ഇതാണ് 'യമണ്ടൻ' എന്ന വാക്കിനു പിന്നിലെ ആ 'എംഡന്‍' കഥ

HIGHLIGHTS
  • വാക്കുകളുടെ കഥ പറയുന്ന പുസ്തകം.
vakku
SHARE
മാങ്ങാട് രത്നാകരന്‍

കറന്റ് ബുക്സ്

വില 110 രൂപ

പൊതുഭാഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ ഒരു പ്രദേശിക ഭാഷയിലെ വിട്ടുപോയ വാക്കുകളെ കണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഒരു എഴുത്തുകാരന്റെ പുസ്തകമായ വാക്കേ വാക്കേയ്ക്കു പ്രസക്തി കൂടുകയാണ്. പദകോശക്ഷയവും ഐക്യരൂപ്യവും ഭാഷയുടെ മരണത്തിന്റെ അടയാളങ്ങളാണെന്ന ഇറ്റാലോ കാല്‍വിനോയുടെ പ്രവചനമാണ് ഈ ഭാഷാ ചിന്തകളുടെ അടിസ്ഥാനം. മലയാളം മരിക്കാതിരിക്കാന്‍, അതിന്റെ സമ്പന്നമായ പൈതൃകത്തെ തോറ്റിയുണര്‍ത്തുകയാണ് ഗ്രന്ധകാരനായ മാങ്ങാട് രത്നാകരന്‍. വാക്കുകളെ കണ്ടെടുത്ത മഹത്തായ, ഏകാന്ത-സാഹസികമായ പ്രവൃത്തനങ്ങളുടെ ഭാഗമായാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ഒരര്‍ഥത്തില്‍ വാക്കുകളുടെ നിലാവിനെ വാക്കുകളിലൂടെത്തന്നെ കാണിച്ചുതരുന്ന മഹത്തായ പ്രവൃത്തി. 

എംഡന്‍ എന്ന നിഘണ്ടുവിലില്ലാത്ത ഒരു വാക്കില്‍നിന്നാണ് ഇന്ന് ചിരപരിചിതമായ യമണ്ടന്‍ അഥവാ എമണ്ടന്‍ എന്ന വാക്ക് ഉദ്ഭവിക്കുന്നത്. ഭയങ്കരന്‍, സൂത്രശാലി, വിരുതന്‍, തുരപ്പന്‍, അപ്രതിരോധ്യന്‍ എന്നെല്ലാമാണ് ആ വാക്കിന് ഇന്നുള്ള അര്‍ഥം. ഓനൊരു എംഡനാണ് എന്നും പറയാം. എംഡന്റെ കഥ ചരിത്രത്തില്‍ കടലുമായി ബന്ധപ്പെട്ട ഏറ്റവും ത്രസിപ്പിക്കുന്ന അനുഭവങ്ങളിലൊന്നാണെന്ന് രത്നാകരന്‍ ചൂണ്ടിക്കാണിക്കുന്നു. 1914 സെപ്റ്റംബര്‍ 10 ന് പുറപ്പെട്ട് നവംബര്‍ 9ന് അവസാനിച്ച രണ്ടുമാസത്തെ യാത്രയില്‍ എംഡന്‍ പടക്കപ്പല്‍ സപ്തസാഗരങ്ങളിലും നാശം വിതച്ചു. ശത്രുരാജ്യങ്ങളുടെ രണ്ടു പടക്കപ്പലുകള്‍ ഉള്‍പ്പെടെ 24 കപ്പലുകള്‍ മുക്കി. പത്തുകോടി ഡോളര്‍ വരുന്ന ചരക്കുകളും മറ്റു വസ്തുവകകളും നശിപ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും എംഡന്‍ തകര്‍ത്താടി. എംഡനെക്കുറിച്ചുള്ള കഥകള്‍ യുദ്ധകഥകളിലെ സരിസ്‍സാഗരമായി. ഇന്നിപ്പോള്‍ എംഡന്‍ എമണ്ടനായും യമണ്ടന്‍ പ്രേമകഥയായും മലയാളത്തില്‍ തകര്‍ത്താടുമ്പോള്‍ ആ വാക്കിന് നിഘണ്ടുവില്‍ സ്ഥാനം വേണ്ടേ? ശബ്ദതാരാവലിയില്‍ സ്ഥാനം വേണ്ടേ ? 

ഇതുപോലെ ഇനിയുമെത്രയോ വാക്കുകള്‍. പ്രചാരത്തിലുള്ളതും ഇല്ലാത്തതും. ചില പ്രദേശങ്ങളില്‍ മാത്രം പ്രചാരത്തിലുള്ളവ. കാലക്രമത്തില്‍ ഇല്ലാതായിപ്പോയവ. വാക്കുകള്‍ കാലപ്രവാഹത്തില്‍ ഇല്ലാതാകുന്നതു തുടര്‍ന്നാല്‍ സംഭവിക്കുന്നത് പദകോശക്ഷയം. ഇറ്റാലോ കാല്‍വിനോ സൂചിപ്പിച്ച ഭാഷയുടെ മരണത്തിലേക്കുള്ള ആദ്യത്തെ സൂചന. അതു സംഭവിക്കാതിക്കാനുള്ള ഓര്‍മപ്പെടുത്തലാണ് വാക്കേ വാക്കേ. നിഘണ്ടുവിന്റെ കൂടുവിട്ടുയര്‍ന്ന മറ്റൊരു വാക്കാണ് ലെങ്കുകയാണ്. വൈക്കം മുഹമ്മദ് ബഷീര്‍ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. 

(ഫരീദുദ്ദീന്‍)അത്താറിന്റെ ഖബറിടത്തില്‍നിന്ന് അലൗലികികമായ ഒരു തേജസ്സ് പൊട്ടിപ്പുറപ്പെട്ടു... അതു നീണ്ട് ആകാശത്തെ തഴുകിക്കൊണ്ട് അങ്ങനെ ലെങ്കുകയാണ്! 

രാവണന്റെ നഗരം ലങ്കയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതാണ് ലെങ്കുകയാണെന്ന പരാമര്‍ശം. ഇലങ്കുക എന്നും പറയാം. പ്രകാശിക്കുകയാണ് എന്നാണ് അര്‍ഥം. രാവണന്റെ നഗരം വിശ്വകര്‍മാവ് സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണ് എന്നാണ് വിശ്വാസം. എങ്ങനെ പ്രകാശിക്കാതിരിക്കും ലങ്ക! എത്ര മനോഹരമാണ് ലെങ്കുക എന്ന വാക്ക്. ബഷീര്‍ ഉപയോഗിച്ച ആ വാക്കിന് ഇന്ന് എന്തു സംഭവിച്ചു. മഹാചരിത്രകാരന്‍മാര്‍ പോലും വിട്ടുകളഞ്ഞ, ശബ്ദതാരാവലിയില്‍ സ്ഥാനം നേടാതിരിക്കാന്‍ എന്തു കുറ്റമാണ് ലെങ്കുക എന്ന വാക്ക് ചെയ്തത്. ഇതുപോലെ ലങ്കുന്ന മറ്റനേകം വാക്കുകള്‍. 

തെയ്യത്തിന്റെ നാട്ടില്‍ തുളുനാടിന്റെ അയല്‍ക്കരനായയാണ് മാങ്ങാട് രത്കാനകരന്‍ ജനിക്കുന്നത്. ചുറ്റിലും ഭാഷ നൃത്തമാടിയ അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന എഴുത്തുകാരന്‍. മലയാളത്തിന്റെ ഭാഷാഭേദങ്ങള്‍ മാത്രമല്ല, തുളുവിന്റെയും കന്നഡയുടെയും ഭാഷാഭേദങ്ങളും അറിഞ്ഞും ആസ്വദിച്ചും നടത്തിയ ജീവിതയാത്ര. സപ്തഭാഷകളുടെ സംഗമഭൂമിയില്‍നിന്ന് വാക്കുകളുടെ വിസ്മയ ലോകത്തെത്തി, മലയാളത്തിന്റെ വിളവെടുക്കുകയാണ് ഈ പുസ്തകത്തിലൂടെ മാങ്ങാട് രത്നാകരന്‍. 2007 ല്‍ എഴുതിയ വാക്കിന്റെ നിലാവ് എന്ന പുസ്തകത്തിന്റെ തുടര്‍ച്ചയാണ് വാക്കേ വാക്കേ. ശബ്ദരത്നാകരം അ നിഘണ്ടുവിന്റെ മുന്നോടിയാണ് ഈ രണ്ടു പുസ്തകങ്ങളും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA