sections
MORE

കടലില്‍ ചേരാത്ത പുഴകള്‍

HIGHLIGHTS
  • സ്വന്തം സത്വമന്വേഷിച്ച് അലയുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ
  • വായന അവശേഷിപ്പിക്കുന്നതോ ജീവിതം വിചാരിച്ചതേക്കാള്‍ എത്രയോ സങ്കീര്‍ണമെന്ന തിരിച്ചറിവിലും
book-review-puzhakalum-kadalum-special-image
SHARE
എസ്.ജയചന്ദ്രന്‍ നായര്‍

കറന്റ് ബുക്സ്, തശൂര്‍

വില 180 രൂപ രൂപ

ഒരു റെയില്‍വേ സ്റ്റേഷനിലാണ് പുഴകളും കടലും എന്ന നോവല്‍ തുടങ്ങുന്നത്. കൊളോനിയല്‍ വാഴ്ചയുടെ ഓര്‍മകള്‍ പേറുന്ന കരിങ്കല്ലില്‍ നിര്‍മിച്ച റെയില്‍വേ സ്റ്റേഷന്‍ മന്ദിരം. നഗരഹൃദയത്തില്‍ ഒറ്റപ്പെട്ട് ഒരു കോട്ട പോലെ. മുന്‍വശത്ത് വൃത്താകൃതിയില്‍ ഒരു നാഴികമണി. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ആ നാഴിക മണിയുടെ പശ്ചാത്തലത്തില്‍ ആയിരങ്ങളാണ് ജീവിത ഭാഗധേയം തേടി ഓരോ ദിവസവും ആ റെയില്‍വേ സ്റ്റേഷനിലൂടെ കടന്നുപോകുന്നത്. നഗരത്തിലേക്ക് പ്രവേശിക്കുന്നതും നഗരത്തോട് സ്ഥിരമായും താല്‍ക്കാലികമായും യാത്ര പറഞ്ഞ് കടന്നുപോകുന്നതും. നഗരത്തിരക്കിലേക്ക് ഇറങ്ങുന്ന ഒരു പത്രപ്രവര്‍ത്തകനിലൂടെ സ്വന്തം സത്വമന്വേഷിച്ച് അലയുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുകയാണ് എസ്.ജയച്ചന്ദ്രന്‍ നായര്‍ എന്ന പത്രപ്രവര്‍ത്തകന്‍. മുറിഞ്ഞുപോയ യാത്ര എന്ന അധ്യായത്തില്‍ തുടങ്ങി ഒടുവില്‍ എന്ന അധ്യായത്തില്‍ അവസാനിക്കുന്ന ആലോചനാമൃതമായ നോവല്‍. 

ആദ്യ അധ്യായത്തില്‍ നഗരത്തിലേക്ക് പ്രവേശിക്കുകയാണ് രാധാകൃഷ്നെന്ന പത്രപ്രവര്‍ത്തകനെങ്കില്‍ അവസാന അധ്യായത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്കാണോ ബസ് സ്റ്റേഷനിലേക്കാണോ നടക്കേണ്ടത് എന്ന സന്ദിഗ്ധാവസ്ഥയിലാണയാള്‍. അയാള്‍ അഴിക്കാന്‍ ശ്രമിച്ച കുരുക്കുകള്‍ കൂടുതല്‍ മുറുകുന്നു. പരിചിതരായവര്‍ പോലും സങ്കീര്‍ണ വ്യക്തിത്വങ്ങളായി മാറുന്നു. തീരൂമാനങ്ങള്‍ പലതും ഓര്‍മയില്‍ നോവിപ്പിക്കുന്നു. ഇങ്ങനെയായിരുന്നില്ല ജീവിതം വേണ്ടിയിരുന്നതെന്ന മനസ്സിന്റെ കുറ്റപ്പെടുത്തലും. രാധാകൃഷ്ണന്റെ മനോവിചാരങ്ങളിലൂടെ ജീവിതത്തെക്കുറിച്ചുള്ള സമസ്യകള്‍ക്ക് ഉത്തരം തേടുകയാണ് ജയച്ചന്ദ്രന്‍ നായര്‍. 

നല്ലൊരു ചിന്തകനും നല്ലൊരു എഴുത്തുകാരനും ചേരുമ്പോഴാണ് മികച്ച പത്രപ്രവര്‍ത്തകന്‍ ജനിക്കുന്നത്. പോളണ്ടുകാരനായ റിസാര്‍ഡ് കപുചെന്‍സികിയെപ്പോലെ. ഇരുണ്ട ഭൂഖണ്ഡമെന്ന് വെള്ളക്കാരന്‍ അപഹസിച്ചിരുന്ന ആഫ്രിക്കയുടെ സ്വത്വം ലോക മനസാക്ഷിയില്‍ മായാതെ രേഖപ്പെടുത്തിയ പത്രപ്രവര്‍ത്തകന്‍. അനുഭവങ്ങളുടെ ഊഷ്മളത കൊണ്ട് ആവി പാറുന്നവയായിരുന്നു അദ്ദേഹം എഴുതിയതെല്ലാം. പ്രത്യേകിച്ചു യാത്രവിവരണങ്ങള്‍. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന്  അദ്ദേഹത്തിന്റെ കൃതികള്‍ പരിഗണിക്കപ്പെട്ടിരുന്നു. അവയൊക്കെ വായിക്കാനും ആസ്വദിക്കാനും ഒരു പ്രത്യേക മനോനില വേണം. സഹജീവികളെ മനസ്സിലാക്കാനും അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും ഉള്‍ക്കൊള്ളാനുള്ള മനസ്സ്. ആ മനസ്സ് സ്വന്തമായുള്ളവര്‍ അസ്വസ്ഥരായിരിക്കും. ആ അസ്വസ്ഥത തന്നെയാണ് അവരെ മനുഷ്യരാക്കുന്നതും. 

കഥാപാത്രങ്ങളും വ്യത്യസ്തമായ കഥകളും പുഴകളും കടലും എന്ന നോവലില്‍ ജയചന്ദ്രന്‍ നായര്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും നോവലിന്റെ പശ്ചാത്തലത്തിലുള്ള ആത്മീയമായ അന്വേഷണമാണ് ശ്രദ്ധേയം. ഭൂതകാലത്തിന്റെ വന്‍ എടുപ്പുകളില്‍നിന്ന് മോചനം തേടി സ്വന്തം സത്വമന്വേഷിച്ചലയുന്നവര്‍ നാട്ടുനന്‍മകളുടെ കുളിരിലേക്ക്  തിരിച്ചുനടക്കുന്ന വായനാനുഭവമാണ് പുഴകളും കടലും പകരുന്നത്. അച്ഛനില്‍നിന്ന് അകന്നുപോയ മക്കള്‍ വീണ്ടും അച്ഛനിലേക്ക് എത്തുന്നു. എല്ലാ പുഴകളും ചുഴികളും അഗാധ കുഴികളും കുണ്ടുകളുമായി ഒഴുകി വലിയൊരു തിരയില്‍ ലയിക്കുന്നു. ജീവിതയാത്ര ആത്മീയമായ അന്വേഷണമായി മാറുമ്പോള്‍ പുഴകളും കടലും ആനന്ദിപ്പിക്കുന്നതേക്കാള്‍ ആലോചിപ്പിക്കുകയാണ് ചെയ്യുന്നത്. നാടകീയതകളോ സംഘര്‍ഷങ്ങളോ സമരങ്ങളോ തീക്ഷ്ണമായ വൈകാരിക മുഹൂര്‍ത്തങ്ങളോ ഈ നോവലില്‍ പ്രതീക്ഷിക്കരുത്. ആദ്യാവസാനം മുന്നോട്ടുനയിക്കുന്നത് വിഷാദത്തിന്റെ ഇഴ പാകിയ ചിന്തയുടെ ഒരു നൂലാണ് കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. വായന അവശേഷിപ്പിക്കുന്നതോ ജീവിതം വിചാരിച്ചതേക്കാള്‍ എത്രയോ സങ്കീര്‍ണമെന്ന തിരിച്ചറിവിലും. എങ്കിലും സ്നേഹവും കാരുണ്യവും സഹാനുഭൂതിയും ജീവിതത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ ദീര്‍ഘദര്‍ശനത്തോട് അവതരിപ്പിക്കാന്‍ ജയചന്ദ്രന്‍ നായര്‍ക്ക് കഴിയുന്നുണ്ട്. ഒരു സാധാരണ നോവലിലി‍നിന്ന് പുഴകളെയും കടലിനെയും വ്യത്യസ്തമാക്കുന്നതും ആ ദീര്‍ഘദര്‍ശനം തന്നെ. 

English Summary: Puzhakalum Kadalukalum - Novel by S. Jayachandran Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA