sections
MORE

എന്റെ സ്നേഹത്തിനു പകരമായി ഞാന്‍ എഴുതിയ അക്ഷരങ്ങളെ പ്രണയിക്കാമോ?

HIGHLIGHTS
  • മലയാളത്തിലും പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ജനപ്രിയമാകുകയാണ്.
  • അക്ഷരങ്ങളുടെ അനശ്വരതയെക്കുറിച്ചാണ് ആനി വള്ളിക്കാപ്പന്‍ എഴുതുന്നത്.
neerdhinte-pusthakangal-p
SHARE
ആനി വള്ളിക്കാപ്പന്‍

കറന്റ് ബുക്സ്

വില 130 രൂപ

വായന മരിക്കുന്നുവെന്ന നിലവിളി ഉയരാന്‍ തുടങ്ങിയപ്പോഴേ പുസ്തകങ്ങളുടെ പുനര്‍ജന്‍മവും സംഭവിച്ചു. പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതിനൊപ്പം വായിച്ചിഷ്ടപ്പെട്ട പുസ്തകങ്ങള്‍ കഥാപാത്രങ്ങളാകാനും തുടങ്ങി. പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍. അവ കഥ പറയാന്‍ തുടങ്ങി. കവിത ചൊല്ലാന്‍ തുടങ്ങി. പാട്ടുകള്‍ പാടാനും നീണ്ടകഥകള്‍ പറയാനും തുടങ്ങി. അവയുടെ ജീവിതം ഗവേഷണവിഷയമായി. എഴുത്തുകാര്‍ നിര്‍ത്തിയിടത്തുനിന്ന് കഥാപാത്രങ്ങള്‍ പുതിയ സഞ്ചാരങ്ങള്‍ തുടങ്ങി. അടങ്ങാത്ത മോഹങ്ങളുമായി. സഫലമാകാത്ത പ്രതീക്ഷകളുമായി. നിറവേറപ്പെടാത്ത സ്വപ്നങ്ങളുമായി അവസാനമില്ലാത്ത യാത്ര. ആ യാത്രകള്‍ പ്രിയപ്പെട്ട പുസ്തകങ്ങള്‍പോലെതന്നെ പ്രിയപ്പെട്ടവയായി. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകങ്ങള്‍. മറവിയുടെ മാറാത്തിരശ്ശീല നീക്കി അവ ഓര്‍മകളില്‍നിന്ന് പുനരുജ്ജീവിക്കുകയായി. 

പുസ്തകങ്ങള്‍ കഥാപാത്രങ്ങളാകുന്ന കൃതികള്‍ ലോകസാഹിത്യത്തില്‍ ഒന്നിലധികമുണ്ട്. കാര്‍ലോസ് ലൂയിസ് സാഫോണിന്റെ കാറ്റിന്റെ നിഴല്‍ ഉള്‍പ്പെടെയുള്ളവ. കുറച്ചു താമസിച്ചാണെങ്കിലും മലയാളത്തിലും പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ജനപ്രിയമാകുകയാണ്. വായനയുടെ പുതിയ മേഖലകള്‍ സൃഷ്ടിക്കുകയാണ്. ആസ്വാദനത്തിന്റെ അതിരുകള്‍ വിശാലമാക്കുകയാണ്. പുസ്തകങ്ങളെക്കുറിച്ച് മലയാളത്തില്‍ അടുത്തകാലത്ത് ഇറങ്ങിയ ശ്രദ്ധേയ കൃതികളിലൊന്നാണ് നീര്‍ദിന്റെ പുസ്തകങ്ങള്‍. ആനി വള്ളിക്കാപ്പന്റെ രണ്ടാമത്തെ നോവല്‍. 

എനിക്ക് നിങ്ങളോട് കടുത്ത സ്നേഹമാണ്. അതിനു പകരമായി ഞാന്‍ എഴുതിയ ഈ അക്ഷരങ്ങളെ താങ്കള്‍ക്ക് പ്രണയിക്കാമോ? നീര്‍ദിന്റെ പുസ്തകങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഈ ചോദ്യത്തിന് പ്രസക്തിയേറെയാണ്. പുസ്തകങ്ങളും വായനക്കാരും തമ്മിലുള്ള ജൈവബന്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. പുസ്തകം കയ്യിലെടുക്കുമ്പോള്‍ ഒരു ബന്ധം തുടങ്ങുകയാണ്. പ്രണയം നിറഞ്ഞ ആത്മബന്ധം. പകരം വയ്ക്കാനില്ലാത്ത, സമാനതകളില്ലാത്ത ബന്ധം. വായനക്കാരന്‍ പുസ്തകത്തെ സ്നേഹിക്കുന്നതിനെക്കുറിച്ചു മാത്രമായിരുന്നു ഇതുവരെ പറഞ്ഞിരുന്നതെങ്കില്‍ പുസ്തകം വായനക്കാരനെ സ്നേഹിക്കുന്നതിനെക്കുറിച്ചാണ് ആനി വള്ളിക്കാപ്പന്‍ എഴുതുന്നത്. ബഷീറിന്റെ സുഹ്റ വായനക്കാരനെ സ്നേഹിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ. മജീദ് സുഹൃത്താകുന്നതിനെക്കുറിച്ച്. ഉറൂബിന്റെ രാച്ചിയമ്മ. പൊറ്റെക്കാട്ടിന്റെ വിഷകന്യക. മാധവി. എംടിയുടെ സുമിത്ര. സേതു. തകഴിയുടെ കറുത്തമ്മ. പളനി. കൊച്ചുമുതലാളി. 

അക്ഷരങ്ങളിലേക്ക് ഇതുവരെയും ആവാഹിക്കപ്പെട്ടിട്ടില്ലാത്ത പുസ്തകങ്ങളുടെ സ്നഹബന്ധത്തിന്റെ കഥ ഒരു ഹോം ലൈബ്രറിയുടെ പശ്ചാത്തലത്തിലാണ് ആനി പറയുന്നത്. ചില്ല് സത്രം എന്നു പേരിട്ട പുസ്തകശേഖരത്തില്‍ കഴിയുന്ന പുസ്തകങ്ങള്‍ തങ്ങളുടെ ഉടമയുടെ മരണശേഷം സമ്പന്നമായ ഓര്‍മകളുടെ അവശേഷിപ്പ് മാത്രമാകുന്നതിനെക്കുറിച്ച്. അടുത്തടുത്ത്, തൊട്ടുരുമ്മിയിരിക്കുന്ന കൃതികള്‍ തമ്മില്‍ ആത്മബന്ധം തുടങ്ങുന്നതിനെക്കുറിച്ച്. ദാവീദ്. മല്ലീനാഥന്‍. ലോല. സഷ. ജീവിച്ച ജീവിതം അവരുടെ ഓര്‍മയിലില്ല. പുതിയൊരു ജീവിതം അവര്‍ കൊതിക്കുന്നു. പിന്നിട്ട ജീവിതത്തെക്കുറിച്ച് അറിയുന്നതോടെ അവരില്‍ ചിലര്‍ക്ക് ജീവിക്കാനുള്ള ആഗ്രഹം തന്നെ നഷ്ടപ്പെടുന്നു. മരൂഭൂമിയില്‍ കുരുക്കുന്ന പുല്‍ക്കൊടി പോലെ, കടുത്ത പ്രതലത്തില്‍ വേരുകളാഴ്ത്തി വളരാന്‍ ശ്രമിക്കുന്ന ചെടികളെപ്പോലെ അവര്‍ക്ക് പുനരുജ്ജീവന മോഹങ്ങള്‍ ഉപേക്ഷിക്കാനാകുന്നില്ല. അതു സാധ്യമാകണമെങ്കില്‍ ഒരു രക്ഷകന്‍ വേണം. ചിതലില്‍നിന്ന് രക്ഷിക്കാന്‍. പൊടിയിലും മാറാലയിലും നിന്നു രക്ഷപ്പെടാന്‍. വെളിച്ചത്തിലേക്ക് വീണ്ടും ആനയിക്കപ്പെടാന്‍. അവര്‍ കാത്തിരിക്കുകയാണ് രക്ഷകനുവേണ്ടി. 

മികച്ച വായനയുള്ള, അറിവും ബോധവുമുള്ള അനേകരുണ്ട്. ചില്ലുസത്രത്തിലെ പുസ്തകങ്ങള്‍ക്ക് രക്ഷകയായി അവതരിക്കുന്നത് അവരില്‍ ആരുമല്ല. ചെറിയ ക്ലാസ്സിലേ പഠിത്തം നിര്‍ത്തിയ എഴുതാനും വായിക്കാനും അറിയാത്ത ഒരു പെണ്‍കുട്ടി. ചെല്ലമണി. പതിനഞ്ച് വയസ്സുള്ള ഒരു കുറുമ്പിപ്പെണ്ണ്. തലമുടി നിറയെ കനകാംബരവും ചൂടി, വാലിട്ട് കണ്ണെഴുതി, കുപ്പമഞ്ഞളിന്റെ കായ പൊട്ടിച്ച് അതിന്റെ ചുവന്ന അരിയെടുത്ത് ചൊടിയിലൊന്നു പുരട്ടി ചുണ്ടുകള്‍ നല്ല ചോരക്കുടം പോലെയാക്കി നടക്കുന്ന ചെല്ലമണി.

അക്ഷരങ്ങളുടെ അനശ്വരതയെക്കുറിച്ചാണ് ആനി വള്ളിക്കാപ്പന്‍ എഴുതുന്നത്. ജന്‍മാന്തര സ്നേഹബന്ധങ്ങളെക്കുറിച്ച്.   പുസ്തകങ്ങളിലൂടെ തുടരുന്ന ഇഴ മുറിയാത്ത ആത്മബന്ധത്തെക്കുറിച്ച്. ആ ബന്ധത്തിന്റെ ആര്‍ദ്രതയാണ് നീര്‍ദിന്റെ പുസ്തകങ്ങളുടെ കരുത്ത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA