sections
MORE

ഉരുട്ടിവച്ച പിണ്ഡച്ചോറ് അമ്മയുടെ സ്നേഹിതനുനേരെ എറിഞ്ഞ് കുട്ടി; നന്ദികേടിന്റെ ജന്മവൃത്തം പറഞ്ഞ് ഇരിക്കപ്പിണ്ഡം

c-v-sreeraman-book-vertical-image-01
SHARE

സി.വി.ശ്രീരാമന്റെ സമ്പൂര്‍ണ കഥകള്‍ 

കറന്റ് ബുക്സ്, തൃശൂര്‍ 

വില 2,000 രൂപ 

ആധുനികത കത്തിനിന്ന കാലമായിരുന്നു കേരളത്തിലെ എഴുപതുകള്‍. നിഷേധത്തിന്റെ കാലം; തിരസ്കാരത്തിന്റെയും. മാര്‍ഗങ്ങളെ വെടിഞ്ഞും, ലക്ഷ്യം മറന്നും അലച്ചിലിനെ ആത്മാവില്‍ ഏറ്റുവാങ്ങിയ കാലം. എഴുത്തില്‍ കീഴ്‍വഴക്കങ്ങള്‍ ലംഘിക്കപ്പെട്ട കാലം. പുതിയ കഥയും കഥാപാത്രങ്ങളും അരങ്ങുകീഴടക്കിയ കാലം. പുതിയൊരു ഭാവുകത്വം ചിന്തയെ കടന്നാക്രമിച്ച കാലം. അതേ കാലത്തുതന്നെയാണ് സി.വി.ശ്രീരാമന്‍ എഴുതിത്തുടങ്ങുന്നത്. 

പ്രായം നാല്‍പതുകള്‍ കഴിഞ്ഞതിനാല്‍ വൈകിയ തുടക്കം എന്നുതന്നെ അക്ഷരാര്‍ഥത്തില്‍ പറയാം. കാലാഹരണപ്പെട്ട റിയലിസത്തെയും ചെടിപ്പിച്ച കാല്‍പനികതയെയും കൈവൈടിഞ്ഞ് ഭാഷ ആധുനികതകയെ മുറുകെപ്പുണര്‍ന്ന കാലത്ത് ശ്രീരാമന്‍ എഴുതുത്തിടങ്ങിയതു പുതിയൊരു ശൈലിയില്‍. സങ്കേതങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കുമപ്പുറം അദ്ദേഹത്തിന്റെ ശൈലിയില്‍ തുടിച്ചുനിന്നതു ജീവിതം. 

അതുവരെയും ആരും പറയാത്ത ചിലരുടെ ജീവിതം. അവരുടെ പ്രശ്നങ്ങള്‍,സങ്കടങ്ങള്‍,സന്തോഷങ്ങള്‍. ആടയും ആഭരണങ്ങളുമില്ലാത്ത ഭാഷ. നാരായമുനകൊണ്ട് ഓലയില്‍ എഴുതുന്നതുപോലെ ശ്രീരാമന്‍ വാക്കുകളെ മനസ്സില്‍ കോറിയിട്ടു. ചോര പൊടിയുന്ന എഴുത്ത്. മുറിവേല്‍പിക്കുകയും മുറിവുണക്കുകയും ചെയ്യാത്ത വാക്കുകള്‍. എഴുത്തില്‍ സ്വയം കുരിശേറിക്കൊണ്ട് അദ്ദേഹം വാക്കുകള്‍ നിര്‍ലോഭം ചൊരിഞ്ഞു. വേദനയെങ്കിലും ആ വേദനയില്‍ മുഴുകാന്‍ പ്രലോഭിപ്പിച്ച വാക്കുകള്‍. ആദ്യത്തെ വെട്ടുതന്നെ ആഴത്തില്‍ കൊള്ളിച്ച് വാസ്തുഹാര. 1973-ല്‍ . പിന്നൈ, വൈകിയെത്തിയതിനു ക്ഷമാപണമായി കഥകളുടെ കുത്തൊഴുക്ക്. 

ഇരുന്നൂറ്റമ്പതോളം കഥകള്‍. ഓരോന്നും ഒന്നിനൊന്നു മികച്ചത്. എണ്ണം പറഞ്ഞ കഥകള്‍. ആധുനികത മങ്ങിമാഞ്ഞ് ഉത്തരാധുനികത വരികയും പുതിയ നൂറ്റാണ്ടില്‍ എഴുത്ത് വീണ്ടും റിയലിസത്തിലേക്കു മടങ്ങിപ്പോവുകയും ചെയ്തപ്പോഴും വായനക്കാരേറെയുണ്ട് ശ്രീരാമന്റെ കഥകള്‍ക്ക്. കടല്‍ക്കാറ്റേറ്റിട്ടും അഴിമുഖത്തെ കെട്ടുപോകാത്ത ഒറ്റവിളക്കാണ് ശ്രീരാമന്‍. കൂരിരുട്ടിലും സ്വന്തം പ്രഭ പരത്തുന്ന ഒറ്റനക്ഷത്രം. 

മലയാളത്തിന്റെ ഐശ്വര്യവും സൗന്ദര്യവും അഭിമാനവും സ്വകാര്യ അഹങ്കാരവുമായ കഥകള്‍. മൂന്നു പതിറ്റാണ്ടു കാലത്ത് ശ്രീരാമന്‍ എഴുതിയ കഥകളുടെ സമ്പൂര്‍ണ സമാഹാരം അമൂല്യനിധിയാണ്. കുഴിച്ചെടുക്കുമ്പോള്‍ പുതിയ നിധി കുംഭങ്ങള്‍ കണ്ടെത്തുന്നതുപോലെ ഓരോ വായനയിലും പുതിയ വെളിപാടുകളിലേക്ക് നയിക്കുന്ന ഉജ്വലമായ കഥകള്‍. വായനയെ ധന്യമാക്കുന്ന, ആസ്വാദനത്തിനു പുതിയ തലം സമ്മാനിക്കുന്ന 232 കഥകള്‍ രണ്ടു വോള്യങ്ങളിലായി തൃശൂര്‍ കറന്റ് ബുക്സ് മലയാളത്തിനു സമര്‍പ്പിക്കുന്നു. കഥയിലെ കുലപതിയുടെ ഉപഹാരം. വായനയുടെ സമ്പന്നത. ആസ്വാദനത്തിന്റെ ഉദാത്തത. 

c-v-sreeraman-book-review-01

ചെറിയൊരു ആമുഖക്കുറിപ്പോടെയാണ് 1973-ല്‍ ശ്രീരാമന്‍ ‘വാസ്തുഹാര’ എന്ന കഥ അവതരിപ്പിക്കുന്നത്. ആ വാക്കു തന്നെ ഒരു പുതുമയായിരുന്നു മലയാളിക്ക്. വാസ്തുഹാര എന്നാല്‍ വസ്തു ഹരിക്കപ്പെട്ടവന്‍, പിടിച്ചുവാങ്ങപ്പെട്ടവന്‍, അപഹരിക്കപ്പെട്ടവര്‍ എന്നൊക്കെയാണ് അര്‍ഥം. ബംഗാളിയില്‍ ബാസ്തുഹാര എന്നാണു വാക്ക്. ആ മുഖവുര യഥാര്‍ഥത്തില്‍ ശ്രീരാമന്റെ പ്രകടനപത്രിക കൂടിയായിരുന്നു. പിന്നീടു താന്‍ എഴുതാന്‍പോകുന്ന കഥകളെക്കുറിച്ച്. തന്റേതായി അവതരിപ്പിക്കാന്‍പോകുന്ന കഥാപാത്രങ്ങളെക്കുറിച്ച്. പ്രമേയത്തെക്കുറിച്ച്. വാസ്തുഹാരയിലെ ആരതി പണിക്കരെപ്പോലെ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളോരോരുത്തരം മനസ്സില്‍ കുടിയിറക്കപ്പെടാതെ നിലകൊണ്ടു. ജീവിതത്തിന്റെ ഭാഗം തന്നെയായ അനുഭവങ്ങളും അനുഭവകഥകളും. 

ശ്രീരാമന്റെ കഥാപാത്രങ്ങള്‍ സാധാരണക്കാര്‍ തന്നെയാണ്. അവരെ അസാധാരണക്കാരാക്കുന്നത് ജീവതത്തോടുള്ള സമീപനം മാത്രം. പ്രണയവും സ്നേഹബന്ധവും ഉള്‍പ്പെടെ ആഴത്തില്‍ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന അവര്‍ ജീവിതത്തന്റെ ഇരകള്‍ കൂടിയാണ്. ജീവിതത്തിന്റെ മുറിവുകളില്‍ വീണു ചോരയൊലിക്കുന്നവര്‍. അവരെ കരിയില പോലെയും തിരമാല പോലെയും ഉയര്‍ത്തിക്കൊണ്ടുപോകുന്ന കാറ്റ് സ്നേഹമാണ്. അപ്രതീക്ഷിതമായും അകാലത്തിലും അസ്ഥാനത്തും ഉറവയെടുക്കുന്ന സ്നേഹബന്ധങ്ങള്‍. കൊലനിലങ്ങളിലേക്കും ചാവുനിലങ്ങളിലേക്കും നയിക്കുന്ന മോചനമില്ലാത്ത ചങ്ങലകള്‍. പരസ്പരം ബന്ധിതരാണെന്നതിനുപുറമെ അവര്‍ വായനക്കാരുമായും ബന്ധപ്പെട്ടിരിക്കുന്നു. ഉറ്റവരായി,ഉടയവരായി. 

പുരുഷാര്‍ഥം എന്ന പേരില്‍ സിനിമയായ ‘ഇരിക്കപിണ്ഡം’ എന്ന കഥയുടെ പശ്ചാത്തലം ബോധ്ഗയയിലെ വിഷ്ണുപദ ക്ഷേത്രം. എല്ലാം ത്യജിച്ച സിദ്ധാര്‍ഥ രാജകുമാരന്‍ അഭയം തേടിയ ക്ഷേത്രം. പുണ്യനദിയായ ഗംഗയുടെ കൈവഴി ഫല്‍ഗുവിന്റെ തീരം. തൊട്ടടുത്ത് ശ്മശാന്‍ ഘട്ട്. രണ്ടായിരം കിലോമീറ്ററോളം സഞ്ചരിച്ച് ഫല്‍ഗുവിന്റെ കരയില്‍ പിണ്ഡം വയ്ക്കാനെത്തിയ മനുഷ്യന്റെ കാഴ്ചകളിലൂടെ കഥ വികസിക്കുന്നു. 

ഒരു പുരുഷനും സ്ത്രീയും കുട്ടിയുമാണ് കഥാപാത്രങ്ങള്‍. അവരുടെ ചരിത്രമോ വര്‍ത്തമാനമോ വിശദമാക്കപ്പെടുന്നില്ല. ആര്‍ത്തുല്ലസിച്ചാണവരുടെ വരവ്. ഒരു വിനോദയാത്രപോലെ തീര്‍ഥക്കരയില്‍ കുട്ടിയെക്കൊണ്ടു പിണ്ഡം വയ്ക്കുകയാണ്. മരിച്ചതു കുട്ടിയുടെ അച്ഛനാണ്. 

മരണം എങ്ങനെയാണെന്നുപോലും വ്യക്തമാക്കപ്പെടുന്നില്ലെങ്കിലും അതൊരു ദുര്‍മരണമാണെന്നു വെളിപ്പെടുന്നു. അപകടമല്ല, രോഗമല്ല, കൊലപാതകവുമല്ല. സ്വയംഹത്യ തന്നെ. എന്തിന് ? അതിന്റെ ഉത്തരമാണ് ഭാര്യാ ഭര്‍ത്താക്കന്മാരല്ലാത്ത ആ ദമ്പതികളുടെ അടുപ്പം. കുട്ടിയും അവര്‍ക്കൊപ്പം തന്നെ. പിണ്ഡം വയ്ക്കുന്നതു കാമറയില്‍ പകര്‍ത്തണമെന്നു ചട്ടം കെട്ടി അവന്‍ ആചാരം തുടങ്ങുന്നു. പാണ്ഡ പറയുന്ന വാക്കുകള്‍ ഏറ്റുപറഞ്ഞും ചെയ്തും അകാലത്തില്‍ യാത്രയായ അച്ഛനു മോക്ഷപദം കാണിക്കുന്നു. 10 മിനിറ്റിനുള്ളില്‍ അതവസാനിക്കേണ്ടതായിരുന്നു. ചടങ്ങു പൂര്‍ത്തിയാക്കി അവര്‍ക്കു നഗരത്തിലേക്കു മടങ്ങേണ്ടതുമാണ്. 

പക്ഷേ, വേലിക്കെട്ടുകള്‍ തകര്‍ത്ത് ആ യുവാവിനെയും യുവതിയെയും അടുപ്പിച്ച സ്നേഹബന്ധം മറ്റൊരു രൂപത്തില്‍ കുട്ടിയില്‍ പുനര്‍ജനിക്കുമ്പോള്‍ നിന്നുകത്തുകയാണു ഫല്‍ഗുവിന്റെ തീരത്തെ തീര്‍ഥഘട്ടം. നിര്‍വികാരമായ കാറ്റുപോലും വിറകൊള്ളുന്നു. ചിതയില്‍ എരിയുന്നതിനിടെ അനക്കം വയ്ക്കുന്ന മൃതദേഹം പോലെ. ചിരിച്ചുകൊണ്ട് പകുതി ചടങ്ങ് പൂര്‍ത്തിയാക്കിയ കുട്ടി പെട്ടെന്ന് ഒരു കരച്ചിലേക്ക് വഴുതിവീഴുന്നു. അവനെ കരയിപ്പിച്ചതു പാണ്ഡയുടെ വാക്കുകള്‍. 

വിശന്നും ദാഹിച്ചും കുട്ടിയുടെ അച്ഛന്റെ ആത്മാവ് ഈ പടവില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. 

ഉരുട്ടിവച്ച പിണ്ഡച്ചോറ് അമ്മയുടെ സ്നേഹിതനുനേരെ എറിഞ്ഞ് കുട്ടി ആര്‍ത്തലച്ചുകരയുമ്പോള്‍ ഒരു ജന്മവൃത്തം പൂര്‍ത്തിയാകുകയാണ്. സ്നേഹത്തിന്റെ, ചതിയുടെ, വഞ്ചനയുടെ, നന്ദികേടിന്റെ ജന്മവൃത്തം. 

സി.വി.ശ്രീരാമൻ
സി.വി ശ്രീരാമൻ

മൂന്നു പേരെ ഇരിക്കപ്പിണ്ഡങ്ങളായി വാടകയ്ക്കെടുത്ത് പ്രാര്‍ഥിക്കാനിരുത്തി, മരിച്ചയാള്‍ക്കു മോക്ഷം ലഭിച്ചുവെന്ന വിശ്വാസത്തില്‍ കുടുംബം മടങ്ങിപ്പോകുമ്പോള്‍ ഗയയുടെ കരയില്‍ അലഞ്ഞുതിരിയുന്നുണ്ട് ഒരു ശബ്ദം. ആര്‍ക്കുംവേണ്ടിയല്ലാതെ, ആരാണെന്നുപോലുമറിയാതെ ആരോ ചൊല്ലുന്ന മോക്ഷമന്ത്രം. 

ജീവിതത്തെ ആഴത്തില്‍ അനുഭവിപ്പിക്കുന്ന കഥകളിലൊന്നാണ് ‘ഇരിക്കപ്പിണ്ഡം’. സാധാരണ കാഴ്ചയില്‍നിന്ന് തീവ്രമായൊരു കഥയുടെ ഉള്‍ച്ചുഴികളിലേക്കു നയിക്കുന്ന കഥ. സമാനമായ അനുഭൂതി ഉണര്‍ത്തുന്ന 232 കഥകളിലേക്കു സ്വാഗതം.  

English Summary : Book Review – C V Sreeramante Sampoorna Kathakal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA