sections
MORE

ഭാഗ്യം തേ‌ടിയെത്തി, മേയർ പദവിയിലെത്തി; മടങ്ങിയത് കർഷകനായും മുഴുക്കുടിയനായും

mayor-potrait-01
SHARE

കാസ്റ്റര്‍ബ്രിഡ്ജിന്റെ മേയര്‍ 

തോമസ് ഹാര്‍ഡി 

കറന്റ് ബുക്സ്, തൃശൂര്‍ 

വില 230 രൂപ 

മൈക്കേല്‍ ഹെന്‍ച്ചാര്‍ഡിന്റെ മരണപത്രത്തില്‍ എന്തു ചെയ്യണം എന്നായിരുന്നില്ല, എന്തു ചെയ്യരുത് എന്നാണുണ്ടായിരുന്നത്. ജീവിതത്തിലെ കഴിഞ്ഞുപോയ ഓരോ പ്രവൃത്തിയും  അങ്ങനെ ചെയ്യാനാണ് അയാളെ പ്രേരിപ്പിച്ചത്. 25-ാം വയസ്സില്‍ സംഭവിച്ച ആദ്യത്തെ ദുരന്തം. അതു മദ്യലഹരിയില്‍. അടുത്ത 25 വര്‍ഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ച താഴ്ചകള്‍. ഒടുവില്‍ കാസ്റ്റര്‍ബ്രിഡ്ജ് എന്ന പട്ടണത്തില്‍ ഭാഗ്യം തേടി എത്തിയ അതേ അവസ്ഥയില്‍ മടക്കയാത്ര. മേയര്‍ പദവി വരെ എത്തിയതിനുശേഷം കര്‍ഷകനായും മുഴുക്കുടിയനുമായുള്ള മടങ്ങിപ്പോക്ക്. 

അറിഞ്ഞുകൊണ്ടു തന്നെ ചെയ്തവയാണെങ്കിലും തനിക്കു പറ്റിയ തെറ്റുകള്‍ എന്തൊക്കെ എന്ന് അയാള്‍ക്കു തന്നെ അറിയാമായിരുന്നു. എന്നിട്ടും ജീവിതത്തെ ദുരന്തപര്യവസായിയാക്കിയ പ്രവൃത്തികളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. തെറ്റ് എന്നറിഞ്ഞുകൊണ്ടുതന്നെ തെറ്റ് ചെയ്യേണ്ടിവരിക. അവയുടെ പേരില്‍ പശ്ചാത്തപിക്കുക. ഒടുവില്‍ കുറ്റബോധത്തിന്റെ ഭാണ്ഡവും പേറി അന്ത്യയാത്ര. മൈക്കൈല്‍ ഹെന്‍ച്ചാര്‍ഡ് ഒറ്റപ്പെട്ട വ്യക്തിയല്ല. അയാള്‍ ഒരാള്‍ മാത്രവുമല്ല. എന്നും എവിടെയും എല്ലാ മനുഷ്യരുടെയും പ്രതിരൂപമാണയാള്‍. 

അല്ലെങ്കില്‍ എക്കാലത്തെയും എല്ലാ മനുഷ്യരുടെയും മനസ്സില്‍ ഒരു മൈക്കേല്‍ ഹെന്‍ച്ചാര്‍ഡ് സജീവമായു ണ്ട്. ഹെന്‍ച്ചാര്‍ഡിനെ പൂര്‍ണമായി വെറുക്കാനോ അയാളോടു പൊറുക്കാനോ ആര്‍ക്കും കഴിയുകയുമില്ല. അയാള്‍ തീര്‍ത്തും ശപിക്കപ്പെട്ട വ്യക്തിയുമല്ല. ജീവിതത്തില്‍ ഒരിക്കല്‍പോലും പുലര്‍ത്താതിരുന്ന അന്തസ്സ് അയാള്‍ മരണത്തില്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. അതിന്റെ തെളിവാണ് അയാളുടെ മരണപത്രം. തന്റെ മരണം ആരെയും അറിയക്കരുത് എന്നായിരുന്നു അവസാനത്തെ നിര്‍ദേശം; തന്നെച്ചൊല്ലി ആരും സങ്കടപ്പെടരുതെ ന്നും. 

എന്നെ സെമിത്തേരിയില്‍ അടക്കരുത്. ആരും മരണമണിയടിക്കരുത്. ആരും എന്റെ ജഡം കാണാനാഗ്രഹിക്ക രുത്. ശവമെടുപ്പിന് ആരും ഒപ്പം വരരുത്. കുഴിമാടത്തില്‍ പൂക്കള്‍ വയ്ക്കരുത്.  ആരും എന്നെ ഓര്‍മ്മിക്കയുമരുത്. 

ഹെന്‍ച്ചാര്‍ഡ് ഇങ്ങനെയൊക്കെ ആഗ്രഹിച്ചെങ്കിലും അയാളെ കാണാന്‍ ഫാര്‍ഫ്രെ എത്തി. എലിസബത്ത് ജെയിന്‍ എത്തി. അവര്‍ കണ്ണീര്‍ വാര്‍ത്തു. എന്നുമാത്രമല്ല, തങ്ങള്‍ ആ മനുഷ്യനോട് പരുഷമായി പെരുമാറാതിരുന്നെങ്കില്‍ എന്ന് വെറുതെയെങ്കിലും ആഗ്രഹിക്കുകയും ചെയ്തു. തെറ്റ് ചെയ്തതിന്റെ പേരിലാണ് ഹെച്ചാർഡ് കുറ്റബോധം അനുഭവിച്ചതെങ്കില്‍ അതേ കുറ്റബോധത്തിന്റെതന്നെ ഇരകളാണ് എലിസബത്ത് ജെയിനും ഫാര്‍ഫ്രെയും. 

അതേ, അവരും സ്വന്തം പ്രവൃത്തികളുടെ പേരില്‍ ദുഃഖിക്കുന്നു. പശ്ചാത്തപിക്കുന്നു.അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്ന് ആഗഹ്രിക്കുന്നു. പുതിയൊരു അരങ്ങ്. പുതിയൊരു ജീവിതം. പുതിയ കഥാപാത്രങള്‍. അങ്ങനെയൊരു അവസരം കിട്ടിയെങ്കില്‍ എന്ന് വ്യര്‍ഥമായി ആഗ്രഹിക്കുന്നു. ഈ ആഗ്രഹം തന്നെയാണ് ലോകത്തിന്റെ തുടക്കം മുതല്‍ മനുഷ്യരെയും ജീവിതത്തെയും നിലനിര്‍ത്തുന്നതും. തെറ്റാണെ ന്നറിഞ്ഞിട്ടും തെറ്റു ചെയ്യേണ്ടിവരികയും വീണ്ടുമൊരു അവസരം കിട്ടിയാല്‍ തിരുത്തുമെന്ന് ഉറപ്പിക്കുകയും വീണ്ടും തെറ്റുകളിലേക്കു തന്നെ വഴുതിവീഴുകയും ഒടുവില്‍ വീണ്ടുമൊരു അവസരം ലഭിക്കാതെ അവസാന നിദ്രയും. 

1886 ലാണ് തോമസ് ഹാര്‍ഡി ഇംഗ്ലിഷ് സാഹിത്യത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക്കുകളിലൊന്നായ ‘ദ് മേയര്‍ ഓഫ് കാസ്റ്റര്‍ബ്രിഡ്ജ്’ രചിക്കുന്നത്. 134 വര്‍ഷം മുമ്പ്. എന്നാല്‍ ഇന്നും പ്രസക്തമാണ് ഹാര്‍ഡി അവതരി പ്പിച്ച കഥയും കഥാപാത്രങ്ങളും. നോവലിന് അദ്ദേഹം ഒരു സബ് ടൈറ്റില്‍ കൂടി കൊടുത്തിട്ടുണ്ട്. ‘ദ് ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് എ മാന്‍ ഓഫ് ക്യാരക്ടര്‍’ എന്ന്. സ്വന്തമായി വ്യക്തിത്വമുള്ള ഒരു മനുഷ്യന്റെ ജീവിതവും മരണവും. അല്ലെങ്കില്‍ തന്നെ ആര്‍ക്കാണു വ്യക്തിത്വം ഇല്ലാത്തത്. 

സ്വന്തമായി ഒരു പ്രവൃത്തിയെങ്കിലും ചെയ്ത വ്യക്തിയും വ്യക്തിത്വത്തിന് അര്‍ഹനാണ്. ഇനി അതിനു കഴിയുന്നില്ലെങ്കില്‍ വികാരങ്ങളുടെയും വിചാരങ്ങളുടെയും പേരിലും വ്യക്തിത്വം സ്വന്തമാക്കാനാകും. ആഴ്ച തോറുമുള്ള പരമ്പരയായിട്ടാണ് ഹാര്‍ഡി കാസ്റ്റര്‍ബ്രിഡ്ജിന്റെ മേയര്‍ എഴുതുന്നത്. ഓരോ അധ്യായത്തിലും എണ്ണമറ്റ സംഭവങ്ങള്‍ അദ്ദേഹം തിരുകിക്കയറ്റിയിട്ടുമുണ്ട്. എങ്കിലും ആരോചകമാകാതെ, വിരസമാകാതെ ജീവിതത്തെ അവതരിപ്പിക്കാന്‍ ഹാര്‍ഡിക്കു കഴിഞ്ഞിട്ടുണ്ട്. സംഭവങ്ങളിലൂടെ ഇതള്‍ വിരിയുന്ന ജീവിതകഥയാണ് അദ്ദേഹം പറയുന്നതെങ്കിലും വായനക്കാരന് ലഭിക്കുന്നത് ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ അറിവുകള്‍. ക്ലാസ്സിക് എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹമായ നോവല്‍. 

English Summary : The Mayor of Casterbridge Book By Thomas Hardy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA