ADVERTISEMENT

എവിടെയാണീ മുഖത്തിന്റെ സങ്കടം

പതിയിരിക്കുന്ന ഗൂഢസ്ഥലങ്ങള്‍ ? 

തരിവെളിച്ചം മിനുങ്ങും കവിളിലോ 

ചെവിപ്പിന്നിലേക്കിവളൊതുക്കിയ

മുടിത്തുമ്പിലോ ? 

തെരയുവാന്‍ വന്ന രാത്രിക്കു മുന്നിലും

പതറിടാതിവള്‍ നില്‍ക്കുന്നു സുസ്മിതം

മുഖത്തിന്റെ സങ്കടം പതിയിരിക്കുന്ന ഗൂഢസ്ഥലങ്ങള്‍ തേടിയാണ് രാത്രി വന്നത്. കവിളിലില്ല, മുടിത്തുമ്പില്‍ പോലുമില്ല. അവള്‍ നില്‍ക്കുന്നതോ, പതറാതെ. സുസ്മിതത്തോടെ. ഒരു സ്ത്രീയുടെ ദുഃഖത്തെക്കുറിച്ചാണ് കവിതയെങ്കിലും ഒരു വാക്കിലും വരിയില്‍പ്പോലും ദുഃഖമോ വിഷാദമോ പ്രകടമല്ല. കവിത ഉള്ളിലുണര്‍ത്തുന്നതോ ഒരു ചിരിയും. ഒരു നിഗൂഢസ്മിതം. ഉത്തരം പറയാന്‍ ബാധ്യതയില്ലാത്ത ചോദ്യങ്ങളുയര്‍ത്തുന്ന ഈ കവിത മലയാള കവിതയുടെ പാരമ്പര്യത്തില്‍നിന്നു മാറിനില്‍ക്കാന്‍ ധൈര്യം കാണിക്കുന്നുണ്ട്. വിഷയത്തില്‍ മാത്രമല്ല, അവതരണത്തിലും കവിത സൃഷ്ടിക്കുന്ന അനുഭൂതിയിലും പുതിയൊരു ഭാവുകത്വമാണ് ലക്ഷ്യം. കനം കുറവെന്നു തോന്നിപ്പിച്ചുകൊണ്ട് കവിതയുടെ കനം കുറയാതെ നോക്കുന്ന വരികള്‍. ഈ കവിതയ്ക്കും  അതിന്റെ കവിക്കുംമലയാളത്തിന്റെ സാഹിത്യ ചരിത്രത്തില്‍ സ്ഥാനമുണ്ട്. 2000-ല്‍ പ്രസിദ്ധീകരിച്ച രാമന്റെ ‘കനം’ എന്ന കവിതാ സമാഹാരത്തിനു രണ്ടാം പതിപ്പ്. പാരമ്പര്യത്തില്‍നിന്നു മാറിയും ആധുനികതയോടു വിഘടിച്ചും പുതിയൊരു സൗന്ദര്യ സംസ്കാരം വിളംബരം ചെയ്യുന്ന പുതുകവിത മലയാളം ഏറ്റെടുത്തതിനു തെളിവ്. 

മലയാള കവിതയുടെ 800 കൊല്ലത്തെ ചരിത്രത്തെ ധര്‍മ-അധര്‍മ ബോധങ്ങളുടെ സംഘര്‍ഷചരിത്രമായാണ് രാമന്‍ വായിക്കുന്നത്. ഓരോ കവിയുടെയും ഉത്കണ്ഠകൾ വെവ്വേറെ ആയിരിക്കാം. പക്ഷേ, ഈ ധര്‍മ സംഘര്‍ഷത്തില്‍നിന്ന് അവര്‍ക്കു വിടുതലില്ല. അതായത് കവിതയ്ക്ക് കനത്തില്‍ എന്തെങ്കിലും വേണമെന്നാണ് ഒരു ധാരണ. അത് എത്രത്തോളം വലിയ ധാര്‍മിക സംഘര്‍ഷമാകുന്നോ അത്രയും നന്ന്. വായനക്കാരനെ അസ്വസ്ഥനാക്കി, അവന്റെ മാനസിക ചക്രവാളത്തില്‍ ചുഴലിക്കാറ്റുപോലെ നാശങ്ങള്‍ വിതയ്ക്കുന്നതാകണം കവിത എന്നൊരു ധാരണ എങ്ങനെയോ ഉറച്ചുപോയി. മൂല്യങ്ങളോടു ചേര്‍ന്നുനില്‍ക്കുമ്പോഴും മൂല്യങ്ങളെ നിരസിക്കുമ്പോഴും ഈ ധാര്‍മിക ബാധ്യതയില്‍നിന്നു മുക്തമാകാത്ത കവിതയാണ് മലയാളി വായിച്ചിരുന്നത്. മൂല്യങ്ങളെ നിരസിക്കുന്നതു പോലും ആധുനിക കാലത്ത് മറ്റൊരു മൂല്യമായി മാറ്റപ്പെടുകയായിരുന്നല്ലോ. ഈ മൂല്യ വ്യവസ്ഥയില്‍നിന്നു മാറിനില്‍ക്കാനാണ് പി. രാമന്‍ ശ്രമിക്കുന്നത്; ധാര്‍മിക ഊന്നലുകളില്ലാതെ കവിതയെഴുതാന്‍, ആധിയില്ലാതെ ആധി അവതരിപ്പിക്കാന്‍, ഒന്നിന്റെയും ഭാഗമാകാതെ, ഒന്നിന്റെകൂടെയും ചേര്‍ന്നുനില്‍ക്കാതെ തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായ കവിതയുടെ സൗന്ദര്യം അവതരിപ്പിക്കാന്‍. രാമന്റെ ശ്രമം സഫലമായതിന്റെ അടയാളമാണ് കനം എന്ന കവിതാ സമാഹാരം; അതിനു മലയാളികളില്‍നിന്നു കിട്ടിയ വരവേല്‍പ്. 

ഈ കുളത്തിലെ 

കല്‍പടവുകളെ 

പച്ചവെള്ളം 

മറന്നിട്ടുപോയി. 

മറന്നുവച്ചത് 

തിരിച്ചെടുക്കാന്‍ 

മഴക്കാലം 

വരവായി. 

ഇവിടെ കവിത ധാര്‍മികമോ അധാര്‍മികമോ അല്ല. കാല്‍പനികമോ അകാല്‍പനികമോ അല്ല. സുന്ദരമോ വിരൂപമോ അല്ല. കവിത കവിത മാത്രം. കവി കവി മാത്രം. പ്രതിബദ്ധതയില്ലാത്ത, സാമൂഹികമായ ഉത്കണ്ഠകളില്ലാത്ത, ഭാവിയെക്കുറിച്ച് ആശങ്കയില്ലാത്ത, ചരിത്രത്തെക്കുറിച്ച് വേദനയില്ലാത്ത വെറും കവി. ഒറ്റയ്ക്കു നില്‍ക്കാന്‍ പേടിയില്ലാത്ത കവി. ഒറ്റയ്ക്കു നിന്നാലും ഒരു കാറ്റിലും വീണുപോകാത്ത എല്ലുറപ്പുള്ള കവി.

 

ഓര്‍മകള്‍ എന്നെക്കുറിച്ചു ചോദിച്ചാല്‍ 

നീ അവക്കെന്തു ശിക്ഷ കൊടുക്കും ? 

നേരമായ് തീരുമാനിക്കാന്‍.

എന്നെയന്വേഷിച്ച് ഇറങ്ങിയിട്ടുണ്ടവ.  

നാലുവഴിക്കും 

വീടു വീടാന്തരം കേറുന്ന കൂട്ടത്തില്‍ 

നിന്റെയടുത്തും വരാതിരിക്കില്ല. 

 

 

English Summary : Book Review of P. Raman's 'Kanam'

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com