ADVERTISEMENT

"തീരെ ദരിദ്രമെൻ നാട്ടിലെയേതൊരു നാരിയും രാധികയല്ലിയുള്ളിൽ?" – സുഗത കുമാരി ടീച്ചർ പാടുന്നു. രാധികമാരുടെ ഹൃദയ ചോരനായ മുരളീ കൃഷ്ണന്റെ മനോമോഹനമായ ശ്യാമ വർണം കൂടുതൽ കനത്തു കാണപ്പെടാനുള്ള കാരണം  ഗർഭ സമാധി തൊട്ടങ്ങോട്ടു  നേരിടേണ്ടി വന്ന കദന ഭാരങ്ങളാവാം എന്ന കണ്ടെത്തലാണ് പ്രഭാ വർമ്മയുടെ ‘ശ്യാമമാധവം’ എന്ന കവിതാ നോവൽ. എല്ലാവരും എല്ലാ ദുഃഖങ്ങളും ഇറക്കി വയ്ക്കുന്ന അത്താണിയായ ആപത് ബാന്ധവനായ ഭഗവാൻ ശ്രീകൃഷ്ണനു ദുഃഖമോ ? ഒന്നു കടന്നു ചെന്നാലോ കൃഷ്ണ മനസ്സിലേക്ക് ? ദ്വാരകയും പ്രളയക്കടലിൽ അകപ്പെട്ടതിനുശേഷം വനത്തിൽ ധ്യാനനിമഗ്നനായി ഇരുന്ന കൃഷ്ണന്റെ പാദത്തെ കൃഷ്ണമൃഗമെന്നോർത്തു അമ്പെയ്യുന്ന നിഷാദൻ. സമാധിസ്ഥനാകാൻ നാഴികയേറെയിനിയില്ലെന്നറിയുന്ന കണ്ണന്റെ മുൻപിലേക്കെത്തുന്നു, തന്റെ ജീവിതത്തിലെ കഥാപാത്രങ്ങൾ ഓരോരുത്തരായി. 

കൗന്തേയനായ കർണ്ണനാണ് ആദ്യമെത്തുന്നത്. അറിയാമായിരുന്ന സത്യം മറച്ചുവച്ചു കർണ്ണനോട് താൻ ചെയ്തത് അപരാധമായിപ്പോയെന്ന കുറ്റബോധത്തിൽ ഉഴറുന്നു കൃഷ്ണന്റെ മനസ്സ്. ജയദ്രഥനുയർത്തുന്ന ചോദ്യശരങ്ങൾക്കു മുൻപിൽ "ഇല്ലെനിക്കൊന്നിനുമുത്തരം, ആകയാൽ എന്നോടുതന്നെ ഞാൻ ചോദിക്കയാണിന്നിതൊക്കെയും" എന്നിങ്ങനെ കീഴടങ്ങുന്നു മാധവചിത്തം. കുരുക്ഷേത്ര യുദ്ധാനന്തരം "ഇത്ര കുടിലതയുണ്ടായോരുത്തനെ പൃഥ്വവിയിലിങ്ങനെ കണ്ടീല" എന്ന്  പറഞ്ഞു  തന്നെ ശപിച്ചു പോയ ഗാന്ധാരിയുടെ മാതൃമനസ്സിലെ അഗ്നിക്ക് മുൻപിൽ സ്വയം സർപ്പിക്കുന്ന കൃഷ്ണൻ, വീണ്ടും ഗീതാവാക്യങ്ങൾ പാർഥനു നൽകാൻ അശക്തനാകുന്ന പാർഥ സാരഥി,  "യുദ്ധം കൊണ്ടെന്തു നേടി? രക്തം കൊണ്ടു രക്തത്തിന്റെ കറ മായ്ക്കാനാവുമോ " എന്നിങ്ങനെയുള്ള ചിന്തകളാൽ കലുഷിതമായ കൃഷ്ണൻ  നമുക്ക് പരിചിതനല്ല. രാധയും രുഗ്മിണിയും പാഞ്ചാലിയും മനസ്സു തുറക്കുമ്പോൾ, ആരണ്യത്തിൽ മനോനില തെറ്റിയുഴറുന്ന അശ്വത്ഥാത്മാവിനെ കാണുമ്പോൾ, എത്ര അസ്വസ്ഥമാകുന്നു വസുദേവസുതൻ. ദുഃഖിതനും അസ്വസ്ഥചിത്തനുമായ  കൃഷ്ണനെ വളരെ  തന്മയത്വമായി  നമുക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നു കവി. എത്ര വലിയ  ജീവിത സത്യങ്ങളാണ്  ലളിതമനോഹര  ഭാഷയിലൂടെ  കവിപറഞ്ഞു തരുന്നത്.

"നിജ ചിത്തത്തെയല്ലീ നാം ജയിച്ചീടെണ്ടതെപ്പോഴും അത് കീഴ്പ്പെടുമെന്നാകിൽ പിന്നെയെന്തിന് ദിഗ്‍ജയം? " ഈ വരികൾ ഉദാഹരണം മാത്രം. കൃഷ്ണനെന്ന മഹാജ്യോതിസ്സിന്റെ മറവിലെ നിഴലായി നിന്ന രാധയെയും രുഗ്മിണിയേയും കൃഷ്ണയെയും രംഗത്തെത്തിക്കുമ്പോൾ സ്ത്രീ മനസ്സിന്റെ ആകുലതകളും വിഹ്വലതകളും ആഴത്തിലറിഞ്ഞ കവി ഹൃദയത്തെ തിരിച്ചറിയാനാവുന്നു. ഒഎൻവി കുറുപ്പിന്റെ അവതാരികയും പ്രഫ. ഏറ്റുമാനൂർ സോമദാസിന്റെ ആസ്വാദനകുറിപ്പുമുള്ള, വയലാർ അവാർഡ്  നേടിയ ഈ കൃതിയെ ഇനിയും വായിച്ചിട്ടില്ലാത്തവർക്കായി പരിചയപ്പെടുത്തുന്നു.  ഓരോ പുനർവായനയിലും നമ്മെ അതിശയപെടുത്തുന്ന ഭാഷയുടെ കയ്യടക്കം അനുഭവിച്ചയാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com