വാക്കുകൾകൊണ്ട് കെണിയൊരുക്കി കിളിമഞ്ജാരോ; വിറ്റുപോകാത്ത പുസ്തകങ്ങളു‌ടെ നോവറിഞ്ഞ കൃതി

kilimanjaro-book-stall-potrait
SHARE

കിളിമഞ്ജാരോ ബുക്സ്റ്റാൾ

രാജേന്ദ്രൻ എടത്തുംകര

ഡിസിബുക്സ്

വില 220

ദൃശ്യവും അദൃശ്യവുമായ ചില അനുഭവങ്ങളിലേക്കുള്ള വഴികാട്ടിയാകുന്നു വായന. പലപ്പോഴും നമ്മുടെ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിന് ഒരു അദൃശ്യ സാന്നിധ്യമായി പുസ്തകങ്ങളും കഥാപാത്രങ്ങളും കൂട്ടുവരികയും ചെയ്യും. വായനക്കാർക്ക് പുസ്തകത്താളിലെ കഥാപാത്രങ്ങളായി രൂപാന്തരം പ്രാപിക്കാനുള്ള ഒരു തിരക്കഥ കൂടി ഒളിച്ചുവച്ചുകൊണ്ടാണ് പലപ്പോഴും രചയിതാക്കൾ കളം വിട്ടൊഴിയുന്നത്. 

പ്രമേയത്തിലെ പുതുമയും ആഖ്യാനത്തിലെ സവിശേഷതയും കഥാപാത്രങ്ങളുടെ ശിൽചാതുരിയും തന്നെയാണ് കൃതികളെ വായനക്കാർക്കുള്ളിൽ പ്രതിഷ്ഠിക്കുന്നത്. ‘ബുദ്ധനും ഞാനും’ എന്ന നോവലിലൂടെ, ‘ഞാൻ ഇവിടെയുണ്ടെന്ന്’ നമ്മെ അറിയിച്ച എഴുത്തുകാരനാണ് രാജേന്ദ്രൻ എടത്തുംകര. അദ്ദേഹത്തിന്റെ ‘കിളിമഞ്ജാരോ ബുക്സ്റ്റാൾ’ എന്ന നോവൽ, ‘ഈ എഴുത്തുകാരൻ ഇനിയെന്നും ഉണ്ടായിരിക്കുകയും ചെയ്യും’ എന്നാണ് ഉറപ്പിച്ചു പറയുന്നത്.

പുസ്തകത്തിനുള്ളിലെ പുസ്തകങ്ങളും കഥാപാത്രങ്ങളും ഗ്രന്ഥപ്പുരയുമൊന്നും നമ്മുടെ നോവൽ സാഹിത്യത്തിലിടം പിടിച്ചു തുടങ്ങിയിട്ടധികമായില്ല. പുസ്തകവിൽപനശാലയുടെ പേരിൽത്തന്നെ ഒരു നോവൽ ഇതാദ്യവുമാണെന്നു തോന്നുന്നു. Books are uniquely portable Magic എന്ന സ്റ്റീഫൻ കിങ്ങിന്റെ പ്രയോഗത്തെ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്ന പുസ്തകങ്ങളിലൊന്നാണ് കിളിമഞ്ജാരോ ബുക്സ്റ്റാൾ. ഓരോ പുസ്തകശാലയും സുഷുപ്തിയിലാണ്ടു കിടക്കുന്ന വലിയ അഗ്നിപർവതങ്ങളാണെന്നും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു കീബോ മുഖം അവയ്ക്കുണ്ടാകുമെന്നുമുള്ള ഒരു പ്രതീതിയാണ് കിളിമഞ്ജാരോ പകർന്നു തരുന്നത്.  

                      

വളരെ ചെറിയൊരു കാലയളവിൽ വർധിക്കുകയും കൈവഴികളായി പിരിയുകയും പിന്നെ അറ്റമില്ലാത്ത യാത്രയിലേക്ക് പരന്നൊഴുകുകയും ചെയ്യുന്ന കഥാതന്തു. ആഖ്യാതാവായ കേന്ദ്രകഥാപാത്രമാണ് പേരും നാടുമൊന്നുമില്ലാത്ത പുസ്തക വിൽപനക്കാരൻ. തച്ചുകേടൊന്നുമില്ലാതെ വാർത്തെടുത്ത ആ ശിൽപഭദ്രത പ്രശംസനീയം. പുസ്തകവിൽപനക്കാരനെ, അയാളുടെ ജീവിതത്തിന്റെ ഊടും പാവുമായി മാറിയ ചില ബന്ധങ്ങളെ, ആ ബന്ധങ്ങളുടെ പ്രലോഭനങ്ങളിൽ നിന്നെല്ലാം അനായാസേന വിടുതൽ നേടുന്ന അയാളുടെ വിരുതിനെ, വേറൊരു സ്ഥലത്തേക്കും കാലത്തേക്കും വേറൊരാളിലേക്കും നിർബാധം തുടരുന്ന പ്രയാണത്തെ, എല്ലാം വളരെ  സൂക്ഷ്മതയോടെയാണ് ചേർത്തുവച്ചിട്ടുള്ളത്. 

കഥാപാത്രങ്ങളെല്ലാം തന്നെ  കരുത്തുള്ളവർ. ആഖ്യാതാവിനെ കിളിമഞ്ജാരോ ബുക്സ്റ്റാളിൽ എത്തിക്കുന്ന ഭാസ്കരേട്ടൻ, ബുക്സ്റ്റാളിന്റെ ഓണർ ആയ വി.കെ. കാക്കോറ, കിളിമഞ്ജാരോ എന്ന് പുസ്തകവിൽപനശാലയ്ക്കു പേരു നൽകിയ നിലീന, സ്വന്തം ജീവിതത്തിൽ ഒരു  തീരുമാനമെടുക്കാൻ കഴിയാത്തവണ്ണം ദുർബലയായ റാഹേൽ, കവി കോയിത്താറ്റിൽ പീതാംബരക്കുറുപ്പ്, അദ്ദേഹത്തിന്റെ ഭാര്യ നാരായണി, പുസ്തകവിൽപനക്കാരൻ കൂടിയായ യുവകവി രാജീവൻ അമ്പലശേരി, പുസ്തകശാലയിലെ വിൽപനക്കാരികളും പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുള്ളവരുമായ രമ ലീനമാർ, സഹോദരന്മാരായ അമ്പാടിയും കൃഷ്ണനും, അമ്പാടിയുടെ ഭാര്യ നളിനി, പാടലീപുത്രത്തിലെ ചക്രവർത്തിയായ അശോകൻ, അദ്ദേഹത്തിന്റെ ഭാര്യ അസന്ധിമിത്ര, ചക്രവർത്തിയുടെ മകൻ കുണാല, നർത്തകിയായ തിഷ്യരക്ഷ ഇവർക്കെല്ലാം പുറമേ, എന്നും എപ്പോഴും വാക്കുകളോടൊപ്പം നിത്യചൈതന്യയതിയും.

‘മറ്റെല്ലാ സ്ഥാപനങ്ങളെയും പോലെ  പുസ്തകശാലകളും മനുഷ്യരെ പിടിക്കുന്ന കെണികൾ ആണ്. മനുഷ്യരെ പിടിക്കുന്ന  എല്ലാ കെണികളിലും വാക്കുകൾ പ്രയോഗിച്ചു കൊണ്ടിരിക്കണം’ – പുസ്തക വിൽപനക്കാരൻ പുസ്തകശാലയെക്കുറിച്ച് നടത്തുന്ന ആത്മഗതമാണിത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, കിളിമഞ്ജാരോ ബുക്സ്റ്റാളിലൂടെ വാക്കുകളുടെ ഒരു വലിയ കെണിയാണ് ആഖ്യാതാവ് ഒരുക്കിയിരിക്കുന്നത്. വാക്കുകളുടെ സംഗീതമെന്നോ നൃത്തമെന്നോ  വിശേഷിപ്പിക്കാവുന്ന രീതിയിൽ, താളത്തിൽ അവയെ ചലിപ്പിക്കുന്നു. ജീവിതം കൊണ്ട് സൃഷ്ടിച്ച ഒരു ചലനാത്മകലോകമെന്നു വിശേഷിപ്പിക്കാം.

പുസ്തക വിൽപനക്കാരനെപ്പോലെ പുസ്തകങ്ങളും ജീവനുള്ളവയാണ്. വിറ്റുപോകാത്ത പുസ്തകങ്ങളുടെ, നമ്മളാരും കണ്ടിട്ടില്ലാത്ത മനസ്സു വരെ ആഖ്യാതാവ് കണ്ടെത്തുന്നുണ്ട്..  ‘കിളിമഞ്ജാരോയിലേക്ക് ഓരോരുത്തരായി വരുന്നു. അവരിലൊരാളെ പ്രേമപൂർവം തലോടുന്നു. കൂടെ കൊണ്ടു പോകുന്നു. അപ്പോൾ മറ്റൊരാളുടെ മുഖം കറുത്തത്, ആത്മനിന്ദ കൊണ്ട്. അയാൾ പുസ്തകങ്ങളിലെ നിർഭാഗ്യവതികളെ ആശ്വസിപ്പിക്കുന്നു. നിങ്ങളെ ഇഷ്ടമാകുന്ന ഒരാൾ വരിക തന്നെ ചെയ്യും. അയാളുടെ കണ്ണുകളിലാണ് നിങ്ങളുടെ സൗന്ദര്യം. വിഷമിക്കാതിരിക്കൂ’ –  ഇത്തരത്തിൽ ഇതുവരെ നമ്മൾ പരിചയിച്ചിട്ടില്ലാത്ത ചില നോട്ടങ്ങളിലൂടെ പുസ്തകത്തിന്റെ  സൗന്ദര്യവും കൂടി ആഖ്യാതാവ് വെളിപ്പെടുത്തുന്നു.

ജീവിതത്തിന്റെ ഗഹനത ദാർശനികമായ ഒരാവരണത്താൽ ലളിതമായി അവതരിപ്പിക്കുകയാണ് ഈ നോവൽ. ജീവിതത്തിലെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളാണ് പുസ്തകങ്ങൾ എന്നു വിശ്വസിച്ചിരുന്ന ഒരു തലമുറയെ പിന്തുടർന്നവർക്ക് ഗൃഹാതുരമായ ഓർമകൾ നൽകുന്നതോടൊപ്പം, സമസ്ത ഭാവങ്ങളും ഉൾക്കൊള്ളുന്ന സമകാലിക ജീവിതത്തെയും കൃതി സാക്ഷാത്കരിക്കുന്നു. പ്രണയവും വേർപിരിയലും, സ്നേഹവും  പ്രതികാരവും, ആസക്തിയും വിരക്തിയും, ഭയവും നിർഭയത്വവും, സംഘർഷങ്ങളും നിസ്സംഗതയും, സുരക്ഷിതത്വവും അരക്ഷിതബോധവും ഒക്കെ ചേർന്ന ജീവിതത്തിന്റെ വിരുദ്ധദ്വന്ദ്വങ്ങൾ ഭംഗിയായി ആവിഷ്കരിക്കപ്പെടുന്നുണ്ട് കിളിമഞ്ജാരോയിൽ.

ഇതിഹാസങ്ങളും പുരാണങ്ങളും കവിതകളും കഥകളുമെല്ലാം ചേർന്ന  ലാവണ്യാനുഭവം പ്രദാനം ചെയ്യുന്നതിനോടൊപ്പം പലതരം വർണങ്ങളാൽ സുശോഭിതമായ ചിത്രങ്ങളും നോവലിന് കാന്തി പകരുന്നു. ദൃശ്യങ്ങളെ വെല്ലുന്ന വിവരണങ്ങൾ. വാക്കുകൾ ഉണ്ടാക്കുന്ന താളങ്ങളിലൂടെ മതിമറന്നു പോകുന്ന സന്ദർഭങ്ങൾ. അനുഭൂതിയായി മാറുന്ന ലഹരികൾ.

‘വെറ്റില മുറുക്കുമ്പോൾ മിണ്ടുന്നവർ അരസികരാണ്. താളത്തിൽ ചലിക്കുന്ന താടിയെല്ലിന്റെ സംഗീതമാണ് വെറ്റിലമുറുക്കിന്റെ  ലഹരി’ പ്രണയവും പ്രതികാരവുമടങ്ങുന്ന ജീവിതത്തിന്റെ എല്ലാ ലഹരികളെയും അനുഭവിപ്പിക്കുന്ന തരത്തിലുള്ള വ്യതിരിക്തമായ രചനാ കൗശലം. സ്വവർഗാനുരാഗത്തെക്കുറിച്ചും രതിയെക്കുറിച്ചും പരാമർശിക്കുന്നിടങ്ങളിൽ പോലും  അനുഭവപ്പെടുന്ന സ്വാഭാവികതയും ആവിഷ്കാരത്തിന്റെ ശക്തിയാണ്. പ്രയാണങ്ങളുടെ നൈരന്തര്യമാണ് വിഷയത്തിന്റെ ആഴം കൂട്ടിയതെന്ന് പറയാം. ‘എന്നെങ്കിലുമൊരിക്കൽ ഞാനിത് ഉപേക്ഷിച്ചു പോകുക തന്നെ ചെയ്യും’ എന്ന ഒന്നാമധ്യായത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നതു പോലെ  ‘വേഗം പോകൂ വേഗം’ എന്ന വാചകത്തിലാണ് നോവൽ അവസാനിക്കുന്നത്.

കാവ്യാത്മകവും ആദിമധ്യാന്ത പൊരുത്തമുള്ളതുമായ അവതരണം, പുതുമയുള്ള പ്രമേയം, വായനക്കാർക്കു കൂടി സംവദിക്കാനുള്ള  ഇടം ഇതൊക്കെ ഒരു സവിശേഷ വായനാനുഭവം തന്നെയാണ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കിളിമഞ്ജാരോ ബുക്സ്റ്റാൾ വായനയിലും വിൽപനയിലും അദ്ഭുതങ്ങളുണ്ടാക്കും. നോവലിൽ പറയുന്നതു പോലെ ‘കൂട്ടത്തിൽ ഒരാളുടെ ശബ്ദം സവിശേഷമായി ഓർത്തു വയ്ക്കണമെങ്കിൽ അയാളുടെ തച്ചുവേല അത്രയ്ക്ക് പിടിച്ചിരുത്തുന്നതാവണം’. ഏതൊരു കൂട്ടത്തിലും  വേറിട്ടു നിൽക്കുന്ന ഒരു തച്ചുവേലയാണ് കിളിമഞ്ജാരോ ബുക്സ്റ്റാളിന്റെ കാതൽ.

English Summary: Kilimanjaro Book Stall Novel By Rajendran Edathumkara

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA