sections
MORE

പകൽ നടക്കാനിറങ്ങുന്ന ഇരുട്ട്

HIGHLIGHTS
  • ബിജോയ് ചന്ദ്രന്റെ പകൽ നടക്കാനിറങ്ങുന്ന ഇരുട്ട് എന്ന പുസ്തകത്തിന്റെ വായനാനുഭവം
pakal-nadakkanirangunna-iruttu-p
SHARE
ബിജോയ് ചന്ദ്രൻ

തോർച്ച, മൂവാറ്റുപുഴ

വില– 80 രൂപ

ഇരുട്ട് വീഴും മുൻപ് വീട്ടിലെത്തണം എന്നു പറയാറുണ്ട്. ബിജോയ് ചന്ദ്രന്റെ പകൽ നടക്കാനിറങ്ങുന്ന ഇരുട്ട് എന്ന ഓർമപ്പുസ്തകം വായിക്കുമ്പോൾ പക്ഷേ നമുക്ക് വീട്ടിലെത്തിയതുപോലെ തോന്നും. ദൗർഭാഗ്യവശാൽ, ഓർമപ്പുസ്തകങ്ങളെക്കാളധികം നമുക്കുള്ളത് മറവിപ്പുസ്തകങ്ങളാണ്. പല കാരണങ്ങളാൽ വായിക്കാൻ മറന്നുപോയ പുസ്തകങ്ങൾ. വായിച്ചിട്ടും ഒന്നും ഓർമയിൽ നിൽക്കാത്ത പുസ്തകങ്ങൾ, വായിക്കാൻ ചങ്ങാതിക്ക് കൊടുത്തിട്ട് തിരിച്ചുവാങ്ങാൻ മറന്നുപോയ പുസ്തകങ്ങൾ... അങ്ങനെയങ്ങനെ. അപ്പോൾ നാളെ മറന്നുപോകുന്നതിനു മുൻപ് ഓർമകളെ തോളോടുതോൾ, താളോടുതാൾ ചേർക്കുക. അതാണ്  കവി കൂടിയായ ബിജോയ് ചന്ദ്രൻ ചെയ്തിരിക്കുന്നത്.

കവിതയിലെ തന്റെ സഹയാത്രികരെപ്പറ്റി, ബിജോയിയുടെ നാടായ മൂവാറ്റുപുഴയിലെ സവിശേഷ വ്യക്തിത്വങ്ങളെപ്പറ്റി ചില കുറിപ്പുകൾ ഈ പുസ്തകത്തിലുണ്ട്. പക്ഷേ അവയെക്കാളുമധികം വായനക്കാരുടെ കണ്ണു ചെന്നെത്തുക പുഴയെക്കുറിച്ച് പുഴയിൽ പെയ്യുന്ന മഴയെക്കുറിച്ച് ബിജോയ്ചന്ദ്രന് എന്താണ് എഴുതാനുള്ളത് എന്നതിലാണ്. പുഴയെക്കുറിച്ചുള്ള പല കുറിപ്പുകൾ വായിക്കുമ്പോൾ മൂവാറ്റുപുഴയാറിന്റെ തീരത്തിരുന്ന് ചൂണ്ടയിടുന്ന ബിജോയ് ചന്ദ്രനിലേക്ക് നമ്മളുടെ കണ്ണുചെല്ലുന്നു. ബിജോയ് ഒരു നല്ല ചൂണ്ടക്കാരനാണെന്ന് നമ്മളും വായനയ്ക്കിടയിൽ അറിഞ്ഞു തുടങ്ങുന്നു. ഒരു ദിവസം ഇതിലൂടെ പോയി ഞാനും മറയുമെന്ന് പുഴയെ ചൂണ്ടി ബിജോയ് എഴുതുമ്പോൾ സങ്കടങ്ങളിറക്കിവയ്ക്കാൻ പുഴ ഒരാശ്രയമാവുകയാണ്. 

ആർക്കും വഴിതെറ്റാൻ മാത്രം വലിപ്പമുള്ള ഒരു കാടും കേരളത്തിലില്ല എന്ന് ജയമോഹൻ എഴുതിയിട്ടുണ്ട്. കുട ചൂടാൻ മാത്രം വലിയ ഒരു മഴയും കേരളത്തിലില്ലെന്ന് നമ്മളും കരുതിയിട്ടുണ്ട്. ആ കരുതൽ അടുത്തിടെയായി മഴ തെറ്റിച്ചിട്ടുമുണ്ട്. ബിജോയ് നനഞ്ഞ മഴകളിലൂടെയുള്ള ഇതിലെ കുറിപ്പുകൾ നമ്മെ ഉടലാകെ നനയ്ക്കും. ആർത്തലച്ചുപെയ്യുന്ന മഴകൾ ഈ കവിയുടെ നെഞ്ചിലാകെ കനത്തുവിങ്ങുന്നുണ്ട്.

ഏറ്റവും വലിയ ധ്യാനം കൃഷിയാണെന്ന് കെ.വി. ദയാൽ എഴുതിയിട്ടുണ്ട്. ബിജോയ് നമ്മോട് പറയുന്നു ഏറ്റവും വലിയ ധ്യാനം ചൂണ്ടയിടീലാണെന്ന്. പുഴയുടെ പുതപ്പ് ആകാശമാണെന്ന് ബിജോയ് എഴുതുമ്പോൾ ഭാഷ ഒരു പുഴപോലെ ഒഴുകുന്നു. പുഴ ആയിരുന്നു പലതിനും ഉത്തരം, ലോകത്താൽ ഉപേക്ഷിക്കപ്പെടുക എന്ന യാതനയ്ക്കുള്ള ഉത്തരവും പുഴയാണെന്ന് ബിജോയ്  എഴുതി. പുഴയെ സ്നേഹിക്കുന്നത് അതിന്റെ ആഴമറിഞ്ഞു തന്നെയാണ്. കവി പുഴയെ വളരെയധികം ആഴത്തിൽ സ്നേഹിക്കുന്നവനാണ് എന്നതും സത്യമാവുന്നു. എഴുത്തുകാരൻ ഒരു ചൂണ്ടക്കാരനാണ്, ഹെമിങ്‌വേ നല്ലൊരു നായാട്ടുകാരൻ കൂടിയായിരുന്നു എന്നതു പോലെ. നല്ല ബിംബങ്ങൾ വന്ന് കവിയുടെ ചൂണ്ടയിൽ കൊത്തുന്നു. വലിയ പുഴയൊഴുക്കുകൾ തേടുന്ന കവിയല്ല എസ്. ജോസഫ് എന്ന് ബിജോയ് എഴുതുമ്പോൾ കവി പുഴയ്ക്കു വെളിയിലും ഒഴുക്കുതേടുന്നത് നാമറിയുന്നു. 

പുഴ കാണുമ്പോൾ നമ്മൾ അറിയാതെ മഴയെ ഓർത്തുപോവും. ബിജോയ് തൊപ്പി വച്ച് നടക്കുമ്പോൾ നമ്മളും അറിയാതെ മഴയെയോ വെയിലിനെയോ ഓർക്കും. എപ്പോൾ വേണമെങ്കിലും ഒരു മഴ വരാം എന്നതിന്റെ സൂചനയാണ് തൊപ്പി. പുഴയിലെ വെയിലിനു ചൂടു കുറവായിരിക്കും. അതുപോലെ സുഖകരമായ ഒരു മഴയും വെയിലും ഒന്നിച്ചുകൊള്ളണമെന്നുള്ളവർക്ക് ഈ പുസ്തകം അനുഭവിക്കാം. അകലെ പുഴയുടെ ഏകാന്തതയെ മഴ ചെന്നു കെട്ടിപ്പിടിക്കുന്നു എന്ന് ഒരിടത്ത് ബിജോയ് എഴുതിയിട്ടുണ്ട്. കവി ഗദ്യമെഴുതുന്നതിന്റെ ഗുണമാണിത്. പുതുമഴ തകർത്തുപെയ്യുന്ന ആദ്യദിവസങ്ങളില്‍ പുഴയിൽ നിന്നും തോട്ടിൽ നിന്നും മീനുകൾ വലിയ കൂട്ടങ്ങളായി കൈത്തോടുകളിലേക്കും പറമ്പുകളിലേക്കും പാടങ്ങളിലേക്കും കയറി വരും. ഊത്ത കയറുക എന്നാണ് ഇതിനു പറയുക. അപ്പോൾ ഊത്ത കയറുക എന്നത് എന്താണെന്ന് നമ്മളറിഞ്ഞു. അതുപോലെ നാട്ടിൻപുറത്തെ തോടുകളിലെ മീനുകൾ ഏതെല്ലാമായിരുന്നു എന്നറിയാനും ഈ പുസ്തകം ഉപകരിക്കും. മൂഴി, തളരി, കാരി തുടങ്ങിയ മീനുകൾ കൂർത്ത കൊമ്പുള്ളവയാണ്. വരാൽ, മൂഴി, കറുപ്പ്, കുറുവ, കരിമീൻ, ചേറുവരാൽ, വഴുത, കൂരൽ ഇങ്ങനെ നമുക്കിന്ന് കാണാൻ കിട്ടാത്ത മീനുകളുടെ പെരുമഴ തന്നെ ബിജോയ് ഉള്ളിൽ സൂക്ഷിക്കുന്നു. മീനുകളെപ്പോലെ പല തരം ചൂണ്ടകളെക്കുറിച്ചും മീൻപിടിക്കാനുള്ള പലതരം കൂടുകളെക്കുറിച്ചും  ഇതിലുണ്ട്. തൊടിയിൽ മഴ പെയ്യുന്നതു പോലെ എന്നു പറഞ്ഞാൽപ്പോരാ, പുഴയിൽ മഴ പെയ്യുന്നത് നോക്കിയിരിക്കുന്നതു പോലെ ഒരനുഭവമാണ് ഈ പുസ്തകത്തിന്റെ വായന എന്നു  പറയേണ്ടിയിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA