sections
MORE

യുവതികളെ ദുരൂഹമായി കാണാതാകുന്നു; സംശയം പതുക്കെ റൂത്തിലേക്കു നീളുന്നു

roothintelokam-potrait
SHARE

റൂത്തിന്റെ ലോകം

ലാജോ ജോസ്

ഡിസി ബുക്സ്

വില 240

സൈക്കളോജിക്കൽ ത്രില്ലര്‍ ആസ്വാദകർക്കു മലയാളത്തിൽ അധികം കൾട്ടുകളൊന്നുമില്ല, കൗമാരത്തിനും യൗവനത്തിനുമിടയിലെ ഒരു കാലഘട്ടത്തിന്റെ നൊസ്റ്റാൾജിയ എന്നല്ലാതെ നമ്മുടെ രാത്രികളെ അത്തരം പല നോവലുകളും പിന്തുടരാറുമില്ല. മലയാറ്റൂരിന്റെ യക്ഷിയും മറ്റുമൊക്കെ സ‍ൃഷ്ടിച്ചപോലുള്ള ഒരു സൈക്കളോജിക്കൽ ലോകത്ത് അഭിരമിക്കാനുള്ള അവസരം അധികം എഴുത്തുകാരൊന്നു നമുക്കു തന്നിട്ടുമില്ല. എന്നാൽ, ഇതാ നമുക്കൊരു ലാജോ ജോസുണ്ട്. നെഞ്ചിടിപ്പിക്കും വിധം ത്രില്ലർ നോവലുകളെഴുതുന്ന ഒരു എഴുത്തുകാരൻ.

റൂത്തിന്റെ ലോകം. കോഫി ഹൗസിനും ഹൈഡ്രേഞ്ചിയയ്ക്കും ശേഷം പുതിയ കാലത്തിന്റെ മനുഷ്യരുടെ വിഹ്വലതകളും കുറ്റകൃത്യങ്ങളും പ്രമേയമായൊരു നോവൽ. കോഫി ഹൗസിലും ഹൈഡ്രേഞ്ചിയയിലും കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള പരക്കം പാച്ചിലാണെങ്കിൽ റൂത്തിന്റെ ലോകത്തിൽ കുറ്റവാളി ഒരു കിളിവാതിലിനപ്പുറമുണ്ട്. ഉള്ളറകളിൽ കൊളുത്തിക്കിടക്കുന്ന കൊളുത്തു നീക്കിയാൽ ജാലക വാതിലിനപ്പുറം ആ കുറ്റവാളിയുടെ മുഖം കാണാം. പലപ്പോഴും നോവലിന്റെ പല സന്ദർഭങ്ങളിലും നാം കാണുകയും ചെയ്യും. എന്നാൽ റൂത്തിനൊപ്പം തന്നെ സഞ്ചരിക്കാൻ നാം തീരുമാനിക്കുന്നിടത്താണ് കഥാകൃത്തിന്റെ വിജയം.‌

ദുർബലയായ ആ പെണ്‍കുട്ടിയുടെ വിധിയറിയാൻ പേജുകളിൽ നിന്നു പേജുകളിലേക്കു പോകും. 

റൂത്ത് എന്ന യുവതിയും അവളുടെ ഭര്‍ത്താവും വേലക്കാരിയും അടങ്ങുന്ന ഒരു ചെറിയ ലോകത്തിലാണ് കഥ നടക്കുന്നത്. ഒരപകടത്തിൽ റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതി. റെട്രോഗ്രേഡ് അമ്നീഷ്യ (Short Term Memory Loss) – ഒരു യുവ ഐഎഎസുകാരൻ സൃഷ്ടിച്ച ബ്രേക്കിങ് ന്യൂസിനൊപ്പം മലയാളിക്കു മനസ്സിലായ രോഗാവസ്ഥ. റെട്രോഗ്രേഡ് അമ്നീഷ്യ ബാധിച്ച റൂത്താണിവിടെ പ്രധാന കഥാപാത്രം. നഗരത്തിൽ യുവതികളെ ദുരൂഹമായി കാണാതാകുന്നു. സംശയം പതിയെ റൂത്തിലേക്കു തിരിയുന്നു.

ഓർമയ്ക്കും മറവിക്കുമിടയിൽ പൊങ്ങിയും താണും പോകുന്ന, മാനസിക ദൗർബല്യമുള്ള ഒരാള്‍ എങ്ങനെ ത്രില്ലറിന്റെ ഭാഗമാകും. എബിസി കൊലപാതകങ്ങളിലൂടെ അഗതാ ക്രിസ്റ്റി നമുക്കതു കാണിച്ചു തന്നി‌ട്ടുണ്ട്. റൂത്ത് അത്തരമൊരാളാണ്. അവള്‍ എല്ലാം കാണുന്നുണ്ട്, കേൾക്കുന്നുണ്ട്, പല ദുരൂഹതയുടെയും ഭാഗമാകുന്നുണ്ട്. എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത്. റൂത്ത് തന്റെ മനസ്സിന്റെ ഉള്ളറകളെ ചൂഴ്ന്നു നിൽക്കുന്ന ദുരൂഹതകളിലേക്കു നടത്തുന്ന അന്വേഷണമാണ് നോവൽ.

വരച്ച ചിത്രങ്ങളും ഫോണിലെ റെക്കോർഡുകളും ഡയറിക്കുറിപ്പുകളും മാത്രമാണ് അവളുടെ സഹായത്തിനുള്ളത്. ഓരോ മുങ്ങി നിവരലിലും പുതിയൊരാളാവുന്ന റൂത്തിന് രക്തക്കറകളെല്ലാം മായ്ക്കുന്ന ആ ദുരൂഹത കണ്ടെത്താനാവുമോ, അതോ അവൾ ഇല്ലാതാകുമോ? അവസാനം അധ്യായംവരെ താഴെ വയ്ക്കാതെ വായിക്കാൻ തോന്നുന്ന പുസ്തകമാണ് റൂത്തിന്റെ ലോകം. ഡിസി ബുക്സാണ് പ്രസാധകർ.

ഡോയലിന്റെ ഹോംസ് കഥാപ്രപഞ്ചത്തിലെ ആദ്യ കഥയായ സ്റ്റഡി ഇൻ സ്കാർലെറ്റിൽ ഹോംസിന്റെ പ്രിയ വാട്സൺ സുഹൃത്തിനു ചേരുന്ന ജോലി കണ്ടുപിടിക്കുന്ന ഭാഗമുണ്ട്. ഹോംസിന് അറിയുന്നതും അറിയാത്തുമായ നിരവധി കാര്യങ്ങൾ എഴുതിയിട്ട് അയാൾ ശോഭിക്കുന്ന ജോലി കണ്ടുപിടിക്കാനാകാതെ നിരാശനാകുന്നു.

ഒരു ഡിറ്റക്ടീവിന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അറിവു മാത്രം മതി. എന്നാൽ ഒരു  കഥാകാരന് അതു പോര. ഏറ്റവും പുതിയ സങ്കേതങ്ങളും കഥയിൽ പാത്രമായില്ലെങ്കിൽ ഔട്ട് ഡേറ്റഡ് എന്ന വിഭാഗത്തിലാവും രചന. ഇതു തിരിച്ചറിഞ്ഞ് ഏറ്റവും പുതിയ പത്രത്തിലെ ക്രൈം ഫീച്ചർ വായിക്കുന്നതുപോലെ ലളിതമായി ഓരോ പുസ്തകത്തിലും പുതുമ നില നിർത്തുന്ന ലാജോ ജോസിന്റെ ഇനിയുള്ള നോവലുകൾക്കായി കാത്തിരിക്കാം.

English Summary : Roothinte Lokam, Novel By Lajo Jose 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA