sections
MORE

'25 വയസ്സുവരെ ആത്മഹത്യയെക്കുറിച്ച് എന്നും ആലോചിക്കുമായിരുന്നു' എ.ആർ. റഹ്മാന്‍ ജീവിതം പറയുന്നു

ar-rahman-320x478
SHARE
കൃഷ്ണ ത്രിലോക്

മനോരമ ബുക്സ്

വില 399 രൂപ

കോടമ്പാക്കത്തെ ഒരു കൊച്ചുബാലൻ, വലിയ സമ്പത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ പിന്തുണയില്ലാതെ എങ്ങനെയാണ് ലോകത്തിലെ ഏറ്റവും മഹത്തായ ചില വേദികളിൽ എത്തിപ്പെട്ട്, ഏത് ഉന്നതർക്കൊപ്പവും തോളുരുമ്മി നിൽക്കാറായത്? കേവലം വാസനാബലം കൊണ്ടോ? മിടുക്കു കൊണ്ടോ? അതോ, ഭാഗ്യം കൊണ്ടോ?... 

വന്ദേമാതരത്തിലൂടെ അദ്ദേഹം ദേശഭക്തി പരിഷ്കാരത്തിനു ചേരുന്നതാക്കി. ബോംബെ പോലുള്ള സിനിമകൾക്കു വേണ്ടി ചെയ്ത സംഗീതത്തിലൂടെ അദ്ദേഹം ശാന്തിക്കും നീതിക്കും വേണ്ടി നിലകൊണ്ടു. മിക്ക സംഗീതജ്ഞരും ഗായകരും പിന്നിൽ സംഗീതമുതിർക്കുന്ന ഉപകരണങ്ങൾക്കൊപ്പം വേദിയിൽ അനങ്ങാതെ നിന്ന് കടലാസില്‍ നോക്കി ഗാനങ്ങൾ ആലപിച്ചിരുന്ന ഒരു കാലത്ത്, എആർ നർത്തകരെയും പുതുപുത്തൻ സ്റ്റേജ് ഇഫക്റ്റുകളെയും ഉപയോഗിച്ച് സംഗീത പരിപാടികളുടെ മട്ടു തന്നെ മാറ്റി മറിച്ചു. ‘പേട്ടറാപ്പി’ൽ നമ്മൾ ചിരിച്ചു ‘ലുക്കാചുപ്പി’യില്‍ കരഞ്ഞു, ‘ഛയ്യ ഛയ്യ’യിൽ നൃത്തം വച്ചു, ‘ജയ് ഹോ’യിൽ പ്രചോദനമുൾക്കൊണ്ടു. 

ബാലനായ എ.ആർ. റഹ്മാൻ സ്ഥിരമായി ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, പരീക്ഷകളിൽ ഒന്നൊന്നായി തോറ്റു. കുടുംബച്ചെലവു നടത്താൻ പ്രോഗ്രാമുകളിൽ മുഴുകിയതു കാരണം പഠിക്കാനോ ക്ലാസിലിരിക്കാനോ വേണ്ടത്ര സമയം കിട്ടിയിരുന്നില്ല. 

സ്കൂൾ ജീവിതവും അവിടുത്തെ കർത്തവ്യങ്ങളും ഒരിടത്ത്, കുടുംബത്തോടുള്ള ഉത്തരവാദിത്തവും ജോലിയും മറുഭാഗത്ത്. റഹ്മാൻ നേരിടേണ്ടി വന്ന ഈ സംഘർഷം അതിവേഗം കൂടുതൽ ശക്തമായി.

രണ്ടിനോടും നീതിപുലർത്താൻ കഴിയുന്നില്ല എന്ന് അമ്മയോടു പറഞ്ഞപ്പോൾ ‘സ്കൂള്‍ വിട്ട് സംഗീതത്തിൽ ശ്രദ്ധ ചെലുത്താൻ’ അമ്മ പറഞ്ഞു, ‘പഠിപ്പിന്റെ കാര്യം പിന്നെ നോക്കാം’.

‘എനിക്കു വല്ലാത്ത പേടി തോന്നി.’ റഹ്മാൻ ഓർക്കുന്നു. ‘സ്കൂൾ വിട്ടു പോരുന്ന കാര്യത്തിൽ നല്ല ഉറപ്പു തോന്നുന്നില്ല. ഇനിയെന്തുണ്ടാവും എന്നായിരുന്നു വേവലാതി.’

ഇന്ന്, പഠിച്ച സ്കൂളുകളിലെല്ലാം പരാജയപ്പെട്ട ക്ലാസുകളിലായിരുന്നിട്ടും, പ്രമുഖരായ പൂര്‍വ വിദ്യാർഥികളുടെ പട്ടികയിൽ എ. ആർ. റഹ്മാന്റെ പേര് തിളക്കത്തോടെ കാണാം.

കൗമാരത്തിലെത്തും മുൻപേ മകനെ ജോലി ചെയ്യാൻ അന്ന് റഹ്മാന്റെ അമ്മ അനുവദിച്ചിരുന്നില്ലെങ്കിൽ, ലോകത്തിന് ഇന്നത്തെ എ.ആർ. റഹ്മാനെ നഷ്ടപ്പെടുമായിരുന്നു. സമപ്രായക്കാരായ മറ്റു കുട്ടികൾ സ്വാഭാവികമായ ആനന്ദങ്ങളിൽ മുഴുകുമ്പോൾ, സ്വന്തം കുട്ടി രാവും പകലും അധ്വാനിക്കണം എന്ന് ഒരമ്മയും ആഗ്രഹിക്കില്ല. മകനുവേണ്ടിയെടുത്ത ചില തീരുമാനങ്ങൾ അവരുടെ നെഞ്ചു പിളർന്നെടുത്തവയാകണം. കരീമ ബീഗം അതു തുറന്നു പറ‍ഞ്ഞിട്ടുണ്ട്. 

എ.ആർ. റഹ്മാന്റെ ജീവിതം പറയുകയാണ് കൃഷ്ണ ത്രിലോകിന്റെ എ.ആർ. റഹ്മാൻ എന്ന പുസ്തകം. ആരാധകർ കാത്തിരുന്ന എ.ആർ. റഹ്മാന്റെ ജീവചരിത്രം. റഹ്മാന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളൊക്കെ പുസ്തകം ചർച്ചചെയ്യുന്നു. ഏത് പ്രതിസന്ധിയിലും സ്വന്തം സ്വപ്നത്തിനു പിന്നാലെ പോകാൻ വായനക്കാർക്ക് പ്രചോദനം നൽകുന്ന പുസ്തകം. പുസ്തകത്തിന്റെ മലയാളപരിഭാഷ നിർവഹിച്ചിരിക്കുന്നത് എ.വി. ഹരിശങ്കർ. കോട്ടയം മനോരമ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. 399 രൂപയാണ് വില.

‘ഏതാണ്ട് ഇരുപത്തഞ്ച് വയസ്സാവുന്നതുവരെ ഞാൻ ആത്മഹത്യയെക്കുറിച്ച് എന്നും ആലോചിക്കുമായിരുന്നു എന്നു തന്നെ പറയാം.’ ഒരിക്കൽ എ.ആർ. റഹ്മാൻ പറഞ്ഞു. ‘ആകെ കുടുങ്ങിപ്പോയ തോന്നലായിരുന്നു. എങ്ങോട്ടാണ് പോക്ക് എന്ന് ഒരുപിടിയും കിട്ടുന്നില്ല. ജീവിതത്തിൽ ശരിക്കും വേണമെന്നു മോഹിച്ചതിൽ ഞാനൊരു തികഞ്ഞ പരാജയമാണെന്നു തോന്നി. 

ജീവിതത്തിലെ ഒരു ഇരുണ്ട ഘട്ടമായാണ് റഹ്മാൻ ആ നാളുകളെ കാണുന്നത്. കാരണം, താൻ ശരിക്കും വില കൽപിച്ച ഒന്നിനും യാതൊരു വിലയുമില്ലാതായതു പോലെ, ബാൻഡുകളുമൊത്തു ചെയ്യുന്നതൊന്നും എങ്ങുമെത്തുന്നില്ല. സ്വന്തമായി ചെയ്ത സംഗീതസൃഷ്ടികൾ, ആൽബങ്ങൾ ഒന്നും ഏശുന്നില്ല. ജീവിതത്തിന്റെ ഗതി എങ്ങോട്ടാണ് എന്ന് ഒരു പിടിയുമില്ല. 

ഒരു അഭിമുഖത്തിൽ എ ആർ ആ അവസ്ഥ വിവരിച്ചത് ഇങ്ങനെയാണ്: ‘കഷ്ടപ്പെട്ട പണി, അപമാനം, മറ്റുള്ളവരുടെ കൽപനകൾ, വീട്ടിലുള്ളവരുടെ മുഖത്തെ പരിഭ്രാന്തി, കീഴ്പെടുത്തുന്ന അപകർഷതാബോധം. വല്ലാത്തൊരു കാലമായിരുന്നു....’

മണിരത്നത്തിന്റെ ‘അലൈപായുതേ’യിലും ശങ്കറിന്റെ ‘ബോയ്സി’ലും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച രവി പ്രകാശിന്റെയും രാജീവ് മേനോന്റെയും കൂടെ പരസ്യത്തിൽ മ്യൂസിക് ചെയ്തിരുന്ന കാലം.

അന്നത്തെ റിക്കോർഡിങ് കഴിഞ്ഞ് മറ്റുള്ളവർ സ്റ്റുഡിയോ വിട്ടപ്പോൾ എ.ആർ. രവിപ്രകാശിന്റെ അടുത്തു ചെന്ന് പതിയെ പറഞ്ഞു: ‘ഹേയ്, നിങ്ങളെ വേറൊരു സാധനം കേൾപ്പിക്കട്ടേ?’

‌‘അതു കേട്ടപ്പോൾ ഞാനാകെ വീണുപോയി.’ രവിപ്രകാശ് ഓർക്കുന്നു, ‘വേറാർക്കെങ്കിലും വേണ്ടി ചെയ്തതാണോ?’ എന്ന് രവിപ്രകാശ് ചോദിച്ചു.

എ.ആർ. അതിനു മറുപടി നൽകാതെ ‘ദാ, ഇതുകൂടി കേൾക്കൂ’ എന്നു പറഞ്ഞു. 

‘അതും അതിഗംഭീരം.’ രവി പറയും. ‘ഞാൻ പറഞ്ഞു, ഇത് വേറെ ജനുസ്സാണല്ലോ. എന്താണീ മ്യൂസിക്?’

അപ്പോഴാണ് റഹ്മാൻ കാര്യം പറഞ്ഞത്: ‘ഇത് ഒരു സിനിമയ്ക്കു വേണ്ടി ഞാൻ ചെയ്യുന്നതാണ്.’

മണിരത്നം ആണ് സംവിധായകൻ. മ്യൂസിക് ചെയ്യാൻ എന്നെ ഏൽപ്പിച്ചിരിക്കുകയാണ്.’ റോജ ആയിരുന്നു ആ ചിത്രം.

എ.ആർ റഹ്മാന്റെ റെക്കോർഡിങ്ങുകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന പല സംഗീതജ്ഞരും ‘റോജ’യുടെ റെക്കോഡിങ് വേളയിൽ അപ്രത്യക്ഷരായി. അദ്ദേഹം തനിച്ചായി, മനോവിഷമത്തിലും. ‘അന്നുവരെയും എന്റെ കൂടെ പ്രവർത്തിച്ചിരുന്ന പ്രധാനപ്പെട്ട ആരും ‘റോജ’യുടെ റെക്കോഡിങ് സമയത്ത് ആ വഴി വന്നതേയില്ല,’ റഹ്മാന്‍ പറയുന്നു. ‘എല്ലാവരും വേറെ ഓരോ ജോലി ഏറ്റുപോയിരുന്നത്രേ. അതിലും വലിയ എന്തൊക്കെയോ, അതാണു പ്രധാനം എന്നവർക്കു തോന്നി. അതു കൊണ്ട് എനിക്കു വേണ്ടി ആരും വന്നില്ല.’

‘റോജ’യുടെ സൗണ്ട്ട്രാക്ക് ചൂടപ്പം പോലെ വിറ്റു പോയി. ഇന്ത്യ മുഴുവനും ലഭിച്ച ജനപ്രീതി കാരണം ഹിന്ദിയിലേക്ക് ഡബ് ചെയ്ത അപൂർവം തമിഴ് ആൽബങ്ങളിലൊന്നായി അത്. ടൈം വാരികയുടെ, എക്കാലത്തെയും മികച്ച 10 സൗണ്ട് ട്രാക്കുകളുടെ പട്ടികയിലും അതു സ്ഥാനം പിടിച്ചു. റഹ്മാൻ ആധികാരികമായി ‘അരങ്ങത്ത് എത്തിക്കഴിഞ്ഞു’. എന്നാൽ അപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ ചെയ്യാനുള്ള ജോലി യെക്കുറിച്ചുള്ള ആലോചനയല്ലാതെ ഏറെയൊന്നുമുണ്ടായിരുന്നില്ല. 

ആ വിജയത്തെ റഹ്മാൻ സ്വീകരിച്ചത്, അന്നോളം നേരിട്ട എല്ലാ കഷ്ടപ്പാടുകളെയും സ്വീകരിച്ചതുപോലെതന്നെയാണ് എന്ന് ഫാത്തിമയും രൈഹാനയും പറയുന്നു. അന്തസ്സുറ്റ ശാന്തതയോടെ, എല്ലാം സർവശക്തന്റെ നിശ്ചയത്തിന്റെ ഭാഗം എന്ന ഉറപ്പോടെ, റഹ്മാന്റെ തനിസ്വഭാവം തന്നെ. ഓസ്കാറാവട്ടെ, വിജയകരമായ ഒരു ബിസിനസ് ഡീൽ ആവട്ടെ, നല്ലതോ ചീത്തയോ ആയ എന്തുമാവട്ടെ, ആർക്കും അസൂയ തോന്നുന്ന ശാന്തതയോടെയാണ് അദ്ദേഹം എല്ലാം സ്വീകരിക്കുക, അപൂർവം മനുഷ്യർക്കു മാത്രം സാധ്യമാവും വിധം. 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA