പശ്ചിമഘട്ട റിപ്പോര്‍ട്ട് കേരളത്തില്‍ അട്ടിമറിച്ചതാര്: വെളിപ്പെടുത്തി മാധവ് ഗാഡ്ഗില്‍

gadgil-potrait-55
SHARE
സിതാര പോള്‍

മനോരമ ബുക്സ്

140 രൂപ

കേരളത്തിലുള്‍പ്പെടെ വില്ലനില്‍നിന്നു വീരനായകനിലേക്കു മാറിയ വീരപരിവേഷമുള്ള വ്യക്തിയാണ് മാധവ് ഗാഡ്ഗില്‍. 2018 ലെ മഹാപ്രളയത്തിനു മുമ്പു ഗാഡ്ഗിലിന്റെ കോലം വ്യാപകമായി കത്തിച്ചിരുന്നു. വികസന  വിരോധിയെന്നു മുദ്ര കുത്തപ്പെട്ടു. ആദിവാസികളും സാധാരണക്കാരുമുള്‍പ്പെട്ട പാവപ്പെട്ടവരെ അവരുടെ വീടുകളില്‍നിന്ന് ഇറക്കിവിടാന്‍ അവതരിച്ച ദുഷിച്ച സ്വാധീനമെന്നുപോലും വിമര്‍ശിക്കപ്പെട്ടു. ജാഥകളും പ്രതിഷേധ പ്രകടനങ്ങളും അങ്ങോളമിങ്ങോളം നടന്നു. 

അപ്പൊഴൊക്കെ അദ്ദേഹം നിശ്ശബ്ദനായിരുന്നു. വാദപ്രതിവാദങ്ങളില്‍നിന്നും ബഹളങ്ങളില്‍നിന്നും അകന്ന് പുണെയിലെ വീട്ടില്‍ ഗവേഷണത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ 2018 ലെ മഹാപ്രളയം ഗാഡ്ഗിലിന്റെ വാക്കുകള്‍ ശരിവച്ചപ്പോള്‍ കുറച്ചുപേരെങ്കിലും അദ്ദേഹം പറയുന്നത് എന്താണെന്നു കേള്‍ക്കാന്‍ തയാറായി. ഗാഡ്ഗില്‍ എഴുതിവച്ചതു പൂര്‍ണമായി വായിക്കാനും ശ്രമിച്ചു. തൊട്ടടുത്ത വര്‍ഷം 2019 ല്‍ വീണ്ടും വെള്ളപ്പൊക്കമുണ്ടാകുകയും വയനാട്ടിലും മലപ്പുറത്തുമുള്‍പ്പെടെ മണ്ണിടിച്ചിലും മണ്ണൊലിപ്പും രൂക്ഷമാകുകയും ചെയ്തതോടെ കുറേയധികം പേര്‍ ഗാഡ്ഗിലിലേക്കു തിരിഞ്ഞു. മുന്‍പു വില്ലനായിരുന്ന വ്യക്തി വീരനായകനായി; പ്രവാവകനായി. അപ്പോഴും അദ്ദേഹം മൗനത്തില്‍ തന്നെയായിരുന്നു. താന്‍ എഴുതിയതു പൂര്‍ണമായി വായിച്ചുനോക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. 

കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിങ്ങനെ ആറു സംസ്ഥാനങ്ങള്‍ ഗാഡ്ഗിലിനെ വില്ലനായി കാണാന്‍ കാരണം ഒരു റിപ്പോര്‍ട്ടാണ്. 2010-ല്‍ കേന്ദ്ര പരിസ്ഥിതി വനം വകുപ്പിന്റെ നിര്‍ദേശപ്രകാരം ഡോ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ പശ്ചിമ ഘട്ട മലനിരകള്‍ സംരക്ഷിക്കാന്‍ വേണ്ടി പരിസ്ഥിതി വിദഗ്ധ സമിതി തയാറാക്കിയ റിപ്പോര്‍ട്ട്. 2011-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എട്ടുമാസമാണ് റിപ്പോര്‍ട്ട് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത്. എന്നിട്ടും പൊതുചര്‍ച്ചയ്ക്കുവേണ്ടി റിപ്പോര്‍ട്ട് ജനങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കപ്പെട്ടില്ല. ഇതുസംബന്ധിച്ച വിവരാവകാശ ഹര്‍ജിക്കു മറുപടി പറയാനും സര്‍ക്കാര്‍ തയാറായില്ല. ഒടുവില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വനം-പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടു. അതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. 

യഥാര്‍ഥത്തില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമോ പ്രതിഷേധിച്ച ജനങ്ങളോ അല്ല കുഴപ്പക്കാരെന്നാണ് ഗാഡ്ഗിലിന്റെ പക്ഷം. റിപ്പോര്‍ട്ടിനു പൊതുജനങ്ങളുടെ പിന്തുണ ആര്‍ജിക്കാനായില്ല. പരിസ്ഥിതിയെ സംബന്ധിച്ച് ഏതു തരത്തിലുള്ള വികസനമാണു വേണ്ടതെന്ന് ജനങ്ങള്‍ തന്നെയാണു തീരുമാനിക്കേണ്ടത്. എന്നാല്‍ ആ തീരുമാനമെടുക്കാന്‍ പാകത്തില്‍ അവര്‍ ശാക്തീകരിപ്പെട്ടവരായിരിക്കണം. ഇതിനുവേണ്ടിയുള്ള ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മഹാരാഷ്ട്രയിലും ഗോവയിലും താഴേത്തട്ടിലുള്ള ധാരാളം മനുഷ്യരോട് ഇടപഴകാന്‍ മാധവ് ഗാഡ്ഗില്‍ തന്നെ സമയം കണ്ടെത്തി. 

ഈ സംസ്ഥാനങ്ങളിലെ 25 ഗ്രാമസഭകള്‍ അവരുടെ പ്രദേശങ്ങളെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പോലും പാസ്സാക്കിയിട്ടുമുണ്ട്. എന്നാല്‍ കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍പോയി ജനങ്ങളോടു നേരിട്ടു സംസാരിക്കാം എന്ന് ഏറ്റിരുന്ന പാനലിലെ അംഗങ്ങള്‍ അതു ചെയ്തില്ല. അതിനാവശ്യമായ സമയമോ ഊര്‍ജമോ പ്രചോദമോ അവര്‍ക്കുണ്ടായില്ലെന്നും ഗാഡ്ഗില്‍ ആരോപിക്കുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഭാവി തന്നെ മറ്റൊന്നായിരുന്നേനേം. 

ഈ അട്ടിമറിയുടെ കഥയ്ക്കൊപ്പം മാധവ് ഗാഡ്ഗിലിന്റെ ജീവിതം വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണ് സിതാര പോള്‍ എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച മാധവ് ഗാഡ്ഗില്‍: മലനിരകളുടെ കാവല്‍ക്കാരന്‍ എന്നത്. പരിഭാഷ ഡി. ശ്രീജിത്ത്. വിത്സണ്‍ വര്‍ഗീസ്. 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യാം

English Summary : Malanirakalude Kaavalkkaaran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA