sections
MORE

ദേവപ്രശ്ന ചിന്തകളുടെ ആധികാരിക ഗ്രന്ഥം

HIGHLIGHTS
  • ജ്യോതിഷ വിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്‍മാര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്രദം.
devaprasna-padhathi-p
SHARE
കൂറ്റനാട് കളരിക്കല്‍ രാവുണ്ണിപണിക്കര്‍

കറന്റ് ബുക്സ്

വില 200 രൂപ

ജ്യോതിഷം വേദപുരുഷന്റെ നേത്രങ്ങളാണ്. വേദാംഗങ്ങളായ ആറു ശാസ്ത്രങ്ങളെ കാലനിര്‍ണ്ണയം ചെയ്യുന്നത്. വിവാഹപ്രശ്നം, ഭോജനപ്രശ്നം, ചോരപ്രശ്നം, രാജപ്രശ്നം തുടങ്ങി എല്ലാ വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ജ്യോതിഷത്തിലെ പ്രശ്നശാഖ പൗരസ്ത്യദേശങ്ങളിലാണ് പ്രചരിച്ചത്. അതു പൂര്‍ണമായ രീതിയില്‍ വികസിച്ചതും പ്രചരിച്ചതും കേരളത്തിലും. പ്രശ്നശാഖയെക്കുറിച്ച് ഒട്ടേറെ ഗ്രന്ഥങ്ങള്‍ പല ഘട്ടങ്ങളിലായി രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഉത്തരകേരളത്തില്‍ പനയ്ക്കാട്ടില്ലത്തെ നാരായണന്‍ നമ്പൂതിരിയാണ് എല്ലാ ജ്യോതിഷഗ്രന്ഥങ്ങളെയും ഇതരശാസ്ത്രഗ്രന്ഥങ്ങളെയും വേദവേദാന്ത ഗ്രന്ഥങ്ങളെയും അപഗ്രഥനം ചെയ്ത് പ്രശ്നമാര്‍ഗ്ഗമെന്ന അമൂല്യഗ്രന്ഥം തയാറാക്കിയത്; അതും രണ്ടു ഭാഗങ്ങളിലായി. പ്രശ്നചിന്തയുടെ ആധികാരികഗ്രന്ഥമായി പരിഗണിക്കപ്പെടുന്നതും ഇവ തന്നെ. 

പ്രശ്ന മാര്‍ഗ്ഗത്തിന്റെ ഇരുപത്തിനാലാം അധ്യായത്തില്‍ 36 ശ്ലോകങ്ങളിലായി ദേവപ്രശ്ന വിഷയം വിവരിക്കുന്നു. പക്ഷേ, ദേവപ്രശ്നം പ്രചാരത്തിലായെങ്കിലും പ്രശ്ന മാര്‍ഗങ്ങള്‍ ആശ്രയിക്കുന്നത് പരിമിതമാകയാല്‍ പ്രശ്നചിന്ത വികലമായ ഒരു സമ്പ്രദായമായി മാറുകയാണുണ്ടായത്. ഇതില്‍നിന്നു വ്യത്യസ്തമായി, ഇതരശാസ്ത്ര വിഷയങ്ങളിലും വിവിധ പ്രശ്നങ്ങളിലും തന്ത്രശാസ്ത്രത്തിലും പറയുന്ന നിയമങ്ങളെ പ്രയോജനപ്പെടുത്തി ദേവപ്രശ്ന ചിന്തയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശാസ്ത്രീയ ശ്രമമാണ് ദേവപ്രശ്നവിധി. ഇത് അന്തിമമോ അവസാന വാക്യമോ അല്ല. 

വിവിധ ശാസ്ത്രവിഷയങ്ങള്‍ ദേവപ്രശ്ന ചിന്തയിലേക്ക് സംയോജിപ്പിക്കാനുള്ള ചിന്ത ജ്യോതിഷ വിദ്യാര്‍ഥികള്‍ക്കുകൂടി ഉണ്ടാകണമെന്ന ആഗ്രഹമാണ് ദേവപ്രശ്ന വിധി എന്ന പുസ്തകത്തിന്റെ ലക്ഷ്യം. മറ്റു ജ്യോതിഷ ഗ്രന്ഥങ്ങളില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതും സമീപനത്തിലെ ശാസ്ത്രാഭിമുഖ്യവും പുതിയ ചിന്തകളെ സ്വാഗതം ചെയ്യുന്ന സ്വതന്ത്ര സമീപനവും കൂടിയാണ്. 

ഇന്നും ജ്യോതിഷ സപര്യ തുടരുന്ന കൂറ്റനാട് രാവുണ്ണി പണിക്കരാണ്, ജ്യോതിഷത്തെ ശസ്ത്രത്തോട് അടുത്തുനിര്‍ത്തുന്ന ഈ പുസ്തകം സമാഹരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി അഷ്ടമംഗല പ്രശ്നങ്ങളും ദേവപ്രശ്നങ്ങളും നടത്തിയ വിദഗ്ധന്‍. കാല്‍നൂറ്റാണ്ടായി വിവിധ ജ്യോതിഷ പാഠശാലകളില്‍ ക്ലാസ്സുകള്‍ എടുക്കുന്ന രാവുണ്ണി പണിക്കര്‍ ഗുരുവായൂര്‍ ദേവസ്വം ജ്യോതിഷ പഠനകേന്ദ്രത്തിലെ പ്രധാനാധ്യാപകനുമാണ്. ഹോരാശസ്ത്രപാഠം എന്ന പുസ്തകത്തിനു ശേഷമാണ് ഭാവിയില്‍ ചര്‍ച്ചചെയ്യപ്പെടാന്‍പോകുന്ന ദേവപ്രശ്ന പദ്ധതി എന്ന കൃതി തയാറാക്കിയിരിക്കുന്നത്. 

ദേവപ്രശ്ന പദ്ധതിയില്‍ ഒരു വിഷയവും സ്വന്തമായി പ്രതിപാദിക്കുന്നില്ല എന്നാണ് ഗ്രന്ഥകാരന്റെ തുടക്കത്തില്‍തന്നെയുള്ള സത്യവാങ്മൂലം. വിവിധ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങളെ ദേവപ്രശ്ന ചിന്തയിലേക്ക് എങ്ങനെ സമന്വയിപ്പിക്കാമെന്നുള്ള പരിശ്രമം മാത്രമാണിതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ടെങ്കിലും 4 അധ്യായങ്ങളിലായി 36 ശ്ലോകങ്ങളുടെയും പ്രശ്നാനുഷ്ഠാന പദ്ധതിയില്‍ 22-ാം അധ്യായത്തിലെ 32 ശ്ലോകങ്ങളെയും രേഖപ്പെടുത്തുകയും ആധികാരികമായി വ്യാഖ്യാനിക്കുകയും ചെയ്ത് സംശയനിവൃത്തി വരുത്തുന്നു. ജ്യോതിഷ വിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്‍മാര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ് ദേവപ്രശ്നപദ്ധതി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA