sections
MORE

ഉറുമ്പിന്റെ വഴിത്താരകൾ: പിപീലിക പറയുന്ന സൂക്ഷ്മജീവിതം

single.qxp
SHARE

മലയാളനോവൽ ഭൂമിക സഞ്ചാരികളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്ന  കാലത്താണ്, മുഷിഞ്ഞ വസ്ത്രങ്ങളും ചെമ്പൻമുടിയും അലസമായ നോട്ടങ്ങളുമുള്ള  ഒരു ബംഗാളി യുവാവ് അപരിചിതത്വത്തോടെ, അതിലേറെ സങ്കോചത്തോടെ ദൈവത്തിന്റെ നാട്ടിലേക്കു കടന്നുവരുന്നത്. ചുറ്റുമുള്ളതെല്ലാം, എന്തിന്, ഭാഷ പോലും നിഗൂഢതകളെ മറച്ചുപിടിച്ചുകൊണ്ട് നിസ്സംഗതയോടെ തുറിച്ചുനോക്കിയപ്പോഴാണ് അവനിലെ അന്വേഷണ കുതുകി ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയത്. തന്നോടുതന്നെ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമെന്നു സ്വയം തോന്നിയ ഉത്തരങ്ങളും ചേർത്ത് ഇതുവരെ എഴുതപ്പെടാത്തവരുടെ ഒരു പുതിയ ചരിത്രം മഹാദേവെന്ന  അവൻ മൂശയിലിട്ടു വാർത്തെടുത്തു. പ്രതിബന്ധങ്ങളെക്കുറിച്ചും പ്രതികരണങ്ങളെക്കുറിച്ചും ചിന്തിക്കാതെ കഠിനാധ്വാനിയായ അവൻ ഒരു കുഞ്ഞുറുമ്പിനെപ്പോലെ പണിയെടുത്തു കൊണ്ടേയിരുന്നു. ഒടുവിൽ തികച്ചും അപ്രതീക്ഷിതമായി വീശിയടിച്ച ഒരു കാറ്റിൽ ഉറുമ്പിൻ കൂട്ടം ചിന്നിച്ചിതറുന്നതുപോലെ ഒരു പറ്റം തൊഴിലാളികൾക്കു നിർബന്ധപൂർവം പലവഴി പിരിയേണ്ടി വരുന്നു. തനിക്കു മുകളിൽ തകർന്നു കിടക്കുന്ന സ്വപ്നങ്ങളുടെ ഭാരത്താൽ എഴുന്നേൽക്കാനാവാതെ വീണ്ടും വീണ്ടും തളർച്ചയിലേക്ക് വീഴുകയാണ് മഹാദേവ്.

പിപീലിക എന്ന ബംഗാളിവാക്കിന് ഉറുമ്പ് എന്നാണർഥം. ഉറുമ്പുകളെപ്പോലെ അധ്വാനികളായി പറ്റംപറ്റമായെത്തുന്ന ബംഗാളികൾ മലയാളി സമൂഹത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ആൾക്കൂട്ടത്തോടൊപ്പമായിരിക്കുമ്പോഴും അല്ലാത്തപ്പോഴും അവർ നേരിട്ട അവജ്ഞ അവരെ ഉറുമ്പിന്റെ വലുപ്പത്തോട് ഉപമിക്കുന്നതാണെന്ന്‌ ‘പിപീലിക’ എന്ന നോവൽ തുറന്നു കാട്ടുന്നു.

‘മലയാള നോവലിന്റെ ഭൂമിശാസ്ത്രവും ജൈവശാസ്ത്രവും പുതിയ മാനങ്ങൾ ആർജിച്ചുകൊണ്ടിരിക്കുന്നു. മലനാട്ടിലെ മലയാളികളുടെ ഇടയിൽ മാത്രം വിഹരിച്ചിരുന്ന അത് ഇടയ്ക്ക് പുതിയ ഭൂമിശാസ്ത്രങ്ങളിലേക്കും ജൈവശാസ്ത്രങ്ങളിലേക്കും മൈഗ്രേറ്റ് ചെയ്തു. ഇപ്പോൾ പഴയ  ഭൂമിശാസ്ത്രത്തിൽത്തന്നെ പുതിയ ജൈവശാസ്ത്രം രചിക്കുന്നവരിലേക്ക് തിരിച്ചും’ എന്നാണ് നോവലിന്റെ അവതാരികയിൽ ആനന്ദ് സൂചിപ്പിച്ചിരിക്കുന്നത്. മലയാളിയുടേതല്ലാത്ത ഒരു പരിസരത്തെ ആഴത്തിലറിയാനും വെളുത്ത ഉടയാടകൾ പകർന്നു തരുന്ന ആത്മവിശ്വാസത്തിന്റെ പുറംപൂച്ചിൽ നമ്മളിൽ നിന്നുയരുന്ന അവജ്ഞ നിറഞ്ഞ നോട്ടത്തിനും ശകാരത്തിനുമൊക്കെയപ്പുറത്തുള്ള അജ്ഞാതലോകങ്ങളെ അനാവരണം ചെയ്യാനും  പിപീലികയ്ക്ക് സാധിക്കുന്നു.

2018ൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പിപീലികയുടെ ആഖ്യാതാവ് യമയാണ്. പുതുമയുള്ള  അവതരണമാണ് യമയുടേത്. ഒരു സാധാരണ തൊഴിലാളിയുടെ ചിന്തകളെ ദാർശനികതയുടെ ഉദാത്തമായ തലത്തിലേക്കു കൊണ്ടുവന്ന് തച്ചുകേടില്ലാതെ ഒരു നോവൽശിൽപം യമ വാർത്തെടുത്തിരിക്കുന്നു. രാംചരൺ, ഭോല, പിപീലിക, ലച്മിസരസ്വതി, ലക്ഷ്മിറാം തുടങ്ങിയ വിവിധ കഥാപാത്രങ്ങൾ തുറന്നു തരുന്ന ഓരോ ലോകവും വ്യത്യസ്ത അനുഭവങ്ങളാണ്. മലയാളികളായ പ്രവാസികളുടെ കഥകൾ നമ്മൾ ധാരാളമായി വായിച്ചിട്ടുണ്ട്. പക്ഷേ ഒരന്യസംസ്ഥാന തൊഴിലാളിയുടെ കാഴ്ചയിലൂടെ അവന്റെ നാടും നമ്മുടെ നാടും വാക്കുകൾ കൊണ്ടുള്ള ചിത്രങ്ങളാകുന്നത് ആദ്യ അനുഭവമാണ്. വെറും ആറധ്യായങ്ങൾ, അറുപത്തിനാല് പേജുകൾ. പക്ഷേ വായനയ്ക്കു ശേഷമുള്ള ഓരോ നിമിഷവും  കട്ടുറുമ്പിന്റെ കടിയേറ്റതു പോലെ വായനക്കാരെ ഈ വായനാനുഭവം നീറ്റിക്കൊണ്ടിരിക്കും. മഹാദേവിന്റെ വാക്കുകളിലൂടെ യമ  തന്നെ പറയുന്നതു പോലെ ‘അറിഞ്ഞോ അറിയാതെയോ മനുഷ്യർ തേടിപ്പിടിക്കുന്നതെല്ലാം വേദനയുടെ ഉറവുകളാണ്’.  

ദേശീയതയുടെ കാലത്ത് ഉരുവം പ്രാപിച്ച ബംഗാളി സാഹിത്യത്തിലൂടെ നാം പരിചയിച്ച ഉദാത്തമായ വാഗ്ദത്ത ഭൂമിയല്ല ഇന്ന് ബംഗാൾ. ഇവിടേക്ക്  അഭയാർഥികളെപ്പോലെയെത്തുന്ന അസംഘടിത തൊഴിലാളികളുടെ മുഖത്തു തെളിഞ്ഞു കാണുന്ന രേഖകൾ, നിരവധി തവണ വെട്ടിമുറിക്കപ്പെട്ടവരുടെ ആത്മരോദനമുണരുന്ന ഒരു ഊഷരഭൂമിയായാണ് ബംഗാളിനെ പരിചയപ്പെടുത്തുന്നത്. അവരുടെ നിസ്സഹായതയെ ജുഗുപ്സയോടെ വീക്ഷിക്കുന്ന മലയാളിയുടെ മുഖത്തേൽക്കുന്ന പ്രഹരമാണ് വസ്ത്രത്തെക്കുറിച്ചുള്ള മഹാദേവിന്റെ ചിന്ത. ‘വസ്ത്രങ്ങളിൽ കറപുരളാതെ ജീവിച്ചു മരിക്കയെന്നതാണ് അഭിമാനത്തിന്റെയും ആഭിജാത്യത്തിന്റെയും ലക്ഷണമെങ്കിൽ സോപ്പുകമ്പനികളായിരിക്കും ഈ ലോകത്തെ നയിക്കുന്നത് എന്ന പുതിയ നിഗമനത്തിലേക്ക് മഹാദേവ് എത്തിച്ചേർന്നു’.

ഈ നോവലിലെ ഓരോ കഥാപാത്രവും മിഴിവുറ്റതാണ്. തിമിരം ബാധിച്ച കണ്ണുകളാണെങ്കിൽ പോലും ശിൽപങ്ങളെ വാർത്തെടുക്കുന്ന മഹാദേവിന്റെ അമ്മ നമ്മൾക്കു സ്വപ്നം കാണാനാവാത്ത ഉയരങ്ങളിൽ വിരാജിക്കുന്നവളാണ്. ‘ഉള്ളതിൽനിന്ന് ഇല്ലാത്തതിനെ സ്വപ്നം കാണാനുള്ള കഴിവ് മനുഷ്യനു മാത്രമേ കിട്ടിയിട്ടുള്ളൂ’ എന്ന ഒരൊറ്റ വാചകത്തിലൂടെ മനുഷ്യസ്വഭാവത്തെ ഈ അമ്മക്കഥാപാത്രം എങ്ങനെ കൈകാര്യം ചെയ്തുവെന്നത്  ആശ്ചര്യത്തോടെ മാത്രമേ വായിക്കാനാവൂ.

മലയാളനോവൽ സാഹിത്യത്തിൽ സ്വയം വെട്ടിപ്പിടിച്ചെടുത്ത് അതിൽ സാമ്രാജ്യം സൃഷ്ടിക്കാൻ തക്ക കരുത്ത് യമയുടെ ആഖ്യാനത്തിലുണ്ട്. ആദിമധ്യാന്തപൊരുത്തം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും, നോവലിന്റെ ക്ലൈമാക്സ് ആദ്യവായനയിൽ അപരിചിതത്വം നിറഞ്ഞ മറ്റൊരുതലത്തിലേക്കുള്ള പലായനമാണ്. നോവലിലൊരിടത്ത് മഹാദേവ് അഭിപ്രായപ്പെടുന്നതുപോലെ ‘ഇതെന്തൊക്കെയാണ് താൻ കാണുകയും അനുഭവിക്കുകയും ചെയ്യുന്നത്’ എന്ന് ഓരോ വായനക്കാരനും ചിന്തിച്ചു പോകുന്ന അനുഭവമാണ് പിപീലിക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA