ക്രൂരതയുടെ സകല അതിർവരമ്പുകളും ലംഘിക്കുന്ന ഡോക്ടർ; തടങ്കൽപ്പാളയത്തിലെ നരഹത്യയുടെ കഥ

auschwitz-potrait-01
SHARE

ഓഷ്‌വിറ്റ്‌സിലെ ചുവന്ന പോരാളി

അരുൺ ആർഷ

പ്രസാധകർ : ഗ്രീൻ ബുക്ക്സ്

വില : 160 

അരുൺ ആർഷ എഴുതിയ ഈ നോവൽ മനുഷ്യന്റെ ഉള്ളിലുള്ള നിരവധി സ്വഭാവ സവിശേഷതകളിലൂടെ സഞ്ചരിക്കുന്നൊരു  രചനയാണ്. ഭരണകൂട ഭീകരതയുടെ നിറം, ഫാസിസത്തിന്റെ നിറം, സ്വാർഥതയുടെ നിറം, ഭീതിയുടെ നിറം, ചതിയും വഞ്ചനയും നിറഞ്ഞ ലോകത്തിന്റെ നിറം, പ്രണയത്തിന്റെ നിറം, വിപ്ലവത്തിന്റെ നിറം, ധീരനായ പോരാളിയുടെ നിറം എന്നുവേണ്ട സമൂഹത്തിന്റെ ഏതു വിഭിന്നമായ ഛായയിൽ വേണമെങ്കിലും നോവലിനെ വായനക്കാർക്കു മനസ്സിന്റെ ക്യാൻവാസിൽ വരച്ചുചേർക്കാൻ കഴിയുമെന്നുള്ളതാണ് ഈ നോവലിന്റെ സവിശേഷത.

ജൂതരുടെ പിന്തുണയോടെ അധികാരത്തിൽ കയറുകയും പിന്നീട് അവരുടെ അവകാശങ്ങൾ ഒന്നൊന്നായി റദ്ദ് ചെയ്യുകയും ജൂതരാണ് ജർമനിയുടെ ശാപം എന്ന കുപ്രചരണങ്ങൾ നടത്തി  ഭൂരിപക്ഷ സമൂഹത്തിനെ വിശ്വസിപ്പിക്കുകയും ചെയ്ത് അവരെ തുടച്ചുനീക്കാൻ പദ്ധതിയിട്ട ജർമൻ ഭരണാധികാരി ഹിറ്റ്ലറിന്റെ നാത്‌സി സേനയും *ഗസ്റ്റപ്പോയും *എസ്എസ് സേനയും ചേർന്ന് നടത്തിയ കിരാതമായ ജൂതവേട്ടയുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം.

നോവലിലെ പല രംഗങ്ങളും സമകാലിക ഇന്ത്യയുടെ അവസ്ഥയെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. ഇന്ത്യൻ ഭരണാധികാരികൾക്കു മുറിമീശ നന്നായി ചേരുമെന്ന് ഈ നോവൽ വായിച്ചുകഴിയുമ്പോൾ തെല്ലുപോലും ശങ്കയ്ക്കിടമില്ലാതെ പറയാൻ കഴിയും.

നോവൽ തുടങ്ങുന്നതു തന്നെ മൂന്ന് കുറിപ്പുകൾ കഥാകൃത്തിന് ലഭിക്കുന്നതിലാണ്. അതിൽ നിന്ന് മറ്റൊരാളുടെ അനുഭവവും ചരിത്രത്തിൽനിന്ന് ലഭ്യമായ വിശ്വാസയോഗ്യമായ തെളിവുകളും മുൻനിർത്തി എഴുതുന്നതാണ് നോവൽ. നോവലിന്റെ അവസാനം, മുകളിൽ സൂചിപ്പിച്ച  കുറിപ്പിന്റെ ആധികാരികത നോവലിസ്റ്റ് തന്നെ വിശുദ്ധമാക്കുന്നുമുണ്ട്.

നാലു മഞ്ഞപോരാളികളും യാത്രയിൽ അപ്രതീക്ഷിതമായി വന്നുചേർന്ന അവരിൽ ഒരാളുടെ കാമുകിയും ചേർന്ന് ഹിറ്റ്‌ലറെ വധിക്കാനുള്ള ആദ്യ ശ്രമം നടത്തി പരാജയപ്പെടുകയും രണ്ടുപേർ അവിടെവച്ച് ആത്മഹത്യ ചെയ്യുകയും ബാക്കി മൂന്നുപേർ അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.

പിന്നീട് ഈ വധശ്രമത്തെ മുൻനിർത്തി രാജ്യത്തെ എല്ലാ ജൂതന്മാരെയും തിരഞ്ഞുപിടിച്ച് ക്രൂരമായി ആക്രമിക്കുന്ന വേളയിൽ നാത്‌സികളുടെ ഓഷ്‌വിറ്റ്സിലെ തടങ്കൽ പാളയത്തിൽ  ചെന്നെത്തുകയാണ് റെഡ്‌വിൻ എന്ന നായക കഥാപാത്രം.

അവരുടെ ബർക്ക് നൗ ക്യാംപിലേക്കുള്ള യാത്ര മുതൽ പിന്നീട് ഓഷ്‌വിറ്റ്സിലെ  തടങ്കൽ പാളയത്തിൽ നടക്കുന്ന ക്രൂരമായ നരഹത്യയുടെയും പീഡനങ്ങളുടെയും മനഃസാക്ഷി മരവിപ്പിക്കുന്ന കഥകളാണ് പിന്നീട്  അരങ്ങേറുന്നത്.

കഥയിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് ചോദിക്കുന്ന രംഗമുണ്ട്.

‘നിനക്ക് ഈ തടവറയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞാൽ നീ ആദ്യം എന്താണ് ആഗ്രഹിക്കുന്നത്?’

രണ്ടാമൻ ദീർഘനിശ്വാസത്തോടെ പറയുന്നു.

‘‘ഞാൻ വിസ്തരിച്ചിരുന്നൊന്ന് തൂറും’’

ഈ വാക്കുകളിൽനിന്നു തന്നെ അറിയാമല്ലോ അവർ എത്രമാത്രം പീഡനങ്ങൾ എൽക്കുന്നുണ്ടെന്ന്.

മിഗ്ലി എന്നൊരു ഡോക്ടർ കഥാപാത്രം ക്രൂരതയുടെ സകല അതിർവരമ്പുകളും ലംഘിക്കുന്നുവെന്ന് പറയാതെ വയ്യ.

പോൾ എന്ന മറ്റൊരു കഥാപാത്രത്തിനെ ക്യാംപിൽ വച്ച് റെഡ്‌വിൻ കണ്ടുമുട്ടുന്നതോടെയാണ് നോവൽ കൂടുതൽ സജീവമാകുന്നത്.

പിന്നീട് ക്യാംപിൽനിന്ന് ഏതു വിധത്തിലും പുറത്തു കടക്കുവാനുള്ള ആഗ്രഹത്തിൽനിന്നാണ് തികച്ചും പ്രതികൂലമായൊരു സാഹചര്യത്തിൽ മനഃപൂർവം റെഡ്‌വിൻ *സോണ്ടോ* (മൃതദേഹങ്ങൾ മറവുചെയ്യുന്നതിന് വേണ്ടി തൊഴിലാളികളിൽനിന്ന് തന്നെ തിരഞ്ഞെടുക്കുന്നവർ. ഇവരുടെ ആയുസ്സ് ശരാശരി മൂന്ന് ആഴ്ചയിൽ കൂടില്ല അതിന് മുൻപ് ക്യാംപിലെ സൈന്യം ഇവരെയും വധിച്ചിരിക്കും) ആയി മാറുന്നു. അവരുടെ അക്ഷീണ പരിശ്രമങ്ങളും ഭീതിയും ആകാംക്ഷയും നിറഞ്ഞ കാഴ്ചകളും നിശ്ചയമായും വായനക്കാരെ മുൾമുനയിൽ നിർത്തും.

ഓഷ്‌വിറ്റ്‌സിലെ ബർക്ക് നൗ ക്യാംപ്  ഒരു ദിവസം പതിനായിരക്കണക്കിന് ജീവനുകളെ ക്രൂരമായി കൊന്നൊടുക്കാൻ ശേഷിയുള്ള ബോയ്ൽ, ഗ്യാസ് പ്ലാന്റ് ആയിരുന്നു. റെഡ്‌വിൻ കഥ തുടങ്ങുമ്പോൾ പറയുന്നതു ഞാനൊരു പരാജയപ്പെട്ട പോരാളിയാണെന്നാണ്. പക്ഷേ വായിച്ചുകഴിയുമ്പോൾ, ചുവന്ന പോരാളിയായ റെഡ്‌വിന്റെ ശ്രമങ്ങൾക്ക് മറ്റൊരു നിർവചനം നൽകാനാവും വായനക്കാർക്ക് കഴിയുക.

പ്രിയപ്പെട്ട റെഡ്‌വിൻ നീ എന്നെ വല്ലാതെ അതിശയിപ്പിക്കുന്നു. നീ വിജയിച്ച പോരാളിയാണ്. മരണത്തിൽ നിന്നുപോലും വലിയൊരു സന്ദേശം നൽകാൻ കഴിവുള്ള പോൾ, നിങ്ങളുടെ പോരാട്ട വീര്യത്തിന് മുൻപിലും ഒരു ഘട്ടത്തിലെ സ്വാർഥതയുടെ മുഖമൂടിയണിഞ്ഞ ഹെന്ന ഒഴികെയുള്ള ശക്തിയേറിയ എല്ലാ സ്ത്രീകഥാപാത്രങ്ങളുടെ മുൻപിലും ഞാൻ തലകുനിക്കുന്നു.

ഹെന്നയെന്ന ജൂത വംശത്തിലെ സ്ത്രീയെ നോവലിസ്റ്റ് ശക്തമായ സ്ത്രീ കഥാപാത്രമായാണ് ആദ്യം അവതരിപ്പിച്ചെതെങ്കിലും കഥയുടെ നിർണായക ഭാഗത്ത് ഹെന്ന സ്വാർഥതയുടെ രൂപമായി മാറുന്നുണ്ട്. ഒരുപക്ഷേ കഥാകാരൻ വിധിയുടെ പേരിൽ കുറ്റം ആരോപിച്ച് കഥയിൽ അവളെ വിശുദ്ധയാക്കുവാൻ മനഃപൂർവ്വം ഒരു ശ്രമം നടത്തിയോ എന്നുള്ളതും സംശയിക്കേണ്ടിയിരിക്കുന്നു.

കൂടുതൽ എഴുതി മുഷിപ്പിക്കുന്നില്ല. നോവലിന്റെ രഹസ്യാത്മകത നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു. വായനക്കാർക്ക് നിരാശ നൽകാത്ത ഒരു വായനാനുഭവം ഞാൻ ഉറപ്പു നൽകുന്നു.

English Summary : Auschwitzile Chuvanna Porali Book By Arun Aarsha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA