ADVERTISEMENT

ഇത്താപ്പു പടവെട്ടി അച്ഛന്റെ മുന്നിലെത്തി. അവന്റെ ഉറുമി ആകാശത്തിലൂടെ ഒന്നു പാഞ്ഞു. മൂന്നു തലകളാണു കണ്ടർ മേനോന്റെ മുന്നിലേക്കു വീണത്. വീണ്ടും ഉറുമി വീശാനിരിക്കെ അതിവേഗമെത്തിയ ഒരു കത്തി അവന്റെ മാറിൽത്തറച്ചു.

‘‘ ചതി. ഇതു ചതിയാണ്. ആണുങ്ങളുടെ യുദ്ധത്തിൽ ചതിയില്ല’’. കണ്ടർ മേനോൻ മുന്നോട്ടു കുതിച്ച് ഇത്താപ്പുവിനടുത്തെത്തി. നെഞ്ചിലൂടെ ചോരയൊലിക്കുകയാണ്. 

‘‘ അച്ഛൻ പേടിക്കണ്ട. ഞാൻ തളരില്ല. ഇനി കുറച്ചു ദൂരമേയുള്ളൂ നമുക്ക്’’.

മോനേ, നീ ഈ മാറിലേക്കു ചായ്’’.

അയാൾ പരിചകൊണ്ടു മകനെ കോരിയെടുത്തു നെഞ്ചിലേക്കു കിടത്തി.  ശത്രുക്കൾ ആഞ്ഞടുക്കുന്നുണ്ട്. പക്ഷേ, കണ്ടർ മേനോന്റെ വാൾത്തലയാണു അവരോടൊല്ലാം സംസാരിക്കുന്നത്. മകനൊന്നും പറ്റാത്ത വിധം അയാൾ യുദ്ധം ചെയ്തു. 

‘‘ അച്ഛാ എന്റെ ക്ഷീണം തീർന്നു. ഞാൻ നിലപാടു തറയിലേക്കു കുതിക്കും. അച്ഛൻ പിന്നാലെ വാ’’.

ഇത്താപ്പു ഉറുമി വീശി ആകാശത്തിലൂടെ കുതിച്ചു. ശത്രുസൈന്യത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ അവൻ നിലപാടുതറയിലെത്തി. മിന്നായം പോലെയാണ് അവന്റെ ഉറുമി പായുന്നത്. ആർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല. കടത്തനാടൻ കളരിയിലെ എല്ലാ അഭ്യാസവും ചെറുപ്രായത്തിൽ തന്നെ പഠിച്ചവനാണ്. അവൻ ഉറുമി വലിച്ചെറിഞ്ഞു വാളൂരി. മുന്നിൽ സാമൂതിരി മാത്രം. ബാക്കിയെല്ലാവരും അവനെ പേടിച്ചു പിന്മാറിക്കഴിഞ്ഞു.

ഇത്താപ്പു ആഞ്ഞുവെട്ടി. എല്ലാവരും ഞെട്ടിനിൽക്കേ സാമൂതിരി പിറകോട്ടു മറിഞ്ഞുവീണു. ഇത്താപ്പുവിന്റെ വെട്ടേറ്റു തൂക്കുവിളക്കു താഴെ വീണു. സാമൂതിരിക്ക് എഴുന്നേൽക്കാൻ അവസരം കിട്ടുംമുൻപേ ഇത്താപ്പു വാളുയർത്തി. അയ്യോ എന്ന് എല്ലാവരും അലറി. പക്ഷേ, നിമിഷനേരം കൊണ്ട് ഇത്താപ്പു താഴെ വീഴുന്നതാണു കണ്ടത്. പിന്നിൽ നിന്നുള്ള കുത്തേറ്റ് അവൻ നിലംപതിച്ചു.  മാടപ്പുറത്ത് ഉണ്ണിരാമനാണ് ഒളിച്ചുനിന്നുകൊണ്ട് അവനെ ചതിച്ചത്. 

‘‘ ഇത്താപ്പൂ...’’. കണ്ടർ മേനോൻ ഉറക്കെ വിളിച്ചു. 

‘‘ ആണുങ്ങൾക്കു പറഞ്ഞതല്ല ഇപ്പോ കാണിച്ചതൊന്നും’’. എന്നു പറഞ്ഞുകൊണ്ട് അയാൾ ഈറ്റപ്പുലിയെ പോലെ മുന്നോട്ടേക്കു കുതിച്ചു. 

നമ്പ്രോളി വൈദ്യരാണ് അയാളെ തടയാൻ വന്നത്. 

‘‘ എന്റെ നാടിനും രാജാവിനും വേണ്ടിയാണു ഞാന്വന്നത്. എന്റെ മകനെ ചതിച്ചുകൊല്ലുന്നതിനു സാക്ഷിയാകേണ്ടി വന്നു. പോരിൽ ആണുങ്ങളെ പോലെ വേണം പോരാടാൻ’’. കണ്ടർ മേനോന്റെ വേഗം തിരിച്ചറിയാൻ വൈദ്യർക്കായില്ല. അയാൾ ചേമ്പിൻതാൾ വീഴുംപോലെ താഴെയെത്തി. 

‘‘ മകനെ ചതിച്ചുകൊല്ലാൻ പറ്റിയെങ്കിൽ നിങ്ങളെയും ചതിച്ചുകൊല്ലാൻ ഞങ്ങൾക്കാവും മേനവനേ’’– ചേറ്റായ പണിക്കരാണു വാളുമായി മുന്നോട്ടു ചാടിയത്. എല്ലാവരും നോക്കിനിന്നുപോയ ഒരു പോരായിരുന്നു അവിടെകണ്ടത്. പണിക്കർ എന്തൊക്കെ ചെയ്തിട്ടും മേനോനെ തൊടാൻ കഴിയുന്നില്ല. ഒടുവിൽ പറഞ്ഞതുപോലെ അയാൾ അതു ചെയ്തു. ഒന്നു താഴ്ന്നിരുന്നു കണ്ടർ മേനോന്റെ തുടയ്ക്ക് ആഞ്ഞുവെട്ടി. 

‘‘നെറികെട്ടവനേ, നീയൊക്കെ പോരാളിയാണോ’’. കണ്ടർ മേനോൻ വീഴ്ചയിൽ തന്നെ കാലുയർത്തി അയാെള ചവിട്ടി. കഴുത്തിനു ചവിട്ടേറ്റു പണിക്കർ താഴെ വീണു. ഒന്നു പിടയാൻ പോലും കഴിഞ്ഞില്ല. അതിനു മുൻപേ അയാളുടെ ശ്വാസം നിലച്ചിരുന്നു.

‘‘ ചതിയാണെങ്കിൽ ഞങ്ങൾക്കെപ്പോഴോ രാജാവിനെ കൊല്ലാമായിരുന്നു’’. കണ്ടർ മേനോൻ താഴെ വീണു.

കിട്ടിയ തക്കത്തിനു ഒരുപടയാളി ഓടിയെത്തി അയാളുടെ നെഞ്ചിൽ കത്തി കുത്തിയാഴ്ത്തി. 

അതോടെ കണ്ടർ മേനോനും വീരസ്വർഗം പ്രാപിച്ചു. സൈന്യം ആർത്തുവിളിച്ചു.

 

ഭാരതപ്പുഴയോരത്ത്, തിരുനാവായ മണപ്പുറത്ത് നൂറ്റാണ്ടുകൾക്കു മുമ്പ് നടന്ന മാമാങ്കം ഉത്സവത്തിന്റെ ചരിത്രം തേടുകയാണ് ‘ മാമാങ്കം ’ എന്ന പുസ്തകം. ചരിത്രവും പുരാവൃത്തവും ഭാവനയും ഒന്നിക്കുന്ന രീതിയിലാണു ചരിത്ര സംഭവത്തെ അവതരിപ്പിക്കുന്നത്. 

 

എന്തായിരുന്നു മാമാങ്കം? എന്നു തുടങ്ങി? ആരു തുടങ്ങി? എന്ന് അവസാനിച്ചു? ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണ്. ഈ ചോദ്യങ്ങളിലേക്കെല്ലാം ഇറങ്ങിച്ചെല്ലുമ്പോൾ എത്തിച്ചേരുന്നതു കുറേ കെട്ടുകഥകളിലേക്കും അൽപം ചരിത്രത്തിലേക്കുമാണ്. 

മാമാങ്കം എന്നു പറയുമ്പോൾ ആദ്യം മനസ്സിലേക്കെത്തുക അങ്കക്കലിമൂത്ത ചാവേറുകളായിരുന്നു. രാജാവിനായി സ്വന്തം ജീവൻ പണയംവച്ച് ആയുധവുമായി ഇറങ്ങുന്ന കുറേ ചെറുപ്പക്കാർ. ഏറെ സാഹസികമായ അവരുടെ പോരാട്ടങ്ങൾ. മാമാങ്കത്തിന്റെ വേരിൽ നിന്നു മുകളിലേക്കെത്തുമ്പോൾ ഈയൊരു ചോരപൊടിഞ്ഞ കഥകളിലാണു നാം എത്തുക. ഒരു ഭാഗത്തു സാമൂതിരി രാജാവ്. എതിർഭാഗത്ത് വള്ളുവനാട് രാജാവ്. മാമാങ്കത്തിന്റെ നടത്തിപ്പ് വള്ളുവനാടു രാജാവിൽ നിന്നു സാമൂതിരി പിടിച്ചടക്കുന്നു. പന്ത്രണ്ടു വർഷത്തിനു ശേഷം വരുന്ന അടുത്ത മാമാങ്കത്തിൽ വള്ളുവനാട്ടെ പോരാളികളായ ചെറുപ്പക്കാർ ചാവേറുകളായി സാമൂതിരിയെ കൊല്ലാനെത്തുന്നു. ഇയ്യാമ്പാറ്റകളുടെ ആയുസ്സുള്ള അവർ നൂറുകണക്കിനു ഭടന്മാരോടു പോരാടി തിരുനാവായ മണപ്പുറത്തു മരിച്ചുവീഴുന്നു. സാഹസികവും സഹതാപവുമെല്ലാം നിറഞ്ഞുനിൽക്കുന്ന വിവരണം. പക്ഷേ, ഇതുമാത്രമായിരുന്നോ മാമാങ്കം?

ആദ്യകാല കേരളചരിത്രത്തിലേക്കു വെളിച്ചം വീശുന്നതാണു മാമാങ്കം ഉത്സവം. അതൊരു ചോരക്കളി മാത്രമായിരുന്നില്ല. ഇപ്പോഴത്തെ കേരളത്തിലുള്ള ഭൂരിഭാഗം പ്രദേശങ്ങളിലെയും ജനങ്ങൾ പങ്കെടുക്കുന്ന വ്യാപാര ഉത്സവം കൂടിയായിരുന്നു. ഒരേ സമയം ദൈവികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കാവുന്നതാണു മാമാങ്കചരിത്രം.

മലയാള മനോരമ പ്രസിദ്ധീകരിച്ച ‘മാമാങ്കം’ ടി. അജീഷാണ് രചിച്ചിരിക്കുന്നത്. 

ഇത്താപ്പു, ചന്തുണ്ണി എന്നീ രണ്ടു ചാവേറുകളുടെ പോരാട്ടം വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിരത്തും.

മാമാങ്കം പുസ്തകം ഒാൺലൈനായി വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com