sections
MORE

വര്‍ണങ്ങളിലൂടെ സംസാരിച്ചു, വരകളിലൂടെ സംവദിച്ചു; ഇതാ ചിത്രകലയിലെ ഏകാന്തപഥികന്‍

HIGHLIGHTS
  • സി.എല്‍. പൊറിഞ്ചുക്കുട്ടി. ചിത്രകലാലോകത്തെ അവിസ്മരണീയമായ പേര്.
  • ദേശീയതലത്തിലേക്ക് ഉയര്‍ന്ന അപൂര്‍വം ചിത്രകാരന്‍മാരില്‍ ഒരാളാണ് പൊറിഞ്ചുക്കുട്ടി.
chithra-kalayile-ekantha-pathikan-p
SHARE
മഹേഷ് പൗലോസ്

കറന്റ് ബുക്സ്

വില 150 രൂപ രൂപ

കര്‍ഷകന്റെ ജീവിതം കാത്തിരിപ്പിന്റേതാണ്. വിത്തു വിതച്ച് കതിരണിയാന്‍ ക്ഷമയുള്ള കാത്തിരിപ്പ്. കാലാവസ്ഥ അനുകൂലമാകണം. അപ്രതീക്ഷിതമായ തടസ്സങ്ങളെ മുന്‍കൂട്ടിക്കാണണം. അതിജീവിക്കണം. എല്ലാം ഒത്തുവന്നാല്‍ നിറഞ്ഞ മനസ്സോടെ കൊയ്ത്ത്. സന്തോഷത്തോടെയുള്ള വിതരണം. വീണ്ടും അടുത്ത ഋതുവിനുവേണ്ടിയുള്ള കാത്തിരിപ്പ്. തൃശൂര്‍ ജില്ലയിലെ ചിറകളുടെയും നെല്‍പാടങ്ങളുടെയും നാടായ ചിറനെല്ലൂരിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന പൊറിഞ്ചുക്കുട്ടി കര്‍ഷകനായില്ലെങ്കിലും കര്‍ഷകന്റെ മനസ്സ് കലാജീവിതത്തിലും ഏറ്റെടുത്ത നിയോഗങ്ങളിലും കാത്തുസൂക്ഷിച്ചു. മികച്ച വിത്തു വിതച്ചു. പ്രതിസന്ധികളെ പതറാതെ നേരിട്ടു. ക്ഷമയോടെ കാത്തിരുന്നു. ഇപ്പോള്‍ ജീവിതത്തിന്റെ സായം സന്ധ്യയില്‍ നിരാശയോ കുറ്റപ്പെടുത്തലോ ഇല്ലാതെ അദ്ദേഹം വിതച്ച വിത്തുകളുടെ ഫലം കൊയ്യുകയാണ് കലാലോകം. കലാകാരന്‍മാരുടെ ലോകം. വളര്‍ന്നുവരുന്ന കലാകാരന്‍മാര്‍. ജീവിതത്തിന്റെ സായംസന്ധ്യയിലെത്തിയ പൊറിഞ്ചുക്കുട്ടിയാകട്ടെ നിരാശയും കുറ്റപ്പെടുത്തലുമില്ലാതെ സംതൃപ്തിയോടെ, ഒരു കെടാവിളക്കിന്റെ ശോഭയോടെ കലാകൈരളിയുടെ ശോഭയാകുന്നു. 

സി.എല്‍. പൊറിഞ്ചുക്കുട്ടി. കലാലോകത്തെ അവിസ്മരണീയമായ പേര്. കേരളത്തിലും പുറത്തും അറിയപ്പെടുകയും 

ഭാവിതലമുറകള്‍ കടപ്പാടോടെ ഓര്‍ത്തിരിക്കുകയും ചെയ്യേണ്ട പേരുകാരന്‍. ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ അദ്ദേഹത്തെ അടയാളപ്പെടുത്താനുള്ള ശ്രമം വൈകിയ വേളയില്‍ സഫലമായിരിക്കുന്നു. സമ്പൂര്‍ണമായല്ലെങ്കിലും എളിയ പരിശ്രമം. പൊറിഞ്ചുക്കുട്ടി എന്ന വലിയ കലാകാരനോടു ചെയ്യുന്ന നീതിയുടെ ആദ്യ അധ്യായം. മഹേഷ് പൗലോസ് എഴുതി, തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ചിത്രകലയിലെ ഏകാന്തപഥികന്‍ എന്ന പുസ്തകം ഒരു ചുവടുവയ്പാകുകയാണ്. വൈകിയെത്തിയ നീതിയുടെ പുസ്തകരൂപം. 

ദേശീയതലത്തിലേക്ക് ഉയര്‍ന്ന അപൂര്‍വം ചിത്രകാരന്‍മാരില്‍ ഒരാളാണ് പൊറിഞ്ചുക്കുട്ടി. അനുകരണങ്ങളില്ലാതെ തനതായ വഴിയില്‍ വളന്നുവരുകയും ആത്മാര്‍ഥതയും സത്യസന്ധതയും ആദര്‍ശധീരതയും കൊണ്ട് സ്വന്തം പേര് വ്യത്യസ്തമായി അടയാളപ്പെടുത്തുകയും ചെയ്ത ധീരന്‍. സ്വയം ഒരു കലാകാരനായി ജീവിച്ചു എന്നതിനുപുറമെ കേരളത്തിലെ ആദ്യത്തെ ഫൈന്‍ ആര്‍ട് കോളജിന്റെ പ്രിന്‍സിപ്പല്‍ പദവി വരെയെത്തി ഭാവി ചിത്രകാരന്‍മാരുടെ വഴി തെളിച്ചമുള്ളതാക്കുകയും ചെയ്തു. ഇന്നു പ്രവര്‍ത്തിക്കുന്ന പല ഫൈന്‍ ആര്‍ട്സ് സ്കൂളുകളുടെയും കോളജുകളുടെയും പഠന രീതി പൊളിച്ചെഴുതി ആധുനികമാക്കിയതും പൊറിഞ്ചുക്കുട്ടിതന്നെയാണ്. ആരവമോ ബഹളമോ സൃഷ്ടിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കലാകാരന്‍മാര്‍ പൊതുവെ സ്വീകരിക്കുന്ന അരാജക ജീവിതവും അദ്ദേഹം സ്വീകരിച്ചില്ല. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം അര്‍ഹിച്ച പ്രശംസ അദ്ദേഹത്തില്‍നിന്ന് അകന്നുപോയതും. എങ്കിലും 2011-ല്‍ രാജാരവിവര്‍മ പുരസ്കാരം നേടി തലയെടുപ്പുള്ള കലാകാരനായി പ്രതിഷ്ഠിക്കപ്പെട്ട പൊറിഞ്ചുക്കുട്ടിയുടെ ജീവിതം ആഴത്തില്‍ ആരും പഠനവിധേയമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതവും കലയും പരിചയപ്പെടുത്തുന്ന ഈ പുസ്തകം പോലും പൊറിഞ്ചുക്കുട്ടിയുടെ ചിത്രങ്ങളെ ആഴത്തില്‍ പഠിക്കാനും വിലയിരുത്താനും ശ്രമിച്ചിട്ടില്ല. അത്തരമൊരു മഹത്തായ കലാപ്രവര്‍ത്തനത്തിന് ഭാവി കലാകാരന്‍മാരെ ക്ഷണിക്കുക കൂടിയാണ് ചിത്രകലയിലെ ഏകാന്തപഥികന്‍ എന്ന ഈ പുസ്തകം. 

കലാകാരന്‍ എന്നാല്‍ സമൂഹം മാറിനിന്നുനോക്കുക മാത്രം ചെയ്ത ഒരു കാലഘട്ടില്‍ ജനിച്ചുവളര്‍ന്നയാളാണ് പൊറിഞ്ചുക്കുട്ടി. കര്‍ഷകനാകുകയോ കണക്കപ്പിള്ളയാകുകയോ ചെയ്യേണ്ടിയിരുന്ന സാഹചര്യത്തെ ധൈര്യപൂര്‍വം ഒഴിവാക്കി ഉള്ളിന്റെ ഉള്ളിലെ കലയെ തോറ്റിയുണര്‍ത്തി കേരളത്തില്‍ സ്വന്തമായ ഒരു പാത വെട്ടിത്തെളിച്ച മഹാനായ മനുഷ്യന്‍. നേട്ടങ്ങളേറെ പറയാനുണ്ടെങ്കിലും അംഗീകാരങ്ങളും കീര്‍ത്തിമുദ്രകളുമുണ്ടെങ്കിലും തന്നെത്തന്നെ വലിയൊരു കഥാപാത്രമായി കരുതാതെ നിശ്ശബ്ദനായി ജീവിക്കുന്ന വ്യക്തി. അല്‍പബുദ്ധികള്‍ അരങ്ങുതകര്‍ക്കുകയും അതിപ്രശസ്തി ശീലമായി കൊണ്ടുനടക്കുകയും ചെയ്യുന്ന കാലത്തുപോലും താനിവിടെയുണ്ടെന്ന് തന്റെ ചിത്രങ്ങളിലൂടെയല്ലാതെ ഒരു വാക്കുകൊണ്ടുപോലും അറിയിക്കാത്ത പൊറിഞ്ചുക്കുട്ടിയെ ഒരു മാതൃകയെന്നു വിശേഷിപ്പിക്കുതുപോലും തെറ്റാണ്. ഈ മനുഷ്യനെ അറിയായിതിക്കുമ്പോള്‍ സ്വന്തം സംസ്കാരത്തെയും പൈതൃകത്തെയും അറിയാതിരിക്കുകയാണ് മലയാളം ചെയ്യുന്നത്. അതു നന്ദികേടാണ് എന്നുമാത്രമല്ല, ഒഴിവാക്കപ്പെടേണ്ട ദുശ്ശീലവുമാണ്. ചിത്രകലയിലെ ഏകാന്തപഥികനായ പൊറിഞ്ചുക്കുട്ടിയെ ഇനിയെങ്കിലും കേരളസമൂഹം മനസ്സിലാക്കട്ടെ. അറിയട്ടെ. അംഗീകരിക്കട്ടെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA