‘‘രാജ്യമോ? ഏതാണ് എന്റെ രാജ്യം?’’

bhudhini-potrait-001
SHARE

ബുധിനി

സാറാ ജോസഫ്

ഡിസി ബുക്സ്

499 രൂപ 

തന്റേതല്ലാത്ത തെറ്റുകൾക്ക് ശിക്ഷിക്കപ്പെടുന്നത് എങ്ങനെ എന്ന് ഒരു പെണ്ണിനെ ആരും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ഇന്ന്, പരിഷ്കൃതമെന്ന് പറയുന്ന കാലത്തും പലതിനായി പലവുരു ദൃശ്യവും അദൃശ്യവുമായ വിലക്കുകളുടെ നടുവിൽ ചോദ്യം ചെയ്യപ്പെട്ടും ശിക്ഷയനുഭവിച്ചും തീരുന്നവർക്കിടയി ലേക്കാണ് സാറാ ജോസഫിന്റെ ബുധിനി എത്തുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് മുഖ്യധാരയിൽ നിന്ന് കഴിവതും ഒറ്റപ്പെട്ട്, തങ്ങളുടേതായ നീതി നിയമങ്ങൾ പാലിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിലെ, യുവതിയെന്ന് വിളിക്കാൻ പോലും പ്രായമാവാത്ത ഒരു പതിനഞ്ചുകാരിയുടെ ഒറ്റപ്പെടലിന്റെയും ചെറുത്തു നിൽപ്പിന്റെയും കഥയാണിത്. 

സാന്താൾ എന്നാൽ ശാന്തമായ ആത്മാവ് - പക്ഷേ ആ ശാന്തമായ ആത്മാവുള്ള ഒരാൾ അശാന്തമായി ഒരു ജന്മം  മുഴുവൻ ഓടുകയാണ്.  രക്ഷിക്കേണ്ടവർ തന്നെ ശിക്ഷകരാകുന്ന കഥകളുടെ ചോരപ്പാടുകൾ കൊണ്ട് വല്ലാതെ കറുത്ത് പോയൊരു ചരിത്രം കൂടി നമ്മുടെ സ്വാതന്ത്ര്യത്തിനുണ്ടെന്ന്, മറന്നു പോവരുതെന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ബുധിനി എന്ന നോവൽ. ഇത്പോലെ മറന്ന് പോയ എത്രപേർ എന്നത് ചോദ്യമായി അവശേഷിക്കുന്നു!  

ആരായിരുന്നു ബുധിനി ? ഒരു പുരുഷനെ പെണ്ണ് മാലയിട്ടാൽ, അവൾ അയാളുടെ ഭാര്യയായെന്ന് വിശ്വസിക്കുന്ന സാന്താൾ വംശജർ എന്ന ജാര്‍ഖണ്ഡിലെ   ആദിവാസികൾ. ബംഗാളിന്റെ ദു:ഖം എന്നറിയപ്പെടുന്ന ദാമോദർ നദിയെ മെരുക്കാൻ കെട്ടിയുയർത്തിയ ദാമോദർ വാലി അണക്കെട്ടിന്റെ ഉദ്ഘാടനത്തിനെ ത്തിയ അന്നത്തെ പ്രധാനമന്ത്രി നെഹ്രുവിനെ മാലയണിച്ച് സ്വീകരിച്ചതും അദ്ദേഹത്തിന്റെ നിർദശപ്രകാരം ഉദ്ഘാടനം നിർവഹിച്ചതും ബുധിനി ആയിരുന്നു.

നല്ല വസ്ത്രമണിഞ്ഞ് സാന്താൾ വേഷത്തിൽ ഒരുങ്ങിയാണ് അവൾ  ചടങ്ങിനെത്തുന്നത്. അവൾ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ - ഗോർമൻ എന്ന ഗവണ്മെന്റിന്റെ ഭാഗമായവർ -  പറഞ്ഞതു പ്രകാരം ആണ്  അവൾ നെഹ്രുവിനെ മാലയിട്ട് സ്വീകരിക്കുന്നത്. പക്ഷേ തിരിച്ച് ഗ്രാമത്തിൽ എത്തുന്ന അവളെ കാത്തിരിക്കുന്നത് ഊരുവിലക്കും ഉറ്റവരെയും ഉടയവരെയും വിട്ട് എന്നെന്നേക്കുമായി ദുരിതപൂർണ്ണമായ ജീവിതത്തിലേക്കുള്ള നടതള്ളലുമാണ്. എന്നാൽ ഇത് ബുധിനിയുടെ മാത്രം കഥയല്ല, തോൽപ്പിക്കപ്പെട്ട, ആരാലും അടയാളപ്പെടുത്താതെ പോവുന്ന ജനതയുടെ കൂടെ ജീവിതമാണ്. 

മണ്ണിരയേക്കാൾ മഹത്വമൊന്നും മനുഷ്യന് കൽപ്പിക്കാത്ത, അല്ലെങ്കിൽ എല്ലാം തുല്ല്യമെന്ന് കരുതുന്ന ഒരു ജനതക്ക് മണ്ണും മലയും ജലവും ജീവനും എല്ലാം നഷ്ടപ്പെടുന്നത് ആരാലും ചോദ്യം ചെയ്യപ്പെടാതെ പോവുന്നിടത്ത് സോമനാഥ് ഹെബ്രൊമിനെ പോലുള്ള വിപ്ലവകാരികൾ ജനിക്കുന്നു. വിപ്ലവമില്ലാതെ അയാൾക്ക് ജീവിക്കാൻ ആവില്ലെന്ന് പരിഹസിക്കുന്നവർ അയാളുടെ നഷ്ടങ്ങളും അതിനാൽ അവർ നേടുന്നതും കാണാതെ പോവുന്നു. 

വികസനത്തിന്റെ കെട്ടിപൊക്കലുകളിൽ മണ്മറഞ്ഞതെന്തെന്നും ഒളിപ്പിക്കപ്പെട്ടതാരൊക്കെയെന്നും ചിന്തിക്കാ ൻ പോലും മിനക്കെടാത്തവരാണ് നാം. വികസനത്തിൽ നിന്നും വിനാശത്തിലെക്കുള്ള ദൂരം അത്ര ചെറുത ല്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുന്നു ബുധിനി. വികസനത്തിന്റെ ഉപഭോക്താക്കൾ അവരായിരുന്നില്ല. അവരുടെ സ്വന്തമായിരുന്നതെല്ലാം വെള്ളത്തിലും തീയിലും നഷ്ടമാവുമ്പോൾ ജീവിക്കാൻ ഇടമോ ജീവനോപാധിയൊ നൽകാൻ ആരും തയാറാവുന്നില്ല. പതിറ്റാണ്ടുകൾക്കിപ്പുറവും മറവി രോഗം ആക്രമിക്കുമ്പോഴും ജീവിക്കാൻ ഇടവും സൗജന്യ വൈദ്യുതിയും നൽകാമെന്ന വാഗ്ദാനം മറക്കാതിരിക്കുന്ന  റോബോൺ മാഞ്ചിയെ നമ്മളാണ് മറക്കുന്നത്. 

നമ്മുടെ സ്വാതന്ത്ര്യം നമ്മുടെ രാജ്യം നമ്മുടെ സർക്കാർ - അഭിമാനത്തോടെ ഉരുവിടുന്നതിനിടയിൽ ആരാണ് നമ്മൾ എന്ന് അറിയാതെ ചോദിച്ചു പോവുന്ന അവസ്ഥകളുണ്ട്. ഒരു കാഴ്ചവസ്തുവായി ചിലരുടെ കാര്യസാധ്യത്തിനായി വേഷം കെട്ടപ്പെടുന്ന നമ്മളല്ലാത്ത നമ്മളിലെ ചിലർ ഒരു നിമിഷത്തിനപ്പുറം കാഴ്ചയിൽ നിന്ന് മറയ്ക്കപ്പെടുന്നത് നമ്മൾ അറിയാതെ പോവുന്നു. അതിനപ്പുറം അവർ എന്തെന്ന് ഒരിക്കൽ പോലും ചിന്തിക്കാത്തവിധം മറവിയിലേക്ക് തള്ളിമാറ്റാൻ കഴിയുന്നവർക്കിടയിലേക്കാണ് ബുധിനിയുടെ ചോദ്യം എത്തുന്നത് -"രാജ്യമോ? ഏതാണ് എന്റെ രാജ്യം?" 

ബുധിനിയെ ഗ്രാമത്തിൽ നിന്നും അടിച്ചോടിക്കുന്നതാണ്. അവൾ അർഹിക്കാത്ത ആഗ്രഹിക്കാത്ത ആ യാത്ര ജീവൻകാക്കാൻ വേണ്ടിയുള്ളതാണ്. തനിച്ചു തുടങ്ങിയ യാത്രയെ, ഒരിക്കൽ കൊടുത്ത കൈ ഒരുനാളും വിടാതെ കൂടെ നിന്ന ദത്തയാണ് അർത്ഥമുള്ളതാക്കുന്നത്. അതുകൊണ്ടൊന്നും ദുരിതങ്ങൾക്ക് വിരാമമാവുന്നില്ലെങ്കിലും എന്നെന്നും പിരിയാത്ത കൂട്ടായി രത്നിയുടെ അച്ഛനായി കൂടെയുണ്ടാവുന്നു. 

എന്നാൽ സ്വന്തം ഗ്രാമം വെള്ളത്തിൽ മുങ്ങിത്താഴുമ്പോൾ ഭാര്യയോടും അഞ്ച് ആണ്മക്കളോടും ഒപ്പം ഗ്രാമം വിട്ട് യാത്രയാവുന്ന ജഗ്ദീപ് മുർമുവിനു ജോബോൻ എന്ന മകൻ ഒഴിച്ച് എല്ലാം നഷ്ടപ്പെടുന്നു. ജഗ്ദീപ് കടന്നു പോവുന്ന സഹനത്തിന്റെ നാൾവഴികൾ അത്യന്തം വേദനയുടേതാണ്. ജോബോൻ ന്റെ മകൾ രൂപി മുർമുവാണ് ജലസമാധി അടഞ്ഞ ക്ഷേത്രങ്ങളെ തേടി യാത്രയാവുന്നത്; ഒരു നിമിത്തം പോലെ ബുധിനിയിൽ എത്തുന്നതും. രൂപി കണ്ടെത്തുന്നത് താൻ കൂടി ഉൾപ്പെടുന്ന ഒരു ജനതയുടെ ചരിത്രമാണ്. യാത്രകളുടെ പാലായനങ്ങളുടെ കഥകൂടിയാണ് ബുധിനി. 

കഥകളിൽ ഉപകഥകളിൽ നിറയുന്ന ആഖ്യാനത്തിൽ സത്യവും മിഥ്യയും തിരയാൻ അവസരം തരാതെ ബുധിനി വായനക്കാരെ കൊണ്ടുപോവുന്നു. മന്ത്രവാദിനിയായി മുദ്രകുത്തപ്പെടുന്ന രാംധുനി, ബുധിനിയുടെ കൂട്ടുകാരനായ ഛൊത്രോയ് സോറൻ,  ജീപ്പ് ഡ്രൈവർ ആയ ജൗന മറണ്ടി അങ്ങിനെ ഒരു നാടിന്റെ കഥ പറയാൻ ഒട്ടും അപ്രധാനമല്ലാത്ത ഒരു പിടി കഥാപാത്രങ്ങൾ കൂടി ഉണ്ട്. നാട്ടുകൂട്ടത്തിന്റെ നാടുകടത്തലിന്റെ ‘‘ബിത്ലാഹ’’ യുടെ വിവരണവുമായെത്തുന്ന അധ്യായം വായിച്ചു തീരുമ്പോൾ ഒരു ദു:സ്വപ്നം കണ്ട് തീർന്ന പ്രതീതി ബാക്കിയാവുന്നു. ഒപ്പം ചേരുന്ന ചിത്രങ്ങൾ അത്രമേൽ വാചാലമായി വായനക്കാർക്ക് സ്വയം പൂരിപ്പിക്കാൻ ഇടനൽകുന്നു.  

ജീവിക്കുക എന്നതാണ് ഒരു സാന്താളിന്റെ ആദ്യത്തെ കടമ. പക്ഷേ ജീവിക്കാനുള്ള ഭൂമി വെള്ളത്തിൽ മുങ്ങി കുഴമ്പുപോലായിരിക്കുന്നു. മരിച്ചു മണ്ണടിഞ്ഞ പ്രിയപ്പെട്ടവർക്ക് തണുപ്പുകിട്ടാതെ ഉള്ളു കത്തുന്നവരായി തീർന്നിരിക്കുന്നു. ആട്ടവും പാട്ടും തപ്പും താളവുമുണ്ട്; പക്ഷേ ആടിപ്പാടാൻ അരങ്ങു നഷ്ടപ്പെട്ടവരാണവർ. അവരുടെ നഷ്ടങ്ങളുടെ മുകളിലാണ് നമ്മൾ നേട്ടങ്ങൾ പടുത്തുയർത്തുന്നത്. അവർ എന്നെന്നേക്കുമായുള്ള ഓട്ടത്തിലും. അവരുടെ ഉള്ളിൽ എരിയുന്നൊരു കാടുണ്ട്; പിന്നെങ്ങനെയാണ് കാലടിയിലെ ചൂട് അവരെ ബാധിക്കുന്നത്. ബുധിനി ജീവിക്കുന്നവൾ അല്ല; അതിജീവിക്കുന്നവൾ ആണ്.

English Summary : Budhini Book By Sara Joseph 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA