sections
MORE

മോഹിപ്പിക്കുന്ന ജീവിതം, എഴുത്ത്, മരണവും

Ernest-Hemingway-320
SHARE
രാജന്‍ തുവ്വാര

കറന്റ് ബുക്സ് തൃശൂര്‍

വില 200 രൂപ രൂപ

രണ്ടു മരണങ്ങള്‍. അവയുടെ രീതിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സമാനതകള്‍. മരിക്കാനുള്ള കാരണം. ജീവിതം അവസാനിപ്പിക്കാന്‍ ഉപയോഗിച്ച ആയുധം. ആ മരണങ്ങള്‍ ബാക്കിവയ്ക്കുന്നതോ ജീവിതത്തോടുള്ള അടങ്ങാത്ത ആസക്തിയും. അതുകൊണ്ടുതന്നെ അവ ഇന്നുമെന്നും മോഹിപ്പിക്കുന്നു. ജീവിക്കാന്‍ മാത്രമല്ല, ജീവിതത്തെ കീഴടക്കി അതിജീവിക്കാനും.

അമേരിക്കന്‍ എഴുത്തുകാരന്‍ ഏണസ്റ്റ് ഹെമിങ്‌വെയുടെയും അദ്ദേഹത്തിന്റെ പിതാവ് ഹെമിങ്‌വെയുടെയും മരണത്തിലായിരുന്നു സമാനതകള്‍. ഇഷ്ടപ്പെട്ട രീതിയില്‍ ജീവിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ഇരുവരും ജീവിതം അവസാനിപ്പിച്ചത്. ആശ്രയിച്ചതു തോക്കിനെയും. 

ആരോഗ്യത്തകര്‍ച്ചയാണ് പിതാവ് ഹെമിങ്‌വെയെ മരണത്തെക്കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹമൊരു ഡോക്ടറായിരുന്നു. പ്രമേഹം മൂച്ര്‍ഛിച്ചതോടെ ഇഷ്ടമുള്ളതൊന്നും കഴിക്കാനാവാതെ നിരാശനായി. കൂടെ, സാമ്പത്തിക പ്രശ്നങ്ങളും. തന്റെ രോഗം മാറാന്‍ പോകുന്നില്ലെന്നും ആരോഗ്യം മെച്ചപ്പെടില്ലെന്നും തിരിച്ചറിഞ്ഞതോടെ അവസാന തീരുമാനമെടുക്കാന്‍ അദ്ദേഹം മടികാട്ടിയില്ല. ഒരു പ്രഭാതത്തില്‍ ഒരു കാലിബര്‍ സ്മിത്ത് ആന്‍ഡ് വെസ്റ്റണ്‍ പിസ്റ്റള്‍ വലതുചെവിക്കു പിന്നിലമര്‍ത്തിപ്പിടിച്ച് അദ്ദേഹം കാഞ്ചിവലിച്ചു. ശവസംസ്കാരത്തിന്റെ ആദ്യാവസാനം ഹെമിങ്‌വെ പങ്കെടുത്തു. വീട്ടില്‍ നിന്നിറങ്ങാന്‍ നേരം പിതാവിന്റേതായി ഒരുകാര്യം മാത്രം ഹെമിങ്‌വെ  അമ്മയോട് ആവശ്യപ്പെട്ടു. പിതാവ് ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ച തോക്ക്.

പിതാവിന്റെ സംസ്കാരത്തിനുശേഷം വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ലഭിച്ചില്ലെങ്കിലും പിന്നീട് അമ്മ ആ തോക്ക് മകന് അയച്ചുകൊടുത്തു. വര്‍ഷങ്ങള്‍ക്കുശേഷം പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ഹെമിങ്‌വെ ജീവിതം അവസാനിപ്പിച്ചത്. മാനസിക രോഗാശുപത്രിയിലും വീട്ടിലുമായി കുറേനാള്‍ അദ്ദേഹം ചെലവഴിച്ചിരുന്നു. ആരോഗ്യത്തകര്‍ച്ച തന്നെയാണ് പിതാവിനെപ്പോലെ മകനെയും ആശങ്കയിലാഴ്ത്തിയത്. ഇഷ്ടമുളളതുപോലെ ജീവിക്കാനാവുന്നില്ല എന്ന ചിന്ത അദ്ദേഹത്തിന്റെ മാനസികാരോഗ്യവും തകര്‍ത്തിരുന്നു.

‘ഞാനുദ്ദേശിക്കുന്ന രീതിയില്‍ എനിക്കു ജീവിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ഇനിയുള്ള ജീവിതം അസാധ്യമാണ്. അങ്ങനെയാണ് ഞാന്‍ ജീവിച്ചതും ഇനി ജീവിക്കേണ്ടതും. അതല്ലെങ്കില്‍ ജീവനോടെ ഇല്ലാതാകേണ്ടതും’ - ഒരിക്കല്‍ ആശുപത്രിയില്‍വച്ച്് ഇങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നു. 

അവസാനകാലത്ത് കൂടെയുണ്ടായിരുന്ന മേരി വെല്‍ഷ് വീട്ടിലെ തോക്കുകളെല്ലാം അലമാരയില്‍വച്ച് പൂട്ടിയിരുന്നു. പക്ഷേ, 1961 ജൂലൈ 2 ന് ഹെമിങ്‌വെ വളരെ നേരത്തെ എഴുന്നേറ്റു; മേരി ഉണരുന്നതിനുംമുമ്പേ. ഒളിപ്പിച്ചുവച്ച അലമാരയുടെ താക്കോല്‍ കണ്ടെടുക്കുകയായിരുന്നു ആദ്യത്തെ ദൗത്യം. കുറച്ചുനേരത്തെ തിരച്ചിലിനുശേഷം താക്കോല്‍ ലഭിച്ചു. തോക്കുകള്‍ സൂക്ഷിച്ചുവച്ചിരുന്ന വലിപ്പ് തുറന്ന് ഒരു ഷോട്ട് ഗണ്‍ കണ്ടെടുത്തു. ഷോട്ട് ഗണ്ണിന്റെ കാഞ്ചി കാല്‍വിരലുപയോഗിച്ച് വലിക്കാമെന്ന് നേരത്തെതന്നെ അദ്ദേഹം കണ്ടെത്തിയിരുന്നു. ഷോട്ട്ഗണ്ണിന്റെ പിന്‍ഭാഗം തറയിലൂന്നിപ്പിടിച്ച് ബാരലില്‍ തന്റെ തല ചായ്ച്ച് ഹെമിങ്‌വെ വെടിയുതിര്‍ത്തു. എഴുത്തിലും ജീവിതത്തിലും ഒരിക്കലും ഉന്നം തെറ്റാതിരുന്ന ഹെമിങ്‌വെ അവിടെയും വിജയിച്ചു. ദിവസം പുലരുമ്പോള്‍ ലോകം അറിഞ്ഞത് അമേരിക്കയിലെ വിശ്വപ്രസിദ്ധനായ, നൊബേല്‍ സമ്മാന ജേതാവായ ഏണസ്റ്റ് ഹെമിങ്‌വെയുടെ വിയോഗം.

പ്രണയവും കാമവും യുദ്ധവും സാഹസികതയുമായിരുന്നു ഹെമിങ്‌വെയുടെ ജീവിതത്തിന്റെ മുഖമുദ്രകള്‍. സ്വജീവിതത്തിലെ സാഹസികതയില്‍നിന്നാണ് അദ്ദേഹം എഴുത്തിന്റെ വിഭവങ്ങള്‍ കണ്ടെത്തിയത്. സ്പെയ്നിലെ കാളപ്പോരിന് ഒട്ടേറെത്തവണ സാക്ഷിയായത് അദ്ദേഹത്തിന്റെ എഴുത്തിലുണ്ട്- ദ് സണ്‍ ഓള്‍സോ റൈസസ്. ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അനുഭവങ്ങള്‍  അദ്ദേഹത്തിന്റെ മികച്ച നോവലുകളുടെ പ്രമേയമായി- ഫെയര്‍വെല്‍ ടു ദ് ആംസ്, ഫോര്‍ ഹും ദ് ബെല്‍ ടോള്‍സ്. മീന്‍ പിടുത്തക്കാരനായി ചെലവഴിച്ച നിരവധി വര്‍ഷങ്ങളും അദ്ദേഹം എഴുത്തിലേക്കു കൊണ്ടുവന്നു- ദ് ഓള്‍ഡ്മാന്‍ ആന്‍ഡ് ദ് സീ. മധ്യവയസ്സില്‍ ഇരുപതു വയസ്സ് പോലും കടക്കാത്ത പെണ്‍കുട്ടിയോടു തോന്നിയ പ്രണയവും നോവലാക്കാന്‍ ഹെമിങ്‌വെ മടി കാണിച്ചില്ല- ദ് സ്നോസ് ഓഫ് കിളിമഞ്ചാരോ.

തുടക്കം എന്നപോലെ യുദ്ധത്തിന് അവസാനവുമുണ്ട്. ആഹ്ലാദം എന്നതുപോലെ പ്രണയത്തില്‍ വേദനയുമുണ്ട്. ആവേശം എന്നതുപോലെ ജീവിതത്തില്‍ നിരാശയുമുണ്ട്. യുദ്ധത്തില്‍ ആയുധമെടുക്കാന്‍ മടികാണിച്ചിട്ടില്ല ഹെമിങ്‌വെ. ഇഷ്ടം തോന്നിയവരെ പ്രണയിക്കാനും അവരെ ജീവിതത്തിന്റെ ഭാഗമാക്കാനും ആരുടെയും ആനുവാദം കാത്തുനിന്നിട്ടുമില്ല. നിലവിലിരുന്ന എഴുത്തിന്റെ രീതിയെ പുതുക്കിപ്പണിത്, ഉന്നം തെറ്റാതെ ആയുധമയയ്ക്കുന്നതുപോലെ കൊച്ചു കൊച്ചു വാക്കുകള്‍കൊണ്ട് അനുഭൂതി സൃഷ്ടിക്കുന്നതില്‍ വിജയിച്ച എഴുത്തുകാരനാണ് അദ്ദേഹം. ഇന്നും അനുകരണത്തിനു വഴങ്ങാത്ത പ്രതിഭയുടെ വന്യവീര്യം. ആ ജീവിതം അനുകരിക്കാനാകാത്ത രീതിയില്‍ അവസാനിക്കണം എന്നുതന്നെയാകും അദ്ദേഹം മോഹിച്ചിട്ടുണ്ടാകുക.

മോഹസാക്ഷാത്കാരമായിരുന്നു അദ്ദേഹത്തിന് ജീവിതം പോലെ മരണവും. അവിടെയും ആയുധത്തെ അദ്ദേഹം സ്നേഹിച്ചു; എന്നും കൂടെകൊണ്ടുനടന്ന തോക്കിനെ. ആ തോക്കിന്‍മുനയില്‍ അവസാനിക്കുമ്പോഴും ലോകം ആവര്‍ത്തിച്ചുറപ്പിച്ചതു ഹെമിങ്ങ്‍വേ എഴുതിയ വാക്കുകള്‍ തന്നെ: മനുഷ്യനെ കൊല്ലാമെങ്കിലും പരാജയപ്പെടുത്താനാവില്ല.

ഹെമിങ്‌വെയെക്കുറിച്ച് ഇതിനുമുമ്പും മലയാളത്തില്‍ പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആ ജീവിതം സമഗ്രമായി ഒരു പുസ്തകത്തിനു വിഷയമാകുന്നത്. സാഹസികതയെ പ്രണയിച്ച സര്‍ഗ്ഗജീവിതം എന്ന പേരില്‍. വിവര്‍ത്തനത്തിലൂടെ ഒട്ടേറെ സൃഷ്ടികള്‍ മലയാളത്തിനു സമ്മാനിച്ച രാജന്‍ തുവ്വാരയാണ് എഴുത്തുകാരന്‍. ഒരു ഹെമിങ്‌വെ കൃതി പോലെ വായിച്ചുപോകാവുന്ന, സാഹസികതയും സ്നേഹവും ഉള്‍ച്ചേര്‍ന്ന അതുല്യ പുസ്തകം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA