പന്ത്രണ്ടു പെണ്ണുങ്ങൾ, അവരുടെ വ്യത്യസ്തമായ യാത്രാനുഭവങ്ങൾ

aakasathinte-chirakukal-p
SHARE
എഡിറ്റർ- നിധി ശോശ കുര്യൻ

പെൻഡുലം ബുക്സ്

വില- 200 രൂപ

യാത്ര പോകുന്നത് രസമുള്ള ഏർപ്പാടാണ്. യാത്ര എന്നു കേൾക്കുമ്പോൾത്തന്നെ ചില യാത്രകളുടെ ചിത്രങ്ങൾ മനസ്സിൽ തെളിയും. സ്‌കൂളിൽനിന്നും കോളജിൽ നിന്നുമൊക്കെ സുഹൃത്തുക്കൾക്കൊപ്പം പോയ യാത്രകൾ, ബന്ധുക്കൾക്കൊപ്പം നടത്തിയവ, ഓഫിസിലെ സഹപ്രവർത്തകർക്കൊപ്പം പോയത്... അതിൽ എടുത്തു പറയാനുള്ള ചോദ്യം, ഇതിൽ സ്ത്രീകൾക്ക് എത്ര യാത്രകൾ ഓർക്കാനുണ്ടായേക്കും? പണ്ടു വീട്ടുകാർക്കും അധ്യാപകർക്കും ഭർത്താവിനുമൊക്കെ ഒപ്പം പോയതല്ലാതെ എത്രപേർ എവിടെയൊക്കെ പോയിട്ടുണ്ടെന്നാണ്?

എന്നാൽ അതൊക്കെ പണ്ട്. ഇപ്പോഴത്തെ സ്ത്രീകൾക്കു യാത്ര പോകണമെന്നുണ്ടെങ്കിൽ ഒരുപാട് ആശങ്കകളൊന്നുമില്ല, ടിക്കറ്റ് ബുക്ക് ചെയ്ത് ഒറ്റയ്ക്കും മറ്റു സുഹൃത്തുക്കൾക്കൊപ്പവും ഒറ്റപ്പോക്കങ്ങു പോകും. അതൊക്കെ പെണ്ണിന്റെ ധിക്കാരമെന്നൊന്നും ഇന്നു പറഞ്ഞാൽ ഏൽക്കില്ല. കാരണം യാത്രകൾ എന്ന മനോഹരമായ അനുഭവം പണ്ടത്തെപ്പോലെ ആൺകുട്ടികൾക്കു വേണ്ടി മാത്രം മാറ്റിവയ്ക്കപ്പെട്ടതല്ല, ലിംഗഭേദമന്യേ എല്ലാവരും ഇന്ന് യാത്രയെ സ്നേഹിക്കുന്നവരും ആസ്വദിക്കുന്നവരുമാണ്.

നിധി ശോശ കുര്യൻ എഡിറ്റ് ചെയ്ത പുതിയ പുസ്തകമാണ് ‘ആകാശത്തിന്റെ ചിറകുകൾ’. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പന്ത്രണ്ടോളം സ്ത്രീകളെഴുതിയ, പന്ത്രണ്ടു നാടുകളുടെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. തൃശൂർ പുലികളിയിൽ പുലിയായി അരങ്ങത്തു വന്ന നിധി ബുള്ളറ്റ് റൈഡറും സ്ഥിര യാത്രികയുമാണ്.

‘യാത്രകൾ എന്നെ വിസ്മയിപ്പിച്ചിട്ടില്ലാത്ത കാലത്തെക്കുറിച്ചു ചിന്തിക്കാനേ കഴിയുന്നില്ല. ആകാശം, മഴ, നിലാവ്, നക്ഷത്രങ്ങൾ, മഞ്ഞ്, കാറ്റ്, മേഘങ്ങൾ, നിറങ്ങൾ, എന്തിനേറെ, വിരിഞ്ഞു നിൽക്കുന്ന ഒരു പൂവോ വൃക്ഷമോ ഒക്കെയും ജീവിക്കാനുള്ള ഘടകങ്ങളായിത്തീരുമ്പോൾ യാത്രകൾ ഒരുവൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാവും എന്ന് ചിന്തിക്കാമല്ലോ’– നിധി ആമുഖത്തിൽ പറയുന്നു. ഒരുപക്ഷേ യാത്രകൾ അനുഭവിക്കാനും ആസ്വദിക്കാനും വേണ്ടി മാത്രം ജനിച്ചിട്ടുള്ള ഒരുവളാണ് നിധിയെന്ന് പല സുഹൃത്തുക്കളും അടയാളപ്പെടുത്തുമ്പോൾ നിധിയും അതു ചിരിയോടെ സമ്മതിക്കും. 

അഗസ്ത്യർ മലയുടെ മുകളിൽ കയറിയ ആദ്യത്തെ വനിതയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയായ ധന്യ സനൽ. ധന്യയുടെ ഉദ്വേഗജനകമായ ആ യാത്ര കൊടുംകാട്ടിലൂടെയായിരുന്നു. ആദ്യം കുറച്ചു ദൂരം ഒരു വനിതാ ഉദ്യോഗസ്ഥയും ഒപ്പമുണ്ടായിരുന്നു. അതിനപ്പുറം പുരുഷന്മാർക്കൊപ്പമുള്ള മലകയറ്റം. ദുർഘടമായ മലമുകളിലേക്കുള്ള അതീവ സാഹസികമായ ഈ യാത്രയുടെ അനുഭവമാണ് ധന്യ എഴുതിയിരിക്കുന്നത്. 

സ്വന്തം സ്വത്വം തന്നെ വെളിപ്പെടുത്തിക്കൊണ്ടുള്ള യാത്രയാണ് ട്രാൻസ്‌സെക്‌ഷ്വൽ ആയ സുകന്യ കൃഷ്ണ എഴുതുന്നത്. ബനാറസിലേക്കുള്ള സുകന്യയുടെ യാത്രയിൽ അവർ നേരിട്ട പ്രശ്നങ്ങൾ സുകന്യയെപ്പോലെ നിരവധി ട്രാൻസ് വ്യക്തികൾ അനുഭവിക്കുന്നതാണ്. അത്തരം നിരവധി ബുദ്ധിമുട്ടുകൾക്കിടയിലും ബനാറസിന്റെ മായിക ലോകത്തിലേക്കു സുകന്യ നടന്നു പോവുക തന്നെ ചെയ്തു. കേരളത്തിലെ ആദ്യത്തെ ട്രാൻസ് ടാക്സ് പേയീ കൂടിയാണ് ഐടി പ്രഫഷനൽ ആയ സുകന്യ. ‘യാത്രകൾ അവസാനിക്കുന്നില്ല’ എന്ന അധ്യായത്തിൽ സുകന്യ ഓർത്തെടുക്കുന്ന യാത്രാനുഭവങ്ങൾ ഒരു വെളിപ്പെടുത്തൽ കൂടിയാണ്.

ആൻ പാലി എന്ന പേര് പണ്ടു മുതൽ ടെലിവിഷൻ പ്രേക്ഷകർക്കു സുപരിചിതമാണ്. അന്നത്തെ അവതാരക ഇന്ന് വീട്ടമ്മയും എഴുത്തുകാരിയുമാണ്. ഭർത്താവും മക്കളുമായി ആൻ നടത്തിയ നേപ്പാൾ യാത്രയുടെ ഓർമകളാണ് പുസ്തകത്തിൽ രണ്ടാമത്തെ അധ്യായം. നേപ്പാളിൽ ചെന്നിറങ്ങിയപ്പോൾ ഉണ്ടായ പരിഭ്രമം ഏറെ കഴിയുംമുമ്പ് ആ നാടിന്റെ ഭ്രമാത്മകത മായ്ച്ചു കളഞ്ഞതിന്റെ സന്തോഷം ആൻ പാലിയുടെ വാക്കുകളിൽ സ്പഷ്ടമാണ്. 

അശ്വതി ശ്രീകാന്ത് ടെലിവിഷൻ അവതാരയായി ശ്രദ്ധേയയാണ്. ‘ഠ ഇല്ലാത്ത മിഠായികൾ’ എന്ന, അനുഭവത്തിന്റെ പുസ്തകവും അശ്വതിയുടേതാണ്. അതിമനോഹരമായ ബാലി യാത്രയാണ് അശ്വതിക്ക് പുസ്തകത്തിൽ പറയാനുള്ളത്. കേരളം പോലെ തന്നെ സുപരിചിതമായ ഒരു രാജ്യത്തെക്കുറിച്ച് അശ്വതി എഴുതുമ്പോൾ എഴുത്തുകാരിക്കൊപ്പം വായനക്കാരും ബാലിയുടെ കടൽത്തീരത്തിലൂടെ നടക്കുന്നു. അശ്വതിയുടെ മകൾ പദ്മയെ ഇന്തൊനീഷ്യക്കാരൻ പുട്ടു വിളിക്കുന്നതുപോലെ ‘കുഞ്ഞീ’ എന്നു നീട്ടി വിളിക്കുന്നു.

ആതുരസേവനത്തിലും യാത്രയിലും ഒരുപോലെ ഇടപെടുന്ന സ്ത്രീയാണ് നീലിമ ഒബി. ബുള്ളറ്റ് റൈഡറായ നീലിമയുടെ അഗുംബെ യാത്ര രസകരമാണ്. 

‘ങേ, പെണ്ണായിരുന്നോ? അയ്യോ ബുള്ളറ്റൊക്കെ ഓടിച്ച്!’ ഒരു ചായ അടിക്കുന്ന സമയത്ത് നൂറു ചോദ്യങ്ങൾ ചോദിക്കുന്ന ചന്ദ്രേട്ടനിൽ തുടങ്ങി പാറക്കെട്ടുകളുടെ കനത്ത ഭീകരതയും താണ്ടി മറക്കാനാകാത്ത രാത്രികളിലൂടെയുള്ള യാത്ര വായനക്കാരനും അനുഭവിക്കുന്നു. 

‘ഊരുതെണ്ടി തിരിച്ചെത്തുമ്പോൾ അമ്മയുടെ മുഖത്ത് കണ്ട ചിരിയിൽ അവർ എന്നും പറയാറുള്ളത് ഒരിക്കൽ കൂടി മൗനമായി പറഞ്ഞു. യാത്ര പോകുന്നതിൽ ആകരുത് സന്തോഷം, സുരക്ഷിതമായി തിരിച്ചെത്തുന്നതിലാണെന്ന്.’– നീലിമ എഴുതുന്നു.

ബംഗാളിന്റെ ഉൾഗ്രാമത്തിലേക്കാണ് നാടകപ്രവർത്തകയും അഭിനേതാവുമായ ജോളി ചിറയത്ത് യാത്ര പോയത്. ബംഗാളിൽ പൊതുവേ സഞ്ചാരികൾ കാണാനും പോകാനുമാഗ്രഹിക്കുന്ന ചില സ്ഥലങ്ങളിൽനിന്നു വിട്ട് ഉൾനാടുകളിലേക്കൊരു യാത്രയായിരുന്നു അത്. നഗരത്തിന്റെ മാലിന്യം പേറുന്ന ഗ്രാമത്തിന്റെ ദുരന്ത മുഖം കരളലിയിക്കുന്നതുപോലെ ജോളി വരച്ചിടുന്നു. ദൂരെനിന്നു കാണുമ്പോഴുള്ള ഗ്രാമ വിശുദ്ധി നഷ്ടപ്പെട്ടു പോകുന്ന അനുഭവം തീക്ഷ്ണമാണ്.

മരങ്ങളുടെ കൂട്ടുകാരിയാണ് ചിത്തിര കുസുമൻ, ഒപ്പം കവിയുമാണ്. ചിത്തിരയുടെ അതിമനോഹരമായ ഭാഷയിലെഴുതിയ അജ്മീറിലേക്കുള്ള യാത്ര വായിക്കുമ്പോൾ, ഒപ്പം ആ ഗസലിൽ ആടിയുലഞ്ഞു പോയേക്കും. മഞ്ഞിന്റെ അതിതീവ്രമായ തണുപ്പിലും ആത്മാവിന്റെ ആഴങ്ങളിലേക്കു പതിഞ്ഞെത്തുന്ന ചൂടാണ് അജ്മീർ അനുഭവം. ആ ചൂട് വായനക്കാരനിലേക്കും പകർന്നു കിട്ടുന്നു, സൂഫിസത്തിന്റെയും സംഗീതത്തിന്റെയും വാതായനങ്ങൾ കടന്ന് ചിത്തിരയുടെ ആ ഉൾവിളി കാതോരമെത്തും – യാ ഗരീബ് നവാസ്... ഇതായിതാ നിന്റെ വഴിയിൽ ഞാൻ... നിന്റെ ദേശത്തൊരന്യ... ഈ തിരക്കിൽ വെറും ഏകാകിനി...

ദുബായിൽ ബിസിനസ് സംരംഭകയായ നിഷാ മാത്യുവിന്റെ പാരിസ് യാത്രയാണ് ആകാശത്തിന്റെ അതിരുകളില്ലാത്ത ലോകത്ത് പറക്കുന്ന മറ്റൊരു പക്ഷിത്തൂവൽ. സ്വപ്നലോകമായ പാരിസിലേക്കുള്ള യാത്രയുടെ ഓർമകൾ ലളിതമായി നിഷ പകർത്തുന്നു. തണുത്ത കാറ്റും ഭിന്നിപ്പിന്നി പെയ്യുന്ന മഴയും മൂടി നിൽക്കുന്ന മേഘങ്ങളും നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുമ്പോൾ, സിനിമാ ഫ്രെയിമിലെന്നതുപോലെ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ. പാരിസിലെ അതിശയ കാഴ്ചകളെ അപ്പാടെ പകർത്തിയിട്ടുണ്ട് നിഷാ മാത്യു കുറിപ്പിൽ.

മല കയറാനൊരു ഡിപ്ലോമ കോഴ്സ് ഉണ്ടെന്നത് പലർക്കും അദ്‌ഭുതമായിരിക്കും. എന്നാൽ അത്തരത്തിലൊരു കോഴ്സ് പഠിക്കാൻ ഒരു സ്ത്രീ അവരുടെ മധ്യവയസ്സിൽ ചാടിപ്പുറപ്പെടുക, സംഗതി അത്ര എളുപ്പമാണെന്നു കരുതേണ്ട. ഇന്ത്യൻ പട്ടാളത്തിന്റെ ഒപ്പം, അവരെ പരിശീലിപ്പിക്കുന്ന സൈനിക ഉദ്യോഗസ്ഥരുടെ കീഴിൽ ലഭിക്കുന്ന അതികഠിനമായ പരിശീലനകാലമാണ് യാത്രികയും അധ്യാപികയുമായ സി.ആർ. പുഷ്പയെ കാത്തിരുന്നത്. എന്നാൽ പ്രായം ഒന്നിനും തടസ്സമല്ലെന്നു തെളിയിച്ചു കൊണ്ട് അതികഠിനമായ പരിശീലനകാലത്തെ എഴുതിച്ചേർക്കുകയാണ് പുഷ്പ. ജീവിതമെന്നാൽ ബുദ്ധിമുട്ടാണെന്ന് കരുതുന്ന യുവാക്കൾക്ക് തീർച്ചയായും വിലയേറിയ ഒരു യാത്രാഅനുഭവം തന്നെയായിരിക്കും സി.ആർ. പുഷ്പയുടേത്.

പൂക്കളുടെ ലോകത്തിലേക്ക് പൂമ്പാറ്റയായി പറന്നുയരുന്ന കൂട്ടുകാരി വനിതാ വിനോദിന്റെ ഹിമാലയൻ യാത്രാ അനുഭവങ്ങൾ ‘ശലഭച്ചിറകിലേറി പൂക്കളുടെ താഴ്‌വരയിൽ’ എന്ന കുറിപ്പിൽ വായിക്കാം. ഹിമാലയൻ യാത്ര തന്നെ ഒരു സാഹസിക പ്രവർത്തനമാകുമ്പോൾ അത്തരമൊരു സ്ഥലത്തേക്ക് ഒറ്റയ്ക്കു യാത്ര പോയ വനിതയുടെ അനുഭവം അനുപമം തന്നെയാണ്. തണുപ്പും രൗദ്രതയും ഒരുപോലെ ഹിമാലയമെന്ന അനുഭവത്തിന്റെ ഭാഗമാകുമ്പോൾ, വായനയിലും ആ തണുപ്പ് ആത്മാവിനെ തൊടുന്നു.

ബംഗാളിലെ സോനാഗച്ചി, കുമാർതുളി, കാളീഘട്ട് എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രാനുഭവങ്ങളാണ് എഴുത്തുകാരി ശ്രീപാർവതിക്ക് പറയാനുള്ളത്. ഈ മൂന്ന് ഇടങ്ങളിലും ഒരേ പോലെ കാണപ്പെടുന്ന സ്ത്രീകളുടെ സവിശേഷതകളുണ്ട്. ഭംഗിയായി അലങ്കരിക്കപ്പെട്ട സ്ത്രീകളാണ് ഇവിടങ്ങളിലെല്ലാമുള്ളത്, എന്നാൽ കുമാർതുളിയിലാണ് ബംഗാളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കുമുള്ള മനോഹരമായ ദേവീവിഗ്രഹങ്ങൾ നിർമിച്ചെടുക്കുന്നത്. അവിടെ സ്ത്രീയെന്ന വിഗ്രഹത്തെ ആരാധിക്കുന്നവർ തൊട്ടടുത്ത സോനാഗച്ചിയിൽ അലങ്കരിക്കപ്പെട്ടു നിൽക്കുന്ന സ്ത്രീയുടെ ഉടലിന് ഒരു വിഗ്രഹമെന്നത് പോലെ വില പറയുന്നു, പക്ഷേ വിഗ്രഹത്തിന്റെ വില പോലും പലപ്പോഴും ഉടലിനു ലഭിക്കുന്നില്ല എന്നതാണ് സത്യം. രണ്ടു സ്ത്രീകൾ ഒന്നിച്ച് സോനാഗച്ചിയിലെ ഗലിയിലേക്ക് നടന്നു പോയ, അസ്ഥിയിൽ തണുപ്പ് ഇരച്ചു കയറുന്ന അനുഭവവും കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. 

പുസ്തകത്തിന്റെ എഡിറ്റർ കൂടിയായ നിധിയുടെ ഈജിപ്ത് യാത്രയാണ് പുസ്തകത്തിലുള്ളത്. അറ്റം കാണാത്ത മരുഭൂമിയിലൂടെ പൊടിക്കാറ്റു കൊണ്ട്, ചെങ്കൽ മലനിരകൾ താണ്ടി, ചെമ്മരിയാടുകളെ കണ്ട് അങ്ങനെയങ്ങനെ... രുചിഭേദങ്ങളുടെയും പിരമിഡുകളുടെയും നാടാണ് ഈജിപ്ത്. മഞ്ഞുകാലത്തിന്റെ ആരംഭത്തിൽ അവിടെ ചെന്നിറങ്ങിയപ്പോൾ മുതലുള്ള അനുഭവങ്ങൾ ഒരു മാലയിൽ കോർത്ത മുത്തെന്ന പോലെ നിധി പകർത്തി വയ്ക്കുന്നു. ഈജിപ്ത് യാത്ര ഒരു സ്വപ്നമായി കൂടെയുള്ളവർക്കുള്ള ഏറ്റവും മികച്ച ഒരു വഴികാട്ടി കൂടിയാണ് ഈ അനുഭവക്കുറിപ്പെന്ന് പറയാതെ വയ്യ.

പന്ത്രണ്ടു സ്ത്രീകളുടെ പന്ത്രണ്ടു യാത്രകൾ എന്നാൽ അവ ഓരോന്നും വ്യത്യസ്തമാണെന്നാണ് അർഥം. ഒരേ ദിശയിലേക്കല്ല അവരുടെ സഞ്ചാരങ്ങൾ, ഒരേ കാഴ്ചപ്പാടുമല്ല അവർക്ക്. ഒറ്റയ്ക്ക് പോയവരും കുടുംബത്തോടൊപ്പം പോയവരും സുഹൃത്തുക്കൾക്കൊപ്പം പോയവരുമാണ് ഇതിലെ ഓരോ സ്ത്രീയും. സ്ത്രീകൾക്കു മാത്രമായി ട്രാവൽ ഗ്രൂപ്പുകൾ യാത്രകൾ ഏർപ്പാട് ചെയ്യുന്ന ഒരു സമയത്ത് സ്ത്രീകളുടെ യാത്രകൾ ആരെയും അമ്പരപ്പിക്കുന്നില്ല, എന്നിരുന്നാലും വ്യത്യസ്ത ദേശങ്ങളിൽ സഞ്ചരിക്കുമ്പോൾ അവയൊക്കെ എങ്ങനെയാണ് സ്ത്രീകളോട് ഇടപെട്ടത് എന്നത് കൗതുകകരമായ അനുഭവം തന്നെയാണ്. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രത്യേകതയും. 

‘പന്ത്രണ്ട് സ്ത്രീകളുടെ യാത്രാനുഭവമായ ആകാശത്തിന്റെ ചിറകുകൾ വായിച്ചപ്പോൾ സഞ്ചാരിയായ എസ്കെയെ ഓർത്തു, പക്ഷേ സ്ത്രീകളുടെ കാഴ്ചകൾ വേറിട്ടവയാണ്. അത് സ്ത്രീകളുടെ മാത്രം വ്യത്യസ്ത വൈകാരിക കാഴ്ചകളാണ്. അതുകൊണ്ടാണ് ഈ പുസ്തകം ശ്രദ്ധേയമാകുന്നത്’– പുസ്തകത്തിന്റെ അവതാരികയിൽ, നടനും സംവിധായകനുമായ ശ്രീനിവാസൻ പറയുന്നത് കൃത്യമാണ്.

‘ആകാശത്തിന്റെ ബലവത്തായ ചിറകുകളാൽ പറന്നുയരുന്ന എല്ലാ സ്ത്രീകൾക്കും, ഒപ്പം ഈ ചിറകുകൾ ഒന്നിച്ചു ചേർത്തൊരു പുസ്തകം തുന്നിക്കൂട്ടിയ നിധിക്കും ആശംസകൾ നേരുന്നു’ എന്ന് കോസ്മോസ് ഡയറക്ടർ ഡോക്ടർ മൊൺസാണ് മാവുങ്കാൽ ആശംസിക്കുമ്പോൾ അത് ഈ പുസ്തകം വായിച്ചവർക്കു കൂടി ആശംസയായി മാറുന്നു. ഒരു പുസ്തകം എഡിറ്റ് ചെയ്യുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ലാത്തതുകൊണ്ടുതന്നെ ആ ആശംസ നിധി അർഹിക്കുകയും ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA