തുളുമ്പാത്ത കണ്ണുനീര്‍: ബുദ്ധന്‍ വീണ്ടും വെളിച്ചം പകരുമ്പോള്‍

chaithanyathilurangunna-maha-swanthwanam-potrait-01
SHARE

ചൈത്യത്തിലുറങ്ങുന്ന മഹാസാന്ത്വനം

വെളിയം രാജീവ്

കറന്റ് ബുക്സ്, തൃശൂർ

വില 350 രൂപ

ചൈത്യത്തിലുറങ്ങുന്ന മഹാസ്വാന്തനംന്നു ആ തിരുപ്പിറവി. മഹാമായ എന്ന മഹാറാണി കണ്ട സ്വപ്നത്തില്‍നിന്ന്. ആ സ്വപ്നം ഇതായിരുന്നു: ആഷാഢ മാസത്തിലെ ചാന്ദ്രപൂര്‍ണ്ണിമയായിരുന്നു അന്ന്. സ്വര്‍ഗവാതിലുകളെ തഴുകിയൊഴുകിയ ദേവസംഗീതം നറുനിലാവു പോലെ മണ്ണില്‍ പെയ്തിറങ്ങിയ രാത്രി. 

ഗാഢനിദ്രയിലായിരുന്നു മഹാമായ.റാണിയുടെ സ്വപ്നമനസ്സിലേക്ക് മഞ്ഞിന്റെ നിറവും നവനീത സുഗന്ധവുമുള്ള ഒരു ആന സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നു. 6 കൊമ്പുകളുണ്ടായിരുന്നു അതിന്; കയ്യില്‍ ലളിത ശോണ വര്‍ണത്തിലുള്ള മനോഹരമായ ഒരു താമരപ്പൂവും. 

കൊട്ടാരമുറ്റത്തിറങ്ങിയ ആന നനുത്ത കാല്‍വയ്പുകളോടെ റാണിയുടെ ശയ്യാഗാരത്തിലേക്ക് കയറിച്ചെന്നു. തന്റെ കയ്യിലുള്ള പൂവ് റാണിയുടെ കാല്‍ക്കല്‍വച്ച് വന്ദിച്ചു. തുടര്‍ന്നവന്‍ തന്റെ ദേഹത്തേക്ക് കുറേശ്ശെ ലയിച്ചിറങ്ങുന്നതായി മഹാമായ അറിഞ്ഞു. ഭൂമിയിലെ സകല ജീവല്‍ മരണ ദുരിതങ്ങളില്‍നിന്ന് താന്‍ മുക്തയാകുന്നതായി അവര്‍ക്കു തോന്നി. സ്വപ്നത്തില്‍വന്നു നിറ‍ഞ്ഞ അനുഭൂതി നുണഞ്ഞ് അവരുറങ്ങി.

പിറ്റേന്നു തന്നെ സ്വപ്നവ്യാഖ്യാനത്തിന് ദൈവജ്ഞരെയും ഋഷികളെയും വിളിച്ചുവരുത്തി. അഷ്ടദിക്കുക ളിലും പ്രസിദ്ധനാകാന്‍ പോകുന്ന ഒരു പുരുഷ പ്രജയുടെ തിരുപ്പിറവിയാണ് സ്വപ്നദര്‍ശനത്തിലൂടെ കണ്ടതെന്നു വെളിപ്പെട്ടു. അവന്‍ ലോകത്തെ കീഴടക്കും. ജനതയെ നയിക്കും. വാര്‍ത്ത കൊട്ടാരവാസികളറിഞ്ഞു. അവര്‍ തിരുപ്പിറവിക്കായി കാത്തിരുന്നു. തങ്ങള്‍ക്ക് ഒരു നാഥന്‍ ജനിക്കാന്‍ പോകുന്നു.

ആ തിരുപ്പിറവി ലോകത്തെ കീഴടക്കുക തന്നെ ചെയ്തു; ശക്തി കൊണ്ടല്ല സ്നേഹം കൊണ്ട്. അവന്‍ ലോകത്തെ നയിക്കുക തന്നെ ചെയ്തു; ബലം കൊണ്ടല്ല ത്യാഗം കൊണ്ട്. അവന്റെ പേരാണ് സിദ്ധാര്‍ഥന്‍. ലക്ഷ്യം നേടുന്നവന്‍ എന്നര്‍ഥം.

പ്രപഞ്ചത്തിന്റെ വെളിച്ചമായ ശ്രീ ബുദ്ധനെക്കുറിച്ച് വ്യത്യസ്തമായ ഒരു പുസ്തകം മലയാളത്തില്‍ എത്തിയിരിക്കുന്നു. ബുദ്ധ പദങ്ങളിലൂടെ യാത്ര നടത്തി പുതിയ കാലത്ത് ആ തേജസ്സിന്റെ ജീവിതവും ദര്‍ശനവും കണ്ടെത്താനുള്ള യാത്ര. യാത്രാനുഭവത്തിന്റെ ആധികാരികതയും ആഖ്യാന വൈഭവുമാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. 

വെളിയം രാജീവ് രചിച്ച ‘ചൈത്യത്തിലുറങ്ങുന്ന മഹാസാന്ത്വനം’. ബുദ്ധന്‍ ജനിച്ചുവീണ കൊട്ടാരക്കെട്ടു മുതല്‍ അദ്ദേഹം സഞ്ചരിച്ച വഴികളിലൂടെയെല്ലാം പുതിയകാലത്ത് സഞ്ചരിക്കുന്നത് വെല്ലുവിളിയാണ്. എന്നാല്‍ അത് ഒരനിവാര്യതയായി രാജീവിനു തോന്നി. മുന്നൊരുക്കങ്ങളോടെ അദ്ദേഹം നടത്തിയ യാത്രയുടെ സദ്ഫലമാണ് ചൈത്യത്തിലുറങ്ങുന്ന മഹാസാന്ത്വനം. 

ബുദ്ധനെക്കുറിച്ച് ഒട്ടേറെ ഭാഷകളില്‍ പല  കൃതികളും രചിക്കപ്പെട്ടെങ്കിലും ആഖ്യാനത്തിലും ഇതിവൃത്ത ത്തിലും പ്രമേയത്തിലും തികച്ചും വ്യത്യസ്തമാണ് രാജീവിന്റെ കൃതി. പില്‍ക്കാല മതവും ഭക്തരും ബുദ്ധനില്‍ അടിച്ചേല്‍പിച്ച മായികമായ പരിവേഷം അഴിച്ചുവച്ച് ബുദ്ധനെ നോക്കിക്കാണാനുള്ള ശ്രമം അദ്ദേഹം നടത്തുന്നുണ്ട്. ഒപ്പം എന്തായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും സന്ദേശങ്ങളും പകര്‍ന്നുതരുന്നതെന്ന വിശദമായ തത്ത്വചിന്താ പഠനവും. 

ബുദ്ധപഥങ്ങളുടെ ഇന്നത്തെ അവസ്ഥ സ്വയം അറിഞ്ഞതിന്റെ വെളിച്ചത്തില്‍ അദ്ദേഹം ദീര്‍ഘമായി വിശദീകരിക്കുന്നുമുണ്ട്. കവി കെ.ജയകുമാര്‍ അവതാരികയില്‍ പറയുന്നതുപോലെ, രാജീവിന്റെ ദീര്‍ഘസാധനയുടെ ഈ സൗഗന്ധികം മലയാള സാഹിത്യ അന്തരീക്ഷത്തില്‍ പ്രസരിപ്പിക്കുന്ന അഭൗമ സുഗന്ധത്തിന് സമാനതകളില്ല.

English Summary: chaithyathilurangunna  Maha Swanthwanam Book By Veliyam Rajeev

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA