sections
MORE

ആനന്ദങ്ങളുടെ പുസ്തകം; ചിറകിൽ മുള്ളു കോറിയ പൂമ്പാറ്റകളുടെയും...

uyirthodum-anandangal-potrait-0023
SHARE

ഉയിർതൊടും ആനന്ദങ്ങൾ

രമ്യ ബിനോയ്

നൊസ്റ്റാൾ‌ജിയ

വില: 179 രൂപ

ഏകാന്തമായ ഒരു കടൽത്തീരമുണ്ട് ഓരോ പെൺജീവിതത്തിന്റെ ഓരത്തും. തീർത്തും വിജനവും സങ്കടത്തിന്റെയും നിരാസങ്ങളുടെയും ഉപ്പുചുവയുള്ള ഒരു കാറ്റ് നിരന്തരം വീശുന്നതുമായ ഒരിടം. ഇടയ്ക്കിടെ അവൾ അവിടേക്കു കാൽവഴുതി വീഴുന്നു. ചുറ്റുമാരുമില്ലെന്നും അത്രമേൽ പ്രിയമെന്നു കരുതുന്നതു പോലും ഒപ്പമില്ലെന്നും ഭീതിപ്പെടുന്നു, സങ്കടം കൊള്ളുന്നു.

ചില പെണ്ണുങ്ങൾ ആ വിജനതീരവുമായി പ്രണയത്തിലാവുന്നു. അപ്പോൾ മറ്റുള്ളവർ അവളെ വിഷാദിയെന്നോ ചിത്തഭ്രമക്കാരിയെന്നോ ബാധ കൂടിയവളെന്നോ ഒക്കെ വിളിച്ചേക്കാം. ഒരാണിനും കാണാനാവാത്ത ആ കടൽത്തീരത്തുനിന്ന് ഒരുവൾ തന്നിലേക്കും മറ്റു പെണ്ണുങ്ങളിലേക്കും പുറത്തെ ആൺഗരിമകളുടെ ലോകത്തേക്കും നോക്കിയതിന്റെ രേഖാചിത്രങ്ങളാണ് ഉയിർതൊടും ആനന്ദങ്ങൾ എന്ന പുസ്തകം.

ഒരു സ്ത്രീ എങ്ങനെയാണ് ലോകത്തെയും ജീവിതത്തെയും അതിന്റെ ദൈനംദിന കുഴമറിച്ചിലുകളെയുമൊക്കെ കാണുന്നതെന്ന് അവൾക്കു മാത്രമേ പറയാനാവൂ. അത്തരം കാഴ്ചകളാണ് ഈ പുസ്തകത്തിലെ 39 കുറിപ്പുകൾ. പത്രപ്രവർത്തകയുടെ പതിവു വൃത്തങ്ങൾക്കപ്പുറം നീളുന്ന കാഴ്ചകളാണ് രമ്യ ബിനോയ് ഉയിർതൊടും ആനന്ദങ്ങളിൽ പകർത്തി വയ്ക്കുന്നത്. 

ആത്മഭാഷണത്തിന്റെ സ്വഭാവമുണ്ട് ഇതിലെ ഓരോ കുറിപ്പിനും. അതേസമയം അത് ചുറ്റുമുള്ള മറ്റു ജീവിതങ്ങളെയും സൂക്ഷ്മമായി വരഞ്ഞുവയ്ക്കുന്നുമുണ്ട്. കാലങ്ങളായി സമൂഹം കാത്തുവച്ച്, അനുസരണയുടെയും കുടുംബമഹിമയുടെയുമൊക്കെ സുഗന്ധദ്രവ്യങ്ങൾ പൂശി അടുത്ത തലമുറയ്ക്കു കൈമാറുന്ന ജീർണിച്ച ചില ചിന്തകളെ ആമാടപ്പെട്ടിയിൽനിന്നു വലിച്ച് മുറ്റത്തേക്കിടുന്നു രമ്യ. 

പെൺ ഏകാന്തത ഈ കുറിപ്പുകളിൽ നിരന്തരം വിഷയമാകുന്നുണ്ട്. ‘കുടുംബത്തിൽപിറന്നതാകാൻ’ വേണ്ടി താനാരാണെന്നും എന്താണെ ന്നുമൊക്കെ മറന്ന് അപരജീവിതം തള്ളിനീക്കുന്ന എത്രയോ പെൺജീവിതങ്ങൾക്ക്, ആത്മാവിന്റെ കണ്ണാടിനോക്കാൻ പ്രചോദനമായേക്കാം ഇതിലെ ചില കുറിപ്പുകൾ. ഓരോ സ്ത്രീക്കും സ്വന്തം ഇടമുണ്ടായിരിക്കണമെന്നും അതു തരുന്ന സ്വാസ്ഥ്യം അനുപമമായിരിക്കുമെന്നും പറയുന്നു തന്റേടങ്ങൾ എന്ന കുറിപ്പ്.

അതേസമയം, അച്ഛനും ഭർത്താവും മകനും ചങ്ങാതിമാരുമൊക്കെയായി ആണുങ്ങളുമുണ്ട് ഈ കുറിപ്പുകളിൽ. അവരെ ചേർത്തുനിർത്തിയാണ് രമ്യ പെൺലോകങ്ങളെപ്പറ്റിയും പെൺവാഴ്‌വിന്റെ, ഒരാണിന് ഒരിക്കലും അടിത്തട്ടു കാണാനാവാത്തത്ര ആഴമുള്ള ചില സങ്കടങ്ങളെപ്പറ്റിയും പറയുന്നത്. 

നിറവും ജോലിയും വിവാഹസമയത്തു കിട്ടിയ സ്വർണത്തിന്റെ തൂക്കവുമടക്കം പെണ്ണിനെ നല്ലതായോ ചീത്തയായോ അളക്കാൻ സ്കെയിലുകൾ ധാരാളമുണ്ട് സമൂഹത്തിന്റെ കയ്യിൽ. ദയാരഹിതമായ അത്തരം അളന്നെടുക്കലുകൾ ഏൽപ്പിക്കുന്ന മുറിവുകളെപ്പറ്റി രമ്യ എഴുതുന്നു. ഒപ്പം, അത്തരം കഠിനസമയങ്ങളെ നെഞ്ചൂക്കോടെ നേരിട്ട് തലയുയർത്തി ജീവിതം തുടരാനും ഈ പുസ്തകം പറയുന്നു.

മനോഹരമാണ് പുസ്തകത്തിന്റെ എഴുത്തും ഭാഷയും. പത്രപ്രവർത്തനം ശീലിപ്പിച്ച കയ്യൊതുക്കവും മിഴിവും അതിനുണ്ട്. ജീവിതത്തിന്റെ ആനന്ദമെന്തെന്ന കൗതുകമാണ് ഈ കുറിപ്പുകളെ ചേർത്തു കോർക്കുന്നത്. അതിനുള്ള പലതരം ഉത്തരങ്ങളും അവയിലുണ്ട്. സ്ത്രീജീവിതത്തിനു സഹജം എന്ന് നമ്മൾ നിസ്സാരമാക്കുന്ന പലതും സ്ത്രീക്ക് എത്ര വലിയ മുറിവാണെന്നും അതിന്റെ നീറ്റലിൽ ജീവിതം തുഴയുന്നത് എത്രമേൽ യാതന നിറഞ്ഞതാണെന്നും ഈ പുസ്തകത്തിലൂടെ പോകുന്ന ഓരോ ആണിനും അതു പറഞ്ഞുതരുന്നു. ഭാര്യയ്ക്കു സ്വാതന്ത്ര്യം കൊടുക്കുന്നുവെന്ന ആണഭിമാനത്തെ, ഒരു പൊള്ളത്തകരപ്പാട്ടയെയെന്നപോലെ അതു തൊഴിച്ചുതെറിപ്പിക്കുന്നുണ്ട്. 

മടുപ്പൻജീവിതത്തിന്റെ ഇരുട്ടറവാതിലുകൾ ആനന്ദത്തിന്റെ വെളിച്ചത്തിലേക്കു വലിച്ചുതുറക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ഉയിർതൊടും ആനന്ദങ്ങൾ. പുറത്ത് സൂര്യകാന്തിപ്പൂപ്പാടങ്ങളും നാരങ്ങാമിഠായിമധുരമുള്ള ചില ചങ്ങാതിനിമിഷങ്ങളും വെയിലുമൊക്കെ കാത്തിരിപ്പുണ്ടെന്ന് അതോർമിപ്പിക്കുന്നു.

English Summary : Uyirthodum Aanandangal  By Remya Binoy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA