sections
MORE

മാരി ക്യൂറി– ശാസ്ത്രലോകത്തിലെ വിസ്മയം

HIGHLIGHTS
  • വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞ മദാം ക്യൂറിയുടെ ജീവിതം സമാനതകളില്ലാത്തതാണ്.
  • രണ്ടു തവണ നൊബേൽ സമ്മാനം ലഭിച്ച അപൂർവതയുടെ അവകാശി
Marie-Curie-p
SHARE
പി.എം. സിദ്ധാർഥൻ

ചിന്ത പബ്ലിഷേഴ്സ്

വില – 200 രൂപ

വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞ മദാം ക്യൂറിയുടെ ജീവിതം സമാനതകളില്ലാത്തതാണ്. ശാസ്ത്രം തന്നെ ജീവിതമായി കണ്ട ആ മഹതിയുടെ ഗവേഷണ നേട്ടങ്ങള്‍ വേദന അനുഭവിക്കുന്ന ലക്ഷോപലക്ഷം ജനങ്ങൾക്ക് ആശ്വാസം പകരുന്നു. കാൻസർ എന്ന മഹാരോഗത്തെ പ്രതിരോധിക്കുവാൻ സഹായിച്ച റേഡിയത്തിന്റെ കണ്ടുപിടിത്തത്തോടെ മനുഷ്യമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടുവാൻ അവർക്കു കഴിഞ്ഞു; രണ്ടു തവണ നൊബേൽ സമ്മാനം ലഭിച്ച അപൂർവതയുടെ അവകാശിയാകാനും

ആ മഹാപ്രതിഭ അഭിമുഖീകരിച്ച പ്രതിബന്ധങ്ങൾക്കു കണക്കില്ല. ദാരിദ്ര്യം, ലിംഗ അനീതി, അപവാദങ്ങൾ, വിമർശനം, ഗവേഷണ രംഗത്തെ കൊല്ലുന്ന അദ്ധ്വാനം എന്നിവയെല്ലാം ഒരു നോവലിലെന്ന പോലെ വിവരിക്കുന്ന ജീവചരിത്രമാണ് മാരി ക്യൂറി– ശാസ്ത്രലോകത്തിലെ വിസ്മയം. തട്ടും തടവും ഇല്ലാതെ, ശാസ്ത്രസാങ്കേതിക പദങ്ങളുടെ മടുപ്പിക്കലൊന്നുമില്ലാതെ, രചനാ വൈദഗ്ധ്യം വെളിപ്പെടുത്തുന്ന മനോഹര അവതരണം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പ്രചോദിപ്പിക്കുന്ന പുസ്തകം.

അധ്യാപക ദമ്പതികളുടെ അഞ്ചുമക്കളിൽ ഇളയവളായ മന്യ എന്നു വിളിക്കുന്ന മാരിക്യൂറി ബാല്യത്തിൽ തന്നെ തന്റെ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. അവളുടെ അപാരമായ ഓർമശക്തിയും കണക്കിലും ശാസ്ത്രവിഷയങ്ങളിലുമുള്ള മികവും അധ്യാപകരെയും സഹപാഠികളെയും ഒരുപോലെ വിസ്മയിപ്പിച്ചു. ബുദ്ധിശാലികളായ മാതാപിതാക്കളിൽനിന്ന് ലഭിച്ചതാവാം ഈ സിദ്ധി. 

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം വായനാ സമയമാണ്. അച്ഛൻ വായിക്കും. മക്കൾ ശ്രദ്ധയോടെ കേൾക്കും. അച്ഛന്റെ വായനയിലൂടെ അവർ ഡേവിഡ് കോപ്പർ ഫീൽഡിനെയും വിശ്വസാഹിത്യത്തിലെ മറ്റു കഥാപാത്രങ്ങളെയും പരിചയപ്പെട്ടു. അങ്ങനെ കുട്ടികൾ കാൽപനിക കഥകളിൽനിന്നു മുന്നേറി.

പോളണ്ടിൽ പിറന്ന ജൂത പെൺകുട്ടി, പോളണ്ടിനെ യൂറോപ്യൻ ഭൂപടത്തിൽനിന്നു തുടച്ചു മാറ്റുവാൻ ശ്രമിച്ച റഷ്യൻ സാർ ചക്രവർത്തിയുടെ പ്രവർത്തനങ്ങൾ, മാരിയുടെ മാതാവിന്റെ മരണം, പോളണ്ടിൽ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിച്ചതിനെ മറികടന്നത്, പോളണ്ടിലെ ഗ്രാമങ്ങളുടെ വശ്യമനോഹര ചിത്രങ്ങൾ എല്ലാം ഈ പുസ്തകത്തിൽ കാണാം. അഞ്ചുവർഷത്തെ സ്കൂൾ പഠനത്തിനൊടുവിൽ സ്വർണ മെഡൽ നേടി മാരി വിജയിച്ചു. 

ഉന്നത വിദ്യാഭ്യാസം നേടണമെങ്കിൽ പാരിസിൽ പോകണം. അതിനുള്ള ഭീമമായ പണച്ചെലവ് പരിഹരിക്കുവാൻ ഗൃഹാധ്യാപികയായി ജോലി ചെയ്തു. അഞ്ചുവർഷം ജോലി ചെയ്തു നേടിയ പണം കൊണ്ട് സഹോദരിയെ സഹായിച്ചു. ഈ കഥയെല്ലാം വായനക്കാരെ ആവേശഭരിതരാക്കും. പാരിസ് സർവകലാശാലയിലെ മാരിയുടെ പഠനം, അവിടെ വച്ച് പിയേർ ക്യൂറി എന്ന ശാസ്ത്രജ്ഞനെ കണ്ടുമുട്ടുന്നത്, അവരുടെ പ്രേമവും വിവാഹവും എല്ലാം നിറപ്പകിട്ടോടെ വർണിക്കുന്നു. പിയേറിനെ വിശേഷിപ്പിക്കുന്നത് ‘സ്വപ്നജീവിയായ യുവാവ്, ശാസ്ത്രലോകത്തെ ഏകാന്തപഥികൻ, പ്രകൃതി സ്നേഹിയും നീരീക്ഷകനും എന്നാണ്’. എട്ടുമണിക്കൂർ ഗവേഷണം, മൂന്നു മണിക്കൂർ വീട്ടുജോലി ബാക്കി, സമയം പഠനം ഇതായിരുന്നു മാരിയുടെ ടൈംടേബിൾ. വിവാഹ ത്തോടെ അവർ ഫ്രഞ്ച് പൗരയായി. അവർക്ക് ഒരു പെൺകുഞ്ഞ് പിറന്നു – ഐറിൻ. ബിരുദവും ബിരുദാനന്തര ബിരുദവും ഫിസിക്സിലും ഗണിതത്തിലും മാരി  നേടി. പിന്നീട് കഠിനതപസ്യയിലൂടെ ഗവേഷണ ബിരുദം ആർജിച്ചു. ലക്ഷോപലക്ഷം ജനങ്ങളെ ഗ്രസിച്ച ഒരു മഹാ രോഗത്തിനുള്ള പ്രതിവിധി– റേഡിയത്തിന്റെ കണ്ടുപിടുത്തം. അവർ ലോകത്തിന് സമർപ്പിച്ച ഗവേഷണം.

മാരിയുടെ വ്യക്തിജീവിതത്തിന് നല്ല അടുക്കും ചിട്ടയും ഉണ്ടായിരുന്നു. അതിനു തെളിവായി വീട്ടിൽ രണ്ടു പുസ്തകങ്ങളുണ്ട്. ഒന്നാമത് ഒരു അക്കൗണ്ട് പുസ്തകം. വരവു ചെലവു കണക്കുകൾ കൃത്യമായി എഴുതി വയ്ക്കുന്നത്. ഈ കൃത്യനിഷ്ഠ, കുറഞ്ഞ വരുമാനത്തിലും കുടുംബം നടത്തിക്കൊണ്ടു പോകാൻ മാരിയെ സഹായിച്ചു. രണ്ടാമത്തെ പുസ്തകം മകൾ ഐറിന്റെ ആരോഗ്യത്തെക്കുറിച്ചും വളർച്ച യെക്കുറിച്ചുമാണ്. ഐറിന് ആദ്യത്തെ പല്ലു മുളച്ച ദിവസവും നടക്കാൻ തുടങ്ങിയ ദിവസവും ഭാരം തലയുടെ വലുപ്പം എല്ലാം കുറിച്ചു വയ്ക്കാറുണ്ടായിരുന്നു. ഇതേ ചിട്ട ഗവേഷണത്തിലും പുലർത്തിയിരുന്നു. 

പിയേർ കൂടി ചേർന്നപ്പോൾ മാരിയുടെ പ്രവർത്തനത്തിന് വേഗം കൂടി. ഈ ശാസ്ത്രദമ്പതികളുടെ ഗവേഷണത്തിൽ പുലർത്തിയ അർപ്പണം, നിശ്ചയദാർഢ്യം ഈ പുസ്തകത്താളുകളിൽ  രേഖപ്പെടുത്തിയിരിക്കുന്നു. 

റേഡിയം, പൊളോണിയം എന്നിവയുടെ കണ്ടുപിടുത്തം ഇരുവരെയും ലോകപ്രശസ്തരാക്കി. റേഡിയം വേർതിരിച്ചെടുക്കുന്നതിനു വേണ്ടി നടത്തിയ കഠിനപ്രയത്നങ്ങളുടെ വാർത്ത വായനക്കാരെ അത്ഭുതപ്പെടുത്തും. ഒരു നേട്ടവും ഒറ്റ രാത്രികൊണ്ടു നേടുന്നതല്ലെന്നും അതിന്റെ പിന്നിൽ മഹാപ്രയത്നവും അർപ്പണവും വേണമെന്നും ഈ ശാസ്ത്രജ്ഞരുടെ ജീവിതം ബോധ്യപ്പെടുത്തുന്നു. ശാസ്ത്ര ലോകത്തെ അസൂയ, സ്ത്രീകളെ അംഗീകരിക്കാൻ വിമുഖത, അവരുടെ നേട്ടങ്ങളെ ചെറുതായി കാണുക തുടങ്ങി ശരാശരി മനുഷ്യരിൽ കാണുന്ന സ്വഭാവങ്ങൾ വലിയ ശാസ്ത്രജ്ഞർ എന്ന് അഭിമാനിക്കുന്നവരിൽ ഉണ്ടെന്നും പറയുന്നു ഈ ഗ്രന്ഥം.

ലോകം മുഴുവൻ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോഴും ഫ്രഞ്ചു സർക്കാർ അവരോട് പുലർത്തിയ തണുപ്പൻ സമീപനം പ്രത്യേകം എടുത്തു പറയുന്നു. 

പിയേറിന്റെ അപ്രതീക്ഷിത വിയോഗം വിവരിക്കുന്നത് കണ്ണു നനയ്ക്കും. മദാം ക്യൂറി എന്നെന്നേക്കുമായി ഏകാകിയായി മാറി. എന്നാൽ ഇവയൊന്നും ഗവേഷണ പ്രവർത്തനങ്ങളിൽ നിന്നവരെ അകറ്റിയില്ല. ഭർത്താവില്ലാത്ത മാരിക്കു നേരെ ഉയർന്ന അപവാദപ്രചരണങ്ങൾ പലപ്പോഴും അവരെ തളര്‍ത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 

അസാധാരണയായ ഒരു പ്രതിഭയുടെ ജീവിതചിത്രം അതി മനോഹരമായാണ് ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്. അതോടൊ പ്പം പോളിഷ് ജനതയുടെ സ്വന്തം നാടിനെക്കുറിച്ചുള്ള അഭിനിവേശം, പോളണ്ടിന്റെ ഗ്രാമഭംഗി, ഒന്നര നൂറ്റാണ്ട് മുൻപുള്ള യൂറോപ്യൻ ജീവിതം, സ്ത്രീകളോടുള്ള മനോഭാവം, ലിംഗ സമത്വം അംഗീകരിക്കാത്ത ഒരു സമൂഹത്തിന്റെ ചിത്രം ,സമ്പന്ന സമൂഹം ദരിദ്രരോടു കാട്ടുന്ന അനീതി എന്നിവയെല്ലാം ഇതിൽ ഉണ്ട്. 

മഹാശാസ്ത്രജ്ഞ എങ്കിലും ലാളിത്യത്തിന്റെ ആൾരൂപമായിരുന്നു മദാം മാരിക്യൂറി. നിശ്ചദാർഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഉദാത്ത മാതൃകയായ മദാം മാരിക്യൂറിയെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു ഈ ജീവചരിത്രത്തിൽ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA