ADVERTISEMENT

വായനയ്ക്കിടെ കഥാപാത്രം പരിചിതനോ അടുത്തറിയാവുന്നവരോ അല്ലെങ്കിൽ സ്വയം തന്നെയോ ആണെന്നു തിരിച്ചറിയുന്നത് എഴുത്തിന്റെ ഇന്ദ്രജാലമാണ്. ഒരാളുടെ സങ്കടങ്ങളെയോ സന്തോഷങ്ങളെയോ ആശങ്കകളെയോ മറ്റുള്ളവരുടേതുമാക്കാനുള്ള കഴിവും എഴുത്തിനുണ്ട്. വായിക്കുന്ന കഥ, എഴുതാൻ കൊതിച്ച കഥയാണെന്ന തിരിച്ചറിവിൽ എത്തുമ്പോഴേക്കും വായന സ്വയം വായനയും എഴുത്തുകാരൻ ആത്മബന്ധമുള്ള വ്യക്തിയുമായി മാറുന്നു. അപൂർവം എഴുത്തുകാരുമായി മാത്രമാണ് ഇത്തരമൊരു ഐക്യപ്പെടൽ ഉണ്ടാകുന്നത്. എഴുത്തുകാരും വായനക്കാരും ഒരുമിക്കുന്ന സൗഹൃദത്തിന്റെയും അടുപ്പത്തിന്റെയും ശാദ്വല തീരം. മഞ്ഞോ മഴയോ വെയിലോ നിലാവോ പോലെ അത്രമേൽ അടുത്തും അനിവാര്യവുമാകുന്ന എഴുത്ത്. മലയാളത്തിൽ ഈ അദ്ഭുതം അനുഭവപ്പെടുന്ന എഴുത്തുകാരിൽ പ്രമുഖനാണ് അയ്മനം ജോൺ. കഥകൾ മാത്രം എഴുതുകയും തന്റേതായ ലോകത്ത് ഉറച്ചുനിൽക്കുകയും ചെയ്ത കഥാകൃത്ത്. ആധുനികത മുടിയഴിച്ചാടിയ പ്രക്ഷുബ്ധ കാലത്തിലും ശാന്തമായും സൗമ്യമായും കഥയെ സമീപിക്കുകയും മൗനത്തിന്റെ ആഴവും അർഥത്തിന്റെ ഗാംഭീര്യവും സ്വതസിദ്ധമായ ശൈലിയിലൂടെ ബോധ്യപ്പെടുത്തുകയും ചെയ്ത എഴുത്തുകാരൻ. 1972 ലെ ക്രിസ്മസ് മരത്തിന്റെ വേരുമുതൽ 2015 വരെ അയ്മനം ജോൺ എഴുതിയ കഥകളുടെ സമാഹാരം വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. കഥാസമാഹാരത്തിന്റെ രണ്ടാം പതിപ്പും പുറത്തുവന്നിരിക്കുന്നു. 

 

മൗനപ്രാർഥന പോലെയാണ് അയ്മനത്തിന്റെ എഴുത്ത്. സ്വകാര്യവും സ്വാഭാവികവും ആത്മാവിൽ നിന്ന് ഉടലെടുക്കുന്നതും. ആരവങ്ങളേക്കാൾ പ്രാധാന്യം മൗനത്തിനാണ്. എന്നാല്‍ ആ മൗനമാകട്ടെ ആരവങ്ങളെപ്പോലും ഉള്‍ക്കൊള്ളുന്നതും. കറുപ്പും കാലുഷ്യവുമില്ലാത്ത വാക്കുകള്‍. തെളിഞ്ഞ മനസ്സിന്റെ ചിന്തകള്‍. ഓരോ വാക്കും വാചകവും വായിക്കുമ്പോള്‍ കണ്ണാടി നോക്കുന്നതുപോലെ സ്വന്തം മനസ്സിനെ പ്രതിഫലിപ്പിക്കുന്ന മാന്ത്രികത. 

അസാധാരണ മുഴക്കം അനുഭവപ്പെടുന്ന ആ വാക്കുകൾ അഴമുള്ള കിണറ്റിലേക്കെന്നതുപോലെ മനസ്സിൽ ആഴങ്ങളിൽ വീണ് അനേക നാളുകളോളം ഓളങ്ങൾ ഇളക്കിക്കൊണ്ടേയിരിക്കുന്നു. ചിരിക്കാനോ കരയാനോ പ്രേരിപ്പിക്കാത്ത അദ്ദേഹത്തിന്റെ കഥകൾ അതിവേഗം മറവിയുടെ കൂടാരം കയറുന്നതിനുപകരം മനസ്സിൽ തമ്പടിച്ചു താമസമാക്കുകയും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നു.  വികാരങ്ങളിലും വിചാരങ്ങളിലും അസാധാരണമായ പ്രകമ്പനങ്ങൾക്കു തിരികൊളുത്തുന്നു. 

 

2003 ൽ അയ്മനം ജോൺ എഴുതിയ കഥയാണ് ‘അടിയന്തരാവസ്ഥയിലെ ആന’. കാർഷിക വൃത്തിയെ ആശ്രയിച്ചു ജീവിച്ച ഒരു കുടുംബത്തിന്റെ സാധരണ കഥ. 1975 നെ ആ കുടുംബം ഓർക്കുന്നതുതന്നെ അടിയന്തരാവസ്ഥ തുടങ്ങിയ വർഷം എന്ന നിലയിലല്ല., അച്ഛൻ ആനയെ വാങ്ങിയ വർഷമെന്നാണ്. മികച്ച വിളവ് കിട്ടിയ ഒരു വർഷത്തിനൊടുവിൽ അമമയാണ് ആനയെ വാങ്ങിക്കുക എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. അതുവരെയും ദുരാഗ്രഹങ്ങളൊന്നുമില്ലാതെ അച്ഛനു തണലും മക്കൾക്ക് ആശ്രയവുമായി ജീവിച്ച അമ്മ പെട്ടെന്നൊരുനാൾ ആനയ്ക്കുവേണ്ടി വാശിപിടിക്കുന്നതോടെ അച്ഛന്റെ താളം തെറ്റുന്നു. ആനയെ വാങ്ങി പാപ്പാനൊപ്പം വീട്ടിലെത്തിച്ചതിന്റെ പിറ്റേദിവസം അച്ഛൻ അപ്രത്യക്ഷനാകുകയാണ്. അടുത്ത കാൽനൂറ്റാണ്ട് കുടുംബം അച്ഛനുവേണ്ടി നടത്തുന്ന തിരച്ചിൽ. ആ കാലത്തിനിടെ കുടുംബത്തിലും ഗ്രാമത്തിലും സംഭവിച്ച നാടകീയ മാറ്റങ്ങൾ. 25 വർഷത്തിനുശേഷവും തിരോധാനം ഉത്തരം കിട്ടാതെ ശേഷിക്കെ അതുയർത്തുന്ന പ്രശ്നങ്ങളും വെല്ലുവിളികളും. കുറച്ചു വാക്കുകളിൽ അയ്മനം എഴുതിയ കഥയിൽ നമ്മുടെ രാജ്യത്തിന്റെ കഥയുണ്ട്. പിതാവ് എങ്ങോട്ടിന്നില്ലാതെ അനാഥമായിപ്പോയ ഒരു രാജ്യത്തിന്റെ ദയനീയതയുണ്ട്. ദുരാഗ്രഹത്തിലൂടെ ഒരു കുടുംബത്തിന്റെ സമാധാനം തകർത്തതിലൂടെ സംഘർങ്ങൾ വേട്ടയാടുന്ന ഒരു നാടിന്റെ കഥയുണ്ട്. അലയുന്ന മക്കളുടെ, നീതി കിട്ടാത്ത ആത്മാവിന്റെ അന്തഃസംഘർഷങ്ങളുടെ നോവലും നീറ്റലുമുണ്ട്. തിരോധാനം മരണത്തേക്കാൾ വലിയൊരു ദാർശനിക പ്രശ്നമാണ്. മരണം ഒരുത്തരമാണെങ്കിൽ തിരോധാനം ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ പ്രവാഹമാണ്. അത് അനുഭവിച്ചുതന്നെ അറിയണം. അനുഭവിച്ചവർക്കുമാത്രം അറിയാവുന്ന നോവാണത്. ആ നോവു പകര്‍ത്തുന്ന കഥയിലെ വാചകങ്ങള്‍ കവിതയോടടുക്കുന്ന ഭാഷയില്‍ അയ്മനം അവതരിപ്പിക്കുന്നു. 

 

തിരോധാനം ചെയ്യപ്പെട്ട വ്യക്തി മരണത്തിനും ജീവിതത്തിനുമിടെ ഒരു ട്രപ്പീസ് കളിക്കാരനെപ്പോലെയാവുന്നു. നിങ്ങൾ ആൾക്കുട്ടത്തിലൂടെ നടന്നുപോകുമ്പോൾ, മുന്നിൽ മുഖം കാട്ടിയിട്ട് പെട്ടെന്നൊളിച്ചോ പിന്നിൽ നിന്ന് നടന്നടുക്കുന്ന പിൻവിളി വിളിച്ചോ നിങ്ങളെ പരിഭ്രാന്തരാക്കുന്നു. അടുത്ത സ്റ്റേഷനിൽ വണ്ടി നിൽക്കുമ്പോൾ കയറിവന്ന്, നിങ്ങളുടെ അടുത്തോ എതിരയോ ഉള്ള ഒഴിഞ്ഞ സീറ്റിൽ ഇരിക്കുമെന്ന പ്രതീതിയുളവാക്കി യാത്രകളിൽ ഉദ്വേഗം നിറയ്ക്കുന്നു. നിങ്ങൾ വെളിച്ചമണച്ച് ഉറക്കം കാത്തുകിടക്കെ, ജനാലയ്ക്കപ്പുറത്തെ കൂരിരുട്ടിൽനിന്ന് മകനേ എന്നു വാത്സല്യത്തോടെ വിളിച്ചിട്ട്, നിങ്ങൾ ഉടനടി തെളിക്കുന്ന വെളിച്ചത്തിലേക്ക് അപ്രത്യക്ഷനാകുന്നു. പാലം കടന്നു തെറിച്ചൊഴുകുന്ന പുഴയുടെ കയത്തിൽ കിടന്നു കൈകാലിട്ടടിച്ചോ, താഴുന്ന മരക്കൊമ്പിൽ കെട്ടിയ കയറിന്റെ അറ്റത്തെ കുരുക്കിൽ കഴുത്തിട്ടു കാട്ടിയോ, ഓടുന്ന തീവണ്ടിക്കു മുന്നിലേക്കു ചാടാനാഞ്ഞോ നിങ്ങളെ ഉറക്കത്തിൽനിന്നു വിളിച്ചുണർത്തുന്നു. എന്നിട്ട് ഏകാന്തമായ ഒരു ക്ഷേത്രമൈതാനത്തിലെ ആൽത്തറയിൽ ഒറ്റയ്ക്കിരുന്നോ ആതുരാലയത്തിലെ കുഷ്ഠരോഗിയുടെ വ്രണം വൃത്തിയാക്കിക്കൊണ്ടോ, കുളിച്ചുകയറി സ്ാനനഘട്ടത്തിലെ പടവുകളിൽ വെയിൽ കാഞ്ഞിരുന്നുകൊണ്ടോ, നിങ്ങളെ നോക്കി ചിരിക്കുന്നു. കൊടുംങ്കാട്ടിൽ ഒളിച്ചുനിൽക്കുന്ന വന്യമൃഗത്തിന്റെ കണ്ണുകൊണ്ടെന്നപോലെ നിങ്ങളെയും നിങ്ങളുടെ ഓരോ ചലനത്തെയും നിരീക്ഷിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കെത്തന്നെ, അഗതികളുടെ ശ്മശാനത്തിലെ ഒരു മൺകൂനയുടെ മൗനം പൊടുന്നനെ മനസ്സിൽ ഇരുൾ നിറയ്ക്കുന്നു.

 

English Summary : Book Review - Aymanam Johninte Kathakal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com