'വേദന സഹിക്കാതെ കരയുന്ന പ്രകൃതിയുടെ കണ്ണീരാണിത്' രാമന്‍ ഏട്ടന്‍ അന്നു പറഞ്ഞത്

HIGHLIGHTS
  • ആറു തരത്തിലും ഭാവത്തിലുമുള്ള മഴ പെയ്യാറുണ്ട് വയനാട്ടില്‍.
  • വര്‍ഷങ്ങളായി ഈ മഴക്കലണ്ടറിനനുസരിച്ചാണ് വയനാട്ടിലെ കൃഷി നടക്കുന്നത്.
flood-and-fury-book
SHARE
വിജു ബി.

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്

വില 399 രൂപ

2018 ഡിസംബര്‍. മഴ കോരിച്ചൊരിയുകയായിരുന്നു വയനാട്ടില്‍. അടുത്തകാലത്ത് ഒരിക്കലുമുണ്ടായിട്ടില്ലാത്തത്ര തീവ്രതയിലും രൂക്ഷതയിലും. വയനാടിനെ അറിയുന്ന, വയനാടിന്റെ ഭൂപ്രകൃതിയെയും ഋതുഭേദങ്ങളെയും ഉള്ളംകയ്യിലെ രേഖകള്‍ പോലെ അറിയുന്ന 69 വയസ്സുകാരനായ ചെറുവയില്‍ രാമന്റെ ഓര്‍മയിലൊന്നും ഡിസംബറില്‍ അത്ര രൂക്ഷമായി മഴ പെയ്തിട്ടില്ല. കാപ്പി പൂക്കുന്ന കാലത്ത് കാലം തെറ്റി മഴ പെയ്യുന്നത് കൃഷി നശിപ്പിക്കുമെന്ന് അദ്ദേഹത്തിനറിയാം. നൂറു കണക്കിനു കര്‍ഷകരുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തുമെന്നും ഭാവി പ്രതീക്ഷകളെ തല്ലിക്കൊഴിക്കുമെന്നും. രാമന്‍ ഏട്ടന്‍ എന്നു നാട്ടുകാര്‍ സ്നേഹപൂര്‍വം വിളിക്കുന്ന ചെറുവയില്‍ രാമന്‍ നിസ്സഹായനായി 

ആരോടെന്നില്ലാതെ പറഞ്ഞു: പ്രകൃതിയുടെ കോപമാണിത്. വേദന സഹിക്കാതെ കരയുന്ന പ്രകൃതിയുടെ കണ്ണീരാണിത്. 

ഒന്നുനിര്‍ത്തി രാമന്‍ ഏട്ടന്‍ ഒരുകാര്യം കൂടി  പറഞ്ഞു: വയനാടിന്റെ പകുതിയോളം മുങ്ങിപ്പോയ ഓഗസ്റ്റിലെ വെള്ളപ്പൊക്കം ഒരു സൂചന മാത്രമാണ്. വരാനിരിക്കുന്ന മഹാദുരന്തത്തിന്റെ സൂചന. 

രാമന്‍ ഏട്ടന്റെ വാക്കുകള്‍ക്ക് ആറുമാസം പോലുമാകുന്നതിനുമുമ്പുതന്നെ ദുരന്തമുഖത്ത് സ്തംഭിച്ചുനില്‍ക്കുകയാണ് വയനാട്. തകര്‍ത്തുപെയ്യുന്ന മഴ. ഉരുള്‍പൊട്ടല്‍. മണ്ണിടിച്ചില്‍. ഒഴുകിപ്പോയത് നൂറോളം ഏക്കറും നൂറുകണക്കിനു ജീവനും. ഇപ്പോഴും മണ്ണില്‍ പരതുകയാണ് ദുരന്ത നിവാരണസേനയും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും; മണ്ണിനെ പൊന്നാക്കാന്‍ വിയര്‍പ്പൊഴുക്കിയ നല്ല മനുഷ്യര്‍ക്കുവേണ്ടി. ഭൂമിയിലെ സ്വര്‍ഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന പച്ചപ്പുതപ്പണിഞ്ഞ വയനാട്ടില്‍ കുടുംബം പടുത്തുയര്‍ത്തിയ പാവങ്ങള്‍ക്കുവേണ്ടി. കുടിയേറിയ മണ്ണില്‍ കുത്തിയൊലിച്ച മണ്ണിനൊപ്പം ഒഴുകിപ്പോയ ജീവിതങ്ങള്‍ക്കുവേണ്ടി. 

വരാനിരിക്കുന്ന ദുരന്തത്തെ മുന്‍കൂട്ടിക്കണ്ട രാമനേട്ടനെ പരിചയപ്പെടുത്തിയത് ഒരു പുസ്തകമാണ്. മഹാപ്രളയത്തിന്റെ പിന്നിലെ കാരണങ്ങള്‍ കണ്ടെത്തുന്ന, പരിഹാരനടപടികള്‍ ശാസ്ത്രീയമായി നിര്‍ദേശിക്കുന്ന, ഓരോ മലയാളിയും വായിച്ചിരിക്കേണ്ട പുസ്തകം- ഫ്ലഡ് ആന്‍ഡ് ഫ്യൂറി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിനാശത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന പുസ്തകം. എഴുതിയത് പത്രപ്രവര്‍ത്തകനായ വിജു ബി. 

ആറു തരത്തിലും ഭാവത്തിലുമുള്ള മഴ പെയ്യാറുണ്ട് വയനാട്ടില്‍. കാലങ്ങളായി തുടരുന്ന പതിവ്. വയനാട്ടിലെ വ്യത്യസ്തമായ കൃഷികള്‍ക്ക് ഓരോ മഴയുമായും അടുത്ത ബന്ധവുമുണ്ട്. ഓരോ മഴയ്ക്കും ഓരോ മണമാണ്. നിറമാണ്. ഓരോ ലക്ഷ്യവും. ഫെബ്രുവരിയില്‍ എത്തുന്ന കുംഭമഴ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ നീക്കി ശുദ്ധവായു പ്രദാനം ചെയ്യുന്നു. ഏപ്രില്‍ ആകുമ്പോഴേക്കും മേടമഴ എന്നറിയപ്പെടുന്ന വിഷുമഴ എത്തും. പെട്ടെന്നു പെയ്തുതീരുമെങ്കിലും കൃഷിക്കുവേണ്ടി നിലമൊരുക്കുന്നത് മേടമഴയാണ്. മേയ് പകുതിയിലോ ജൂണ്‍ ആദ്യമോ ഇടവപ്പാതി എത്തും. നെല്‍വയലുകള്‍ക്ക് ആഘോഷക്കാലം. ഓഗസ്റ്റില്‍ മിഥുനമഴ. കോരിച്ചൊരിയുന്ന മഴ മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു. സെപ്റ്റംബറില്‍ എത്തുന്ന ചിങ്ങമഴ വന്നും പോയുമിരിക്കും. ഒളിച്ചുകളിക്കുന്ന കുട്ടിയെപ്പോലെ രസകരവും കൗതുകകരവും. ഒക്ടോബറില്‍ ഇടിമിന്നലിനൊപ്പമെത്തുന്ന തുലാമഴ ഒരു വര്‍ഷത്തെ കൃഷിയുടെ സമാപനം കുറിക്കുന്നു. വര്‍ഷങ്ങളായി ഈ മഴക്കലണ്ടറിനനുസരിച്ചാണ് വയനാട്ടിലെ കൃഷി നടക്കുന്നത്. കൃഷിയില്‍ ജീവിതം അര്‍പ്പിച്ച മനുഷ്യര്‍ ജീവിക്കുന്നതും. പക്ഷേ, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മഴയുടെ താളം തെറ്റിയിരിക്കുന്നു. പലപ്പോഴും മഴ കുറവ്. ചൂടുകാലത്ത് മറ്റുസ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന അതേ ചുടും വേവും വയനാട്ടിലും എത്തിയിരിക്കുന്നു. മൂടല്‍മ‍ഞ്ഞും കുളിര്‍മയും എന്നുമുണ്ടായിരുന്ന വയനാട്ടുകാരില്‍ ചിലരെങ്കിലും എയര്‍ കണ്ടീഷനര്‍ വാങ്ങിച്ച് കുളിരുകൊള്ളുന്നുപോലുമുണ്ട്. 

മഴക്കുറവിലും അസഹനീയമായ ചൂടിനും മഞ്ഞിന്റെ അസാന്നിധ്യത്തിനും ഒരു കാരണമേ പറയുന്നുള്ളൂ: പരിസ്ഥിതി നാശം. കൂടുതല്‍ കാലാവസ്ഥാ ദുരന്തങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു വഴിയേയുള്ളൂ: ബാക്കിയുള്ള പച്ചപ്പിന്റെയെങ്കിലും സംരക്ഷണം. 

പ്രകൃതിദുരന്തത്തിന്റെ തീവ്രതയില്‍ ഇപ്പോള്‍ നിലവിളിക്കുന്ന വയനാടിന്റെ മാത്രം കഥയും ജീവിതവുമല്ല ഫ്ലഡ് ആന്‍ഡ് ഫ്യൂറി. കേരളത്തിന്റെ കഥയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലുള്ള ശാസ്ത്രീയവും മനുഷ്യത്വം നിറഞ്ഞതുമായ പഠനം. ഈ വര്‍ഷം ഓഗസ്റ്റിലും പ്രളയമെത്തി ജീവനും സ്വത്തും കവര്‍ന്നെടുക്കുമ്പോള്‍ ഇനിയെങ്കിലും ഗൗരവമുള്ള ചിന്തയില്ലാതെ, ആലോചനയും പഠനവും ഇല്ലാതെ മുന്നോട്ടുപോകാനാവില്ല എന്ന അടിയന്തര സാഹചര്യത്തിലെത്തിയിരിക്കുന്നു കേരളം. വയനാട്ടിലെ ചെറുവയല്‍ രാമന്‍ ഉള്‍പ്പെടെയുള്ള തദ്ദേശവാസികളുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കേണ്ടിയിരിക്കുന്നു. കണ്ണില്ലാത്ത, കാതില്ലാത്ത, കരളില്ലാത്ത വികസനം എങ്ങനെയാണ് നമ്മുടെ നാടിനെ അനുനിമിഷം മരുഭൂമിയാക്കിക്കൊണ്ടിരിക്കുന്നതെന്ന് ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു. ആഴത്തിലുള്ള ചിന്തയ്ക്കും ആലോചനയ്ക്കും ആത്മപരിശോധനയ്ക്കും അവസരമൊരുക്കുകയാണ് ഫ്ലഡ് ആന്‍ഡ് ഫ്യൂറി. 

ഇടുക്കി, പത്തനംതിട്ട, കുട്ടനാട്, ചാലക്കുടി, പാലക്കാട്, വയനാട്, കൂര്‍ഗ്, ഗോവ, സിന്ധുദുര്‍ഗ്, സഹ്യാദ്രി എന്നിങ്ങനെ 11 അധ്യായങ്ങളിലായി കേരളമുള്‍പ്പെടെ രാജ്യം നേരിടുന്ന കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും പ്രകൃതിദുരന്തങ്ങളെക്കുറിച്ചും നടത്തുന്ന ശാസ്ത്രീയപഠനം. ഓരോ സ്ഥലവും സന്ദര്‍ശിച്ച്, മണ്ണിന്റെ മക്കളുള്‍പ്പെടെയുള്ള തദ്ദേശവാസികളുമായി സംസാരിച്ച്, പഠനവും ഗവേഷണവും നടത്തി തയാറാക്കിയ ഗ്രന്ഥം. യുനെസ്കോയുടെ പൈതൃകപട്ടികയിലുള്ള പശ്ഛിമഘട്ട മലനിരകളില്‍ നിര്‍ബാധം നടക്കുന്ന ചൂഷണത്തെക്കുറിച്ച്. പ്രതികളെ കൈചൂണ്ടിക്കാണിക്കുന്ന കാലത്തിന്റെ പ്രതികാരം. ഭാവിപ്രതീക്ഷയുടെ വാക്കുകള്‍. 

കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി സംഭവിച്ച പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാധാന്യം ഏറെയുണ്ട് വിജുവിന്റെ പുസ്തകത്തിന്. അവസാന അധ്യായത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ മണ്ണിനും പ്രകൃതിക്കും പച്ചപ്പിനുംവേണ്ടി പ്രാര്‍ഥിക്കുന്ന ഈ പുസ്തകം ഒരു വിളിച്ചുണര്‍ത്തലാണ്. ഇനിയും മരിക്കാത്ത ഭൂമിക്കുവേണ്ടിയുള്ള നിലവിളി. ജാഗ്രതയുടെ ഉറക്കമില്ലാത്ത മുന്നറിയിപ്പ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA