അലൗകികമായി ഉറ്റു നോക്കുന്നു, ഓർമയുടെ തിണ്ണയിൽ കയറിനിന്ന് ആ കവിത

kadal-aarude-veedanu-potrait-01
SHARE

കടൽ ആരുടെ വീടാണ് (കവിതകൾ)

മോൻസി ജോസഫ്

പ്രസാധനം  മാതൃഭൂമി ബുക്സ്, 2019

വില 150

“നിരുപമ സ്നേഹത്തിന്റെ ചിറ്റോളമോലുന്ന

നിറവെഴും പൊയ്കയെങ്ങാനുമുണ്ടോ?”

എന്ന ജിയുടെ ചോദ്യം പുതിയ കാലത്തിന്റെ ഭാഷയിലും വ്യാധിയിലും ഉയരുന്നതാണു മോൻസി ജോസഫിന്റെ ‘കടൽ ആരുടെ വീടാണ്’ എന്ന കാവ്യസമാഹാരം. ‘ശിരസ്സിൽ നിറഞ്ഞു കവിഞ്ഞ രാത്രി’യാണ് ഈ കവിതയുടെ ഭാവസ്വരൂപം നിർണയിക്കുന്ന ജനിതകം. സമകാലികമായ എല്ലാത്തരം വിനിമയങ്ങളെയും ഈ കവിതകൾ പരിശോധിക്കുന്നുണ്ട്. സ്വാഭാവികമായും കവിക്കു നമ്മുടെ ഇപ്പോഴത്തെ പല മുന്തിയ ശീലങ്ങളോടും വിയോജിപ്പുകളുണ്ട്. അതിനാൽ സാമൂഹിക, സാംസ്കാരിക, വൈകാരിക വിമർശനങ്ങളിലൂടെ കവി കടന്നുപോകുന്നു. 

അപ്പോഴും അത്തരം വിമർശനങ്ങൾക്കെല്ലാം ഉള്ളിൽ കവിക്ക് സ്വരബാഹുല്യങ്ങളില്ലാതെ കഴിയാനും മോഹമുണ്ട്. പ്രണയഭാവം ധ്വനിപ്പിക്കുന്ന ‘പുതപ്പ്’ എന്ന കവിത ഈ സമാഹാരത്തിൽ ആദ്യം ചേർത്തതിന് ഒരു കാരണമുണ്ടാകും. അത് പ്രണയത്തെയല്ല, തന്റെ കവിതയെയാണു പറയുന്നത്. കവിത തനിക്ക് എന്താണ്, അത് എങ്ങനെ സംഭവിക്കുന്നു  എന്നെല്ലാം ഒളിച്ചുപറയാൻ കവി വിചാരിച്ചിട്ടുണ്ടാകാം. 

കവി തന്റെ ഉള്ളിൽ ഒളിച്ചിരിക്കാൻ ആഗ്രഹിക്കുന്നു. എല്ലാ നിറവുകളുടെയും ഉള്ളിൽ മറഞ്ഞിരുന്ന് അതിനെ അറിയാനുള്ള ത്വരയാണല്ലോ കവിതയിലേക്കു നയിക്കുന്നത്. അതിനാൽ ആകാശത്തും കുന്നിൻമുകളിലും മരണത്തിന്റെ ഉള്ളിൽ വരെ ഒളിക്കാൻ കവിക്കു മോഹമുണ്ട്. കവി ആരാണ്, “ഉള്ളിൽ ഒളിച്ചിരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യകിരണം” മാത്രം. ജനസഞ്ചയങ്ങളെയും തിരക്കുകളെയും ഉപേക്ഷിക്കുന്ന കവിക്ക് തന്റെ പ്രാണാത്മാവിനെ തനിച്ച് ഒളിവിൽ വയ്ക്കാൻ എത്രകാലം കഴിയും. ഒരു സ്നേഹമില്ലാതെ എങ്ങനെ കാവ്യാന്വേഷണങ്ങൾ നടത്തും. “നീ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. നിനക്കും ഉള്ളിൽ ഒളിച്ചിരിക്കാലോ.”

കവിയുടെ ഒരു നിത്യപ്രശ്നം ഉടലും ആസക്തിയുമാണ്. ഉടൽ ഇത്രത്തോളം പാപം വഹിക്കുന്നുണ്ടോ എന്ന ആശങ്കയാണ് എനിക്ക് ഉണ്ടായത്. പ്രാണൻ താൻ ഇരിക്കുന്ന ശരീരത്തിന്റെ തൃഷ്ണകളെ ഭയപ്പെടുകയോ സംശയിക്കുകയോ ചെയ്യുന്നു. ഉടലിന്റെ ആകർഷണം, ലയം, മയക്കം എന്നിവയെല്ലാം വൃഥാവിലാണല്ലോ എന്നും വിഷമിക്കുന്നു. 

“ശരീരം തന്നെ ചുണ്ടുകളായി, ഉടലിൽ കൂടുതൽ ചുണ്ടുകൾ പൊട്ടിമുളച്ചു” എന്നാണു കവി കരുതുന്നത്. 

അറിഞ്ഞ ശരീരത്തിന്റെ ഓർമ കനലായി ഉള്ളിൽ എരിയുമെന്നും നഷ്ടമായ ശരീരത്തിന്റെ ഓർമ അസൂയയായി ആളിപ്പടരുെമന്നും ലൈംഗികതയ്ക്ക് എതിരായ ചിന്തകളിൽ സെന്റ അഗസ്റ്റ്യൻ എഴുതുന്നുണ്ട്. ഇതേ ആകുലതയാണു ലൈംഗികതയും നാഗരികതയും ഇപ്പോഴും കവിതയിൽ ഉണ്ടാക്കുന്നത്.

“ഇനി എന്തു ചെയ്യാൻ

സമയം ഇഷ്ടം പോലെ ഉണ്ടായിരുന്നു

ഉടൽ ആരുടേതുമില്ലാതെ

അഴിഞ്ഞുവീണു

ചുണ്ടുകൾ പിന്നെയും തിന്നാനായി നോക്കി

ക്ഷീണം,മഹാക്ഷീണം”

ഇങ്ങനെ വെണ്ണീറിന്റെ അനുഭവമാണ് ഉടലിൽ അറിഞ്ഞതെല്ലാം. ജന്മോദേശ്യം എന്തെന്നു ചോദിക്കുന്ന മനുഷ്യൻ ആദ്യം ലൈംഗികതയിലേക്കു പോകുന്നു, ഇരുട്ടിലേക്കു പോകുന്നു. ഇരുട്ടിൽ പറിച്ചിട്ട ആത്മാവ് അവിടെ കിടന്നു പരതുന്നു. 

നമുക്കറിയാം, കടുത്ത അതൃപ്തിയുടെ നടുവിൽനിന്നാണു പലപ്പോഴും രൂക്ഷമായ ഫലിതം ഉണരുന്നത്. രാത്രിയുടെ ആഴങ്ങളിൽ തിളങ്ങുന്ന വന്യമൃഗത്തിന്റെ കണ്ണുകൾ പോലെയാണു മോൻസിയുടെ കവിതയിലെ ഹാസ്യം. ഇരുട്ടിലെ അനക്കങ്ങൾ ഓരോന്നും അതു സംശയത്തോടെ നിരീക്ഷിക്കുന്നു. രൂക്ഷതയോടെ പ്രതികരിക്കുന്നു. അങ്ങനെ പാപപങ്കിലവും ഉന്മാദഭരിതവും നിഷ്ഫലവ്യഗ്രവുമായ മനുഷ്യജീവിതം പരിഹാസ്യപൂർണമാകുന്നു.

ഉടലിന്റെ മോഹനങ്ങളിൽ പ്രധാനം  മുലകളാണ്. പല കവിതകളിലും അതുണ്ട്. ‘സമയത്തിന്റെ മുലഞെട്ടിൽ’ എന്നെല്ലാം എഴുതുന്നത്, മുല കുടിക്കുന്ന പുരുഷനാണ് ഏറ്റവും നിസ്സഹായനും പരിഹാസ്യനുമായ ജന്തു എന്നു തിരിച്ചറിയുന്നതു കൊണ്ടാണ്. ‘അലൗകികമായി ഉറ്റു നോക്കുന്ന മുലകൾ’ അവന് ആശ്വാസം പകരേണ്ടതാണ്. ഭൂമിയിലെ ഏറ്റവും സുന്ദരമായവയിൽ ഒന്നാണ്, പിറന്നുവീഴുമ്പോഴേ സർവപ്രാണബലത്തോടും കൂടി അതിന്മേലാണു ഭൂമിയുടെ ശിശു ഏറ്റവും ആർത്തനായി മുഖം ചേർക്കുന്നത്. എങ്കിലും ശരീരതൃഷ്ണകളുടെ ഒരുകാവ്യബിംബം  മാത്രമായി അതു ചുരുങ്ങുന്നു.

ദൈനംദിന ജീവിതവ്യാപാരങ്ങളിലൂടെ അലയുമ്പോളും കവിതയിലൂടെ പകരുന്ന ധ്യാനങ്ങളിൽ ലയിക്കാൻ കവിക്ക് ആഗ്രഹമുണ്ട്. “ഓർമയുടെ തിണ്ണയിൽ കയറിനില്ക്കും, മഴയുണ്ടെങ്കിലും ഇല്ലെങ്കിലും..” എന്നു പറയുന്നത് അതാണ്. ഓരോ തവണ വായിക്കുമ്പോഴും എന്താണെന്ന് എടുത്തു പറയാനാവാത്ത ഒരു ഇഷ്ടം കവിതയിൽ നിന്ന് ഉയർന്നുവരുന്നുണ്ട്. വായനക്കാരൻ തിരയുന്നത് അതാണ്. ധാർമികമോ രാഷ്ട്രീയമോ ആയ വേവലാതികൾക്കപ്പുറം ഉള്ളിൽ ഒളിച്ചിരിക്കാനാണ് അപ്പോൾ വായനക്കാരും തീരുമാനിക്കുക.  വീടിനുള്ളിൽ ഒരു വീടു മയങ്ങുന്നുണ്ടോ എന്ന കവിയുടെ ചോദ്യം ധ്യാനനിർഭരമായ ആ ഇഷ്ടത്തിൽനിന്നു വരുന്നതാണ്. അതിനാൽ ഓർമകളിലെ ചില സൗമ്യതകളിലേക്കു സഞ്ചരിച്ചു സ്വസ്തിയാകാനും നാം ശ്രമിച്ചുനോക്കുന്നു. 

English Summary : Kadal Aarude Veedanu Book By Moncy Joseph

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA