sections
MORE

യഥാർഥത്തിൽ ഉണ്ണിച്ചെക്കൻ എന്ന അടിയാളൻ ആരാണ്?; ഈ മാ യൗ’ വിന്റെ എഴുത്തുകാരന്റെ നോവൽ

adiyalapretham-01
SHARE

കടന്നു പോയ വഴികളിലെല്ലാം പുരണ്ടു കിടക്കുന്ന രക്തത്തെക്കുറിച്ചാണ് പറയേണ്ടത്. അത് ആരുടെയൊക്കെയായിരുന്നു? തീർച്ചയായും അത് അടിയാളരുടേതാണെന്ന്  ഉറപ്പാണ്. അവരാണല്ലോ ഉപേക്ഷിക്കപ്പെട്ടവർ, അവരാണല്ലോ എന്ത് സംഭവിച്ചാലും ആരും ചോദിക്കാനും പറയാനും അന്വേഷിക്കാനും വരാനില്ലാത്തവർ. പി എഫ് മാത്യൂസിന്റെ ‘അടിയാളപ്രേതം’ വായിക്കുമ്പോൾ എന്തുകൊണ്ടോ സമൂഹത്തിന്റെ പല നീതികേടുകളുടെയും മുഖം വ്യക്തമായിത്തുടങ്ങും. ‘ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിന്റെ ഇടവഴികളിൽ കീഴാളച്ചോര വീണു കിടക്കുന്നു’ എന്ന് പുസ്തകത്തിൽ പറഞ്ഞു വയ്ക്കുന്നുണ്ട്, അവിടം മുതലാണ് അത് വായിച്ചു തുടങ്ങേണ്ടതും. 

കൊച്ചിക്ക് മാത്രമായി ഉള്ള ഒരു അർബൻ മിത്താണ് കാപ്പിരി മുത്തപ്പൻ. ഒരുപക്ഷേ കൊച്ചിക്കാർക്ക് പോലും അറിയാത്ത ഒരു കഥയാണെങ്കിലും കൊച്ചിയുടെ ചരിത്രം അന്വേഷിച്ച് നടക്കുന്നവരുടെ മുന്നിലേയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള സാന്തിയാഗോ എന്ന പറങ്കിയുടെയും അയാളുടെ കാപ്പിരി അടിമയുടെയും കഥ തെളിഞ്ഞു വരും. ആ കാലത്തും കറുത്തനിറമുള്ള അടിയാളനെ ഒപ്പം കൊണ്ട് നടക്കുകയും സ്നേഹിക്കുകയും അതിർ വരമ്പുകളില്ലാതെ ഒപ്പം കൂട്ടുകയും ചെയ്ത പറങ്കി ഒടുവിൽ ജീവനും കൊണ്ട് കൊച്ചിയിൽ നിന്ന് സ്വന്തം നാട്ടിലേക്കോടുമ്പോൾ തന്റെ സ്വത്തും ആഭരണങ്ങളും നിധിയായി നിലവറയിൽ കുഴിച്ചിട്ടു. 

പിന്നീട് കാലങ്ങൾ കഴിഞ്ഞു തന്റെ അടുത്ത തലമുറ അതിനായി വരുന്നത് വരെ നിധി സംരക്ഷിക്കാൻ കാവൽ നിർത്തുന്നത് തന്റെ ഏറ്റവും പ്രിയങ്കരനായ കാപ്പിരിയേയും. അവന്റെ നെഞ്ചിലേക്ക് കത്തി മുന താഴുമ്പോൾ ഒരുപക്ഷേ ശരീരത്തിന്റെ വേദന  മാത്രമായിരിക്കില്ല, വിശ്വസിച്ചു പോയ മേലാളന്റെ ചതിയോർത്തിട്ടു കൂടിയാവും നിലവിളിച്ചിട്ടുണ്ടാവുക. പിന്നീടെത്ര വർഷങ്ങൾ, ആരൊക്കെ അവകാശപ്പെടുത്താനായി വന്ന പറങ്കിയുടെ നിധി. കാപ്പിരി മുത്തപ്പനെ പ്രീതിപ്പെടുത്തി നിധിയുടെ സൗകര്യം അനുഭവിച്ചവർ നിരവധിയുണ്ടെന്നും കഥകൾ പറയുന്നു. അതിലൊരുവനായിരുന്നു പാണ്ഡ്യാലയ്ക്കൽ അച്ചമ്പി മാപ്ല. 

അച്ചമ്പി മാപ്ലയ്ക്കും ഒരു അടിമയുണ്ട്, മറ്റേതോ നൂറ്റാണ്ടിലല്ല, ആ കഥ നടക്കുന്നത് 1950 കളിലാണ് . ശതാബ്ദങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്ന് ചുരുക്കം. കഥകളന്വേഷിച്ചു ചെന്നാൽ ചോര പടർന്നു കിടക്കുന്നവ അനവധി ഇനിയും ലഭിച്ചേക്കാം. അച്ചമ്പി മാപ്ല, കുഞ്ഞുമാക്കോതയെന്ന തന്റെ അടിമയെ ഏറെ സ്നേഹിച്ചിരുന്നു. അവന്റെ കാലിൽ വീണു മാപ്പിരക്കാൻ പോലും തയാറായ സ്നേഹമായിരുന്നു അയാൾക്കെന്നു കുഞ്ഞുമാക്കോത വിശ്വസിച്ചിരുന്നു. ഒടുവിൽ അച്ചമ്പിയ്ക്കും കുഞ്ഞു മാക്കോതയ്ക്കും സംഭവിക്കാൻ പാടില്ലാത്ത ഒന്ന് സംഭവിക്കുന്നു. ആ കഥയിൽ നിന്നാണ് അടിയാളപ്രേതത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കേണ്ടത്. 

പി എഫ് മാത്യൂസിനെ വായനക്കാർക്ക് ഒരുപക്ഷേ പരിചയം ഒരുപാട് അംഗീകരങ്ങൾ നേടിയ ‘ഈ മാ യൗ’ എന്ന സിനിമയുടെ എഴുത്തുകാരൻ എന്ന നിലയ്ക്കാവും. മരണവും ഇരുട്ടും മഴയും ഇത്ര കണ്ടു അനുഭവിപ്പിച്ച ഒരു കഥയും കാഴ്ചയും വേറെയുണ്ടാവില്ല. അതേ ഇരുട്ട് തന്നെ പി എഫിന്റെ ഓരോ കഥകളിലും നോവലുകളിലും പടർന്നു കിടക്കുന്നു. ഇരുട്ടിന്റെ നാഥന്റെ ആരാധകന്മാരാലും ഇരുട്ടിലൂടെ സഞ്ചരിക്കുന്ന അനേകം മനുഷ്യരാലും അദ്ദേഹത്തിന്റെ കഥകൾ അസ്വസ്ഥപ്പെടുന്നു. വെളിച്ചത്തിലേക്കുള്ള വാതിലുകൾ ആ കഥയിലേക്ക് കടന്നാൽപ്പിന്നെ കണ്ടെത്താൻ ബുദ്ധിമുട്ടു തന്നെയാണ്.

ചാവുനിലം, ഇരുട്ടിൽ ഒരു പുണ്യവാളൻ, അടിയാളപ്രേതം, അങ്ങനെ പി എഫ് എഴുതിയ ഓരോ നോവലുകളും ഇത്തരത്തിൽ പരസ്പരം ഒരേ വേരുകളിൽ തൊട്ടു കിടക്കുന്നു. ഒന്ന് മറ്റൊന്നിന്റെ ബാക്കിയായും വായിക്കുന്നത് പറയാതെ അവശേഷിപ്പിക്കുന്ന മറ്റെന്തോ ഒന്നിന്റെ തുടർച്ചയായും ഒക്കെ തോന്നിപ്പിക്കും. എന്നാൽ മൂന്ന് നോവലുകളും പ്രത്യേകം നിലനിൽപ്പ് അവകാശപ്പെടാൻ കരുത്തുള്ളവ തന്നെയാണ്. 

ഉണ്ണിച്ചെക്കൻ എന്ന സബ് ഇൻസ്‌പെക്ടർ വരുന്നതോടെയാണ് അടിയാളപ്രേതം എന്ന നോവൽ ആരംഭിക്കുന്നത്. അയാൾ വന്നുവെങ്കിലും പൊലീസ് സ്റ്റേഷനിൽ ചാർജ്ജെടുക്കുന്നില്ല, എന്നാൽ അയാളവിടെയുണ്ടായിരുന്ന ഒരാഴ്ച കൊണ്ട് കാണാമറത്തായിരുന്ന പല കേസുകളിലേയ്ക്കും വെളിച്ചം വീശുന്ന തുമ്പുകൾ സി ഐ ബഞ്ചമിന്റെ നേർക്ക് നീട്ടുന്നുണ്ട്. പിന്നീട് പെട്ടെന്നൊരു ദിവസം ഉണ്ണിച്ചെക്കനെ കാണാതായി.അയാൾക്കെന്താണ് സംഭവിച്ചത്? യഥാർഥത്തിൽ ഉണ്ണിച്ചെക്കൻ എന്ന അടിയാളൻ ആരാണ്? ബെഞ്ചമിന്റെ മുന്നിലേയ്ക്ക് ഒരുപാട് ആശങ്കകളും ചോദ്യങ്ങളും വന്നു വീഴുന്നതോടെ സ്വസ്ഥത നഷ്ടപ്പെട്ട അയാൾ ഉണ്ണിച്ചെക്കൻ നടന്ന വഴിയിലൂടെ സഞ്ചരിയ്ക്കുകയാണ്. 

അവിടെ വായനക്കാർക്ക് പി എഫിന്റെ ‘ഇരുട്ടിലൊരു പുണ്യവാളൻ’ എന്ന നോവലിലെ കഥാപാത്രങ്ങളായ സേവ്യറിനെയും അയാളുടെ ഭാര്യ കാർമ്മലിയെയും  കണ്ടു മുട്ടാം. എന്തു തന്നെയായാലും ബെഞ്ചമിൻ കാലങ്ങളിലേക്ക് പിന്നിലേക്കാണ് സഞ്ചരിക്കുന്നത്. അവിടെ അയാൾ കുഞ്ഞുമാക്കോതയെയും അയാളുടെ ഭാര്യ ചീരുവിനെയും കണ്ടെത്തുന്നു. അവരുടെ കുഞ്ഞു മകളെയും മകനെയും മനസ്സിലാക്കുന്നു. കറുപ്പൻ മാഷിന്റെ ഭ്രാന്തുകൾ കേട്ട് അയാളിലെ യുക്തി ബോധം തെല്ലും അപ്പോൾ ചോദ്യം ചെയ്യുന്നതേയില്ല. യുക്തിയ്ക്കും ജീവിതതിനുമിടയിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് അയാൾ തിരിച്ചറിയുന്നു. എന്നിട്ടും ഒടുവിൽ കഥ അവസാനിക്കുന്നതേയില്ല. 

ഏതു കാലത്താണെങ്കിലും എത്ര കണ്ടു അടിയാളനെ സ്നേഹിച്ചാലും സമയമെത്തിയാൽ അവനെ നിലവറയിലേയ്ക്ക് കൊന്നു തള്ളാൻ മടിയില്ലാത്ത കപട മനുഷ്യരാണ് ചുറ്റും ഒരുപാടുള്ളത്. ആരെയാണ് വിശ്വസിക്കേണ്ടത് എന്നറിയാത്ത അവസ്ഥ. അതേ അവസ്ഥയിലൂടെ കടന്നു പോയ കാപ്പിരിയുടെയും കുഞ്ഞുമാക്കോതയുടെയും ഓർമ്മകൾ ഇനി തീർച്ചയായും കാലങ്ങളോളം ഓരോ മനുഷ്യനെയും അഭിമുഖീകരിക്കുമ്പോൾ നെഞ്ചിടിപ്പിക്കും. ആരെയാണ് വിശ്വസിക്കേണ്ടത് എന്നറിയാതെ പകപ്പിക്കും. എന്നാലും സ്നേഹം കൊണ്ട് കീഴ്‌പ്പെടുത്തി സമയമാകുമ്പോൾ ചിലരൊക്കെ മനുഷ്യരെ നെഞ്ചിൽ കത്തി കുത്തിയിറക്കി നിലവാരയിലേയ്ക്ക് തള്ളിയിട്ട് പോയെന്നുമിരിക്കും. ചരിത്രത്തിൽ നിന്ന് തുടങ്ങിയതാണ് ആ ചതിയുടെ കഥകൾ. അതിന് മാറ്റമുണ്ടാവില്ല. അവർ ഏത് രാഷ്ട്രീയമുള്ളവരും ആകാം, ഏത് മതത്തിൽ പെട്ടവരും ആകാം. 

മിസ്റ്ററി , ത്രില്ലർ വിഭാഗത്തിലേക്കാണ് പി എഫ് മാത്യൂസിന്റെ ‘അടിയാളപ്രേതം’ എന്ന നോവലും അടയാളപ്പെടുന്നത്. ത്രില്ലർ പുസ്തകങ്ങളുടെ സുവർണ കാലത്തിലേക്ക് കടന്നിരിക്കുന്നു മലയാള നോവൽ സാഹിത്യത്തിൽ അതിന്റെ അലകൾ ആദ്യം തന്നെ മുഴക്കിയ പേരുകളിലൊന്നാണ് പി എഫ് മാത്യൂസിന്റേത്. ഇന്ദുഗോപനും പി എഫ് മാത്യൂസും ഒക്കെ തുറന്നിട്ട വഴികളിലൂടെ തന്നെയാണ് മലയാളത്തിൽ പൾപ്പ് ഫിക്ഷൻ വീണ്ടും ചർച്ച ചെയ്യപ്പെടാൻ പ്രധാന വേദിയിലേക്ക് എത്തുന്നതും. അതുകൊണ്ട് തന്നെ അടിയാളപ്രേതവും കാലത്തെ ഓർമ്മിപ്പിക്കുന്നു.

English Summary : Adiyala Pretham, Novel By P F Mathews

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA