sections
MORE

ശീർഷകം തേടുന്ന പ്രണയത്തിന്റെ ഏകാന്തസഞ്ചാരങ്ങൾ; ജീവിതത്തിന്റെയും

Sheershakam-Thedunna-Kavithakal-New
SHARE

വിജനമായൊരു കടൽത്തീരത്ത്, ഓർമയുടെ ഉപ്പുപരലുകളിൽ പുതഞ്ഞു നീറിക്കിടന്നാണ് ലിജാ അരവിന്ദിന്റെ കവിത അതിന്റെ വായനക്കാരനോടു പതിഞ്ഞ ഒച്ചയിൽ സംസാരിക്കുന്നത്. ഉപ്പുപരലുകളുടെ മുന കോറിയ അതിന്റെ മുറിപ്പാടുകളിൽനിന്ന് ചോരനൂലു പോലെ പ്രണയവും ഏകാന്തവിചാരങ്ങളും കിനിയുന്നുണ്ട്. ക്ഷീണിതയായൊരു പക്ഷി അതിന്റെ തളർന്ന ചിറകുകളാൽ ആകാശത്തേക്കു കുതറിയുയരാൻ ശ്രമിക്കുന്നതുപോലെ, പ്രതീക്ഷയുടെ പിടച്ചിലുകളും ഇടയ്ക്കിടെ ആ കവിതകളിൽ തെളിയുന്നു.

ശീർഷകം തേടുന്ന കവിതകൾ എന്നു പേരിട്ട പുസ്തകത്തിലെ കവിതകൾക്കൊന്നും തലക്കെട്ടുകളില്ല. തലപ്പ് അറ്റുപോയിട്ടും സൂര്യപ്രകാശത്തിന് ഇലകൾ വിടർത്തി നിൽക്കുന്നൊരു ചെറുസസ്യത്തെ അവ ഓർമിപ്പിക്കുന്നുണ്ട്. മുനിഞ്ഞു കത്തുന്ന പ്രണയമോ അതിൽനിന്നു കൊളുത്തിയെടുക്കുന്ന വേദനയോ ആണ് ഈ പുസ്തകത്തിലെ മിക്ക കവിതകളുടെയും ആധാരശ്രുതി. അതിന്റെ ആഹ്ലാദവും ആനന്ദവും വിഷാദവും വേദനകളുമെല്ലാം പല തരത്തിൽ ഈ കവിതകളിൽ വരഞ്ഞിട്ടിട്ടുണ്ട്.

നീ ആകാശമായ്
നിന്നതിനാലാവാം
ഞാനിത്രമേലുയരത്തിൽ
പറന്നത്

എന്ന് ആ പ്രണയത്തെ ചിറകാക്കുന്നുണ്ട് ഒരു കവിതയിൽ. ഒരു ഹൈക്കുവിനെ ഓർമിപ്പിക്കുന്ന ഒതുക്കവും മുഴക്കവുമുണ്ട് ഈ കവിതയ്ക്ക്.

തരിശുഭൂമിയാണിന്നീ വഴികളെങ്കിലും
തണൽവിരിക്ക നാം
നിഴലുകൾ കൊണ്ടിന്ന്...

എന്ന് അതിൻമേൽ താങ്ങിനിൽക്കുന്നുമുണ്ട്.

വെറുക്കപ്പെടാൻ നീ
അടുത്തെവിടെയോ
ഉള്ളതുകൊണ്ടുതന്നെ
ഞാൻ ജീവിക്കുന്നു

എന്ന് അതിന്റെ നിഷേധത്തെ മുറിവുകൾകൊണ്ടു സ്വീകരിക്കുന്നു.

ഈ കവിതകളിലെ പ്രണയം പലനേരവും തന്റെ ചുറ്റുമുള്ള സകലതിനോടും ജീവിതത്തോടുമായി മാറുന്നു. അതേസമയം തന്നെ അത് നിഷേധത്തിന്റെ വാക്കുകൾകൊണ്ട് അതേ ജീവിതത്തോടു ചീറുന്നുമുണ്ട്.

എനിക്കു ചവിട്ടിനടക്കുവാൻ
ആരുടേയും കാലടിപ്പാട്
ഉണ്ടായിരുന്നില്ല

എന്നു തുടങ്ങുന്ന കവിതയിൽ ആ നിഷേധം കാണാം.

ആമയെപ്പോലെ
തക്കം പാർത്തിരിക്കുന്ന കാട്ടു
ചെന്നായ്ക്കളുടെ കണ്ണുകളാണ്
എനിക്കിഷ്ടം

എന്നിങ്ങനെ ആ കവിത തുടരുന്നു.

എത്രയോ ഏകാകിയായ ഒരുവളെ ഈ കവിതകൾ വായിച്ചുപോകെ നാം നിരന്തരം കണ്ടുമുട്ടുന്നു.

... നീ പറഞ്ഞ കഥകളിലെ
രാജകുമാരിയുമല്ല ഞാൻ
എപ്പോഴും ഒറ്റപ്പെട്ട തുരുത്ത്
മാത്രമാണ്.
എപ്പോൾ വേണമെങ്കിലും
മുങ്ങിപ്പോകാവുന്ന ഒരു
തുരുത്ത്

എന്നിങ്ങനെ ആ ഏകാന്തത അതിന്റെയെല്ലാ നിസ്സഹായതയോടെയും കവിതയിൽ പ്രത്യക്ഷമാകുന്നു. എറ്റവും പരിചിതരായ ആളുകൾപോലും തീർത്തും അപരിചിതരായിപ്പോകുന്ന ചില സമയങ്ങളുടെ വേദനകൾ ലിജയുടെ എഴുത്തിൽ തെളിയുന്നുണ്ട്. പ്രണയത്തിൽമാത്രമല്ല ആ ഒറ്റപ്പെടൽ. ക്ലാസ് മുറിയിലോ വീട്ടിലോ കൂട്ടുകാർക്കിടയിലോ ദാമ്പത്യത്തിലോ ഒക്കെ ചിലസമയങ്ങളിൽ അത്തരം ഒറ്റയാകലുകളുണ്ടാകാം. നമ്മുടെ പെരുമാറ്റത്തെയോ സംസാരത്തെയോ സ്വപ്നങ്ങളെയോ കൃത്യമായി വായിച്ചെടുക്കാൻ അപ്പുറത്തുനിൽക്കുന്ന ആളിന് / ആളുകൾക്ക് കഴിയാതെ പോകുമ്പോഴാണ് അത്. അത്തരം സമയങ്ങളെ പലരും പലതരത്തിലാവും നേരിടുക. ലിജയിൽ ആ പ്രതിരോധം കവിതയാകുന്നു.

ഉത്തരം കിട്ടാത്ത സമസ്യ, പിടിതരാത്ത കടംകഥ എന്നിങ്ങനെ പെണ്ണിനു പല നിർവചനങ്ങൾ പറഞ്ഞിട്ടുണ്ട് ആൺകോയ്മയുള്ള സമൂഹങ്ങൾ; പല കാലത്തും പല ദേശത്തുമായി. തങ്ങളുടെ വഴിച്ചൂണ്ടികളെ തള്ളിമാറ്റി സ്വന്തം വഴിയേ പോകുന്ന പെണ്ണുങ്ങളെ നോക്കിയാവാം ആ സമൂഹങ്ങൾ അത്തരം മനസ്സിലാകായ്മകളുടെ പഴഞ്ചൊല്ലുകൾ പറഞ്ഞത്. ഇടയ്ക്കിടെയെങ്കിലും തന്നിലേക്കൊന്നു നോക്കുന്ന ഏതു പെണ്ണും അത്തരം നിഷേധനടത്തങ്ങളുടെ സ്വാതന്ത്ര്യം എപ്പോഴെങ്കിലുമൊക്കെ ആഗ്രഹിക്കുന്നുണ്ടാവും. അങ്ങനെയൊരു പെണ്ണ് ലിജയുടെ കവിതകളിൽ ഇടയ്ക്കിടെ അവളുടെ മുഖം കാട്ടുന്നുണ്ട്.

ഭൂമിയുടെ മാറിൽ ഞണ്ടുകളാൽ
തുരക്കപ്പെടുന്ന
ചെറിയ ചെറിയ മാളങ്ങളാണ്‌
ഓരോ പെൺമനസ്സും

എന്നു നീറിപ്പറയുന്നത് ആ പെണ്ണാണ്.

നീ അവിടെയുണ്ടെന്നും
ഞാനിവിടെയുണ്ടെന്നും
അറിയിക്കാൻ ഇടയ്ക്കിടയ്ക്ക്
നമുക്ക് പച്ചകൾ
തെളിച്ചിടാം.
ഒടുവിൽ പച്ചപ്പുകളില്ലാത്ത
ഉഷ്ണരാശിയായി മാറാം

എന്ന കവിത വിർച്വൽ ലോകത്തേക്കു ജീവിതത്തെ പറിച്ചുനടുന്ന കാലത്തിന്റെ ഇമേജാണ്. സമൂഹമാധ്യമങ്ങളും സൈബർ ചന്തകളും വെർച്വൽ വിനോദങ്ങളുമൊക്കെയുള്ള ആ അയഥാർഥ ലോകത്ത് ഉണർന്നിക്കുന്ന മനുഷ്യൻ, ചുറ്റും പച്ചപ്പു വറ്റി ഇഴഞ്ഞുപടരുന്ന ഉഷ്ണരാശിയെ അറിയാതെ പോകുകയാണ്.

ശീർഷകമില്ലാത്ത കവിതകളുടെ ഈ പുസ്തകം ലിജ അരവിന്ദ് എന്ന എഴുത്തുകാരിയുടെ ഏകാന്തഭാഷണങ്ങളായിത്തന്നെ വായിക്കാം. ഈ കവിതകളിലൂടെ അവർ തനിക്ക് അകത്തും പുറത്തുമുള്ള ലോകങ്ങളോടു സംസാരിക്കുകയാണ്. ചിലനേരം കലഹവും ചിലപ്പോൾ കരച്ചിലുമാകുന്ന, മൂർച്ചയുള്ള പെൺഭാഷയിലെ ആത്മഭാഷണങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA