sections
MORE

സേതുവും സുമിത്രയും മുഖാമുഖം; കാലത്തിന്റെ പടിക്കെട്ടില്‍ വീണ്ടും എംടി

kaalam-potrait
SHARE

സമനില നഷ്ടപ്പെടുന്ന മനുഷ്യരുണ്ട്. ചിലര്‍ താഴെ വീണു പോകും. ചിലര്‍ വീഴാതെ പിടിച്ചുനില്‍ക്കുമെങ്കിലും അവരുടെ മനസ്സ് മറ്റെവിടെയോ ആയിരിക്കും. ഈ ലോകത്തു ജീവിക്കുമ്പോള്‍ തന്നെ മറ്റേതോ ലോകത്തു ജീവിക്കുന്നവര്‍. അവരുടെ വാക്കുകളുടെ അര്‍ഥം എളുപ്പം മനസ്സിലാകുകയില്ല; അവര്‍ ഉദ്ദേശിക്കുന്നത് യഥാര്‍ഥത്തില്‍ എന്താണെന്നും. ചിലപ്പോള്‍ അവര്‍ പറയുന്നത് ആത്യന്തിക യാഥാര്‍ഥ്യങ്ങളായിരിക്കും. സാര്‍വലൗകിക സത്യങ്ങള്‍. കേട്ടാലും മനസ്സിലാക്കിയാലും ഒന്നും മനസ്സിലായില്ലെന്നു നടിക്കേണ്ടിവരുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍. മറ്റു ചിലപ്പോള്‍ തീരെ നിസ്സാരമായിപ്പോകും അവരുടെ സംഭാഷണങ്ങള്‍. എന്നാല്‍ കുറേക്കഴിഞ്ഞ് ആലോചിക്കുമ്പോള്‍ മുറിപ്പെടുത്താനുള്ള ഇന്ധനം ആ വാക്കുകളില്‍ അവശേഷിച്ചതായി തോന്നും. സമനില നഷ്ടപ്പെടുന്നു എന്ന ചിന്തപോലും സമനില തെറ്റിക്കുന്നതാണ്. അല്ലെങ്കില്‍ ആരാണു സമനില നഷ്ടപ്പെടാത്തതായി ജീവിതം പൂര്‍ത്തിയാക്കുന്നത് ? 

ബ്രഹ്മരക്ഷസ്സിന്റെ തറയുടെ സമീപത്തു കുടില്‍ കെട്ടി പാര്‍ത്തതുകൊണ്ടാണു സുമിത്രയ്ക്കു സമനില നഷ്ടപ്പെട്ടതെന്നു കരുതുന്നവരുണ്ട്. എന്നാല്‍ സേതുവിനറിയാം അതല്ല കാരണമെന്ന്. യഥാര്‍ഥ കാരണം അയാള്‍ക്കേ അറിയൂ. അയാളതാരോടും പറയുന്നില്ല. എന്നാല്‍ അതൊട്ടു മറക്കാന്‍ അയാള്‍ക്കാകുന്നില്ല താനും. അവസാനമായി കാണുമ്പോള്‍ വലിയൊരു നിധി പോലെ അയാള്‍ ചില വാക്കുകള്‍ കാത്തുവച്ചിരുന്നു. കുറ്റസമ്മതം പോലെ. പശ്ചാത്താപം പോലെ. എനിക്കു നിന്നെ ഇഷ്ടമായിരുന്നു എന്ന വാക്കുകള്‍. സുമിത്ര എന്നും കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍. സ്നേഹത്തിന്റെ ഒരു നോട്ടം പോലും അവളെ സംതൃപ്തിപ്പെടുത്തുന്ന ഒരു കാലവുമുണ്ടായിരുന്നു. പക്ഷേ, ആ വാക്കുകള്‍ സേതു പറഞ്ഞപ്പോഴേക്കും അവയുടെ അര്‍ഥം മനസ്സിലാകുന്ന ലോകത്തിന്റെ അപ്പുറത്ത്, മറ്റേതോ ലോകത്ത് എത്തിയിരുന്നു സുമിത്ര. പറയേണ്ട വാക്കുകള്‍ പറയേണ്ട സമയത്തു പറയാതെ പോയതിന്റെ ഇര കൂടിയാണു സുമിത്ര; സേതുവും. ഒരര്‍ഥത്തില്‍ മറ്റെല്ലാ മനുഷ്യരും. 

അവരുടെ കഥയാണ് കാലം. മലയാള സാഹിത്യത്തിലെ നിത്യഹരിത നായകന്‍ എം.ടി. വാസുദേവന്‍ നായരുടെ നോവല്‍. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രശസ്ത നോവല്‍. 1969 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച നോവല്‍ സുവര്‍ണ ജൂബിലി പതിപ്പില്‍ എത്തിയിരിക്കുന്നു. നീണ്ട 50 വര്‍ഷത്തിനിടെ ഒട്ടേറെ പതിപ്പുകളിലായി മലയാളത്തിന്റെ ഇഷ്ടം നേടിയ നോവല്‍ വീണ്ടും പുതിയ പുതിയ കെട്ടിലും മട്ടിലും പുതിയ തലമുറകളെ തേടിയെത്തുന്നു. 

മലയാളത്തില്‍ മറ്റ് ഒരെഴുത്തുകാരനുമില്ലാത്ത ഒരു പ്രത്യേകത എംടിക്കുണ്ട്. ഒരുപക്ഷേ മറ്റെല്ലാവരേക്കാളും ഏറ്റവും കൂടിയ അളവില്‍. വായനക്കാരനെ കൂടെ നടത്താനുള്ള കഴിവ്. ഒരൊറ്റ വാക്കോ വാചകം കൊണ്ടോ പോലും വായിക്കുകയാണ് എന്നതുമറന്ന് സ്വയം ലയിച്ചുചേരുന്ന അവസ്ഥ. കഥ എന്നോ നോവല്‍ എന്നോ വസ്തുത മറന്ന് എഴുത്തിലൂടെ ജീവിക്കുന്ന അവസ്ഥ. കാല്‍പനികതയുടെ അടിസ്ഥാന മൂല്യമായിരുന്ന ഈ തന്‍മയീഭാവം മലയാളം ഏറ്റവും കൂടുതല്‍ ഉള്‍ക്കൊണ്ടതും സ്വാശീകരിച്ചതും എംടിയിലാണ്. ഒന്നല്ല, ഒട്ടനവധി തലമുറകള്‍ കാലത്തിലെ നായകനായ സേതുവില്‍ അവരവരെ തന്നെ കണ്ടു. സുമിത്രയെ അറിഞ്ഞു. തങ്കമണിയെ അരാധിച്ചു. മിസ്സിസ് മേനോടെ സഹതാപത്തോടെയും അസൂയയോടെയും നോക്കി. കാലപ്രവാഹത്തിനു സാക്ഷിയായ പുഴയില്‍ ഇറങ്ങിയും കയറിയും ജീവിതത്തിന്റെ ഏറ്റിറക്കങ്ങള്‍ അനുഭവിച്ചു. 

കാലം എന്നുമൊരു പ്രഹേളികയാണ്. മനസ്സിലാക്കാന്‍ ശ്രമിക്കുന്തോറും വഴുതിപ്പോകുന്ന സങ്കല്‍പവും പൂര്‍ണമായി വഴങ്ങിത്തരാത്ത ആശയവും. 300- ല്‍ അധികം പേജുകളിലായി എംടി കാലത്തില്‍ വരച്ചിടാന്‍ ശ്രമിച്ചതും കാലത്തിന്റെ ദുരൂഹത തന്നെ. കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ വൃഥാ വ്യായാമങ്ങള്‍. തകര്‍ന്നു വീഴാറായ ഒരു നാലുകെട്ട്. അവിടെ പൊയ്പ്പോയ സമൃദ്ധിയുടെ ഓര്‍മകളില്‍ കാലത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു തറവാടും പുതിയ കാലത്തിലേക്കു കുതിക്കാന്‍ ശ്രമിക്കുന്ന ഒരു ആണ്‍കുട്ടിയും. കൗമാരത്തില്‍ തുടങ്ങി യൗവനം വരെ അയാളെയാണു കാലം പിന്തുടരുന്നത്. അയാളുടെ വൃദ്ധിക്ഷയങ്ങള്‍ ഒരു പുഴയുടെ ഉയര്‍ച്ചതാഴ്ചകളിലൂടെ പകര്‍ത്താനുള്ള ശ്രമം. 

ദൃശ്യസമ്പന്നതയാല്‍  എംടിയുടെ കൃതികള്‍ മലയാളത്തിലെ മികച്ച സംവിധായകരുടെ അക്ഷയഖനിയാണ്. സ്വന്തം കൃതികള്‍ എംടിതന്നെ തിരക്കഥയെഴുതി മലയാളത്തിനു വ്യത്യസ്ത ദൃശ്യബോധം പകരുകയും ചെയ്തിട്ടുണ്ട്. സിനിമയാകാതെ പോയ നാലുകെട്ട് ഉള്‍പ്പെടെയുള്ള നോവലുകള്‍ താമസിച്ചാണെങ്കിലും ടെലിസീരിയലുകള്‍ പോലുമായി. കാലം ഇന്നും എംടിക്കും മറ്റു സംവിധായകര്‍ക്കും വഴങ്ങാത്തതെന്തെന്ന ചോദ്യവും ബാക്കി. ഒരു നായകനും മൂന്നു നായികമാരുമുള്‍പ്പെടെ ഒരു ദുരന്തകാവ്യത്തിന്റെ എല്ലാ ദൃശ്യസമൃദ്ധിയുമുണ്ടായിട്ടും സിനിമയ്ക്കു വഴങ്ങാതെനിന്നതുതന്നെയാണു കാലത്തിന്റെ കരുത്ത്. 

കടന്നുപോകുന്ന ഓരോ പാതയിലും ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ ഒടുവില്‍ ചോര വാര്‍ന്ന സ്വന്തം സ്വപ്നങ്ങളുടെ മൃതശരീരത്തിനു മുമ്പില്‍ തളര്‍ന്നുനില്‍ക്കുന്ന കാഴ്ച. വിജയം എന്നത് ആത്യന്തികമായ തോല്‍വിയായി മാറുന്നതോടെ വെട്ടിപ്പിടിച്ചതും നേടിയെടുത്തതും സ്വപ്നം കണ്ടതുമെല്ലാം നിമിഷങ്ങള്‍കൊണ്ട് മണ്‍കൂമ്പാരം പോലെ സ്വന്തം കണ്‍മുമ്പില്‍ തകര്‍ന്നുവീഴുന്ന ഹൃദയഭേദകമായ കാഴ്ച. 

അകലെ വൃക്ഷത്തലപ്പുകളുടെ ഉയരത്തില്‍ ഉദയത്തിന്റെ കണ്ണഞ്ചിക്കുന്ന ഗോപുരങ്ങളില്‍ നോക്കി തളര്‍ന്ന കാലടിവപ്പുകളോടെ നടന്നകലുമ്പോള്‍ ഓര്‍മ്മിച്ചു; ഉദയത്തെക്കുറിച്ചു കവിത എഴുതാനാണ് ആദ്യം ആഗ്രഹിച്ചത്. തകര്‍ന്ന അമ്പലമതില്‍ക്കെട്ടിന്റെ വിടവിലൂടെ കടന്നുവരുന്ന വെളിച്ചത്തിന്റെ ആദ്യത്തെ പൂക്കളെപ്പറ്റി. 

പഴയ മുറിക്കകത്ത് ചുവരില്‍ പെന്‍സില്‍ കൊണ്ടു കുറിച്ചിട്ട രണ്ടു വരികള്‍- എന്തായിരുന്നു തുടക്കം?ഓര്‍മ്മിക്കാനാവുന്നില്ല. വരണ്ട പുഴ പോലെ മനസ്സ് ഒഴിഞ്ഞുകിടക്കുന്നു. 

കാലം

എം.ടി. വാസുദേവന്‍ നായര്‍

കറന്റ് ബുക്സ്,  തൃശൂര്‍ 

വില 400 രൂപ 

English Summary : Kaalam, Novel By M.T Vasudevan Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA