sections
MORE

വീട്ടിലെ വെള്ളത്തിന്റെ തണുപ്പുള്ള കഥകള്‍

HIGHLIGHTS
  • സുസ്മേഷ് ചന്ത്രോത്തിന്റെ തിരഞ്ഞെടുത്ത കഥകൾ
Susmesh Chandroth
SHARE
സുസ്മേഷ് ചന്ത്രോത്ത്

കറന്റ് ബുക്സ്

വില 480 രൂപ

വായിച്ചു മാറ്റിവച്ചവയില്‍ നിന്ന് ഒരു പുസ്തകം വീണ്ടും വായിക്കാനെടുക്കുമ്പോള്‍ ഉറപ്പിക്കാം; അതൊരു മികച്ച പുസ്തകമാണ്. തിരിച്ചുവിളിക്കുന്ന എന്തോ അതിലുണ്ട്. വേട്ടയാടി മടക്കിവിളിക്കുന്നവ. മാഞ്ഞുപോകാന്‍ വിസമ്മതിക്കുന്നവ. അവശേഷിക്കുന്ന വികാരങ്ങളും വിചാരങ്ങളും. 

എല്ലാറ്റിനെയും അതിവേഗം മറവിയുടെ കാര്‍മേഘം മൂടുന്ന കാലത്തും പുതിയ പ്രതീക്ഷയാണത്. അതിവേഗത്തിന്റെ കാലത്തെയും അതിജീവിക്കുന്ന ഉള്‍ക്കരുത്ത്. മലയാളത്തില്‍ അടുത്തകാലത്ത് പുറത്തുവന്ന കഥകളില്‍ ഈ ഉള്‍ക്കരുത്ത് അവകാശപ്പെടാവുന്ന കഥകള്‍ കുറച്ചുപേരേ എഴുതിയിട്ടുള്ളൂ. അവരില്‍ മുന്‍നിരയിലുണ്ട് സുസ്മേഷ് ചന്ത്രോത്ത്. മൂന്നു പതിറ്റാണ്ടായി നിരന്തരമായി കഥകളിലൂടെയും നോവലുകളിലൂടെയും ആവേശം കൊള്ളിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്ന എഴുത്തുകാരന്‍. മൂന്നുപതിറ്റാണ്ടായി തുടരുന്ന സര്‍ഗസപര്യയുടെ സാഫല്യം. ഈ മുപ്പതുവര്‍ഷങ്ങളില്‍ ഏതാണ്ടെല്ലാ വര്‍ഷത്തെയും മികച്ച അഞ്ചു കഥകളെടുത്താല്‍ അവയില്‍ സുസ്മേഷിന്റെ ഒരു കഥയെങ്കിലുമുണ്ടാകും. വാര്‍ഷിക കണക്കെടുപ്പുകളിള്‍ ഉള്‍പ്പെട്ടവ. പതിറ്റാണ്ടിന്റെ ഫലശ്രുതിയിലും സാന്നിധ്യം കണ്ടെത്തിയവ. എഴുത്തിന്റെ ഭൂമിയില്‍ വേരുറപ്പോടെ നിലകൊള്ളുന്ന കരുത്തുറ്റ സൃഷ്ടികള്‍. 30 വര്‍ഷങ്ങളില്‍നിന്ന് കരളുറപ്പുള്ള 40 കഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ഒരു പുതിയ സമാഹാരം കൂടി: ഹരിതമോഹനവും മറ്റു കഥകളും. കെട്ടിലും മട്ടിലും അച്ചടിയിലും പുതുമയും ഗാംഭീര്യവും നിലനിര്‍ത്തുന്ന ഈ കഥാസമാഹാരം സുസ്മേഷിനെ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍മാരില്‍ ഒരാളായി ഒരിക്കല്‍ക്കൂടി ഉറപ്പിച്ചുനിര്‍ത്തുന്നു. 

കഥകള്‍ക്കൊപ്പം നാലു നോവലുകളും മലയാളത്തിനു സമ്മാനിച്ചിട്ടുണ്ടെങ്കിലും അവ തള്ളിക്കളയേണ്ട സൃഷ്ടികളല്ലെങ്കിലും അടിസ്ഥാനപരമായി കഥാകൃത്താണ് സുസ്മേഷ്. കഥയുടെ തട്ടകത്തിലാണ് അദ്ദേഹത്തിന്റെ തലയെടുപ്പ്. 9, പേപ്പര്‍ ലോഡ്ജ് എന്നീ നോവലുകളെപ്പോലും അതിശയിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ മികച്ച കഥകള്‍ എല്ലാം തന്നെ, അവ എണ്ണത്തില്‍ കൂടുതലുമാണ്. മൂന്നു പതിറ്റാണ്ടുകളില്‍ നിന്നു തിരഞ്ഞെടുത്ത 40 കഥകളില്‍ ഉള്‍പ്പെടാതെപോയ മികച്ച കഥകള്‍ വേറെയുമുണ്ടെങ്കിലും പ്രാതിനിധ്യസ്വഭാവംകൊണ്ട് പുതിയ സമാഹാരം സുസ്മേഷിനു മലയാളത്തില്‍ നല്‍കുന്നത് മികച്ച വിലാസം. 

പതിനൊന്നു വര്‍ഷത്തിനുശേഷം തേടിയെത്തിയ ഒരു ഫോണ്‍കോളിലൂടെ അകന്നുമറഞ്ഞ കാമുകിയുടെ സാന്നിധ്യത്തെ വീണ്ടെടുക്കുന്ന ഒരു വിവാഹിതന്റെ വിചാരങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് രതിയും ആരാധികയും. ആവോളം അനുഭവിക്കാനാകാതെ പോയ ‘രതി’ കഥയില്‍ ഒരു പേരു കൂടിയാണ്. അകന്നുമറഞ്ഞ പ്രണയിനിയുടെ പേര്. ഉള്‍ക്കുളിരുണര്‍ത്തുന്നത് ആ പേരു മാത്രമല്ല, ഓര്‍മ കൂടിയാണ്. ഒരിക്കല്‍ ജീവന്റെ അതിജീവനമന്ത്രമായിരുന്ന, പ്രണയിനിയുടെ തേജോമയരൂപം. സംത‍പ്തമായ ദാമ്പത്യജീവിതത്തിലെ നായികയായ ഭാര്യയുടെ പേര് ആരാധിക. ഇരുവര്‍ക്കുമിടയില്‍ ഭാര്യയില്‍നിന്ന് കാമുകിയിലേക്ക് സ്വാതന്ത്ര്യത്തിന്റെയും ധീരതയുടെയും ഒരു പുതിയ പാലം കെട്ടുകയാണ് കഥയിലെ നായകന്‍. പ്രണയം എന്ന അതിമനോഹരമായ, എന്നും മനുഷ്യനെ പ്രലോഭിപ്പിക്കുന്ന വികാരത്തിന്റെ ഇരയാണയാള്‍; മറ്റെല്ലാ മനുഷ്യരെയും പോലെ. സുരക്ഷിതവും സുഗമവുമായ ഒരു വഴി തെളിയുമ്പോള്‍ മാറിച്ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇഷ്ടപ്പെടുന്ന ഭൂരിപക്ഷത്തിന്റെ പ്രതിനിധിയും. കാമുകിയെ വീണ്ടെടുക്കുന്നതോടെ ഭാര്യയില്‍നിന്ന് അയാള്‍ അകലുന്നത്, ഭാര്യയുടെ വാക്കുകളുടെ അരോചകത്വത്തില്‍നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നതൊക്കെ ശക്തമായി ബോധ്യപ്പെടുത്താന്‍ സുസ്മേഷിനു കഴിയുന്നുണ്ട്. വിശ്വാസ്യതയാണ് ഇവിടെ എഴുത്തുകാരന്റെ മൂലധനം. വികാരങ്ങളോടും വിചാരങ്ങളോടും താന്‍ ജീവിക്കുന്ന കാലത്തിനോടും പുലര്‍ത്തുന്ന സത്യസന്ധതയും പ്രതിബദ്ധതയും. കഥയുടെ ഒടുവില്‍ വീട്ടിലെ വെള്ളത്തിന്റെ തണുപ്പ് തിരിച്ചറിയുന്ന നായകന്‍ ഒരു പിന്തിരിപ്പനാണെന്ന് ഒരിക്കലും ആക്ഷേപിക്കാനാവില്ല. അയാള്‍ ഈ കാലത്തിന്റെ പ്രതിനിധിയാണ്. സമാനമായ വികാരങ്ങളിലൂടെ കടന്നുപോകുന്ന ആയിരങ്ങളുടെ പ്രതിനിധി. ഒരു കഥാപാത്രത്തിന്റെയും കൂടെ നില്‍ക്കാതെ, പ്രത്യേകിച്ച് ഒരാശയത്തെയും പിന്‍പറ്റാതെ എഴുത്തുകാരന്‍ നിലകൊള്ളുമ്പോഴും വ്യത്യസ്ത ആശയങ്ങളെ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

എന്റെ മകള്‍ ഒളിച്ചോടും മുമ്പ് എന്ന കഥ എടുക്കുക. അച്ഛന്‍, അമ്മ, മകള്‍, കാമുകന്‍ എന്നീ നാലു പേരില്‍ ആരുടെ ഭാഗത്തു നില്‍ക്കണമന്ന ധര്‍മസങ്കടത്തില്‍ വായനക്കാരെ തളയ്ക്കാന്‍ എഴുത്തുകാരനു കഴിയുന്നുണ്ട്. ഈ ധര്‍മസങ്കടം തന്നെയാണ് മികച്ച എഴുത്തിന്റെ മുഖമുദ്രയും. ചിരിപ്പിക്കുകയോ കരയിപ്പിക്കുകയോ ചെയ്യാത്ത നിസ്സഹായാവസ്ഥയുടെ ഫലപ്രദവും ശക്തവുമായ ആവിഷ്ക്കാരങ്ങള്‍. 

സുസ്മേഷിന്റെ മികച്ച കഥകളിലെല്ലാം സ്ത്രീലോകങ്ങളുടെ അതിശക്തമായ ചിത്രീകരണവുമുണ്ട്. പുതുതലമുറ എഴുത്തുകാരില്‍നിന്ന് സുസ്മേഷനെ വേറിട്ടുനിര്‍ത്തുന്നതും തന്നെ അതിശയിപ്പിക്കുകയും വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്ന മറ്റൊരു ലോകം ആവിഷ്ക്കരിക്കാനുള്ള ധൈര്യവും കരുത്തും തന്നെ. പുരുഷന്‍മാരെ അവതരിപ്പിക്കുമ്പോ ള്‍പോലും അവരിലൂടെ പുറത്തുവരുന്ന ആഭിമുഖ്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് പ്രകൃതിയുടെ, സ്ത്രീയുടെ കാണാലോകങ്ങളിലേക്കാണ്. അകന്നാലും മരിച്ചാലും പോലും നഷ്ടമാകാത്ത സാന്നിധ്യങ്ങള്‍. 

എന്തായിരുന്നു അവളുടെ ഭൂതകാലവും വര്‍ത്തമാനവും? എന്തായിരുന്നു അവളുടെ സന്ദേഹങ്ങളും സംശയങ്ങളും. എന്തു സംഗതി മറയ്ക്കാനായിരുന്നു അവളുടെ പ്രസരിപ്പ്. അല്ലെങ്കില്‍ അവളുടെ പ്രസരിപ്പിനെ മറച്ചുകളയാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നത് എന്താണ് ? (വിഭാവരി) 

മറക്കാനാവുമോ മരണവിദ്യാലയത്തിലെ നേത്രി എസ് എന്ന പെണ്‍കുട്ടിയെ. അവസാന തീരുമാനമെടുക്കുമ്പോള്‍ വ്യക്തിത്വം സ്വതന്ത്രമാകുന്നതായി അനുഭവപ്പെടുന്ന ആ കുട്ടിയെപ്പോലെ എത്രയെത്ര സ്ത്രീ കഥാപാത്രങ്ങളുണ്ട് സുസ്മേഷിന്റെ കഥാലോകത്ത്. സ്ത്രീകള്‍ അവരുടെ വ്യക്തിത്വത്തിന്റെ അകാശങ്ങളിലേക്ക് ഇരുചിറകുകളും മാത്രമല്ല, കാണാച്ചിറകുകളും വീശി ഉയരുന്നതിന്റെയും ഉണരുന്നതിന്റെയും അവരുടെ മോഹനമായ വിഹാരത്തിന്റെയും വര്‍ണചിത്രങ്ങളാണ് സുസ്മേഷിന്റെ കഥകള്‍ എന്ന വിശേഷണം പോലും അധികമാകില്ല. 

സ്കൂള്‍ ബാഗ് ഞാന്‍ റെയില്‍പ്പാളത്തില്‍ ഉപേക്ഷിച്ചു. ശരീരത്തിന്റെയും മനസ്സിന്റെയും പകുതിയലധികം ഭാരം നഷ്ടപ്പെട്ട്, എന്റെ വ്യക്തിത്വം സ്വതന്ത്രമായതായി എനിക്കു തോന്നി. ഞാന്‍ വായുവില്‍ കൈകള്‍ വീശിക്കുടഞ്ഞു. ഷൂസിട്ട കാലുകള്‍കൊണ്ട് ഞാനൊരു മെറ്റല്‍ കഷണം തൊഴിച്ചുതെറുപ്പിച്ചു. എന്റെ അരപ്പാവാടയില്‍ മുള്ളടക്കി വലിച്ചു. (മരണവിദ്യാലയം) 

നല്ല പുസ്തകങ്ങള്‍ ചതിയന്‍മാരുമാണെന്ന് ‘ഞാന്‍ മീര’ എന്ന കഥയില്‍ സുസ്മേഷ് എഴുതുന്നുണ്ട്. കുട്ടികളെ അത് ഒന്നുകൂടി നിഷ്കളങ്കരാക്കി മാറ്റുമെന്നാണ് മീര കണ്ടെത്തുന്ന ന്യായം. ഹരിതമോഹനവും മറ്റു കഥകളും നഷ്കളങ്കതയ്ക്കൊപ്പം ജീവിതത്തിന്റെ സങ്കീര്‍ണതയും ബോധ്യപ്പെടുത്തുന്നു. എഴുത്തിന്റെ ശക്തിയെക്കുറിച്ചുള്ള തിരിച്ചറിവും സമ്മാനിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA