ഒഴുകിയെത്തിയ സ്ത്രീയുടെ മൃതശരീരത്തോടുള്ള പെരുമാറ്റം; 14 ദിവസത്തെ ലക്ഷദ്വീപ് യാത്രയുടെ കഥ

lakshadweep-potrait-01
SHARE

ലക്ഷദ്വീപ് ഒരു സൂഫിലാൻഡ്

യാത്രാവിവരണം

റിഹാൻ റാഷിദ്

ലിവ ബുക്സ്

വില - 140 രൂപ 

‘‘ഇന്നാട്ടിന്റെ മൊഞ്ചത്ര ശൊല്ലിയാലും 

തീരില്ല കടലും ബില്ലവും 

കടലിനെ മുറിച്ച അളുവിയും

ടോളിപ്പാട്ടും ബൈത്തും...

മേന്നെ വന്നവരും നൂല് കെട്ടിയ നാട് 

ഓടച്ചാലിൽ ഓർമ്മകൾ തൻ മോജ വന്നണയുന്നു.

ഫാട്ടിന്റെ തസ്ബീഹ് കെട്ടിയൊരു നാട്.

നുക്കീലാകിണ്ട നാട്’’, ജസ്‌റി ഭാഷയിലെഴുതിയ ഒരു കവിതയോടെയാണ് റിഹാൻ റാഷിദിന്റെ ‘‘ലക്ഷദ്വീപ് ഒരു സൂഫിലാൻഡ്’’ എന്ന യാത്രാകുറിപ്പിന്റെ പുസ്തകം ആരംഭിക്കുന്നത്. അത് തന്നെയാണ് ആ യാത്രയിലേക്കുള്ള വഴികാട്ടിയും. ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷയാണ് ജസ്‌റി. മലയാളമെന്നു പറയാനാകാത്ത ഒരു പൗരാണിക ഭാഷ. പക്ഷേ ദ്വീപിനു അതിന്റേതായ തനത് വ്യക്‌തിത്വവും ചരിത്രവും അവകാശപ്പെടാനുണ്ട്. 

ലക്ഷദ്വീപിൽ നിരവധി ചെറു ദ്വീപുകളുണ്ട്. അതിൽ ആൾതാമസമുള്ള ദ്വീപുകളുടെ ഈണം വളരെ ചെറുതാണ്. അതിലുള്ള കിൽത്താൻ എന്ന ദ്വീപിലേക്കാണ് കോഴിക്കോടുകാരനായ റിഹാൻ യാത്ര പോയത്. പതിനാലു ദിവസത്തെ കാഴ്ചകളും സഞ്ചാരങ്ങളും ഓരോ ദിവസവുമൊടുങ്ങും മുൻപ് എഴുത്തുകാരൻ ഡയറിയിൽ കുറിച്ചിടാൻ ആരംഭിച്ചിരുന്നു. ഒടുവിലത്‌ പുസ്തകമായി പുറത്തിറങ്ങിയിരുന്നു.

കേരളവുമായി ഏറെ ബന്ധങ്ങളുണ്ടെങ്കിലും ലക്ഷദ്വീപ് ഇപ്പോഴും മലയാളിയ്ക്ക് അപ്രാപ്യമായി കിടക്കുന്ന ഒരു ഭൂപ്രദേശമാണ്. യാത്രയ്ക്കുള്ള നിയമപരമായ പ്രശ്ങ്ങൾ തന്നെയാണ് അതിൽ മുന്നിൽ. പ്രത്യേക പെർമിറ്റ് എടുക്കാൻ തന്നെ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് റിഹാന്റെ ഈ യാത്ര വായനക്കാർക്ക് ദ്വീപിലേക്കുള്ള യാതൊരു ബുദ്ധിമുട്ടുമില്ലാത്തൊരു സൗജന്യ യാത്ര കൂടിയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരി ക്കേണ്ട ഒരു ഇടം കൂടിയാണ് ലക്ഷദ്വീപുകൾ എന്ന് ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട് താനും. 

പതിനാലു ദിവസത്തെ യാത്രകൾ ഓരോ ദിവസത്തെയും അനുഭവങ്ങളാൽ വേർതിരിച്ചാണ് എഴുത്തുകാരൻ വായനയ്ക്കായി വിട്ടു നൽകുന്നത്. വായനയിൽ ഇത് യാത്ര വിവരണം തന്നെയോ അതോ അതിമനോഹ രമായ ഒരു ട്രാവലോഗ് ഫിക്ഷനാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന തരത്തിലുള്ള റിഹാന്റെ ഭാഷയുടെ മാന്ത്രികതയാണ് പുസ്തകത്തെ മറ്റു യാത്രാ വിവരണങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്ന സവിശേഷത. ഇസ്മത്തിക്കയും പാച്ചുവും സർഫ്രാസും ഒക്കെ എഴുത്തുകാരന്റെ ഈ ദിവസങ്ങളിലെ ആശ്രയവും കൂട്ടുമാകുന്നു. അവരാണ് റിഹാനേ ദ്വീപ് കാണിക്കുന്നത്. അവിടുത്തെ ഓരോ രുചികളെയും പരിചയപ്പെടുത്തുന്നത്. കടല് കാണിക്കുന്നത്, പിന്നെ കഥകൾ പറയുന്നതും. 

അടിഞ്ഞബിയുടെ കഥ വേദനിപ്പിക്കുന്നതാണ്. ഒരു കപ്പൽ ഛേദത്തിൽ പെട്ടിട്ടെന്ന പോലെ ഒഴുകിയെത്തിയ ഒരു സ്ത്രീയുടെ മൃതശരീരത്തെ അവരുടെ ആത്മാവിനു കൊടുക്കേണ്ട ഏറ്റവും വലിയ ബഹുമാനം കൊടുത്താണ് ദ്വീപുകാർ ആരാധിക്കുന്നത്. അവിടെ അവർ പ്രാർത്ഥനകളും ആഘോഷങ്ങളും നടത്തുന്നു. ദ്വീപിന്റേതായ പ്രത്യേക ആരാധനകൾ നടത്തുന്ന ഇടങ്ങളിലൊക്കെ ആത്മീയതയുടെ വേരുകൾ ഇസ്‌ലാമിന്റെ സാർവ്വ ലൗകിക അവസ്ഥയായി സൂഫിസത്തിലേയ്ക്ക് എത്തിപ്പെടുന്നത് റിഹാന് ഉൾക്കൊള്ളാനാവുന്നുണ്ട്. ഒപ്പം അതിന്റെ ആർദ്രത വായനക്കാരനും തൊടാനാകുന്നു.

എഴുത്തുകാരൻ കടൽ കണ്ടതാണ് ഒരുപക്ഷേ പുസ്തകത്തിൽ ഏറ്റവും മനോഹരമായി അനുഭവപ്പെടുന്ന ഒരു ഭാഗം. ദിവസങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കെ തിരിച്ചു പോകേണ്ട സമയമായപ്പോഴേക്കുമായിരുന്നു അത്. കടൽക്കരയിൽ ജീവിതത്തെക്കുറിച്ചോർത്ത് കിടക്കുന്ന കുറെ മനുഷ്യരെ സങ്കൽപ്പിക്കാനാവുന്നുണ്ടോ? എങ്കിൽ അതിന്റെയൊപ്പം റിഹാനും അയാളുടെ സുഹൃത്തുക്കളുമുണ്ട്. അവിടെ വച്ച് അവർ നിലാവ് പ്രതിബിംബിക്കുന്ന കടലിനെ കണ്ടു. 

ഒരേ നിറമുള്ള കടലും ആകാശവും. മിന്നാമിനുങ്ങെന്നോണം കടൽ മുറിച്ച് കടക്കുന്ന വിമാനങ്ങളിൽ നിന്നുള്ള വെളിച്ചം, കരയിലേക്ക് കയറുകയും തിരികെ ഇറങ്ങിപ്പോവുകയും ചെയ്ത കടൽ ഞണ്ടുകൾ, ജീവികളുടെ കാൽപ്പാടുകൾ മായ്ച്ചു കളയാൻ ഓടിയെത്തുന്ന തിര, കടലുറക്കത്തിന്റെ ഓർമ്മകളാണ് ഇതെല്ലാം. എത്ര മനോഹരമാണ് ആ രാത്രിയെന്നാണ് വായനയിൽ ഓർത്തത്. ഇതിലും ഭംഗിയായി കടലിനുള്ളിൽ കാഴ്ചകളെ റിഹാൻ വിവരിച്ചിട്ടുണ്ട്. വേലിയിറക്കത്തിൽ ഓടി നടന്ന കടലിൽ അടുത്ത ദിവസം മുങ്ങാംകുഴിയിട്ടതിന്റെ സ്മരണകൾ അത്രയെളുപ്പമല്ല നഷ്ടപ്പെടുത്താൻ.

വലിയ ലൈറ്റ് ഹൗസിന്റെ സമീപത്തുള്ള കടലിൽ സ്‌നോർക്കിൾ ഉപയോഗിച്ചു മുങ്ങിയ അനുഭവം രസകരമാണ്. പല വർണങ്ങളിലുള്ള മത്സ്യങ്ങളായും, പവിഴപ്പുറ്റുകളായും ഒക്കെ കടൽക്കാഴ്ചകൾ അമ്പരപ്പിക്കുന്നതാണ്. ചിലപ്പോൾ അത് ഭയപ്പെടുത്തുകയും ചെയ്യുമെന്ന് റിഹാൻ ഓർമ്മിപ്പിക്കുന്നു. വൈകുന്നേരങ്ങളിൽ കടൽക്കാഴ്ചകൾ കണ്ടു ശൊറ പറയാനെത്തുന്നവരുടെ കൂട്ടത്തിൽ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളുമുണ്ട്. 

പല പ്രായത്തിലുള്ളവർ പ്രത്യേകിച്ച് വയസ്സുചെന്ന സ്ത്രീകൾ എല്ലായ്പ്പോഴും അവരുടെ ജീവിതം ഏറ്റവും മനോഹരമായ ഒരു കഥപറച്ചിലാക്കി മാറ്റുന്നുണ്ട് എന്നാണു തോന്നുന്നത്. ഇത്തരത്തിൽ ഒരുപാട് അനുഭവങ്ങളുടെയും കാഴ്ചകളുടെയും വായനയാണ് ലിവ ബുക്സ് പുറത്തിറക്കിയ ‘‘ലക്ഷദ്വീപ് ഒരു സൂഫിലാൻഡ്’’ നൽകുന്നത്. കടൽ മത്സ്യങ്ങളും അവയുടെ പാചക രീതിയും, ഭംഗിയുള്ള കല്ലുകൾ, മുസ്‌ലിം ആരാധനാലയങ്ങളും അവിടുത്തെ ആഘോഷങ്ങളും, ദ്വീപിലെ കല്യാണം, ആഘോഷങ്ങൾ, മഴ തുടങ്ങി എല്ലാം രണ്ടാഴ്ച കൊണ്ട് അനുഭവിക്കാനായതിന്റെ നിർവൃതിയിൽത്തന്നെയാണ് എഴുത്തുകാരൻ കഥ പറയുന്നത്. അതെ ആനന്ദം വായനയിലും അനുഭവിക്കാനാവുന്നുണ്ട്. 

ലക്ഷദ്വീപിലുള്ള ജനവാസമുള്ള ദ്വീപുകളിലൊന്നാണ് കിൽത്താൻ. ഇതിനെക്കുറിച്ചുള്ള ആവശ്യമായ ധാരണകൾ ഈ പുസ്തകം ഉറപ്പായും നൽകുന്നുണ്ട്. അതുകൊണ്ട് ദ്വീപ് യാത്ര ആഗ്രഹിക്കുന്നവർക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് ഈ യാത്രാവിവരണം. കടൽച്ചൊരുക്കിന്റെ ഭീതിയിൽ തുടങ്ങി, ഏതോ ചിത്രകാരൻ അയാളുടെ ബ്രഷിൽ കൊണ്ട് കുടഞ്ഞിട്ട നിറങ്ങൾ പോലെയുള്ള സൂര്യോദയക്കാഴ്ചയോടെ തിരികെയെത്തിയ അനുഭവം അതിസൂക്ഷ്മവും മനോഹരവുമാണ്. ദ്വീപിനെ സ്നേഹിക്കുന്നവർക്ക് ഉപേക്ഷിക്കാനാവാത്ത ഒരു സമ്മാനം തന്നെയാവും ഇതിന്റെ വായന.

English Summary : Lakshadweep Oru Soofi Land Book By Rihan Rashid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA