്ഷിതമാണ് ശവപ്പറമ്പില്‍. അവ കാത്തിരിക്കുന്നു. എന്നെങ്കിലും പുതിയൊരു വായനക്കാരന്‍ വീണ്ടും തങ്ങളെ സ്വന്തമാക്കുമെന്ന പ്രതീക്ഷയില്‍. വീണ്ടും വായിക്കപ്പെടുമെന്ന പ്രത്യാശയില്‍. പുസ്തകങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമെങ്കിലും അവയ്ക്ക് ഉടമസ്ഥന്‍മാര്‍ ഇല്ല എന്നതാണ് വാസ്തവം. ഉടമസ്ഥര്‍ മാറി മാറി വരുന്നു. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ആദിയും അന്തവുമില്ലാത്ത ആ ഗ്രന്ഥപ്പുരയില്‍ നിന്നാണ് ഡാനിയേലിന് കാറ്റിന്റെ നിഴല്‍ ലഭിക്കുന്നത്. അവന്റെ സ്വന്തം പുസ്തകം. 

വിസമരിക്കപ്പെട്ട പുസ്തകങ്ങളുടെ ശവപ്പറമ്പിലെ നിയമമനുസരിച്ച് ആദ്യമായി ഈ സ്ഥലം സന്ദര്‍ശിക്കുന്ന ഒരാള്‍ ഇവിടെനിന്ന് അയാള്‍ക്കിഷ്ടപ്പെട്ട ഒരു പുസ്തകം തിരഞ്ഞെടുക്കണം. പിന്നെ അതയാള്‍ക്ക് സ്വന്തമാണ്. ഒരിക്കലും ആ പുസ്തകം നഷ്ടപ്പെട്ടുപോകാനിടവരുത്തുകയില്ലെന്ന് അയാള്‍ വാക്കു നല്‍കണം. ആ പുസ്തകം ഒരു കാലത്തും ഇല്ലാതായിപ്പോകരുത്. അതയാളുടെ ചുമതലയാണ്. ജീവിതം മുഴുവന്‍ കാത്തുസൂക്ഷിക്കേണ്ട പ്രതിജ്ഞ. കാറ്റിന്റെ നിഴലാണ് ഡാനിയേല്‍ സ്വന്തം പുസ്തകമായി തിരഞ്ഞെടുത്തത്. അതാണ് ‘അയാള്‍’ തേടിനടക്കുന്നതും. അതുകൂടി സ്വന്തമാക്കി അയാള്‍ക്കു തീയിട്ടു നശിപ്പിക്കണം. ദുരൂഹമാണ് അയാളുടെ വ്യക്തിത്വം. പ്രവൃത്തികളും. ഡാനിയേല്‍ എന്ന ബാലനും പുസ്തകം സ്വന്തമാക്കി തീയിട്ടു നശിപ്പിക്കാന്‍ ശ്രമിക്കുന്ന ദുരൂഹ കഥാപാത്രവും കണ്ടുമുട്ടുന്നതോടെയാണ് കാറ്റിന്റെ നിഴല്‍ എന്ന നോവല്‍ ആരംഭിക്കുന്നത്. കാര്‍ലോസ് റൂയിസ് സാഫോണിന്റെ ഇതിഹാസ നോവല്‍. 2001–ല്‍ എഴുതപ്പെട്ട സ്പാനിഷ് നോവല്‍. പ്രസിദ്ധീകരിച്ചതുമുതല്‍ 15 മില്യന്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട നോവല്‍. എം.ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഴ്ത്തിയ കാറ്റിന്റെ നിഴലിനു നല്‍കാവുന്ന ഏറ്റവും ചുരുങ്ങിയ വിശേഷണം ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പുസ്തകം എന്നതാണ്. 

ദ് ഷാഡോ ഓഫ് ദ് വിന്‍ഡ് എന്ന കാറ്റിന്റെ നിഴല്‍ കഥയ്ക്കുള്ളിലെ കഥയാണ്. എഴുത്തുകാരന്റെ ജീവിതം അന്വേഷിച്ചുപോകുന്ന ഡാനിയേല്‍ കണ്ടെത്തുന്നത് മറവിയില്‍ ആണ്ടുകിടക്കുന്ന പ്രണയത്തിന്റെയും അഗമ്യഗമനത്തിന്റെയും നിഗൂഡമായ ലോകം. ഒരു കുറ്റാന്വേഷണ നോവലിന്റെ വേഗവും ഉത്കണ്ഠയുമുണ്ട് കാറ്റിന്റെ നിഴലിന്. ഓരോ വാക്കും അഗാധം, സുന്ദരം. വാചകങ്ങള്‍ ഒറ്റവായനയില്‍ വശീകരിക്കുന്നത്. ആശയങ്ങള്‍ മൗലികം. ജീവിതത്തിന്റെ അര്‍ഥമില്ലായ്മയിലൂടെ സഞ്ചരിച്ച് യഥാര്‍ഥ പ്രണയത്തിലും വിശ്വസ്തതയിലും എത്തുന്ന കാറ്റിന്റെ നിഴല്‍ അക്ഷരാര്‍ഥത്തില്‍ ഇതിഹാസം തന്നെയാണ്. ക്ലാസ്സിക് എന്നു നിസംശയം വിശേഷിപ്പിക്കാവുന്ന കൃതി. ഒരുപക്ഷേ മാര്‍ക്കേസിന്റെ നൊബേല്‍ സമ്മാനം നേടിയ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളെ’ പ്പോലും അതിശയിപ്പിക്കുന്നത്. 

സ്പാനിഷില്‍ എഴുതി വിശ്വപ്രസിദ്ധിമായ നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത് ആല്‍ക്കെമിസ്റ്റ് ഉള്‍പ്പെടെയുള്ള നോവലുകള്‍ മലയാളിക്കു സമ്മാനിച്ച രമാ മേനോന്‍. മൂലകൃതിയുടെ ഭംഗിയും തേജസ്സും നഷ്ടപ്പെടാതെയും വിജയകരമായി  വിവര്‍ത്തനം ചെയ്യാമെന്ന് തെളിയിക്കുന്നുണ്ട് ഈ നോവല്‍. വായനയുടെ ഉല്‍സവവും ആഘോഷവുമായ കാറ്റിന്റെ നിഴല്‍ ഒറ്റവായനയ്ക്കുള്ളതല്ല; ഒരു ജീവിതകാലത്തേക്കുള്ളത്. ഏറ്റവും പ്രിയപ്പെട്ട പുസ്തകം എന്നു മന്ത്രിച്ച് നെഞ്ചോടടുക്കിപ്പിടിക്കാന്‍ കാലം സമ്മാനിച്ച അക്ഷരപുണ്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA