sections
MORE

നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന കുറേ മനുഷ്യരുടെ തുറന്നു പറച്ചിലുകള്‍; നക്ഷത്രങ്ങൾ സംസാരിക്കുമ്പോൾ...

nakshathrangalude-pusthakam-potrait-06
SHARE

നക്ഷത്രങ്ങളുടെ പുസ്തകം 

അഭിമുഖ സമാഹാരം 

ശ്രീപാർവതി 

പുസ്തക പ്രസാധക സംഘം 

വില - 295 രൂപ 

മനുഷ്യര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഒരു കാലം ഉരുത്തിരിയുന്നു. ഈ പരുവപ്പെടല്‍ മറ്റനേകം പേര്‍ക്കു പ്രചോദനം നല്‍കുകയും ചെയ്യുന്നു. പുതുതലമുറയിലെ ശ്രദ്ധേയയായ എഴുത്തുകാരി ശ്രീപാർവതി മലയാളത്തിലെ പ്രമുഖ എഴുത്തുകാർ അടക്കമുള്ളവരുമായി നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണ് നക്ഷത്രങ്ങൾ സംസാരിക്കുന്ന പുസ്തകം. സമൂഹത്തിന് എഴുത്തുകാര്‍ നല്‍കിയ സന്ദേശത്തിന്റെയും സമൂഹം എഴുത്തുകാരെ സ്വീകരിച്ച രീതിയുടെയും രാഷ്ട്രീയമാണ് മനോരമ ഓൺലൈനിൽ അടക്കം പ്രസിദ്ധീകരിച്ച, ഇതിലെ ഓരോ സംഭാഷണവും.

ജോയ് മാത്യു മുതല്‍ തുടങ്ങുന്ന ജീവിതം പറച്ചിലുകളിൽ അവരവര്‍ പ്രതിനിധീകരിക്കുന്ന ഇടങ്ങളുടെ വര്‍ത്തമാനങ്ങളും അവരുടെ നിലപാടുകളും ഹിഡന്‍ അജൻഡകളില്ലാതെ തെളിയുന്നു. രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണം സാമൂഹികമായ അടിത്തറയില്‍നിന്നു കൊണ്ട് ഉറപ്പുള്ള നിർമിതിയാവുകയാണ്. പ്രണയവും രതിയും സാംസ്കാരിക വിമര്‍ശനങ്ങളും കഥയിലേക്കും കവിതയിലേക്കുമുള്ള അവയുടെ സഞ്ചാരങ്ങളും ഈ സംഭാഷണങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. അവിടെ അസഹിഷ്ണുതയുടെ മുഴപ്പുകള്‍ ഒന്നും തന്നെയില്ല. പകരം സമൂഹം ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ ശ്രീപാർവതി കണ്ടെത്തുകയും മൂര്‍ച്ചപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക് പോസ്റ്റുകള്‍, അതിനുള്ള കമന്റുകൾക്ക് അദ്ദേഹം നല്‍കുന്ന മറുപടികള്‍... അത് വെറുമൊരു നേരമ്പോക്കല്ലെന്നും  പ്രാധാന്യത്തോടെയുള്ള ഇടപെടലാണെന്നും അദ്ദേഹം പറയുന്നു. ഒപ്പം മുഴുവന്‍ സമയ സിനിമാക്കാരന്‍ എന്നതു മാത്രമല്ല  തന്റെ സന്തോഷമെന്നും സൂചിപ്പിക്കുന്നു. ലാജോ ജോസ് പോപ്പുലര്‍ ഫിക്‌ഷന്‍ എഴുത്തിലേക്കുള്ള തന്റെ വഴികള്‍ വെളിപ്പെടുത്തുന്നു. 

എഴുത്തുകാരിയും യാത്രികയുമായ നിധി കുര്യന്‍ തന്റെ യാത്രകളെ കുറിച്ചും പെണ്‍പുലിയായതിനെ കുറിച്ചും വിംഗ്സ് എന്ന സ്ത്രീപ്രസ്ഥാനത്തെ കുറിച്ചും  ഉള്ളു തുറക്കുന്നു. എഴുത്തുകാരി കെ.പി. സുധീര തന്റെ എഴുത്തിലെ പ്രണയത്തെയും രതിയേയും മാധവിക്കുട്ടിയിലൂടെ കണ്ടെടുക്കുന്നു. മാനസി പി.കെ. നാല്‍പതുകളിലെ പ്രണയത്തെയും തന്റെ നിലപാടുകളിലെ ഉറച്ചു നില്‍ക്കലിനെയും പറ്റി വ്യക്തമാക്കുന്നു.

സാഹിത്യ അക്കാദമി അധ്യക്ഷ പദവിയെ കുറിച്ച്  വൈശാഖന്‍ പറയുന്നത്, അധികാരം എഴുത്തുകാരനെ വിഴുങ്ങരുതെന്നാണ്. ആറു വര്‍ഷം മുന്‍പാണ് അവസാനമായി ഒരു കഥ എഴുതിയതെന്നും എഴുത്ത് സ്വാഭാവികമായി സംഭവിക്കേണ്ടതാണെന്നും അദ്ദേഹം പറയുമ്പോള്‍ എഴുതുന്നവര്‍ക്കും എഴുത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അത് ഉപകാരപ്രദമാവുന്നു. പെണ്‍ നടന്‍ എന്ന നാടകത്തെ മുന്‍നിര്‍ത്തി സന്തോഷ് കീഴാറ്റൂര്‍ സംസാരിക്കുമ്പോള്‍ നാടകത്തിന്റെ വഴികള്‍ വ്യക്തമാവുന്നു. ഒപ്പം വേലുക്കുട്ടി ആശാനെ മറക്കാന്‍ പാടില്ലെന്നത് അടിവരയിടുകയും ചെയ്യുന്നു.

പോയട്രി ഇൻസ്റ്റലേഷന്‍ എന്ന നവസാധ്യതയെക്കുറിച്ച് എഴുത്തുകാരനും സംവിധായകനുമായ വിനോദ് കൃഷ്ണ സംസാരിക്കുമ്പോള്‍ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് അറിവു ലഭിക്കുന്നു.എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോക്ടര്‍ സലീല മുല്ലന്‍ ആള്‍ക്കൂട്ടത്തില്‍ തനിച്ചാവരുതെന്ന് തന്റെ അച്ഛനിലൂടെ പകര്‍ന്നു കിട്ടിയ ബോധത്തെ തന്റെ അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുകയാണ്. 

കവി കൂഴൂര്‍ വില്‍സണ്‍ കവി അയ്യപ്പനെയും ജോണ്‍ എബ്രഹാമിനെയും കുറിച്ച് അവര്‍ മൂന്നു പേരുടെയും ജീവിതത്തിലൂടെ സംസാരിക്കുന്നു. നടിയും എഴുത്തുകാരിയുമായ ലക്ഷ്മിപ്രിയ പറയുന്നത് ചിലർ സമകാലിക വിഷയങ്ങളില്‍ ഇടപെടാതിരിക്കുന്നത് അതു നമ്മളെ ബാധിക്കുന്നതല്ല എന്ന തോന്നലില്‍ നിന്നാണെന്നാണ്. പക്ഷേ സാമൂഹിക ജീവിതം നയിക്കുന്ന ഒരാള്‍ക്ക് അതില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു. 

പുസ്തക പ്രസാധനമേഖലയിലെ കള്ളക്കളികളെ തന്റെ അനുഭവത്തിന്റെ  വെളിച്ചത്തില്‍ നോവലിസ്റ്റ് അഖില്‍ പി. ധര്‍മജന്‍ ചൂണ്ടിക്കാണിക്കുന്നു. കവിയും നോവലിസ്റ്റുമായ റഫീഖ് അഹമ്മദ് കവിതയിലെ ഗദ്യവത്കരണത്തെ കുറിച്ച് വിശദമായി സംവദിക്കുന്നു. തികച്ചും അപ്രതീക്ഷിതമായി സിനിമാപ്പാട്ടിന്റെ ലോകത്ത് എത്തിയതിനെക്കുറിച്ചും അദ്ദേഹം പറയുന്നു.

നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന കുറേ മനുഷ്യരുടെ തുറന്നു പറച്ചിലുകള്‍ വായനക്കാരന് ആസ്വാദ്യകരമാവുന്നു. ‘നക്ഷത്രങ്ങളുടെ പുസ്തകം’ എന്നാണ് തലക്കെട്ടെങ്കിലും ഭൂമിയില്‍ കാലൂന്നി നെഞ്ചു വിരിച്ച് നില്‍ക്കുന്ന മനുഷ്യരാണ് ഇതിൽ സംസാരിക്കുന്നത്.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഒരൊറ്റ ഫ്രെയ്മില്‍ വന്നിരുന്ന് സംസാരിക്കുന്നതിന്റെ രസച്ചരടുകളെ നിയന്ത്രിക്കുക എന്ന ദൗത്യം ശ്രീപാര്‍വ്വതി ഏറ്റവും ഭംഗിയായി സംയോജിപ്പിച്ചതാണ് ഈ പുസ്തകത്തിന്റെ സൗന്ദര്യം.  അതേസമയം തന്നെ ഗൗരവതരമായ ചര്‍ച്ചയും കാഴ്ചപ്പാടുകളും  വായനക്ഷമത നിലനിര്‍ത്തുന്നുമുണ്ട്. 

ഈ കാലത്ത് പ്രധാനമായ രാഷ്ട്രീയ നിലപാടുകളില്‍ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന മനുഷ്യരുടെ വര്‍ത്തമാനങ്ങളെ കേള്‍ക്കാന്‍ തയാറാവുകയും അതു പ്രസിദ്ധീകരിക്കാന്‍ സന്മനസ് കാണിക്കുകയും ചെയ്ത സൈലെന്‍സിനെ പേരെടുത്ത് പറയാതെ ഈ പുസ്തകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പൂര്‍ണമാവില്ല.

English Summary: Nakshathrangalude Pusthakam Book By Sree Parvathy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA