sections
MORE

മോബിഡിക്ക്, കടല്‍പ്പരപ്പിലെ ദുരന്തഗീതം

Moby-Dick-845
SHARE

ഓളപ്പരപ്പിലെ ദുരന്തഗീതമാണ് മോബിഡിക്ക്. ആക്രമണകാരിയായ വെള്ളത്തിമിംഗലത്തെ തേടിപ്പോകുന്ന പ്രതിനായക സ്വഭാവമുള്ള നായകന്‍ ഒരു ഷേക്‌സ്പീരിയന്‍ ദുരന്തനായകനെ പോലെ കടലാഴങ്ങളെ ശവപേടകമാക്കി ആഴ്ന്നുപോകുന്ന കഥയാണത്. ഏതോ വിധിവൈപരീത്യം പോലെ മോബിഡിക്കിന്റെ കഥാകാരനെയും കാത്തിരുന്നത് സമാനമായ വിധിയായിരുന്നു. അമേരിക്കന്‍ സാഹിത്യ ലോകത്തിലെ കുലപതികളിലൊരാളായി ഇന്ന് ലോകം വാഴ്ത്തുന്ന ഹെര്‍മാന്‍ മെല്‍വില്ലിന്റെ ജീവിതത്തിനും ഒരു ഷേക്‌സ്പീരിയന്‍ ട്രാജഡിയുടെ പരിവേഷമുണ്ട്. മോബി ഡിക്ക് മെല്‍വില്ലിന്റെ ജീവിതകാലത്തും അതിനു ശേഷം മുപ്പതു വര്‍ഷവും മറവിയുടെ ചാരം മൂടിക്കിടന്നു. സ്വപ്‌നം കൊണ്ടു തുന്നിയെടുത്ത മാസ്റ്റര്‍പീസ് വിമര്‍ശന ശരമേറ്റ് കാലത്തിന്റെ കടലാഴങ്ങളിലേക്ക് ആണ്ടിറങ്ങി പോകുന്നത് കണ്ട് മനം നീറി ഹെര്‍മാന്‍ മെല്‍വില്ലിന്റെ ജീവിതം ഒടുങ്ങി. ആവേശകരവും വിഷാദപൂര്‍ണവുമായ ആ ജീവിതത്തിലേക്കുള്ള ഒരു ഹ്രസ്വ സഞ്ചാരം.

1819 ഓഗസ്റ്റ് 1 നായിരുന്നു ഹെര്‍മാന്‍ മെല്‍വില്ലിന്റെ ജനനം. ബിസിനസുകാരനായിരുന്നു മെല്‍വില്ലിന്റെ പിതാവ് അലന്‍ മെല്‍വില്‍. ഹെര്‍മാന്റെ ബാല്യകാലത്ത് അദ്ദേഹത്തിന്റെ ബിസിനസ് പൊളിഞ്ഞു കുടുംബം പാപ്പരായി. ഏറെ താമസിയാതെ അലന്‍ മരിക്കുകയും കുടുംബം അനാഥമാകുകയും ചെയ്തു. പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച ഹെര്‍മാനും സഹോദരങ്ങളും ഇളംപ്രായത്തില്‍ തൊഴില്‍ ചെയ്യേണ്ടതായി വന്നു. അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയ കാലഘട്ടമായിരുന്നു അത്. ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ വേണ്ടി ബാങ്ക് ക്ലര്‍ക്കിന്റെയും ടീച്ചറുടെയും ലാന്‍ഡ് സര്‍വേയറുടെയും കപ്പല്‍ തൊഴിലാളിയുടെയുമെല്ലാം വേഷം ഹെര്‍മാന്‍ കെട്ടിയാടി.


ജീവിതത്തിലെ കടലിരമ്പം

മെല്‍വില്ലിന്റെ ജീവിതത്തെയും എഴുത്തിനെയും നിര്‍ണയിച്ചത് അദ്ദേഹം നടത്തിയ കടല്‍യാത്രകളാണ്. 20 ാം വയസ്സിലാണ് ആദ്യ കടല്‍യാത്ര. 1839 ല്‍ അറ്റ്‌ലാന്റിക് കടല്‍ കടന്ന് ലിവര്‍പൂളിലേക്കു പോയ സെന്റ് ലോറന്‍സ് എന്ന വാണിജ്യക്കപ്പലില്‍ ഹെര്‍മാന്‍ കാബിന്‍ ബോയ് ആയി യാത്ര ചെയ്തു. 1841 ല്‍ അദ്ദേഹം തന്റെ ജീവിതത്തിലെ ആദ്യത്തെ തിമിംഗലക്കപ്പല്‍യാത്ര ആരംഭിച്ചു. അക്യൂഷ്‌നെറ്റ് എന്നു പേരായ തിമിംഗല വേട്ടക്കപ്പലില്‍ തൊഴിലാളിയായി ചേര്‍ന്നു. ഈ യാത്രയാണ് പില്‍ക്കാലത്ത് മോബി ഡിക്ക് ഉള്‍പ്പടെയുള്ള നോവലുകള്‍ക്ക് അനുഭവവും ഇന്ധനവും പകര്‍ന്നത്.

ഒന്നര വര്‍ഷത്തെ യാത്രയ്ക്കു ശേഷം, അക്യൂഷ്‌നെറ്റിന്റെ കപ്പിത്താനുമായി പിണങ്ങി ഹെര്‍മാനും സുഹൃത്ത് റിച്ചാര്‍ഡ് തോബിയാസ് ഗ്രീനിയും കപ്പല്‍ ചാടി. അവര്‍ എത്തിപ്പെട്ടതാകട്ടെ, നരഭോജികളുടെ ദ്വീപ് എന്നറിയപ്പെട്ടിരുന്ന മാര്‍ക്വീസാസ് ദ്വീപിലും! എന്നാല്‍ കേട്ടുകേള്‍വികള്‍ക്ക് വിപരീതമായി ദ്വീപുവാസികള്‍ ശാന്തരും സംസ്‌കാര സമ്പന്നരുമായിരുന്നു എന്ന് മെല്‍വില്‍ നല്‍കുന്ന സാക്ഷ്യം. (ദ്വീപില്‍നിന്ന് രക്ഷപ്പെട്ട് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം 1846 ല്‍ ദ്വീപനുഭവങ്ങളെ ആധാരമാക്കി മെല്‍വില്‍ തന്റെ പ്രഥമ നോവല്‍ രചിച്ചു. ടൈപ്പീ എന്നായിരുന്നു ആ നോവലിന്റെ പേര്. ദ്വീപു വംശജരുടെ പേരായിരുന്നു ടൈപ്പീ. സാഹസികവും ഉദ്വേഗജനകവുമായ ആ നോവലിനെ വായനക്കാര്‍ ഏറ്റെടുത്തു. രണ്ടു മാസങ്ങള്‍ക്കുള്ളില്‍ നോവലിന്റെ 6000 കോപ്പികള്‍ വിറ്റു പോയി.)

മാര്‍ക്വീസാസ് ദ്വീപില്‍നിന്ന് മെല്‍വില്ലിനെയും സുഹൃത്തിനെയും വീണ്ടെടുത്തത് ലൂസി ആന്‍ എന്ന ഓസ്‌ട്രേലിയന്‍ തിമിംഗലവേട്ടക്കപ്പലാണ്. ആ കപ്പലിലേറി മെല്‍വില്‍ താഹിതിയിലേക്ക് യാത്ര ചെയ്തു. ആ യാത്രാമധ്യേ ഉണ്ടായ ഒരു ലഹളയില്‍ പങ്കുചേര്‍ന്നതിന് അദ്ദേഹം ഹ്രസ്വകാലത്തേക്ക് ജയിലിലുമായി. ജയിലില്‍നിന്നു രക്ഷപ്പെട്ട മെല്‍വില്‍ എയ്മിയോ ദ്വീപിലെ ഒരു ഉരുളക്കിഴങ്ങ് പാടത്ത് ഏതാനും നാളുകള്‍ ജോലി ചെയ്തു.

എയ്മിയോയിലെ മടുപ്പിക്കുന്ന ജീവിതത്തില്‍നിന്നു രക്ഷപ്പെടാന്‍ മെല്‍വില്‍ ചാള്‍സ് ആന്‍ഡ് ഹെന്റി എന്ന മറ്റൊരു തിമിംഗല കപ്പലില്‍ ചാട്ടുളിക്കാരനായി ജോലിക്കു കയറി. 1843 ഏപ്രിലില്‍ ഈ കപ്പല്‍ മാവി ദ്വീപിലെത്തിയപ്പോള്‍ മെല്‍വില്‍ ഹോണോലുലുവില്‍ ക്ലര്‍ക്കായും പുസ്തക സൂക്ഷിപ്പുകാരനായും ജോലി നോക്കി. യുഎസ് നേവിയിലും അദ്ദേഹം കുറച്ചു നാള്‍ സേവനം ചെയ്തു.

സമ്പന്നമായ കടലനുഭവങ്ങളുമായി നാട്ടില്‍ തിരികെയെത്തിയ മെല്‍വില്‍ 1846 ല്‍ ടൈപ്പീയും 1847 ല്‍ ഓമൂ എന്ന നോവലും രചിച്ചു. അതിവേഗം പ്രശസ്തിയിലേക്കുയര്‍ന്ന ഹെര്‍മാന്‍ മാസച്യുസിറ്റ്‌സ് ചീഫ് ജസ്റ്റിസിന്റെ പുത്രി എലിസബത്ത് ഷോയെ വിവാഹം ചെയ്തു ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റി. തുടര്‍ന്ന് മാര്‍ഡി, റെഡ്‌ബേണ്‍, വൈറ്റ് ജാക്കറ്റ് എന്നീ നോവലുകളും മെല്‍വില്‍ രചിച്ചു.


മോബി ഡിക്കിന്റെ പിറവി

പതിനെട്ടു വയസ്സുള്ളപ്പോള്‍ വായിച്ച ഒരു ലേഖനത്തില്‍ നിന്നാണ് മോബി ഡിക്കിന്റെ കഥാബീജം മെല്‍വില്ലിന് ലഭിച്ചത്. 1839 ല്‍ ജെറെമിയ എന്‍ റെനോള്‍ഡ്‌സ് എന്നൊരാള്‍ എഴുതിയ ലേഖനത്തിന്റെ വിഷയം 1820 നവംബറില്‍ പസഫിക്ക് സമുദ്രത്തില്‍ വച്ച് എസെക്‌സ് എന്നൊരു തിമിംഗലക്കപ്പല്‍ തകര്‍ത്ത ആക്രമണകാരിയായ വെള്ളത്തിമിംഗലമായിരുന്നു. ആ ലേഖനത്തിന്റെ ഓര്‍മ തുടര്‍ന്നുള്ള കടല്‍യാത്രകളില്‍ മെല്‍വില്ലിന്റെ മനസ്സില്‍ കനല്‍ പോലെ നീറിക്കിടന്നു. തിമിംഗലക്കപ്പലിലെ കടലനുഭവങ്ങള്‍ അയാളുടെ സര്‍ഗാത്മകതയ്ക്ക് ചിറകു പകര്‍ന്നു. 

1950 ല്‍ മെല്‍വില്‍ മോബി ഡിക്ക് എഴുതാന്‍ ആരംഭിച്ചു. മാസച്യുസിറ്റ്‌സിലെ ആരോഹെഡ് എന്നു പേരുള്ള മനോഹരമായ ഇരുനില ഭവനത്തിലിരുന്നാണ് മെല്‍വില്‍ മോബി ഡിക്കിന്റെ രചന നിര്‍വഹിച്ചത്. എഴുത്തു മേശയിലിരുന്നാല്‍ തുറന്നിട്ട ജാലകത്തിലൂടെ മാസച്യുസിറ്റ്‌സിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ മൗണ്ട് ഗ്രേലോക്കിന്റെ കൊടുമുടി കാണാമായിരുന്നു. ആ കൊടുമുടിയെ അദ്ദേഹം വിഭാവനം ചെയ്തത് കടലാഴങ്ങളില്‍ നിന്ന് കുതിച്ചു പൊന്തിവരുന്ന വെള്ളത്തിമിംഗലത്തിന്റെ ശിരസ്സായിട്ടാണ്! 1851 ല്‍ മെല്‍വില്‍ മോബി ഡിക്കിന്റെ രചന പൂര്‍ത്തിയാക്കി.

മോബി ഡിക്ക് എന്ന, സ്‌പേം വെയില്‍ ഗണത്തില്‍ പെട്ട തിമിംഗലത്തോട് പെക്വോഡ് എന്ന തിമിംഗലവേട്ടക്കപ്പലിലേറി പോരിന് പോകുന്ന പ്രതികാരദാഹിയായ ആഹാബ് എന്ന കപ്പിത്താന്റെ കഥയാണ് മോബി ഡിക്ക്. തന്റെ കാല്‍ കടിച്ചു മുറിച്ചെടുത്ത ഭീമാകാരനായ കടല്‍ജീവിയോടുള്ള പ്രതികാരമാണ് അയാളെ നയിക്കുന്ന ഒരേയൊരു ജീവിത ലക്ഷ്യം. 

കഥ പറയുന്ന ഇഷ്മായീല്‍ ഹെര്‍മാന്‍ മെല്‍വില്‍ തന്നെയാണ്. അതുവരെ മനുഷ്യന് അജ്ഞാതമായ ഒരു ഭൂമികയാണ് മെല്‍വില്‍ സാഹിത്യലോകത്തിനു മുമ്പില്‍ തുറന്നു വച്ചത്. ഷേക്‌സ്പിയറെ ഓര്‍മിപ്പിക്കുന്ന ഗംഭീരമായ വാങ്മയചാരുത കൊണ്ടും കാവ്യലാവണ്യം കൊണ്ടും താത്വികമായ ആഴം കൊണ്ടും ആന്തരാർഥങ്ങളും സൂചനകളും കൊണ്ടും മോബി ഡിക്ക് സമാനതകളില്ലാത്ത ഒരു ബൃഹദ് സൃഷ്ടിയായി. കേവലം ഒരു കടല്‍ക്കഥ എന്നതിലുപരി ദുര്‍ജയമായ വിധിയോടും അജയ്യമായ പ്രകൃതിയോടുമുള്ള മനുഷ്യന്റെ പോരാട്ടമായും സാഹിത്യപണ്ഡിതന്മാര്‍ ഈ കൃതിയെ ഇന്ന് വ്യാഖ്യാനിക്കുന്നു.

വിമര്‍ശന മുനയേറ്റ് സാഹിത്യത്തിലെ മറ്റൊരു കപ്പല്‍ച്ചേതം

മോബി ഡിക്കിനെ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും കാലം ഒരുങ്ങിയിട്ടുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അമേരിക്കന്‍ സാഹിത്യവിമര്‍ശകര്‍ മോബി ഡിക്കിനെ നിര്‍ദയം കീറിമുറിച്ചു. ഭ്രാന്തമായ രചന എന്നും കലാപരമായ ദുരന്തം എന്നും വികലമായ പാത്രസൃഷ്ടി എന്നും അവര്‍ മോബിഡിക്കിനെ നോക്കി ആക്രോശിച്ചു. ഭീമാകാരമായ ഒരു തിമിംഗലക്കപ്പല്‍ പസഫിക്കില്‍ മുങ്ങിത്താഴും പോലെ മെല്‍വില്ലിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന മോബി ഡിക്ക് തകര്‍ന്നടിഞ്ഞു. സമകാലികരായ സാഹിത്യനിപുണന്മാര്‍ മോബി ഡിക്കിനെ ഒരു കൊളോസല്‍ പരാജയമായി മുദ്ര കുത്തി. മെല്‍വില്ലിന്റെ ആയുഷ്‌കാലത്ത് ഈ അനശ്വര ക്ലാസിക്കിന്റെ വെറും 3000 കോപ്പികള്‍ മാത്രമാണ് വിറ്റു പോയതെന്ന് പറയുമ്പോള്‍ ചിത്രം പൂര്‍ണമാകും!

മോബി ഡിക്കിന്റെ പരാജയം മെല്‍വില്ലിനെ മാനസികമായും ശാരീരികമായും തകര്‍ത്തു. അക്കാലത്ത് മെല്‍വില്‍ സാമ്പത്തികമായ തകര്‍ച്ചയെയും നേരിട്ടു. 1852 ല്‍ പിയെറി എന്നൊരു മനഃശാസ്ത്രപരമായ നോവല്‍ രചിച്ചുവെങ്കിലും അത് സാഹിത്യപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. തുടര്‍ന്ന് സമാശ്വാസത്തിനായി മെല്‍വില്‍ കവിതയിലേക്ക് തിരിഞ്ഞു. 1856 ല്‍ മറ്റൊരു അമേരിക്കന്‍ നോവലിസ്റ്റായ നഥാനിയേല്‍ ഹതോണിനെ സന്ദര്‍ശിക്കാനായി യൂറോപ്പിലേക്ക് നടത്തിയ ഒരു യാത്ര അദ്ദേഹത്തിന്റെ വിഷാദത്തെ അല്‍പം ലഘൂകരിക്കാന്‍ ഉപകരിച്ചു. 1857 മുതല്‍ 1860 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തി. മധ്യേഷ്യന്‍ സന്ദര്‍ശനത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച ക്ലാരല്‍, എ പോയം ആന്‍ഡ് പില്‍ഗ്രിമേജ് ഇന്‍ ഹോളി ലാന്‍ഡ് ഏറ്റവും ദൈര്‍ഘ്യമുള്ള അമേരിക്കന്‍ കാവ്യമായി അറിയപ്പെടുന്നു.


മരണവും ഉയിര്‍പ്പും

ഒരു കടല്‍യാത്രികന്റെ ദുരന്തകഥ പ്രമേയമാക്കി ഒരു ചെറുകഥ എഴുതാന്‍ ആരംഭിച്ച് ഹെര്‍മാന്‍ മെല്‍വില്‍ എന്ന മഹാനായ അമേരിക്കന്‍ നോവലിസ്റ്റ് അത് മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ 1891 സെപ്റ്റംബര്‍ 28 ന് മരണമടഞ്ഞു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഈ കഥ പിന്നീട് കണ്ടെടുക്കപ്പെടുകയും ബില്ലി ബഡ് എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.

ഹെര്‍മാന്‍ മെല്‍വില്ലിന്റെ മരണശേഷം മൂന്ന് പതിറ്റാണ്ട് മോബി ഡിക്ക് കാലത്തിന്റെ ചാരം മൂടി കിടന്നു. എന്നാല്‍ കാലത്തിന്റെ അനിവാര്യത പോലെ മഹത്തും ബൃഹത്തുമായ ആ ക്ലാസിക്ക് ഉയിര്‍ത്തെഴുന്നേറ്റു. അതിന് ലോകം കടപ്പെട്ടിരിക്കുന്നത് റെയ്മണ്ട് വീവര്‍ എന്ന കൊളംബിയ യൂണിവേഴ്‌സിറ്റി പ്രഫസറോടാണ്. മെല്‍വില്ലിന്റെ പേരക്കുട്ടി എലിയാനോര്‍ മെല്‍വില്‍ മെറ്റ്കാഫുമായി ചേര്‍ന്ന് വീവര്‍ ഹെര്‍മാന്‍ മെല്‍വില്ലിന്റെ ജീവിതം എഴുതി. അതിനു വേണ്ടിയുള്ള ഗവേഷണത്തിനിടയില്‍ ഇതിഹാസ സമാനനായ ഒരു മഹാപ്രതിഭയുടെ വാങ്മയ വിസ്മയം ഒരു വെളിപാട് പോലെ വിടര്‍ന്നു വന്നു. മോബി ഡിക്കിന്റെ വന്യവും അഭൗമവുമായ സൗന്ദര്യം ലോകം തിരിച്ചറിഞ്ഞു. ലോക സാഹിത്യത്തിലെ എക്കാലത്തെയും മികച്ച പത്തു നോവലുകളിലൊന്നായി മോബി ഡിക്ക് വാഴ്ത്തപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA