കല്യാണിയുടെയും ദാക്ഷായണിയുടെയും കഥ രാജശ്രീ പറയുമ്പോൾ

HIGHLIGHTS
  • കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
novel-book-review
SHARE
ആർ രാജശ്രീ

മാതൃഭൂമി ബുക്സ്

വില- 300 രൂപ രൂപ

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത- പേര് ആദ്യമായി കേൾക്കുമ്പോൾ സ്ഥിരം വായനയ്ക്കുതകുന്ന എന്തോ ഒന്നെന്നു മാത്രമേ തോന്നിയുള്ളൂ, എന്നാൽ ഈ നോവലിന്റെ പ്രത്യേകത, മലയാളത്തിലെ സാഹിത്യഗുണം തികഞ്ഞ മാസികകളിലൊന്നുമല്ല, ഫെയ്‌സ്ബുക്കിലാണ്  ഇതു ഖണ്ഡശ്ശഃ വന്നത് എന്നതാണ്. ആർ. രാജശ്രീ എന്ന പേര് അങ്ങനെയാണ് ഫെയ്‌സ്ബുക്കിൽ പരതി നോക്കുന്നത്. ഇല്ല, അതുവരെ എഴുതി ഫെയ്‌സ്ബുക്ക് നിറച്ചിരുന്ന പഴയ നോവൽ ഭാഗങ്ങളെല്ലാംതന്നെ അപ്രത്യക്ഷമായിരിക്കുന്നു, പകരം രാജശ്രീയുടെ വായനക്കാരുടെ പോസ്റ്റുകൾ കൊണ്ട് അവരുടെ ടൈംലൈൻ നിറഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ വായിക്കാതെ സ്വസ്ഥതയില്ലെന്നു തോന്നിയപ്പോഴാണ് പുസ്തകം തിരഞ്ഞിറങ്ങിയത്. ഒടുവിലതു കയ്യിൽ കിട്ടി. കല്യാണിയുടെയും ദാക്ഷായണിയുടെയും കഥയിലേക്ക് ആഴ്ന്നിറങ്ങിത്തുടങ്ങി. വേണമെങ്കിൽ ഒരു ദിവസം കൊണ്ടു തീർക്കാമായിരുന്നു, പക്ഷേ ശ്രമിച്ചില്ല എന്നതാണു ശരി. അത്രയേറെയുണ്ടായിരുന്നു കല്യാണിയുടെയും ദാക്ഷായണിയുടെയും കഥയുടെയും കഥാപാത്രങ്ങളുടെയും ആഴം. ഓരോ ദിവസവും ഉണർന്നെഴുന്നേൽക്കുമ്പോൾ, ഉറങ്ങാൻ കിടക്കുമ്പോഴൊക്കെ മനസ്സുമായി ചർച്ചകൾ നടക്കുന്നത് കേൾക്കുന്നുണ്ടായിരുന്നു, ഒടുവിൽ വായിച്ചു തീരുമ്പോൾ, രാജശ്രീ എവിടെയോ  സ്വന്തം നോവലിനെക്കുറിച്ച് എഴുതിയതോർത്തു:

‘കല്യാണിയും ദാക്ഷായണിയും വിട്ടു പോയതിനു ശേഷം പാമ്പോടു വേറായ തോൽ പോലെയായി ഞാൻ. അവർ ഇടത്തും വലത്തും മുന്നിലും പിന്നിലുമായി കൃത്യം എഴുപത്തഞ്ചു ദിനം ഒപ്പം നടന്നു. ദാക്ഷായണി മുനിഞ്ഞു കത്തുമ്പോൾ കല്യാണി വിളക്കുമായി മുന്നിൽ നടന്നു. കല്യാണി മങ്ങുമ്പോൾ ദാക്ഷായണി ആളിക്കത്തി വെളിച്ചം തന്നു. ആ രണ്ടു പെണ്ണുങ്ങൾ തുഴഞ്ഞ തോണിയിലാണ് ജീവിതത്തിലെ ഏറ്റവും ചുഴികളുള്ള ഒരു ഭാഗം ഞാൻ അനായാസം കടന്നത്. രണ്ടര മാസം കൂടെ നടന്നതിനു ശേഷം അവർ പെട്ടെന്ന് അകന്നുപോയപ്പോൾ ഗാഢസൗഹൃദങ്ങൾ ഇഴ പൊട്ടിയാലെന്ന പോലെ മനസ്സ് ദുർബലവും അധീരവുമായിപ്പോയിരുന്നു. സ്വന്തം കഥയിൽ നിന്നും കഥാപാത്രങ്ങളിൽ നിന്നും വിടുതിയില്ലാത്തത് എന്തു വിചിത്രമായ അനുഭവമാണ്!

രണ്ടര മാസം കണ്ണൂരിന്റെ ഒച്ച എനിക്കകത്തു നിന്നാണ് കിലുങ്ങിയിരുന്നത്.

വളർന്നു പോയതുകൊണ്ട് കിലുക്കൻ കളിപ്പാട്ടം ഒഴിവാക്കേണ്ടി വന്ന കുട്ടിയെപ്പോലെ ഇപ്പോൾ ഞാനതിനെ സങ്കടപ്പെട്ടു നോക്കുന്നു.’

എഴുത്തുകാരി അനുഭവിച്ച മാനസിക വേദന വായനക്കാരിലേക്കും പടരുന്നത് എന്തു കഷ്ടമാണ് !

പക്ഷേ പടരുന്ന ഈ അസ്വസ്ഥത കല്യാണിയെയും ദാക്ഷായണിയെയും വീണ്ടും ഉള്ളിലേക്ക് ഉള്ളിലേക്ക് വേരുകളാഴ്ത്താൻ സഹായിച്ചുകൊണ്ടേയിരിക്കുന്നു. 

ഏതാണ്ട് അൻപതോളം വർഷങ്ങൾക്കു മുൻപ് കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ ജീവിച്ചിരുന്ന രണ്ടു സ്ത്രീകളാണ് കല്യാണിയും ദാക്ഷായണിയും. ഗ്രാമീണ ഭാഷയിൽ അവർ അവരെ പങ്കു വച്ചുകൊണ്ടേയിരുന്നപ്പോൾ, അവരുടെ ജീവിതത്തെ മാത്രമല്ല കാലത്തിന്റെ പിന്നിലെ മനുഷ്യനെയും ചുറ്റുപാടുകളെയും രാഷ്ട്രീയത്തെയുമൊക്കെ വായനയിൽ കണ്ടെത്താൻ കഴിയും. ‘ഞാൻ’ എന്ന വക്താവിന്റെ തകർന്നുകൊണ്ടിരിക്കുന്ന ജീവിതത്തിൽ, തന്നെ ഉപദേശിക്കാനെത്തുന്ന സൂര്യനാരായണമൂർത്തിയെന്ന മനഃശാസ്ത്രജ്ഞന്റെ മുന്നിലിരിക്കുമ്പോഴാണ് അവൾ ഈ ‘കത’ പറഞ്ഞു തുടങ്ങുന്നത്. അതിനു ശേഷം അവൾ പറയുന്ന കഥയിലെ കഥാപാത്രങ്ങളുടെ വക്താവ് മാത്രമല്ല അവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകുന്ന നല്ലൊരു സംവിധായികയായും എഴുത്തുകാരി മാറുന്നത് അനായാസമാണ്. 

ഒരിക്കലും ആ പഴയ കാലത്തിന്റെ കൃത്യമായ ആവിഷ്കരണമല്ല ഈ നോവൽ, മറിച്ച് കാലത്തിന്റെ പകർത്തിയെഴുത്താണിത്. പേരു സൂചിപ്പിക്കുന്നതു പോലെതന്നെ കല്യാണി, ദാക്ഷായണി എന്നീ പേരുകൾ പേറുന്ന രണ്ടു സ്ത്രീകളുടെ ജീവിതം ഇതിലുണ്ട്. ഒരുപക്ഷേ ഇന്നത്തെ വായനയിൽ അവരിരുവരോടും ഇന്നത്തെ സ്ത്രീകൾക്കു തെല്ലു കൗതുകവും ഒരിത്തിരി അസൂയയും ഉണ്ടായേക്കും, കാരണം സ്വാതന്ത്ര്യം എന്നതിന്റെ അർഥത്തെ അതിന്റെ എല്ലാവിധ ആസ്വാദ്യതയോടും കൂടി അവരിരുവരും അനുഭവിക്കുന്നുണ്ട്, അതേസമയം മറുവശത്ത് സാമൂഹികമായ ഇടപെടലുകളാൽ അവർ ഒറ്റപ്പെട്ടും പോകുന്നുണ്ട്.

ഏകദേശം ഒരേ കഥയാണ് ഇരുവർക്കും പറയാനുള്ളത്. ഒന്നിച്ച് സിനിമ കണ്ടും അടിച്ചു പൊളിച്ചും നടന്ന രണ്ടു നാട്ടുംപുറത്തുകാരി പെൺകുട്ടികൾ രണ്ടു പേരെ വിവാഹം കഴിക്കുന്നു. അവരിൽ ഒരാൾ പറിച്ചു നടപ്പെടുന്നത് കേരളത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കാണ്. കണ്ണൂരിൽനിന്നു കൊല്ലം ജില്ലയിലേക്കെത്തുമ്പോൾ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് എത്തിയതുപോലെ ദാക്ഷായണി അസ്വസ്ഥപ്പെടുന്നുണ്ടാവണം. എന്നാൽ ഭർത്താവിന്റെ വീട് സ്വന്തം വീടാക്കാൻ ശ്രമിച്ചിട്ടും, ചിലതൊന്നും എത്ര ശ്രമിച്ചാലും ഒപ്പം ചേർന്നു നിൽക്കാത്തതിൽ ദാക്ഷായണി ദുഃഖിതയാണ്. അതിരുകളെ തമ്മിൽ വേർതിരിക്കുന്ന മുള്ളുവേലിയും മനുഷ്യർ തമ്മിലുള്ള അന്തരവുമെല്ലാം അവിടെ ചെന്നതിനു ശേഷമാണ് ദാക്ഷായണി കാണുന്നത്. അത്രയും നാൾ ആണിക്കാരൻ എന്ന ദാക്ഷായണിയുടെ ഭർത്താവ് അവളുടെ വീട്ടിൽ അവൾക്കൊപ്പം ജീവിച്ചിരുന്നൊരാളായിരുന്നു, എന്നാൽ ഭാര്യയുടേതായ ഇടത്തിൽനിന്നു പെണ്ണിന്റെ അധിനിവേശം അധികമാകുന്നുണ്ടെന്നു കണ്ട ആണിക്കാരനു ഭാര്യയെ നിലയ്ക്കു നിർത്തുന്നതിന്റെ ഭാഗമായുള്ളതായിരുന്നു ദാക്ഷായണിയുടെ ദേശ മാറ്റം. എന്നാൽ അവൾക്കത് സ്വയം നഷ്ടപ്പെടുന്നതു പോലെയും.

കല്യാണിയുടെയും ജീവിതം കോപ്പുകാരന്റെ ഭാര്യ ആക്കപ്പെട്ടതോടു കൂടി മാറിപ്പോയെന്നു തോന്നി. എന്നാൽ ആദ്യഭാര്യയുടെ മരണത്തിന്റെ സങ്കടത്തിൽനിന്നു തിരിച്ചു കയറാത്ത കോപ്പുകാരന് കല്യാണി എന്നൊരു സ്ത്രീ അയാളുടെ ഭാര്യയാണെന്നോ അയാളുടെ വീട്ടിലുള്ള ഒരാൾ ആണെന്നോ തോന്നിയതേയില്ല. പക്ഷേ അയാളുടെ അനുജൻ ലക്ഷ്മണൻ അവളെ കണ്ടെത്തി. അയാൾ അവളുടെ ഭാഗമായി. അപ്പോഴും തന്റെ ചോദനകൾക്കുള്ള ഉത്തരമായി മാത്രമേ ലക്ഷ്മണൻ അവളുടെ ഉള്ളിലേക്കു കടക്കുന്നുള്ളൂ, അതിനപ്പുറം അവൻ അവൾക്ക് അനുജനോ മകനോ ഒക്കെത്തന്നെയാണ്. അയാളുടെ കുഞ്ഞിനെ ഉദരത്തിൽ പേറുമ്പോഴും ഇതൊക്കെ സർവ സാധാരണമെന്ന മട്ടിൽ അവരുടെ അമ്മ ചെയിക്കുട്ടി അവളെ സ്നേഹിക്കുന്നു, പരസ്പരം കടിച്ചു കീറുമ്പോഴും അവർ തമ്മിൽ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു. ആ അമ്മയുടെയും മകളുടെയും ജീവിതം വല്ലാത്തൊരു കാഴ്‌ചയാണു സമ്മാനിക്കുക.

കല്യാണിയുടെയും ദാക്ഷായണിയുടെയും കത പറയുമ്പോൾത്തന്നെ അതിനിടയിലൂടെ പല സ്ത്രീകളും പുരുഷന്മാരും കഥയിൽ നടന്നു കയറുകയും അവരുടെ സീനുകൾ കഴിയുമ്പോൾ ഇറങ്ങിപ്പോവുകയും ചെയ്യുന്നുണ്ട്. അതിൽ പ്രധാനം കുഞ്ഞിപ്പെണ്ണിന്റെ കഥയാണ്. പട്ടാളക്കാരന്റെ ഭാര്യയായി അവൾ ഭർത്താവിന്റെ വീട്ടിൽ എത്തുമ്പോഴും അവിടെ വെറും ഒരു ‘മരുമകൾ’ ആയി തുടരേണ്ടി വരുമ്പോഴും പട്ടാളക്കാരന്റെ ജ്യേഷ്ഠൻ അവളെ വിവാഹം കഴിക്കേണ്ടി വരുമ്പോഴും ഒന്നും കുഞ്ഞിപ്പെണ്ണിന്റെ ശബ്ദമില്ല. എന്നാൽ അവളെ പൊതിഞ്ഞു പിടിക്കുന്നതും സ്നേഹിക്കുന്നതും അയാളാണ്. അയാൾ അടുത്തുള്ളപ്പോഴാണ് അവൾ പെണ്ണാകുന്നത്. അങ്ങനെ പിന്നെയുമെത്ര കഥാപാത്രങ്ങൾ– അബൂബക്കർ, കൈശുമ്മ, നബീസ, അച്ചൂട്ടി മാഷ്, ചെയിക്കുട്ടി...

ധീരതയുള്ളവരാണ് ഇതിലെ കഥാപാത്രങ്ങൾ. കള്ളു കുടിക്കുകയും ബീഡി വലിക്കുകയും ഒക്കെ ചെയ്യുന്നത് ഏതൊരു സാധാരണ വിഷയവുമെന്നതു പോലെ അത്ര എളുപ്പത്തിൽ അവരുടെയൊക്കെ ജീവിതത്തിലേക്കു വരികയും പോവുകയും ചെയ്യുന്നു. രാത്രിയിലെ ഏകാന്തതയിൽ അരപ്ലെയിസിലിരുന്നു ബീഡി വലിച്ചു കൂട്ടുന്ന ചെയിക്കുട്ടിയുടെ ഏകാന്തതയോളം പോന്ന മറ്റെന്തുണ്ട് ഓർക്കാൻ! ഒരു സിനിമാ സീൻ പോലെ മനോഹരമാണ് ആ ഫ്രെയിം. സ്ത്രീപക്ഷ നോവലുകളിൽ പതിവായി കാണാൻ കഴിയാത്ത ഇത്തരം നിരവധി ഫ്രെയിമുകൾ ഈ നോവലിൽ കാണാം. 

എന്നാൽ ഈ നോവൽ ഒരു ഫെമിനിസ്റ്റ് എഴുത്തുകാരിയുടെ പുരുഷ വിരുദ്ധ കാഴ്ചപ്പാടുകൾ ആണെന്നു തെറ്റിദ്ധരിക്കരുത്. സ്ത്രീയുടെ നേർക്കു സമൂഹം ഇടപെടുന്ന വിധം സൂക്ഷ്മമായി ആവിഷ്കരിക്കുകയാണ് രാജശ്രീ‌. അതിൽ അവളുടെ ഒറ്റപ്പെടലും സങ്കടങ്ങളും അതിജീവനവും ഒക്കെയുണ്ടെന്നു മാത്രം. ഇതിൽ എവിടെയും പുരുഷനെ അടിച്ചിരുത്താൻ നോക്കുന്നില്ല, പകരം സ്ത്രീ അവളുടേതായ ഇടത്തിൽ ഒരു ലോകം ഉണ്ടാക്കാനാണു ശ്രമിക്കുന്നത്. അതിന് ഏറ്റവും മികച്ച ഉദാഹരണം ദാക്ഷായണിയാണ്. ഭർത്താവിനെ വെല്ലുവിളിച്ച് ഒരു പശുവിനെ പരിപാലിക്കുന്നതിലൂടെ ആ ഇടം അവൾ സ്വയം ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു നാടു മുഴുവൻ ഇളകുമ്പോഴും ഒടുക്കം എല്ലാമുപേക്ഷിച്ച് അവൾ ആ ഇടത്തിലേക്കു തന്നെ തിരികെയെത്തുന്നുമുണ്ട്. തന്റെ നേർക്കു വരുന്ന സദാചാര ചോദ്യങ്ങളൊക്കെ അവൾക്കു പുല്ലാണ്!

സമാന്തരമായി ഇതേ കഥയിലൂടെയാണ് കഥയിലെ ‘ഞാൻ’ എന്ന വക്താവും കടന്നു പോകുന്നത്. ആൺകുഞ്ഞിനു വേണ്ടി കൊതിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ അടുത്തേക്കാണ് പെൺകുഞ്ഞിന്റെ ദാർശനിക ലോകം വക്താവ് ഒരുക്കുന്നത്. അവരെ ആശീർവദിക്കാൻ ആ പഴയ കഥാപാത്രങ്ങളുണ്ട്.

‘പെണ്ണാണ് കല്യാണിയേച്ചി.’ 

‘പെണ്ണെന്നാണെ പൊന്നല്ലേ? പോന്ന നാടിന് ഈടല്ലേ?’

‘നാട് പൊലിയട്ട്, അലെലെല്ലാം അകിട് നിറയട്ടു’

ദാക്ഷായണിച്ചേച്ചി മുറിയുടെ ജനലുകളും വാതിലുകളും തുറന്നു.’

അവരിരുവരും ചേർന്നു തുറക്കുന്നത് വക്താവിന്റെ മുറിയുടെ വാതിൽ മാത്രമല്ല പെണ്ണിന്റെ ജീവിതത്തിന്റെ ഇടം കൂടിയാണ്. 

ഫെയ്‌സ്ബുക്കിലൂടെ ഖണ്ഡശ്ശഃയായി കല്യാണിയെയും ദാക്ഷായണിയെയും വരഞ്ഞിട്ടു തുടങ്ങിയതിനെക്കുറിച്ച് രാജശ്രീ ഇങ്ങനെ പറയുന്നു,

‘ഓരോ ദിവസവും എഫ്ബി യിൽ ഇടേണ്ട ഭാഗം തലേന്നു രാത്രിയോ അന്നത്തെ ദിവസം പുലർച്ചെയോ ആണ് എഴുതിയിരുന്നത്. ഒരു ഖണ്ഡംപോലും നേരത്തെ എഴുതി വയ്ക്കാൻ സാധിച്ചിരുന്നില്ല. എഴുതിയാലും പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് അത് മറ്റൊന്നായി മാറിയിരുന്നു എന്നാണനുഭവം. അതുകൊണ്ട് അതിനു മെനക്കെട്ടില്ല. കഥകൾ വന്നു കുമിഞ്ഞു കൊണ്ടിരുന്നു. കഥാപാത്രങ്ങൾ മാറി മാറി വന്നു. ആരെയും കൊണ്ടുവരേണ്ടി വന്നില്ല. അവർ സ്വയമേവ വന്നു, അവരവർക്കുള്ള രംഗങ്ങളിൽ കൃത്യമായി പാകമായി, അവരുടെ ഭാഗം കഴിഞ്ഞ് അരങ്ങൊഴിഞ്ഞു.’

യാതൊരു നോവൽ എഴുത്ത് നിയമങ്ങളുമില്ലാതെ, യാതൊരു നിബന്ധനകളുമില്ലാതെയാണ് രാജശ്രീ തന്റെ മനസ്സിലെ കഥയെ സമീപിച്ചത്. വർഷങ്ങൾക്കു മുൻപുള്ള ഒരു കഥാപരിസരമാണെങ്കിലും കണ്ണൂരിലെ ഏറ്റവും ഉൾനാടൻ ഗ്രാമീണ ഭാഷയാണെങ്കിലും അതിന്റേതായ തനിമകൾക്കിടയിലും പെണ്ണ് എന്ന പ്രതീകത്തെ രാജശ്രീ കൃത്യമായി എഴുതിച്ചേർത്തിരിക്കുന്നു. സ്നേഹത്തിന്റെ കരുതലും ഭാഷ്യവും ഉണ്ടെങ്കിലും അവനവന്റെ സ്പെയിസിലേക്കുള്ള ഒരു തിരിച്ചു വരവിനെ എല്ലാ സ്ത്രീകളിലേക്കും കല്യാണിയും ദാക്ഷായണിയും ഓർമിപ്പിക്കുന്നു. എഴുതുന്ന രീതികളിൽപോലും പരമ്പരാഗതമായ ശൈലി രാജശ്രീ അനുവർത്തിച്ചിട്ടില്ല. ഉഗ്രമായ ക്രാഫ്റ്റ് കൊണ്ട് നോവലിനെ അടയാളപ്പെടുത്തുമ്പോഴും സ്ഥിരമായ നോവൽഭാഷാശൈലിയുടെ ചട്ടക്കൂടിനെ പൊളിച്ച് തന്റേതായ, അതേസമയം സരസമായ രീതിയിൽ രാജശ്രീ കഥ പറയുന്നു. അതിൽ രാഷ്ട്രീയമുൾപ്പെടെ കടന്നു വരുന്നു. ആദ്യ നോവൽ എന്നു തോന്നിപ്പിക്കാതെ ആർ. രാജശ്രീ എന്ന എഴുത്തുകാരി മലയാള നോവലെഴുത്തിൽ പുതിയൊരു ഇടം ഉണ്ടാക്കിയെടുത്തിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA