sections
MORE

സ്വാതന്ത്ര്യത്തിനായി പോരാടി, 18 വയസ്സിൽ വധശിക്ഷ; ഇത് ഖുദിറാം ബോസ്

HIGHLIGHTS
  • പതിനെട്ട് വയസ്സും എട്ടുമാസവും എട്ടുദിവസവും മാത്രം ജീവിച്ച രക്ത നക്ഷത്രം.
  • ഖുദിറാം ബോസിന്റെ ജീവിതകഥ ആരെയും ആവേശഭരിതരാക്കും.
khudiram-bose-p
SHARE
‍ഡോ. ടി.എസ്. ജോയി

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

വില– 100 രൂപ

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ സ്വന്തം ചോരകൊണ്ട് ഇതിഹാസം രചിച്ച ധീരദേശാഭിമാനിയാണ് ഖുദിറാം ബോസ്. പതിനെട്ട് വയസ്സും എട്ടുമാസവും എട്ടുദിവസവും മാത്രം ജീവിച്ച രക്ത നക്ഷത്രം. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ താളുകളിൽ ഇടം നേടാത്ത അനേകായിരങ്ങളിൽ ഒരാൾ. ഖുദിറാം ബോസിന്റെ ജീവിതകഥ ദേശസ്നേഹമുള്ള ആരെയും ആവേശഭരിതരാക്കും. ഒരാൾ എത്ര കാലം ജീവിച്ചു എന്നല്ല എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം എന്ന് ഓർമപ്പെടുത്തുന്ന ജീവിതകഥ.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. രണ്ടു പ്രധാന ചിന്താധാരകളാണ് സ്വാതന്ത്ര്യ സമരത്തെ നയിച്ചിരുന്നത്. ഒന്ന് സായുധ വിപ്ലവത്തിലൂടെ മാത്രമേ ബ്രിട്ടീഷ് വിദേശാധിപത്യം അവസാനിപ്പിക്കാൻ കഴിയൂ എന്നു വിശ്വസിച്ച തീവ്രദേശീയ വാദികളുടെ ചിന്തകൾ. സമാധാനമാർഗത്തിലൂടെ അഹിംസ എന്ന ആശയം മുന്നോട്ടു വച്ച മിതവാദികൾ. സ്വാതന്ത്ര്യസമരത്തിന്റെ ആദ്യ വർഷങ്ങളിൽ തീവ്രദേശീയവാദികളുടെ സ്വാധീനമായിരുന്നു സമരത്തെ നയിച്ചത്. 

ലോകമാന്യ ബാലഗംഗാധര തിലകൻ, ബിപിൻ ചന്ദ്രപാൽ, ലാലാ ലജ്പത് റായ്, അരവിന്ദ് ഘോഷ്, സത്യേന്ദ്രനാഥ് ബോസ് തുടങ്ങിയവർ തീവ്രദേശീയ വാദികളുടെ നേതൃനിരയിലുണ്ടായിരുന്നു. വിപ്ലവാശയങ്ങൾ പ്രധാനമായും ജനങ്ങളിൽ എത്തിച്ചത് യുഗാന്തർ, വന്ദേമാതരം, സന്ധ്യ, കർമയോഗി, നവശക്തി എന്നീ വർത്തമാന പത്രങ്ങളായിരുന്നു. അക്കാലത്ത് ബംഗാൾ ഇന്ത്യയുടെ ‘ചിന്തിക്കുന്ന തലച്ചോർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെ ജ്വലിപ്പിച്ചത് ബംഗാൾ വിഭജനമായിരുന്നു. ദേശീയ ബോധവും സ്വാതന്ത്ര്യ വാഞ്ചയും നിറഞ്ഞ ജനങ്ങൾ ബംഗാളിൽ വർധിച്ചു വന്നു. ബംഗാളിൽ പിറന്ന ഖുദിറാം ബോസിലും ഈ ദേശ സ്നേഹം വർധിച്ചതിൽ അതിശയിക്കാൻ ഒന്നും ഇല്ല.

ബംഗാൾ വിഭജനത്തിനെതിരെ സമരം ചെയ്തവർക്കു നേരെ നിഷ്ഠൂരമായ ശിക്ഷകളാണ് ബ്രിട്ടീഷ് ഭരണാധികാരികൾ നടത്തി വന്നത്. മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിലായിരുന്നു കൊൽക്കത്തയിലെ പ്രസിഡൻസി മജിസ്ട്രേറ്റായിരുന്ന കിംഗ്സ് ഫോർഡ്. ബിപിൻ ചന്ദ്രപാലിനെ  അന്യായമായി തടവിലാക്കിയത് കിംഗ്സ് ഫോർ‍ഡായിരുന്നു. ഇതിൽ വൻ പ്രതിഷേധം ഉയർന്നു. ജനങ്ങൾ സംഘടിച്ച് സമാന്തര കോടതി രൂപീകരിച്ച് കിംഗ്സ് ഫോർഡിന് ജനകീയ കോടതി വധശിക്ഷ വിധിച്ചു. ശിക്ഷ നടപ്പിലാക്കാൻ നിയോഗി ച്ചവരിൽ ഖുദിറാം ബോസ് ഉണ്ടായിരുന്നു. 

1907 സെപ്റ്റംബറിൽ ‘സന്ധ്യ’യിൽ വന്ന ലേഖനം ദൈവം എല്ലാ രാജ്യങ്ങൾക്കും അവരുടെ മയക്കത്തിൽ നിന്നും വിട്ടുണരാനുള്ള അവസരം അനിവാര്യമാക്കുന്നുണ്ട് എന്ന് എഴുതിയിരിക്കുന്നു. തീവ്ര വിപ്ലവാശയങ്ങൾ ഈ പത്രം നിരന്തരം പ്രചരിപ്പിച്ചു. 

ഇതിൽ ആകൃഷ്ടരായ ഖുദിറാം ബോസും പ്രഫുല്ല ഛാക്കിയും കിംഗ്സ് ഫോർഡിനെ വധിക്കാനുള്ള നിയോഗം ഏറ്റെടുത്തു. 1908 ഏപ്രിൽ 30 ന് കിംഗ്സ് ഫോർഡിനു നേരെ അവർ ബോംബെറിഞ്ഞു. എന്നാൽ ലക്ഷ്യം സാധിച്ചില്ല. ഈ പ്രവൃത്തിയാണ് 18 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഖുദിറാമിനെ ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ നായക പദവിയിലേക്ക് ഉയർത്തിയത്. ഈ കൃത്യം പരാജയമായിരുന്നെങ്കിലും ബ്രിട്ടീഷുകാർ ഈ രാജ്യത്തിന്റെ ശത്രുക്കൾ എന്ന ചിന്ത പരക്കുവാൻ ഇടയാക്കി. 

ഖുദിറാമിനെ ബ്രിട്ടീഷ് സൈന്യം പിടിച്ചു. വിചാരണയ്ക്കു ശേഷം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. കൊലക്കയർ കഴുത്തിൽ ചാർത്തപ്പെട്ടപ്പോഴും ധൈര്യപൂർവ്വം മരണത്തെ അദ്ദേഹം നേരിട്ടത് ഹൃദ്യമായി രേഖപ്പെടുത്തിയിരിക്കുന്നു. 

സ്വാതന്ത്ര്യ സമരത്തിന്റെ  അറിയപ്പെടാത്ത ഏടുകൾ തുറക്കുകയാണ്. കുട്ടികൾക്കായി രചിക്കപ്പെട്ട ഈ ജീവചരിത്ര ഗ്രന്ഥം. കുട്ടികളിൽ ദേശീയബോധവും ധൈര്യവും പകരുവാൻ ഈ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്. 

നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം അറിയപ്പെടാത്ത അനേകർ, ഒരിക്കല്‍ പോലും പ്രശസ്തിയിലേക്കു വരുവാൻ ആഗ്രഹിക്കാത്തവരുടെ നിസ്വാർഥ പ്രവർത്തനം മൂലമാണെന്ന് വ്യക്തമാക്കുകയാണ് ഈ ഗ്രന്ഥത്തിൽ. 

ചരിത്രത്തെക്കുറിച്ച് കുട്ടികൾക്ക് വിജ്ഞാനം പങ്കു വയ്ക്കുന്ന ഈ കൃതി നല്ല വായനാനുഭവം പകരുന്നതാണ്. ഒപ്പം ചരിത്ര ബോധവും സ്വജീവനേക്കാൾ വലുതാണ് സ്വാതന്ത്ര്യം എന്ന അതിശ്രേഷ്ഠമായ ആശയമാണ് ഈ പുസ്തകത്തിന്റെ കാതലായ കാഴ്ചപ്പാട്. 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA