sections
MORE

സാമ്പാറ് വെങ്കായം പൂണ്ട് വണ്ടി വറത്...പാരുങ്ക; ഉന്തുവണ്ടി പാടുന്ന ചെന്നൈ കവിത

chennai-book-review-vertical-image-01
SHARE

ഒരു നഗരത്തെ അറിയാന്‍ വഴി തെറ്റുക തന്നെവേണം. തെറ്റിയ വഴികളിലെ, എങ്ങോട്ടെന്നില്ലാത്ത യാത്രകളില്‍ കണ്ടുമുട്ടുന്ന ഓരോരുത്തരും ഒരു കഥയാണ്, കവിതയാണ്, ഇതിഹാസം തന്നെയാണ്. പറഞ്ഞുതീരാത്ത, പാടീത്തീരാത്ത ഇതിഹാസങ്ങള്‍.  

ഓരോ കാഴ്ചയും കണ്ടുപിടിത്തങ്ങളാണ്; കേള്‍വികള്‍ വെളിപാടുകളും. ഓരോ ചിരിയും രാഷ്ട്രീയമാണ്; വാക്കുകള്‍ വര്‍ത്തമാനങ്ങളും. ഉന്തുവണ്ടിയില്‍നിന്നുയരുന്ന കൂക്കിവിളികള്‍ക്കുപോലുമുണ്ട് കവിതയുടെ ഈണം, താളം. തെരുവു ഭരിക്കുന്ന ഭ്രാന്തന്റെ പിറുപിറുക്കലുകള്‍  നോവലുകളെക്കാള്‍ സമ്പന്നം. നഗരജീവിത വെളിച്ചങ്ങള്‍. ജീവിത നഗര രാത്രികള്‍. 

അങ്ങിനെയങ്ങിനെ...

അഴിഞ്ഞുപോയും 

കെട്ടുകള്‍ മുറുകിയും 

ഒന്നുമല്ലാതെ 

എല്ലാമാകുന്ന 

നമ്മുടെ ജീവിതം. 

ഇതു യാത്രകളുടെ കവിതയും വര്‍ത്തമാനവും. ചെന്നൈയുടെയല്ല, വഴിതെറ്റിയവര്‍, തെറ്റിയ വഴികളിലൂടെ കണ്ടെത്തിയ ചൈന്നൈയുടെ യാത്രാവിവരണം. ഇതാദ്യമായിരിക്കും വഴി തെറ്റിയ കവി, വഴി തെറ്റിയ നഗരത്തില്‍ തന്നെത്തന്നെ കണ്ടെടുക്കുന്നത്. സ്വന്തം നഗരത്തെ തിരിച്ചറിയുന്നത്. സ്വന്തം ഭ്രാന്തന്‍മാരെയും പുസ്തകങ്ങളെയും ഫില്‍റ്റര്‍ കോഫിയെയും...സ്വന്തം പ്രണയത്തെത്തന്നെയും തിരിച്ചറിയുന്നത്. 

വിട്ടുപോകുമ്പോള്‍ മാത്രം

വിവരണാതീതമാകുന്ന

അനുഭൂതിയാണ്

പ്രേമം. 

സ്നേഹത്തിന്റെ എല്ലാ സിഗ്നല്‍ ലൈറ്റുകളും നീയാകുന്നു. ചെന്നൈയാകുന്നു. കവിതയാകുന്നു. ക്ഷണികമായ ജീവിതം തന്നെയാകുന്നു. 

കവിതയും ജീവിതവും ഒന്നാകുമ്പോള്‍ പിറക്കുന്ന അദ്ഭുതമാണു നന്ദകുമാറിനു കവിത. ചെന്നൈയില്‍ വഴി തെറ്റിയ യാത്രയ്ക്കിടയില്‍ കണ്ടെടുക്കുന്ന കവിതയ്ക്കാകട്ടെ ദ്രാവിഡന്റെ കറുപ്പു കൂടിയുണ്ട്. വള്ളുവര്‍ക്കോട്ടത്തിന്റെ വീര്യമുണ്ട്, കോടമ്പാക്കത്തിന്റെ തിരിവുണ്ട്, കമല്‍ ഹാസന്റെ വാഴ്ത്തുണ്ട്, കലൈഞ്ജറുടെ കറുത്ത കണ്ണടയുണ്ട്, കാവല്‍ക്കാരന്റെ കര്‍ശന പരിശോധനയുള്ള ബ്രിട്ടിഷ് ലൈബ്രറിയുണ്ട്, മരണമില്ലാത്ത പെരിയവരായ സാക്ഷാല്‍ എംജിആറുണ്ട്, ‘ അമ്മ’ കന്റീനുണ്ട്. ഗംഗൈ അമ്മന്‍ കോയില്‍ നാലാം തെരു, വടപളനി, രാത്രി, പ്രണയത്തിന്റെ നീലിച്ച നഗരജീവിത രാത്രികള്‍. 

കഥയിലും നോവലിലും സ്വന്തമായ അടയാളങ്ങള്‍ മുദ്രവച്ച എഴുത്തിനു ശേഷമാണ് എം.നന്ദകുമാറിന്റെ കവിതാ സമാഹാരം വരുന്നത്. ചെന്നൈ: വഴിതെറ്റിയവരുടെ യാത്രാവിവരണം കവിതകളുടെ കൂട്ടായ്മയെന്നതിനേക്കാള്‍ ചെന്നൈയുടെ ചിതറിയ ചിത്രങ്ങളാണ്. ചെന്നൈയുടെ ചിന്ന, ചിന്ന മഴകള്‍. എല്ലാ കവിതയിലും ചെന്നൈയുണ്ട്. മദ്രാസും മദിരാശിയുമുണ്ട്. ഫില്‍റ്റര്‍ കോഫി ഷോപ്പുകള്‍. തൗസന്റ് ലൈറ്റ്സ്, റങ്കൂണ്‍ ചേരി, മറീന ബീച്ച്. എത്തിപ്പെടുന്ന ഇടങ്ങള്‍ പ്രസരിപ്പിക്കുന്ന പദാവലികളില്‍ മത്തുപിടിച്ചുള്ള അലച്ചിലുകള്‍. തെരുവുകളോടും ആളുകളോടുമുള്ള രാഗദ്വേഷങ്ങള്‍. തീക്ഷ്ണമാകുന്ന ചങ്ങാത്തങ്ങളും യാത്രപറച്ചിലുകളും. നേരും നെറിവുംകൊണ്ടു തുറക്കുന്ന മദിരാശി വാതിലുകള്‍. 

വിട്ടുപോകുമ്പോള്‍ മാത്രം തിരിച്ചറിയുന്ന ലഹരിയാണു പ്രണയമെന്നതുപോലെ പിരിഞ്ഞുപോകുമ്പോള്‍ മാത്രമാണു നഗരത്തെ അറിയുന്നതും ഉള്‍ക്കൊള്ളുന്നതും. തിരിച്ചുവരാന്‍ വേണ്ടിയാണെങ്കിലും യാത്ര പറയുമ്പോള്‍ അനാഥമാകുന്നതു നഗരമല്ല, ജീവിതം തന്നെയാണ്. നേര്‍ക്കാഴ്ചകളെക്കാള്‍ തെളിച്ചമുള്ള ഓര്‍മകളില്‍ അടിമുതല്‍ മുടി വരെ ആവേശിച്ച നഗരം അമര്‍ത്തിപ്പിടിക്കുന്നു, ആലിംഗനം ചെയ്യുന്നു. 

അഭിരാമി മൊഗാളിനു മുന്നില്‍ 

കാത്തുനില്‍ക്കുന്ന കാമുകന്റെ നിരാശ. 

അവന്‍ മൊബൈല്‍ കാമറ ഓണ്‍ ചെയ്യുന്നു. 

അടുത്തുനിന്നു വാലാട്ടുന്ന

ഏതോ പട്ടിയുടെ നേരെ തിരിക്കുന്നു: 

‘ ഇനി നീ അവള്‍ക്കിട്ടെ പേശ്’... 

നന്ദകുമാറിന്റെ ചൈന്നൈ കവിതയ്ക്കൊപ്പം എടുത്തുപറയേണ്ടതുണ്ട് കാര്‍ട്ടൂണിസ്റ്റ് ഇ.പി.ഉണ്ണിയുടെ രേഖാചിത്രങ്ങളെക്കുറിച്ച്. ചെന്നൈയുടെ സ്ഥലനാമപുരാണത്തിലൂടെ യാത്ര നടത്തി വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്ന ആളും ബാളും എന്ന ആമുഖത്തെക്കുറിച്ചും. 

ചെന്നൈ: വഴി തെറ്റിയവരുടെ യാത്രാവിവരണം

എം. നന്ദകുമാര്‍ 

ലോഗോസ് ബുക്സ്  

വില 80 രൂപ 

English Summary : Chennai, poem by M Nandhakumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA