ADVERTISEMENT

സുഹൃത്തുക്കള്‍ക്കു വായിക്കാന്‍ നല്‍കിയ പുസ്തകം തിരിച്ചു കിട്ടാത്ത അനുഭവമുള്ളയാളാണോ നിങ്ങള്‍? എങ്കില്‍ ഇതു കേള്‍ക്കൂ: 'ബാണ്‍സ് ആന്‍ഡ് നോബ്ള്‍' ഇറക്കുന്ന 'നൂക്ക്' എന്ന ഇ–റീഡര്‍ ഉപയോഗിക്കുന്നയാളാണ് നിങ്ങളെന്നിരിക്കട്ടെ. നിങ്ങള്‍ നൂക്കിനായി വാങ്ങിയ ഒരു ഇ–പുസ്തകം മറ്റൊരു നൂക്ക് ഉടമയ്ക്ക് ധൈര്യമായി വായിക്കാന്‍ നല്‍കാം. അപ്പോള്‍ പുസ്തകം നിങ്ങളുടെ ഇ–റീഡറില്‍നിന്ന് അപ്രത്യക്ഷമാകും. ഇനി അത് സുഹൃത്തു തിരിച്ചുതരുമോ എന്ന് ആധിപിടിക്കേണ്ട കാര്യമില്ല. കാരണം 14 ദിവസം കഴിയുമ്പോള്‍, വായിക്കാന്‍ കൊടുത്ത പുസ്തകം നിങ്ങളുടെ റീഡറില്‍ തിരിച്ചെത്തും! പുതിയ വായനാ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ചെറിയ ഉപകരണങ്ങളാണ് ഇ–റീഡറുകള്‍. അത്തരം ഒരെണ്ണം വാങ്ങാനുള്ള സമയമായോ? ഏതെല്ലാം ബ്രാന്‍ഡുകളാണ് ഇന്നു മാര്‍ക്കറ്റിലുള്ളത് എന്നു പരിശോധിക്കാം.

വില 2,000 രൂപയാകുമ്പോള്‍ ഇ–റീഡറുകള്‍ കേരളത്തിലും പ്രചാരം നേടുമെന്നാണ് കുറച്ചു വര്‍ഷം മുമ്പ് ഒരു പുസ്തക പ്രസാധകന്‍ അഭിപ്രായപ്പെട്ടത്. ഇ–റീഡറുകളുടെ വില അദ്ദേഹം പറഞ്ഞ അത്രയും കുറഞ്ഞിട്ടില്ല. പലതരം ഇ–റീഡറുകള്‍ ഇന്ന് ലഭ്യമാണ്. ഒരു പുസ്തകത്തിനു പകരം ഒരു ലൈബ്രറി തന്നെ കൂടെ കൊണ്ടു നടക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ ഉപകരണമാണ് ഇ–റീഡർ. 

പുസ്‌തകമോ ഇ–റീഡറോ?

പുസ്തകം വായിച്ചു വന്ന, സ്മാര്‍ട്ട്ഫോണുകളെയും മറ്റും പരിചയപ്പെടാന്‍ സമയം കിട്ടാതിരുന്ന ആളുകള്‍ക്ക് ഇ–റീഡര്‍ പരിചയമാകാന്‍ അല്‍പം സമയം എടുത്തേക്കും. പുസ്തകത്താളുകളുടെ അനുഭവവും മണവും ഒക്കെ ഒരു ഗൃഹാതുരത്വത്തോടെ കൊണ്ടുനടക്കുന്നവര്‍ പോലും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് - വീട്ടില്‍ ലാഭിക്കാവുന്ന സ്ഥലം. പുസ്തകങ്ങള്‍, പ്രത്യേകിച്ചും ഇന്‍സൈക്ലൊപീഡിയകളും മറ്റും വാങ്ങി ഷോകെയ്സുകളില്‍ വച്ചിരുന്ന അക്ഷരവൈരികളായ മുതലാളിമാര്‍ പോലും അന്യംനിന്നു പോയിരിക്കുന്നു. ആയിരക്കണക്കിനു പുസ്തകങ്ങള്‍ ചെറിയൊരു ഇ–റീഡറില്‍ കൊണ്ടു നടക്കാം. ഷെല്‍ഫിലിരിക്കുന്ന പഴക്കമുള്ള പുസ്തകങ്ങള്‍ പൊടിതട്ടിയെടുക്കാന്‍തന്നെ വളരെയധികം സമയം കളയണം. അലര്‍ജി പോലെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്കും ഇ–റീഡറുകളിലേക്ക് മാറാം. 

സ്മാര്‍ട്ട്ഫോണ്‍ പോരേ?

ഇ–പുസ്തക വായനയ്ക്കും സ്മാര്‍ട്ട്ഫോണ്‍ പോരേ? ചെറിയ സ്‌ക്രീനിന്റെ പരിമിതി പ്രശ്നമല്ലെങ്കില്‍ അതു മതി. അധികം ഫീച്ചറുകള്‍ ഇല്ലാത്തതിനാല്‍ ഏകാഗ്രത നഷ്ടപ്പെടാതെ പുസ്തകങ്ങളിലേക്ക് ഊളിയിടാം എന്നതാണ് ദീര്‍ഘനേരം വായിക്കാന്‍ ആഗ്രഹിക്കുന്നവരെ ഇ–റീഡറിലേക്ക് ആകര്‍ഷിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചാല്‍ മെസേജുകളും കോളുകളും ഇടയ്ക്കിടെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുമല്ലോ. കൂടാതെ, സ്മാര്‍ട്ട്ഫോണുകളുടെയും മറ്റും സ്‌ക്രീനിനുളളതു പോലെ, കണ്ണിന് ആയാസം പകരുന്നു എന്നു പറയുന്ന ബാക്ലൈറ്റ് ഇല്ല എന്നതും ദീര്‍ഘനേര വായനക്കാര്‍ക്ക് സന്തോഷം പകരും. പുസ്തകത്താളുകളെ അനുകരിക്കാന്‍ ശ്രമിക്കുന്നവയാണ് ഇ–റീഡറുകള്‍. മറ്റൊരു ഗുണം ഫോണ്ടിന്റെ വലുപ്പം ക്രമീകരിക്കാമെന്നതാണ്. 

ഇ–റീഡറുകളുടെ ചരിത്രം

1997ല്‍ ആണ് ഇ ഇങ്ക് (E Ink) ടെക്നോളജി ആദ്യമായി നിലവില്‍ വരുന്നത്. ഇലക്ട്രോണിക് പേപ്പര്‍ എന്നാണ് ഈ സാങ്കേതികവിദ്യയെ വിളിച്ചിരുന്നത്. സാധാരണ പേപ്പർ പോലെ, ബാക്ലൈറ്റ് ഇല്ലാതെ വെളിച്ചത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവാണ് ഇതിനു പിന്നില്‍. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച ആദ്യ ഇ–റീഡറായി അറിയപ്പെടുന്നത് റോക്കറ്റ് ഇ–ബുക്ക് ആണ്. ഇത് 1998 ല്‍ ആയിരുന്നു. എന്നാല്‍, ഈ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച് സോണി തങ്ങളുടെ ലിബ്രി (Sony Librie) അവതരിപ്പിക്കുന്നത് 2004ല്‍ ആണ്. തുടര്‍ന്ന് 2006 ല്‍ സോണി റീഡര്‍ അവതരിപ്പിച്ചു.

എന്നാല്‍, ഈ അനുകൂല സാഹചര്യം സോണിക്ക് മുതലാക്കാനായില്ല എന്നത് അവരുടെ പ്രതാപം നശിക്കാന്‍ പോകുന്നു എന്നതിന്റെ ആദ്യ സൂചനയായിരുന്നു. (ഇന്ന് ക്യാമറകള്‍ക്കുള്ള സെന്‍സര്‍ നിര്‍മാണത്തിലൊഴികെ ഒരു കാര്യത്തിലും സോണി ടെക് ലോകത്തിന്റെ മുന്‍പന്തിയിലില്ല എന്നു കാണാം). തുടര്‍ന്നാണ് ഇ–കൊമേഴ്സ് ഭീമന്‍ ആമസോണ്‍ 'കിന്‍ഡ്ല്‍' എന്ന ഇ–റീഡര്‍ അവതരിപ്പിക്കുന്നത്. (എന്നാല്‍, ആദ്യ ഇ–റീഡര്‍ കിന്‍ഡ്ല്‍ ആയിരുന്നു എന്ന രീതിയിലുള്ള പ്രചാരണം ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ചരിത്രം മാറ്റിയെഴുതല്‍ കാലഘട്ടത്തിന്റെ ഇഷ്ട വിനോദങ്ങളിലൊന്നാണല്ലോ.) എന്തായാലും, 2007ല്‍ അവതരിപ്പിച്ച ആദ്യ കിന്‍ഡ്ല്‍ കേവലം അഞ്ചര മണിക്കൂറിനുള്ളില്‍ വിറ്റു തീർന്നു. ഇ–ബുക്ക് റീഡറിന്റെ അവതരണത്തിന്റെ കാര്യത്തില്‍ ആവശ്യമില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും, ഇ–ബുക്കുകളുടെ പ്രചാരണത്തില്‍ ആമസോണിന്റെ 'കിന്‍ഡ്ല്‍ സ്റ്റോര്‍' വരുത്തിയ മാറ്റം അപാരമായിരുന്നു. ഇന്ന് കടലാസു പുസ്തകങ്ങളെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ആമസോണ്‍ വില്‍ക്കുന്ന പല പുസ്തകങ്ങളുടെയും ഇ–ബുക്കുകൾ ലഭ്യമാക്കിയിട്ടുണ്ട്. കിന്‍ഡ്‌ലിനൊപ്പം 'നൂക്കും' ഇറങ്ങിയപ്പോള്‍ മുതലാണ് ഇ–പുസ്തകങ്ങള്‍ ആളുകളിലേക്ക് ധാരാളമായി എത്തിത്തുടങ്ങിയത്. തുടര്‍ന്നു കുറച്ചുകാലത്തേക്ക് ഈ ഇരട്ടക്കുതിരകളുടെ മത്സരമായിരുന്നു. 

ഈ കുതിപ്പ് അവസാനിച്ചത് 2010ല്‍ ആപ്പിൾ (Apple) ആദ്യ ഐപാഡ് അവതരിപ്പിച്ചപ്പോഴായിരുന്നു. ആപ്പിളിന്റെ 'ഐബുക്സ്' ആപ്പിലൂടെയും ഇ–ബുക്കുകള്‍ക്ക് പ്രചാരം ലഭിച്ചു. പിന്നീട് ആന്‍ഡ്രോയിഡ് ടാബുകളിലും ഇ–ബുക്ക് വായന സാധ്യമാക്കുന്ന ആപ്പുകള്‍ ഇറങ്ങിയതോടെ, ഇ-ഇങ്ക് റീഡറുകളോടുള്ള പ്രിയം അല്‍പം കുറഞ്ഞു. ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ ആപ്പുകള്‍ ടാബുകളില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ രൂപകല്‍പന ചെയ്തു. കിന്‍ഡ്ല്‍ സ്റ്റോറില്‍ നിന്നു വാങ്ങുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ കിന്‍ഡ്ല്‍ തന്നെ വേണമെന്നില്ലാത്ത സ്ഥിതി വന്നു. എന്തിന്, സാധാരണ ടാബുകളെ അനുസ്മരിപ്പിക്കുന്ന കളര്‍ സ്‌ക്രീനുമായി കിന്‍ഡ്ല്‍ ഫയര്‍ എന്ന ടാബ്‌ലറ്റ് ആമസോണ്‍ ഇറക്കുക പോലും ചെയ്തു.

ടാബോ ഇ–ബുക്ക് റീഡറോ?

പുസ്തകങ്ങള്‍ വായിക്കാൻ ഉചിതം ഇ–ബുക്ക് റീഡർ തന്നെയാണ്. ബാക്ലൈറ്റുള്ള സ്‌ക്രീനുകളില്‍ ദീര്‍ഘനേരം കണ്ണുനട്ടിരിക്കുന്നത് ആയാസകരമാണ്. വെബില്‍ എന്തു നടക്കുന്നു എന്നറിയാനുള്ള ആകാംക്ഷ ടാബിലെയോ ഫോണിലെയോ പുസ്തക വായന മുടക്കിയേക്കാം. ഇ–റീഡറുകളിൽ അതില്ല. മിക്കവാറും ഇ–ബുക്ക് റീഡറുകളിലെല്ലാം മലയാളം പുസ്തകങ്ങളും വായിക്കാം.

ഇ–ബുക്ക് ഏല്‍പ്പിക്കുന്ന ആഘാതം

ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ പരമ്പരാഗത പുസ്തക പ്രസിദ്ധീകരണം അവസാനിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. മരങ്ങള്‍ മുറിച്ച് പുസ്തകം അച്ചടിക്കുക എന്നതിന്റെ പാരിസ്ഥിതികാഘാതമൊക്കെ എത്രകാലം കൂടി സഹിക്കാനാകും എന്നറിയില്ല. എന്നാല്‍, ഇ–റീഡറുകളും ഇലക്ട്രോണിക് വെയ്സ്റ്റ് സൃഷ്ടിക്കുന്നു. കൂടാതെ അവയ്ക്ക് കളര്‍ ഇല്ല എന്നതും പലരും ചൂണ്ടിക്കാണിക്കുന്ന ഒരു പോരായ്മയാണ്. വെളിച്ചമില്ലാത്തപ്പോഴുള്ള വായന, തുടക്ക ശ്രേണിയിലുള്ള ഇ–റീഡറുകളില്‍ വിഷമം പിടിച്ചതായിരുന്നു. അല്ലെങ്കില്‍ റീഡിങ് ലാംപുകള്‍ വാങ്ങണം. ഇതൊക്കെയാണ് ഇ–റീഡറുകളെ വൻ‌ പ്രചാരത്തിൽനിന്നു തടഞ്ഞത്.

വില

പലരും തങ്ങളുടെ ആദ്യ ഇ–റീഡര്‍ വാങ്ങാനായി ഇനിയും കാത്തിരിക്കുന്നത് വില താഴുമെന്നു കരുതിയാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം 5,000-6,000 രൂപയൊക്കെയാണ് തുടക്ക ഇ–റീഡറുകള്‍ക്ക് നല്‍കേണ്ടി വന്നതെങ്കില്‍ ഈ വര്‍ഷം വില വർധിച്ചിരിക്കുകയാണ്. സര്‍വീസ് സെന്ററുകള്‍ ഇല്ല എന്നതും ഒരു പ്രശ്നമാണ്. ഗ്യാരന്റി കാലയളവിൽ കിന്‍ഡ്ല്‍ കേടായാല്‍ പുതിയ ഒരെണ്ണം തരികയാണ് ആമസോണ്‍ ചെയ്യുന്നത്. വില്‍പനാനന്തര സേവനം നിരാശാജനകമാണ്.

ബാറ്ററി

മറ്റൊരു രസകരമായ കാര്യം ഇവയുടെ ബാറ്ററി ലൈഫ് ആണ്. ഇവയ്ക്ക് ആഴ്ചകളോളം ബാറ്ററി ചാർജ് നില്‍ക്കുമെന്നാണ് പറയുന്നത്. ഇ–റീഡറുകള്‍ക്ക് പേജ് മറിക്കാന്‍ മാത്രമേ ബാറ്ററി ചാര്‍ജ് ആവശ്യമുള്ളു എന്നതാണ് അതിന്റെ രഹസ്യം. 

ഇന്നു ലഭ്യമായ പ്രധാന ഇ–റീഡറുകള്‍

ഇന്നും പ്രധാന്യം കിന്‍ഡ്‌ലിനു തന്നെയാണ്. തുടക്ക മോഡലിനും ഉള്ളില്‍ ഇപ്പോള്‍ ലൈറ്റ് ഉള്ളതിനാല്‍ രാത്രിയില്‍ പോലും ആരെയും ശല്യപ്പെടുത്താതെ വായിക്കാം. എന്നാല്‍ വില കൂടിയിട്ടുണ്ട്-7,999 രൂപ. ആമസോണ്‍ സെയിലിലും മറ്റും കുറച്ചു വിലക്കുറവുണ്ടാകാം. റീഫേബിഷ് ചെയ്തവ (കമ്പനി തന്നെ കുറവുകള്‍ പരിഹരിച്ച സെക്കൻഡ് ഹാൻഡ് ) ഒരു വര്‍ഷം വാറന്റിയോടെ 5,499 രൂപയ്ക്കു ലഭ്യമാണ്. 4 ജിബി സംഭരണശേഷിയുള്ളവയാണ് ഇവ. ആയിരക്കണക്കിനു പുസ്തകങ്ങള്‍ ഇതില്‍ ശേഖരിക്കാം. 6 ഇഞ്ച് ആണ് വലിപ്പം. വൈ-ഫൈ മാത്രമായിരിക്കും ഉള്ളത്. 

പേപ്പര്‍വൈറ്റ് (PaperWhite)

റെസലൂഷന്‍ കൂടിയ സ്‌ക്രീനുള്ള മോഡലാണ് കിന്‍ഡ്ല്‍ പേപ്പര്‍വൈറ്റ് (167 ppi vs 300 ppi). അടുത്തകാലം വരെ ഇതായിരുന്നു എല്‍ഇഡി ലൈറ്റ് ഉള്ള തുടക്ക മോഡല്‍. ഇപ്പോള്‍ വെറും കിന്‍ഡ്‌ലിന് 4 എല്‍ഇഡികളും പേപ്പര്‍വൈറ്റിന് 5 എല്‍ഇഡികളുമാണ് ഉള്ളത്. 8 ജിബി / 32 ജിബി സംഭരണശേഷിയുള്ളവയാണ് ഇവ. തുടക്ക മോഡലിന് 12,999 രൂപയായി വി കൂടി. വൈ-ഫൈ മാത്രമുള്ള വേര്‍ഷനാണ് ഈ വില. എല്‍ടിഇ ഉള്ള വേര്‍ഷന് വില കൂടും. എന്നാല്‍, പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ ഡേറ്റയ്ക്കു പൈസ നല്‍കേണ്ടിവരില്ല. വാട്ടര്‍പ്രൂഫ് (IPX8) ആണ്.

ഒയാസിസ് (Oasis)

കാശുണ്ടെങ്കില്‍ ഇന്നു വാങ്ങാവുന്ന ഏറ്റവും നല്ല മോഡലുകളിലൊന്നാന്നാണ് കിന്‍ഡ്ല്‍ ഒയാസിസ്. ആദ്യ രണ്ടു മോഡലുകളും 6 ഇഞ്ച് വലിപ്പമുള്ളവയാണെങ്കില്‍ ഈ മോഡലിന് 7 ഇഞ്ചാണ് വലിപ്പം. 25 എല്‍ഇഡികളാണ് ഇതിലുള്ളത്. മറ്റു പല മികവുകളുമുണ്ടെങ്കിലും ഒന്നു പരീക്ഷിക്കാനായി ആരും ഈ മോഡല്‍ വാങ്ങില്ല. കാരണം 21,999 രൂപയാണു വില.

മറ്റു മോഡലുകളും വിദേശ മാര്‍ക്കറ്റുകളില്‍ സുലഭമാണെങ്കിലും ഇന്‍ഡ്യയില്‍ പ്രധാനമായും ലഭ്യമായത് കിന്‍ഡ്ല്‍ ഇ–റീഡറുകളാണ്. ഉദാഹരണത്തിന് നമ്മള്‍ ആദ്യം കണ്ട നൂക്കിന്റെ ഏറ്റവും പുതിയ വേര്‍ഷന്റെ പേരാണ് നൂക്ക് ഗ്ലോലൈറ്റ് പ്ലസ് 7.8. കോബോ കമ്പനിയുടെ ഇ–ബുക്ക് റീഡറുകളും പ്രശസ്തമാണ്.

അടുത്തത് എന്ത്?

കിന്‍ഡ്ല്‍ ഇ–റീഡറുകള്‍ വായനയ്ക്കു മാത്രമാണ് ഉപയോഗിക്കാവുന്നതെങ്കില്‍ സോണിയും മറ്റും ഇപ്പോള്‍ ഇറക്കുന്ന ഡിവൈസുകളില്‍ സ്റ്റൈലസ് ഉപയോഗിച്ച് എഴുതാനും സാധിക്കും. ഇ–പുസ്തകങ്ങള്‍ വായിക്കാൻ മാത്രമല്ല, നോട്ടുകുറിക്കാനും ഇവ ഉപകാരപ്രദമാണ്. സോണി ഡിജിറ്റല്‍ പേപ്പര്‍ അത്തരമൊരു ഉപകരണമാണ്: https://bit.ly/33u1c4Q. 13.3 ഇഞ്ച് ആണ് വലുപ്പം. മൂന്നാഴ്ച വരെയാണ് സോണി ഡിവൈസിന്റെ ബാറ്ററി ലൈഫ്. റിമാര്‍ക്കബ്ള്‍, ബോയ ലൈക്ബുക്ക് അലിറ്റാ, ഒനിക്സ് ബുക്സ് നോട്ട് പ്രോ തുടങ്ങിയവയൊക്കെ വിദേശങ്ങളില്‍ ആളുകള്‍ താൽപര്യത്തോടെ വാങ്ങിക്കൂട്ടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്നാല്‍, ഇവയില്‍ പലതിനും വലിയ വിലയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com