sections
MORE

ജന്‍മവൃക്ഷത്തില്‍ പതിയിരിക്കുന്ന കലിയെത്തിരഞ്ഞ്...

kali-p
SHARE
കെ.എം. വേണുഗോപാല്‍

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

വില 80 രൂപ

കലി ജീവിതത്തിന്റെ അനിവാര്യതയാണ്. കലി ഇളകാതെ കര്‍മകാണ്ഡം പൂര്‍ത്തിയാകുകയുമില്ല. ശരീരത്തെ മലിനമാക്കുന്ന കലി വാക്കിലും മനസ്സിലും മലിനത പടര്‍ത്തുന്നു. പരുഷവാക്കാലും മലിനമനസ്സായും വികൃതശരീരരമായും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്ന പുരുഷന്‍ കലിബാധിതനാണ്. അവന്റെ കര്‍മലോകവും കുടുംബലോകവും ഒരുമിച്ചു നാശത്തിലേക്കു വീഴുന്നു. കലിബാധിതരായ കഥാപാത്രങ്ങളുടെ മനസ്സിനെ വ്യാഖ്യാനിച്ചും കാവ്യസന്ദര്‍ഭങ്ങളെ വിചിന്തനം ചെയ്തും മലയാള സാഹിത്യ പഠനത്തില്‍ ഒരു പുതിയ വഴിവെട്ടുന്ന പുസ്തകമാണ് കലിയും കാവ്യൗഷധങ്ങളും. ഒരു ജന്‍മത്തില്‍ അനേക ജന്‍മങ്ങള്‍ കടന്നുപോകുന്ന മനുഷ്യരുടെ വിധിയും വിധേയതയും വ്യാഖ്യാനിക്കുന്ന പുസ്തകം. ജ്വരബാധയാല്‍ സ്വര്‍ഗ നരകങ്ങളെ ഭൂജീവിതത്തില്‍ തന്നെ വിളിച്ചുവരുത്തുന്ന നിസ്സഹായരുടെ ധര്‍മസങ്കടങ്ങളുടെ വാക്കുകള്‍. മറ്റാരോ തീരുമാനിച്ച ശരവേഗത്തില്‍ പായാന്‍ വിധിക്കപ്പെട്ട അമ്പുകളുടെ നിരാധാര നിമിഷങ്ങള്‍. കെ.എം. വേണുഗോപാല്‍ എഴുതിയ കലിയും കാവ്യൗഷധങ്ങളും ഒരേ സമയം ജീവിതത്തെ അറിയാനുള്ള സൂക്ഷ്മദര്‍ശിനിയായും സ്വജീവിത സങ്കടങ്ങളുടെ തന്‍മയീഭാവമായും മാറുന്നു. ലക്ഷ്യം മാര്‍ഗം തന്നെയാകുമ്പോള്‍ രൂപപ്പെടുന്ന സത്യസരണി പോലെ ജീവിതത്തിന്റെ തമോഗര്‍ത്തങ്ങളിലേക്കു വാക്കുകളിലൂടെ വെളിച്ചത്തിന്റെ വജ്രരശ്മി പായിക്കുന്ന മൗലിക ചിന്തയുടെയും നക്ഷത്ര വാക്കുകളുടെയും വെളിപാടുകളുടെ പുസ്തകം. 

മറ്റൊരാളാല്‍ എഴുതപ്പെട്ട പുസ്തകം അന്തര്‍നേത്രം കൊണ്ടു വായിക്കുന്ന വായനക്കാരന്‍ സ്വയം ഒരു പുസ്തകം എഴുതുക കൂടിയാണ്, അഥവാ സ്വയമെഴുതിയ പുസ്തകം വായിക്കുകയാണ്. മറ്റൊരാളിന്റെ ചിന്തകളിലൂടെ സ്വന്തം ചിന്തകളും വികാരവിചാരങ്ങളും വായിക്കുകയാണ്. പേടിയാലോ നിസ്സഹായതയാലോ വാരിവലിച്ചു പുറത്തിടാന്‍ കഴിയാതിരുന്ന സ്വകാര്യനിനവുകള്‍ പോലും ചെറിയൊരു മാറ്റം പോലും വരുത്താതെ മറ്റൊരാള്‍ കോറിയിടുമ്പോള്‍ അതിശയിക്കാത്തവരില്ല. ആ അതിശയം തന്നെയാണ് അക്ഷരങ്ങളുടെ ആത്മശക്തി. ഭാവനയുടെ തേജസ്സ്. മനസ്സുകളെ തമ്മില്‍ കൂട്ടിയിണക്കുന്ന ജൈവബന്ധത്തിന്റെ കരുത്ത്. 

കലിയും കാവ്യൗഷധങ്ങളും എന്ന പുസ്തകത്തിലെ ‘ഇപ്പോള്‍ ഈ അന്തിനേരം’ എന്ന പ്രൗഡഗംഭീരമായ ലേഖനത്തില്‍ വേണുഗോപാല്‍ ഉണ്ണായിവാര്യരുടെ നളചരിതത്തെ വായിക്കുക മാത്രമല്ല, സ്വന്തം നളനെ എഴുതുക കൂടിയാണ്. പുരുഷന്റെ വിധിയെ എഴുതിയ നളചരിതത്തെ, ജീവിതത്തെ ബാധിച്ച കലിബാധയുടെ പുനര്‍വായനയാക്കി കലിയെ ശമിപ്പിക്കുന്ന കാവ്യൗഷധം കണ്ടെടുക്കുക കൂടിയാണ്. നിഷധ രാജാവിന്റെ ജീവിതത്തിന്റെ പിറകില്‍, ജന്‍മവൃക്ഷത്തിന്റെ ചില്ലകളില്‍ പതിയിരിക്കുന്ന കലി ആ ജീവിതത്തെ വേട്ടയാടുന്നതിന്റെ വിവരണങ്ങളിലൂടെ പുരുഷജീവിതത്തിന് പാഠഭേദം ചമയ്ക്കുകകൂടിയാണ്. നനയാത്ത കാല്‍മടമ്പ് തിരഞ്ഞുള്ള യാത്രയില്‍ വായനക്കാര്‍ അവരവരുടെ തന്നെ സംഘര്‍ഷ നിമിഷങ്ങളും അവരെ നേരിട്ടതിന്റെ തീവ്രതയും തിരിച്ചറിയും. ആസക്തിയില്‍ പുലരുന്നവന്റെ ജീവിതത്തിലേക്ക് ദൈന്യം കടന്നുവരുന്നതിന്റെ കാല്‍പ്പെരുമാറ്റം. ഉത്തമനായ പുരുഷനും സുശീലയായ ജീവിതസഖിയും ഒരുമിച്ചിട്ടും ശരണമാകുന്ന പ്രണയം ആരെയാണ് അസ്വസ്ഥരാക്കാത്തത്. നിഷ്ഠയുള്ള പുരുഷനും ഉത്തമയായ സ്ത്രീയും ഉള്‍പ്പെടുന്ന ലോകജീവിതത്തിലേക്ക് കലി പതുങ്ങിവരുന്ന ചിത്രം ഓര്‍മപ്പെടുത്തലും മുന്നറിയിപ്പും കൂടിയാണ്. രാഷ്ട്രീയത്തില്‍, ദാമ്പത്യത്തില്‍, പ്രണയത്തില്‍ ആത്മനിന്ദയും പരനിന്ദയുമുള്ളവരുടെ നെഞ്ചകങ്ങളില്‍ കലി ബലിപരുഷ്കരനാകുന്ന ചിത്രം സമ്മാനിക്കുന്ന ഭയത്തിന് ഒരു ഹൃദയാഘാതത്തിന്റെ മാരകശക്തിയും തീവ്രതയുമുണ്ട്. സപ്തവ്യസനങ്ങളും തിമിര്‍ത്തുപെയ്യുന്ന ജീവിതത്തില്‍ നളചരിതം എന്ന കാവ്യം രോഗം തിരിച്ചറിയുന്ന വൈദ്യനും രോഗത്തെ അതിജീവിക്കാന്‍ സഹായിക്കുന്ന ദിവ്യ ഔഷധവുമായി മാറുകയാണ്. ഒരു ക്ളാസ്സിക് പുസ്തകത്തിന്റെ വായന എന്നതിനപ്പുറം ജീവിതത്തിന്റെ അടിസ്ഥാന ചോദനകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നിരീക്ഷണവും പഠനവുമാണ് വേണുഗോപാല്‍ നടത്തുന്നത്. സിദ്ധിയും സാധനയും ഇഴുകിച്ചേരുന്ന ഉത്തമ സൃഷ്ടിക്കുവേണ്ട തിളക്കം ‘ഇപ്പോള്‍ ഈ അന്തിനേര’ ത്തെ മലയാളത്തിലെ മികച്ച വിമര്‍ശക ലേഖനങ്ങളിലൊന്നാക്കി മാറ്റുന്നു. 

സംഗീതത്തിന്റെ രോഗശമന സാധ്യതകളെക്കുറിച്ച് പഠനം നടന്നിട്ടുണ്ട്. ഗായകരുള്‍പ്പെടെയുള്ളവര്‍ പരീക്ഷണങ്ങള്‍ തുടരുന്നു. പക്ഷേ, കഥാ, കാവ്യങ്ങളുടെ ചികിത്സാ കഴിവിനെക്കുറിച്ച് വലിയ പഠനങ്ങളൊന്നും ലോകസാഹിത്യത്തില്‍പ്പോലും നടന്നിട്ടില്ല. രോഗവും സാഹിത്യഭാവനയും എന്ന വിഷയത്തില്‍ പ്രസിദ്ധ നിരൂപകന്‍ കെ.പി. അപ്പന്‍ തുടങ്ങിവച്ച ചര്‍ച്ചയെ ഇവിടെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകയും പുതിയൊരു സാഹിത്യശാഖ തന്നെ വെട്ടിത്തുറക്കുകയുമാണ് വേണുഗോപാല്‍. 

വിഷാദവര്‍ണങ്ങള്‍ എന്ന ലേഖനത്തില്‍ വേണു എഴുതുന്നു: കലാകാരന്റെ വിഷാദം ഒരു പുതിയ വര്‍ണ്ണം കൂടി അവന്റെ കലയ്ക്കു നല്‍കുന്നു. വിഷാദനിര്‍ഭരമല്ലാത്ത ഒരു സൗന്ദര്യം എനിക്കു സങ്കല്‍പിക്കാന്‍ കഴിയുന്നില്ല എന്ന് ചാള്‍സ് ബോദ്‍ലെ എഴുതി. വികാരമൂര്‍ഛയെപ്പോലെ ഒരു വശ്യം വിഷാദത്തിനുമുണ്ട്. വിഷാദവും അതിസങ്കടവും വരുന്നത് അവനവനെ സംശയിച്ചുതുടങ്ങുമ്പോഴാണ്. വിഷാദത്തിലെ സംശയങ്ങള്‍ ഉയര്‍ന്ന കലയുടെ പ്രചോദനമാണ്. അതിസങ്കടത്തില്‍ വീഴുന്ന സംശയം സര്‍വനാശകരവും. 

സാഹിത്യ വിമര്‍ശനം എന്ന അപൂര്‍വ തിളക്കമുള്ള കലയെ മനോവിജ്ഞാനീയവുമായി ബന്ധപ്പെടുത്തിയാണ് വേണുഗോപാല്‍ കാവ്യൗഷധം തിരയുന്നത്. നളന്‍ മാത്രമല്ല, ഹാംലറ്റും ഡോണ്‍ ക്വിക്സോട്ടും അക്ക മഹാദേവി ഉള്‍പ്പെടെയുള്ള വചനം കവികളും ശ്രീരാമനും യുധിഷ്ഠിരനുമെല്ലാം പുതിയൊരു തെളിച്ചത്തില്‍ വായിക്കപ്പെടുന്നു; വിചാരണ ചെയ്യപ്പെടുന്നു. ശ്രീരാമജന്‍മം, ഈ ജീവിതത്തിന്റെ ആസ്പദം, ബുദ്ധനെ കൊല്ലുന്നതെങ്ങനെ തുടങ്ങിയ ലേഖനങ്ങള്‍ ചിന്തയുടെ പുതുമകൊണ്ടും അവതരണത്തിന്റെ സാരള്യം കൊണ്ടും വശീകരിക്കുന്നവയാണ്. ഉത്കൃഷ്ട കൃതികള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ക്ലാസ്സിക്കുകളാണ്  ഇവിടെ പഠനവിധേയമാകുന്നത്. സുഭഗമായ ഭാഷയിലൂടെ ക്ലിഷ്ടതയോ സങ്കീര്‍ണതയോ ഇല്ലാത്ത സാഹിത്യവിചാരങ്ങള്‍ ആവര്‍ത്തിച്ച് അയവിറക്കുന്ന കവിത പോലെ, കവിതയോടടുത്തുനില്‍ക്കുന്ന ഗദ്യം പോലെ വാനയക്കാരനെ കീഴ്പ്പെടുത്തുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA