sections
MORE

ഇത് പ്രലോഭനത്തിന്റെ പാസ്പോർട്ട് 

vazhikale-enne-kondu-povathengu-potrait-55
SHARE

വഴികളെ, എന്നെ കൊണ്ടുപോവതെങ്ങ്

ഹരികൃഷ്ണൻ

മനോരമ ബുക്സ്

ഒരാൾക്ക് എത്തിച്ചേരാവുന്ന ഏറ്റവും വലിയ ദൂരമേത്? കാൽപനികമായി പറഞ്ഞാൽ മരണത്തിന് തൊട്ടുമുൻപ് എവിടെയാണോ അവിടം. ഭൂമിയുടെ ഏത് അക്ഷാംശത്തിൽ നിന്ന് ആരംഭിച്ചാലും ഒരാൾ ചെന്നുപറ്റുന്ന ഏറ്റവും അകലെയുള്ള ആ അവസാനയിടമാണ് കാശി. മരണത്തിന്റെ പര്യായമായ  മോക്ഷത്തിന്റെ സ്നാനഘട്ടം. അവിടെ നിന്ന് തുടങ്ങുന്നു ഹരികൃഷ്‌ണൻ എഴുതിയ യാത്രാരേഖ ‘വഴികളെ, എന്നെ കൊണ്ടുപോവതെങ്ങ്.’ 

മണികർണികയിലെ മരിച്ചവരുടെ മാത്രം ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫറും ദശാശ്വമേധഘട്ടിലെ മഹാ ആരതിയുമൊക്കെ ആ വഴിക്കുള്ള കാഴ്ചകളാണ്. മരിച്ചവർക്കായി ബന്ധുക്കളും മരിക്കാനായി ബന്ധങ്ങൾ ഉപേക്ഷിച്ചവരും വന്നെത്തുന്ന കാശിയെ കൺനിറയെ കാണിച്ചുതരുന്നുണ്ട് ഈ പുസ്തകം. ബനിയാ ബാഗിലെ ബീഗാഷാ സ്ട്രീറ്റിൽ ചെറിയൊരു വീട്ടിൽ നൂറു വർഷം പഴക്കമുള്ളൊരു ഷെഹ്‌നായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഉസ്താദ് ബിസ്മില്ലാഖാന്റെ ശ്വാസഗതി നിലച്ച ആ ചെറുകുഴൽവാദ്യം കണ്ടതിനെക്കുറിച്ച് പറയുമ്പോൾ, മരണം എന്നത് നിശബ്ദത കൊണ്ടുള്ള സംഗീതമാണെന്ന് എഴുതാതെ എഴുതിവച്ചിരിക്കുകയാണ് യാത്രികൻ ഈ പുസ്തകത്തിൽ.  

അസീഘട്ടിലെ ആഴമുള്ളൊരിടത്ത് സ്നാനം ചെയ്യുന്ന ഒൻപതുകാരി, അച്ഛനുമമ്മയ്ക്കും ഇനിയൊരാൺ കുട്ടി ജനിക്കാനുള്ള പൂജയ്ക്കായി എത്തിയതാണ്. മരിക്കാൻ വേണ്ടി മാത്രമല്ല ജനിക്കാനും ഗംഗയിലേക്ക് എത്തുന്നു ചിലർ. അതുകൊണ്ടാകാം സാമാന്യേന ഒരു യാത്രാവിവരണത്തിന്റെ അവസാന അധ്യായമാകേണ്ട കാശിയിൽ നിന്ന് ഈ പുസ്തകം ആരംഭിക്കുന്നത്. അറിയാതെയെങ്കിലും ഈ പുസ്തകത്തിന് ആദ്യം ആലോചിച്ച പേര് കാശിരാമേശ്വരം എന്നായതും അതിനാലാകാം.

കവിതയോടടുത്ത ഭാഷ കൊണ്ട് ഹരികൃഷ്‌ണൻ യാത്രയെഴുത്തിനെ വൃത്ത ത്തിൽ എഴുതിയ കാവ്യത്തിന്റെ കണിശതയിൽ സ്വപനസഞ്ചാര തുല്യം സുഖ കരമാക്കുന്നു. വീടുവിട്ടിറങ്ങാനുള്ള പ്രലോഭനത്തിന്റെ പാസ്പോർട്ട് കൂടി യാണ് ‘വഴികളെ, എന്നെ കൊണ്ടുപോവതെങ്ങ്’ എന്ന പുസ്തകം.

ഓർമ്മയുടെ കൂടാണ് വീട്. ഓരോ യാത്രയും വീടുവിട്ടുപോകൽ കൂടിയാണ്. അതിനെ കുറിച്ചുള്ള ഓർത്തെടുക്കലാണ് ഓരോ യാത്രാവിവരണങ്ങളും. ചെട്ടിനാടിന്റെ ചരിത്രത്തെ ഇമ്മട്ടിൽ ചുരുക്കിപ്പറയുന്നുണ്ട് ഈ പുസ്തകത്തിൽ. കാറ്റ് കാട്ടിക്കൊടുത്ത വഴിയിലൂടെ കപ്പലോടിച്ച് പുറംനാടുകളിലേക്ക് പോയി കാശുകാരായി വന്നവരാണ് ചെട്ടിയാന്മാർ. അതിലേറെയും ഉപ്പു കച്ചവടക്കാർ. ക്രിസ്റ്റൽ ക്ലിയർ ആയി പണമിടപാട് നടത്തിയിരുന്ന അവർ നാട്ടിലെ ചെട്ടിച്ചികൾക്കായി കൂറ്റൻ വീടുകൾ പണിതു. അതിശയോക്തിയല്ല, ഒരധ്യായത്തിന്റെ പേരുപോലെ, ആയിരം ജനാലകളുള്ള വീടുകൾ തന്നെയാണ് അവർ പണിതത്. അകത്തളത്തിലെ അനേകം തൂണുകളിൽ ഓരോന്നും ഒറ്റമരത്തിൽ കൊത്തിയെടുത്തത്. ഏതോ ബർമീസ് കാട്ടിലെ പ്രാചീനമായൊരു വന്മരത്തിന്റെ നിയോഗത്തെ ഓർത്ത് ആദരിച്ചു കൊണ്ട് അവയ്ക്കുമീതെ മേൽക്കൂരകൾ എന്നും തലകുമ്പിട്ടേ നിൽക്കാറുള്ളൂ. 

കാലപ്പഴക്കമുള്ള ഒരു കാട്ടിലെ മരങ്ങൾ ഒന്നൊന്നായി നിലംപൊത്തുന്നതായി സങ്കൽപ്പിച്ചു നോക്കൂ. അവിടെ ഒരു പുതിയ ചെടിപോലും കിളിർക്കുന്നുമില്ല. അതാണ് ചെട്ടിനാടിന്റെ വർത്തമാനകാലം. പഴയ കെട്ടിടങ്ങൾ പൊളിച്ചു മരസാമാനങ്ങൾ വിൽക്കുന്ന ഇടമായി മാറിയിരിക്കുന്നു ഈ നാട്. സഞ്ചാരകഥകൾ എഴുതുന്ന പതിവ് രീതികളെ പൊളിച്ചടുക്കിയാണ് ഹരികൃഷ്ണൻ ഇവിടെ ചെട്ടിനാടിന്റെ കഥ പറയുന്നത്. 

പുതഞ്ഞുപോയൊരു യാനം തകർന്നു കിടക്കും പോലെയാണ് ബംഗാൾ കടലിൽ ആൻഡമാൻ ദ്വീപുകൾ ചിതറിക്കിടക്കുന്നത്. അതിനുള്ളിൽ കുടുങ്ങിപ്പോയ കുറേ ആൾക്കാരും. ഇന്ത്യൻ തീരം വഴി കിഴക്കൻ ആഫ്രിക്കയിൽ നിന്ന് എഴുപതിനായിരം വർഷം മുൻപ് എത്തിയ ആദിവാസികളും ഇന്ത്യയിൽ നിന്ന് നാടുകടത്തപ്പെട്ടവരും ചേർന്ന് ഒരു ജനസമൂഹമാണത്. എണ്ണിയാൽ ഒടുങ്ങാത്തത്ര പഴക്കമുള്ള ജനിതകശുദ്ധി ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഗോത്രവർഗങ്ങളും (അതേ, എഴുപതിനായിരം വർഷമെന്നത് ഒരു മഹാകാലമാണ്) മറുവശത്ത് മെയിൻ ലാൻഡിലേക്കുള്ള മടക്കയാത്രയെ നഷ്ടസ്വപനമായി താലോലിക്കുന്നവരുമായ കുറേ പേരുടെ ജീവിതമാണ് ഒരു കഥപോലെ പറഞ്ഞിരിക്കുന്നത്. കാലം തടവിലാക്കിയ, കടൽ കാവൽ നിൽക്കുന്ന, തിരകൾ സാക്ഷിയായ ആ കഥ ഒരു തിരക്കഥയുടെ രൂപത്തിൽ എഴുതുകയെന്നത് യാത്രയെഴുത്തിലെ ഒരു പുതിയ വഴിതുറക്കൽ കൂടിയാണ്.

സ്‌കൂളിലെങ്കിലും എംടി യുടെ ഒരു കഥ പഠിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ലല്ലോ. ഓർമ്മയില്ലേ, സിലോണിൽ നിന്ന് വരുന്ന അച്ഛനും ഒപ്പം വന്ന ചെറിയ പെൺകുട്ടിയും. അത് അച്ഛന്റെ മകൾ തന്നെയാണെന്ന പേരിൽ കുടുംബത്തിൽ കലഹവുമായി. തിരിച്ചുപോയ ആ പെങ്ങൾ നോവ് നമ്മൾ പലരിലും ഇപ്പോഴും ഉണ്ടാകുമല്ലോ. അച്ഛന്റെ ആ മകളെ അന്വേഷിച്ച് വർഷങ്ങൾക്കു ശേഷം ശ്രീലങ്കയിലേക്ക് പോകുന്ന വേണു എന്ന പത്രപ്രവർത്തകന്റെ കഥ പിന്നീട് ‘കഡുഗണ്ണാവ: ഒരു യാത്രാകുറിപ്പ്’ എന്ന പേരിൽ എഴുതിയിട്ടുണ്ട് എംടി വാസുദേവൻ നായർ.

കഡുഗണ്ണാവ എന്ന സ്ഥലപ്പേരിന്റെ അർഥം വഴിയമ്പലം എന്നാണ്. വായിച്ചു നോക്കൂ, കണ്ടേൻ സീതയെ എന്ന ശ്രീലങ്കയെ കുറിച്ചുള്ള യാത്രാവിവരണം ഒരുകഥയോട് അടുത്ത് നിൽക്കുന്നത് കാണാം. ആരുടേയുമാകാവുന്ന ഒരു പെങ്ങൾ പാർത്തയിടം അവിടെയുണ്ട്. അതാണ് അശോകവനം. ആ പെങ്ങളുടെ പേര് സീതയെന്നുമാകാം. മറക്കരുത്, അതൊരു വഴിയമ്പലം മാത്രമാണ്. ഇടയിലൊരു കടൽ കൊണ്ട് മറ്റൊരു രാജ്യമായി മാറിയ ഇടം. സീതാ സങ്കൽപത്തേയും ഈഴ ചരിത്രത്തെയുമാണ് ഇത്ര മനോഹരമായി ഈ യാത്രകളുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

വടക്കു നിന്ന് തുടങ്ങിയതുപോലെ തെക്ക് ഒരു കാശിയിലേക്കും, തെങ്കാശിയിലേക്കും, വായനക്കാരെ കൂട്ടികൊണ്ടു പോകുന്നുണ്ട് ഈ പുസ്തകം. പാണ്ഡ്യ രാജാവ് കാശി കണ്ട്‌ തിരിച്ചുവന്ന് വിശ്വനാഥക്ഷേത്രം നിർമ്മിച്ചിടമാണിത്. തെറ്റിദ്ധരിക്കരുത്, ഇത് തീർഥയാത്രയല്ല. മലയാളത്തിലെ ആദ്യത്തെ അന്നവഴി വിവരണമാണ്. തമിഴ് രുചികളിലൂടെയുള്ള ഈ ഫുഡ് ട്രാവലോഗിന്‌ പേരോ ‘പരദേശി മോക്ഷയാത്ര’ എന്നും. അന്നം തന്നെ ദൈവം. 

ഉജ്ജയിനിയും ഹംപിയും കടലെടുത്ത ധനുഷ്കോടിയും പൂമണം പിടിച്ചു പുറപ്പെട്ടുപോകാൻ പ്രേരിപ്പിക്കുന്ന പൂംപട്ടണവും മണൽ കൊണ്ടു കഥ എഴുതുന്ന രാജസ്ഥാൻ മരുഭൂമിയും മധുരയിലേക്കുള്ള ഓട്ടോ ട്രാവലോഗും ഒക്കെ ചേർന്ന് വീടുവിട്ടിറങ്ങാനുള്ള പ്രലോഭനത്തിന്റെ പാസ്പോർട്ട് കൂടിയാണ് ഈ പുസ്തകം. 

നേർവഴിയിലുള്ള ഓർമ്മയെഴുത്താണ് പൊതുവേ യാത്രാവിവരണങ്ങൾ. മറ്റ് ഓർമ്മയെഴുത്തുകളെല്ലാം സത്യത്തോടടുത്ത കള്ളങ്ങളോ ആഗ്രഹങ്ങളോ കൂട്ടിച്ചേർത്തവയാകാതെ തരമില്ല. എന്നാൽ യാത്രയെ കുറിച്ചെഴുതുമ്പോൾ വായനക്കാരെ വഴിതെറ്റിക്കാനാകില്ല. ആ കൃത്യത എഴുത്തിൽ പാലിക്കണ്ടതുണ്ട് ഈ പുസ്തകത്തിൽ. അതിനാലാകാം, ചില യാത്രാവിവരണങ്ങൾ വായിച്ചാൽ യാത്രാക്ഷീണം തോന്നും. എന്നാൽ കവിതയോടടുത്ത ഭാഷ കൊണ്ട് ഹരികൃഷ്‌ണൻ യാത്രയെഴുത്തിനെ വൃത്തത്തിൽ എഴുതിയ കാവ്യത്തിന്റെ കണിശതയിൽ സ്വപനസഞ്ചാര തുല്യം സുഖകരമാക്കുന്നു. 

ഇതിൽ പരാമർശിക്കുന്ന സ്ഥലങ്ങളിൽ നിങ്ങൾ പോയിട്ടില്ലെങ്കിൽ, ഒരപേക്ഷയുണ്ട്; പോകരുതിനി. കാരണം ഹരികൃഷ്‌ണൻ എഴുതിയതിലെ കാൽപ്പനിക ഭംഗി കണ്ടെടുക്കാൻ വെറും കണ്ണുപോരാ. അത് കൊണ്ട് തന്നെ ഈ പുസ്തകം വീണ്ടുംവീണ്ടും വായിച്ചു കഴിയുമ്പോൾ തോന്നിയേക്കാം, ഇത്ര സുന്ദരഭാഷയിൽ എഴുതുന്നയാൾ എന്തേ കഥയൊന്നും എഴുതാത്തതെന്ന്. കാരണമുണ്ട്; കൽപിതകഥയെഴുതാൻ എളുപ്പമാണ്. കണ്ണിൽക്കണ്ടത് കഥയേക്കാൾ മനോഹരമായി എഴുതുന്ന ഈ കരവിരുത് അതിനുമൊക്കെ മേലെയാണ്. അതുകൊണ്ടാണ് എഴുത്തിന്റെ മറ്റു രണ്ടറ്റങ്ങളായ തിരക്കഥയ്ക്കും വാർത്തയെഴുത്തിനും ഹരികൃഷ്‌ണൻ പുരസ്‌ക്കാരങ്ങൾ നേടുന്നത്. 

പുസ്തകം വാ‌ങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യാം

English Summary : Vazhikale Enne Kondupovathengu Travelogue By Harikrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA