sections
MORE

വാഴപ്പണയിലെ ക്രൂരകൃത്യവും പത്മനാഭക്കുറുപ്പിന്റെ ശാപവും

HIGHLIGHTS
  • ഭാഷയിലും കഥകളുടെ പ്രമേയത്തിലും കൂസലില്ലാതെ പുതുവഴികള്‍ തേടുകയാണ് അമല്‍.
  • ഏറ്റവും പുതിയ കാലത്തിന്റെ ഏറ്റവും വ്യത്യസ്തമായ കഥകള്‍.
pathakam-vazhakkolapathakam
SHARE
അമല്‍

ഡിസി ബുക്സ്

വില 150 രൂപ

വള്ളുവനാട് കണ്ടിട്ടില്ലാത്തവര്‍ക്കുപോലും പ്രിയപ്പെട്ടതാണ് ആ നാടിന്റെ ഭാഷ. കാല്‍പനിക സൗന്ദര്യം തുളുമ്പുന്ന, നിലാവിലെ നിള പോലെ മോഹിപ്പിക്കുന്നത്. വള്ളുവനാടന്‍ ഭാഷയ്ക്കൊപ്പം മലബാര്‍ ഭാഷയും മധ്യതിരുവിതാംകൂര്‍ ഭാഷയുമൊക്കെ അവയുടെ വായ്മൊഴിവഴക്കത്തോടെ മലയാളത്തിന്റെ മുഖ്യധാരയില്‍ ഇടംപിടിച്ചെങ്കിലും തെക്കുദേശത്തെ ഗ്രാമങ്ങളുടെ പ്രത്യേകിച്ചു തിരുവനന്തപുരത്തെ ഭാഷ സാഹിത്യത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടില്ല. സങ്കടം പറഞ്ഞാല്‍പ്പോലും അന്യനാട്ടുകാര്‍ കളിയാക്കിച്ചിരിക്കുന്ന, വികലമെന്ന ആക്ഷേപം നേടിയ ഭാഷ.

ഹാസ്യരംഗങ്ങള്‍ക്കു മേമ്പൊടി കൂട്ടാന്‍ സിനിമകളില്‍പ്പോലും ഉപയോഗിക്കുന്ന തിരുവനന്തപുരം ഭാഷയിലാണ് അമല്‍ തന്റെ മികച്ച ചെറുകഥകള്‍ എഴുതിട്ടുള്ളത്. ഭാഷയുടെ പരിഹാസ്യതയെ ആക്ഷേപഹാസ്യത്തിന്റെ അലുക്കണിയിച്ച് പുതിയൊരു ഭാവുകത്വം മലയാളത്തില്‍ അവതരിപ്പിച്ച കഥകളും നോവലുകളും. പുതിയ കഥാസമാഹാരം ‘പാതകം, വാഴക്കൊലപാതകത്തിലും’ പെരുങ്കടവിള ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളാണ് അമലിന്റെ ഭൂമിക. അവിടുത്തെ നാട്ടുഭാഷയാണ് ഈ കഥകളുടെ സജീവമായ ശരീരം. കാലത്തോടുള്ള തന്റെ കലയുടെ കലഹവും വിശ്വാസവും എഴുത്തുകാരന്‍ ധീരമായി പ്രകടിപ്പിക്കുന്ന കഥകള്‍. 

പുതിയ എഴുത്തിന്റെ ഏറ്റവും തെളിഞ്ഞ, വെല്ലുവിളിക്കുന്ന മുഖമെന്ന് സക്കറിയ വിശേഷിപ്പിക്കുന്ന അമലിന്റെ എഴുത്തിന്റെ സവിശേഷതകളെല്ലാം ഒത്തിണങ്ങിയ കഥയാണ് വാഴക്കൊലപാതകം. സമാഹാരത്തിലെ മികച്ച കഥ. 

പടീറ്റതില്‍ പത്മനാഭക്കുറുപ്പാണ് കഥയുടെ ജീവാത്മാവും പരമാത്മാവും. ഒരുപാട് കുടുംബസ്വത്തും വസ്തുവകകളും ഉണ്ടായിരുന്നതാണ്. എല്ലാം കടംകേറി നശിച്ചു. ആ പുഷ്ക്കലകാലത്തെക്കുറിച്ച് എന്നും തിണ്ണയില്‍ മലര്‍ന്നുകിടന്ന് ബീഡിപ്പുകയിലൂടെ എഴുതിവയ്ക്കല്‍ മാത്രമായി മിച്ചം. മദ്രാസിലും ബോംബെയിലുമുള്ള പെണ്‍മക്കള്‍ വിവാഹാനന്തരം കപ്പക്കിഴങ്ങുപോലെ മൂടോടെ പിഴുതെടുത്തുകൊണ്ടുപോയതാണല്ലോ, അല്ലാതെ കണ്ട അന്യനാട്ടുകാര്‍ വന്ന് അനുഭവിക്കുന്നതല്ലല്ലോ എന്ന പാര്‍ലമെന്റ് വിരുദ്ധ വിചാരങ്ങള്‍ക്കും കുറവില്ല. ആകെ അവശേഷിക്കുന്നത് ഒരേക്കര്‍ വാഴപ്പണ മാത്രമാണ്. പെണ്‍മക്കളെ വളര്‍ത്തുന്നതുപോലെതന്നെയാണ് വാഴകളെ പത്മനാഭക്കുറുപ്പ് പരിപാലിക്കുന്നത്. തടമെടുത്ത്, വളമിട്ട്, വെള്ളമൊഴിച്ച് പരിപാലിക്കുകയാണ്. കെട്ട കാലത്ത് അയാളുടെ അകെയൊരു ആശ്വാസം ആ വാഴകളുമാണ്. പക്ഷേ, അതേ വാഴകളുടെ പേരില്‍ അപമാനിക്കപ്പെടാനും ഭ്രാന്തന്‍ എന്നു വിളിക്കപ്പെടാനുമായിരുന്നു അയാളുടെ നിയോഗം. 

എന്തും സംഭവിക്കുന്ന കാലമാണ്. ചിന്തിക്കാനാവാത്ത കാര്യങ്ങള്‍പോലും ഓരോദിവസവും നടക്കുന്നു. എങ്കിലും തന്റെ വാഴപ്പണയില്‍നിന്ന് ഇങ്ങനെയൊരു ദുരന്തം മനുഷ്യനിര്‍മിതമായി സംഭവിക്കുമെന്ന് അയാള്‍ ഭീകരമായ പേടിസ്വപ്നത്തില്‍പ്പോലും കണ്ടിട്ടില്ല. 

പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന ക്രൂരതകളും പീഡനങ്ങളും മാനഭംഗങ്ങളുമൊക്കെ സ്ഥിരം വാര്‍ത്തയും ചര്‍ച്ചയുമാണെങ്കിലും  വിഷയത്തെ തികച്ചും മൗലികമായ മറ്റൊരു കഥാവസ്തുവിലേക്ക് പരാവര്‍ത്തനം ചെയ്യാനും അങ്ങനെ പെണ്‍മക്കളുള്ള ഒരു കര്‍ഷകന്റെ മനോനിലയിലൂടെ അവതരിപ്പിക്കാനും കഴിഞ്ഞതാണ് അമലിന്റെ കഥയെ വ്യത്യസ്തമാക്കുന്നത്. 

മക്കളെപ്പോലെ പരിപാലിച്ച വാഴകളുടെ അന്തകനായതിനുശേഷം, കാര്യമറിയാതെ അയാളെ കുറ്റപ്പെടുത്തുന്നവരോടുള്ള പത്മനാഭക്കുറുപ്പിന്റെ വാക്കുകളില്‍ ഈ കാലത്തിന്റെ ദുഷിച്ച മനസ്സിനെതിരെയുള്ള പ്രതിഷേധം കാണാം, പ്രതിരോധം അറിയാം. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയില്ലായ്മയും. 

‘ഗതി കിട്ടാതെ അലയുന്ന അജ്ഞാതരായ ആരൊക്കെയോ നമ്മുടെ നാട്ടിലുണ്ട്. എന്റെ വാഴകള്‍ നശിച്ചതുകൊണ്ട് അവര്‍ അടങ്ങിയിരിക്കില്ല. അവര്‍ ഇന്നു രാത്രിയും വരും. വേറൊരു വാഴപ്പണ. വേറെ തൈവാഴകള്‍. ഇതിങ്ങനെ അവസാനമില്ലാതെ കാലങ്ങളോളം ആവര്‍ത്തിച്ചുകൊണ്ടിരിക്കും... ’ 

ഭാഷയിലും കഥകളുടെ പ്രമേയത്തിലും കൂസലില്ലാതെ പുതുവഴികള്‍ തേടുകയാണ് അമല്‍. ഏറ്റവും പുതിയ കാലത്തിന്റെ ഏറ്റവും വ്യത്യസ്തമായ കഥകള്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA