ചെയ്യാത്ത ഒരു കൊലപാതകത്തിന് ആജീവനാന്ത തടവ്; പാപ്പിയോൺ തടവു ചാടുമ്പോൾ...

pappilon-potrait-001
SHARE

പാപ്പിയോൺ

ഹെൻറി ഷാരിയർ

വിവർത്തനം- ഡോക്ടർ. എസ് വേലായുധൻ

പാപ്പിയോൺ ബുക്സ്

225 രൂപ 

കഴിഞ്ഞ കുറെ ദിവസങ്ങൾ ഒരു ജയിലിനുള്ളിലായിരുന്നു. ഇതുവരെ ജയിലനുഭവങ്ങളെഴുതിയ മനുഷ്യരെ മുഴുവൻ താൽക്കാലത്തേയ്ക്ക് മാറ്റി നിർത്തിക്കൊണ്ട് മാത്രമേ ഹെൻറി ഷാരിയറെ വായിക്കാനാവൂ എന്ന് മനസ്സിലായപ്പോൾ വായനക്കാരൻ സ്വയം അയാൾക്കൊപ്പം ജയിലിനുള്ളിൽ ജീവിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. 

വളരെ ദുർഘടമായ ഒരു സാഹചര്യത്തിൽ അധോലോകത്തിലെ ഇരുട്ടിൽ താമസിച്ചിരുന്ന ഷാരിയറുടെ (അയാൾ വിളിക്കപ്പെടുന്നത് പാപ്പിയോൺ എന്നാണ്.) ജീവിതത്തിൽ ചെയ്യാത്ത ഒരു കൊലപാതകത്തിന്റെ കുറ്റം വന്നു വീഴുന്നു. അതോടെ ആജീവനാന്ത തടവിനായി( മരണം വരെ) ഫ്രഞ്ച് ഗയാനയിലെ കടൽത്തീരത്തുള്ള ദ്വീപിലെത്തുന്നു. 

കുറ്റം ചെയ്യാതെ മരണം വരെ തടവിൽ കിടക്കാൻ എങ്ങനെ കഴിയുമെന്നാണ്? അവിടെ നിന്ന് രക്ഷപ്പെടാനുള്ള വഴികളെക്കുറിച്ചാണ് പാപ്പിയോൺ ആലോചിച്ചുകൊണ്ടിരുന്നത്. അങ്ങനെ നീണ്ട പത്തു വർഷത്തിൽ എട്ടു തവണ തടവിൽ നിന്ന് ചാടാൻ ശ്രമിച്ച പാപ്പിയോൺ ഒടുവിൽ രക്ഷപ്പെടുകയും വെനിസ്വലയിൽ എത്തിപ്പെടുകയും ചെയ്യുന്നു. ആ പത്തു വർഷത്തിൽ പാപ്പിയോൺ അനുഭവിച്ച പല തരത്തിലുള്ള വൈകാരികതകൾ നിറഞ്ഞ ഓർമ്മകളുടെ പകർത്തിയെഴുത്താണ് ‘‘പാപ്പിയോൺ’’ എന്ന പുസ്തകം.  

ഫ്രഞ്ചിലാണ് പാപ്പിയോൺ അദ്ദേഹം ആത്മകഥയാണ് എഴുതുന്നത്. ഒരുപാട് നാടൻ ഭാഷ പ്രയോഗങ്ങളും നാടൻ മനുഷ്യരെയും കുറിച്ച് പറയുന്ന പുസ്തകം നോവലിസ്റ്റായ പാട്രിക് ഒബ്രെയ്ൻ ആണ് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്. എന്നാൽ പാപ്പിയോൺ തന്റെ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന പല ഗ്രാമ്യ പദങ്ങൾക്കും തന്റെ നിഘണ്ടുവിൽ പദങ്ങളുണ്ടായിരുന്നില്ലെന്ന വിവർത്തകന്റെ ആവലാതിയെക്കുറിച്ച് പുസ്തകം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത ഡോക്ടർ എസ് വേലായുധൻ ആമുഖക്കുറിപ്പിൽ പറയുന്നു. 

പാപ്പിയോൺ എന്നാൽ ഫ്രാൻസിൽ ചിത്രശലഭം എന്നാണർത്ഥം. എന്തുകൊണ്ടാണ് ഷാരിയറിന് ചിത്രശലഭമെന്ന ഓമനപ്പേര് യോജിക്കുന്നതെന്നറിയില്ല, എന്നാലും അദ്ദേഹത്തിന്റെ അടുത്ത് നിന്നവരെല്ലാം ഹെൻറി ഷാരിയറേ പാപ്പിയോൺ എന്ന് മാത്രം വിളിച്ചു. 

നാനൂറ്റി അൻപതിലധികം പേജുകളുള്ള പുസ്തകമാണ് പാപ്പിയോൺ. പുസ്തകം കയ്യിലെടുക്കുമ്പോൾ ഇത് വായിച്ചു തീർക്കാൻ (അതും ആത്മകഥാംശമുള്ളതെന്ന തിരിച്ചറിവ് കൂടിയാകുമ്പോൾ) ബുദ്ധിമുട്ട് അനുഭവപ്പെട്ടേയ്ക്കാം എന്ന് തോന്നുമെങ്കിലും വായന തുടങ്ങി പാപ്പിയോണിനൊപ്പം ജയിലഴികൾക്കുള്ളിലേക്കെത്തുമ്പോൾ മനസ്സിലാവും അദ്ദേഹത്തെപ്പോലെ തന്നെ ആ അഴികൾക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ വായനക്കാരനും അത്രയെളുപ്പമല്ലെന്ന്. 

പാപ്പിയോണിന്റെ ജയിലഴികൾക്കുള്ളിലെ താമസം അത്ര സുഖകരമായിരുന്നില്ല. എന്നാൽ എല്ലാവർക്കും അയാളെ ഇഷ്ടപ്പെടാനും കഴിഞ്ഞിരുന്നു.സഹകാരികളോട് ഏറ്റവും സ്നേഹത്തോടെയും മാന്യതയുടെയും അയാൾ പെരുമാറി. അയാൾക്ക് അടുത്ത സുഹൃത്തുക്കളുണ്ടായി. എങ്കിലും പാപ്പിയോണിന്റെ ഉള്ളിൽ ജയിലിൽ നിന്ന് പുറത്ത് കടന്നു തന്നെ ശിക്ഷയ്ക്ക് വിധിച്ചവരോട് പ്രതികാരം ചെയ്യണമെന്ന ആഗ്രഹം കടുത്തതായിരുന്നു. അതിനു വേണ്ടി അയാൾ ജയിൽ ചാടാൻ പദ്ധതിയിട്ടു. ഒറ്റയ്ക്കായിരുന്നില്ല അയാൾക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. അങ്ങനെയാണ്‌ പാപ്പിയോണിന്റെ ആദ്യത്തെ ജയിൽ ചാട്ടം. 

ഏറെക്കുറെ അതൊരു വിജയവുമായിരുന്നു. മാച്ചുറേറ്റും ക്ലോസിയോയും പാപ്പിയോണും പലയിടങ്ങളിലായി കടലിൽ അലഞ്ഞു തുടങ്ങി. പക്ഷേ ആ സഞ്ചാരത്തിനിടയിൽത്തന്നെ പല കരകളിലും അവർ പിടിക്കപ്പെട്ടു. എന്നാൽ ആ നഗരത്തിൽ തെറ്റ് ചെയ്യാത്തതുകൊണ്ടു തന്നെ അവരെ ആരും ഉപദ്രവിക്കില്ല, മറിച്ച് ആദരവോടെ അവർ സ്വീകരിക്കപ്പെട്ടു. 

പാപ്പിയോണിന്റെയും കൂട്ടരുടെയും സഞ്ചാരത്തിൽ കുഷ്ഠരോഗികളുടെ ഒരു ദ്വീപിനെക്കുറിച്ച് പറയുന്നുണ്ട്. രോഗം ബാധിച്ചവർ മാത്രം താമസിക്കുന്ന ഒരു ദ്വീപാണത്. മറ്റു രാജ്യങ്ങളിൽ നിന്നും രോഗം ബാധിച്ചവർ ഒടുവിൽ എത്തിപ്പെടുന്ന ഒരു ക്യാമ്പ് പോലെയുള്ളൊരു കര. എന്നാലവിടുത്തെ മനുഷ്യരുടെ ദയയും കരുണയും കൊണ്ടാണ് പാപ്പിയോൺ ദുസ്സഹമായ യാത്രയിൽ രക്ഷപ്പെടുന്നത്. 

ശരീരത്തിന്റെ രോഗാവസ്ഥയിൽ നിന്നും മനുഷ്യത്വത്തിലേയ്ക്ക് ഒരുപാട് ദൂരം ബാക്കിയുണ്ടെന്ന ഓർമ്മപ്പെ ടുത്തൽ ഇത്തരത്തിൽ പലയിടങ്ങളിലുമുണ്ട്. പല യാത്രകളിലും മനുഷ്യത്വമുള്ളവരെയും ക്രൂരന്മാരെയും പാപ്പിയോൺ കണ്ടു മുട്ടുന്നു. മാസങ്ങളോളം റെഡ് ഇന്ത്യൻസിന്റെ ഇടയിൽ അവരിൽ ഒരാളായി കഴിച്ചു കൂട്ടുന്നു. അവിടെ അയാൾക്ക് രണ്ടു പെൺകുട്ടികളെ ഭാര്യമാരായും ലഭിക്കുന്നുണ്ട്. അവർ ഇരുവരും ഗർഭിണികളാവുന്ന സമയത്താണ് തിരികെ വരാമെന്ന ഉറപ്പിൽ പാപ്പിയോൺ തന്റെ ജീവിതത്തിന്റെ അർഥം കണ്ടെത്താനായി വീണ്ടും യാത്ര തുടരുന്നത്. (എന്നാൽ പിന്നീട് പാപ്പിയോൺ ഇന്ത്യൻസിന്റെ അടുത്തേയ്ക്ക് തിരികെ വരുന്നതായി പുസ്തകത്തിലില്ല. വെനിസ്വലൻ പൗരത്വം ലഭിച്ച ശേഷമുള്ള വസ്തുതകൾ പുസ്തകത്തിൽ ഇല്ലാത്തതുകൊണ്ട് തന്നെ ആ വിവരം വായനക്കാരിൽ അജ്‌ഞതമായി തുടരുന്നു.)

പാപ്പിയോൺ വീണ്ടും പിടിക്കപ്പെടുന്നു. ഇത്തവണ രക്ഷപെട്ടതിന്റെ ഭാഗമായി അയാൾക്കും സുഹൃത്തുക്ക ൾക്കും ലഭിക്കുന്നത് ചെകുത്താൻ ദ്വീപിലെ ഏകാന്തതടവാണ്. ഏകാന്തതയാണ് ലോകത്തെ ഏറ്റവും ക്രൂരമായ ശിക്ഷാവിധി. ഏറ്റവും വലിയ നാഗരികതയുണ്ടെന്നു അവകാശപ്പെടുന്ന ഒരു രാജ്യത്തിലെ മൃഗീയമായ ശിക്ഷാവിധിയായി ഈ തടവിനെക്കുറിച്ച് പാപ്പിയോൺ പിന്നീട് ഉറക്കെ പുസ്തകത്തി ലൂടെത്തന്നെ സംസാരിക്കുന്നുണ്ട്. 

അതേസമയം വന്യമായ, കാട്ടുമനുഷ്യർ പോലും എത്രമാത്രം മനുഷ്യത്വത്തോടെയാണ് തന്നോട് ഇടപെടുന്നതെന്നും പാപ്പിയോൺ താരതമ്യം ചെയ്യുന്നു. ഒരു ഫിക്ഷൻ എന്ന നിലയിൽ നോക്കുമ്പോൾ ശ്വാസംമുട്ടൽ അനുഭവിച്ചു തന്നെ വായിക്കാവുന്ന അപൂർവ ഭംഗിയുള്ള വന്യമായ ഒരു പുസ്തകം എന്ന് പറയാമെങ്കിലും പുസ്തകത്തിലുള്ളത് പാപ്പിയോൺ അനുഭവിച്ചത് ആണ് എന്നുകൂടി ഓർക്കുമ്പോഴാണ് ആ പുസ്തകത്തെ നെഞ്ചോടു ചേർത്ത് വയ്ക്കാൻ തോന്നുക. 

ആ കുടുക്കിൽ നിന്ന് പിന്നെ വിടുതൽ കിട്ടുകയേയില്ല. പാപ്പിയോണിന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോരാനും അത്രയെളുപ്പമല്ല. എന്നാൽ പുസ്തകത്തിലെ പല അനുഭവങ്ങളും ഒരു ഫിക്ഷനായി മാത്രമേ വായിക്കേണ്ടതുള്ളൂ എന്ന് നിരൂപകർ പറയുന്നുണ്ട്. താൻ ഒരു ടൈപ്പ് റൈറ്റിങ് മെഷീൻ കൊണ്ടല്ല ജയിലിൽ താമസിച്ചതെന്നും എല്ലാമൊന്നും ഓർത്തിരിക്കാൻ എളുപ്പമല്ലെന്നും പാപ്പിയോൺ പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. അത് വിശ്വാസിക്കാമെന്നു തോന്നുന്നു. 

ജയിലിൽ പലയിടത്തും കിടന്നു പാപാപിയോൺ അനുഭവിച്ചതാണ് ഈ പുസ്തകത്തിലുള്ളത്. അതിൽ ഏകാന്തത്തടവുണ്ട്, ഭ്രാന്താശുപത്രിയുണ്ട്, അതിക്രൂരന്മാരായ വെനസ്വലയിലെ പട്ടാളമുണ്ട്, ഓടയും അഴുക്കു ചാലുകളുമുണ്ട്, ഭീതിയുണർത്തുന്ന സ്രാവുകളും കടലുമുണ്ട്, പട്ടിണിയും പീഡനവുമുണ്ട്. ഇതിൽ ഇല്ലാത്തത് ഒന്നുമേയില്ല. അതുകൊണ്ട് തന്നെയാണ് കുറ്റവാളികളുടെ വേദപുസ്തകമെന്ന് പാപ്പിയോൺ എന്ന പുസ്തകത്തെ കാലം അടയാളപ്പെടുത്തുന്നത്. 

ഒരുപാട് വലിയ ദുരന്തങ്ങളിൽ നിന്നുമാണ് കടലിൽ നിന്നും പാപ്പിയോൺ തീരത്തെ പുൽകുന്നത്. ചെകുത്താൻ ദ്വീപിനും രക്ഷപെട്ടു വന്നു ചേർന്ന സുരക്ഷിതമായ ജീവിതത്തിനും നടുവിലെ പത്തു വർഷങ്ങൾ ഒരു സ്വപ്നമായിക്കരുതി ഉപേക്ഷിക്കാൻ പാപ്പിയോണിന് മാത്രമല്ല ഇത് വായിച്ചവർക്കുമാവില്ല. അത്രമാത്രം തീവ്രത നിറഞ്ഞ ജീവിതമാണത്. 

ഹെൻറി തന്റെ ഹൃദയ രക്തം കൊണ്ട് എഴുതിയ അയാളുടെ ജീവിതം. അത് ചിലപ്പോൾ ഫിക്ഷനേക്കാൾ ഗാഢമായിരിക്കണം. അതുകൊണ്ടാണല്ലോ വർഷങ്ങൾക്കുള്ളിൽ പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പികൾ ലോകമെങ്ങും വിറ്റഴിക്കപ്പെട്ടത്. ഇപ്പോഴും പാപ്പിയോണിന്റെ മലയാളം എഡിഷൻ ഔട്ട് ഓഫ് സ്റ്റോക്ക് ആണ്. അതൊക്കെ ആ പുസ്തകത്തിന്റെ പരന്ന വായനയെത്തന്നെയാണ് കാണിക്കുന്നതും.

English Summary: Papillon Book By Henry Charriere

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA