കപടസദാചാരത്തിന്റെ സാമൂഹിക ദ്രോഹത്തെ തുറന്നു കാട്ടി ഒരുമ്പെട്ടവർ

Mail This Article
ഒരുമ്പെട്ടവര്‍(കവിതാ സമാഹാരം)
നിബുലാല്‍ വെട്ടൂര്‍
പ്രസാധനം- സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം
വിതരണം- നാഷണല്‍ ബുക്ക് സ്റ്റാള്‍.
അവതാരിക- സച്ചിദാനന്ദന്.
പഠനം- ഡോ. എം. കൃഷ്ണന് നമ്പൂതിരി, ബൃന്ദ.
വില- 110.
നിസ്സഹായരുടെ ഘോഷയാത്ര...
ജീവിതക്കനലുകീറി
വാക്കടുപ്പില്‍ വച്ച്
ഊതി തെളിച്ചപ്പോള്‍
വെന്തു കവിഞ്ഞ്
ഒഴുകിത്തുടങ്ങിയത്.
നിബുലാല്‍ വെട്ടൂരിന്റെ ‘ഒരുമ്പെട്ടവര്‍’ എന്ന കവിതാസമാഹാരം വായിച്ചു കഴിയുമ്പോള്‍ മുകളിലുദ്ധരിച്ച അദ്ദേഹത്തിന്റെ കവിതയിലെ വരികള്‍ തന്നെയായിരിക്കും ഏറെ ഉചിതം. ഈ പുസ്തകത്തിലെ കവിതകളില്‍ എരിഞ്ഞുനില്‍ക്കുന്ന ജീവിതത്തിന്റെ കനലുകള്‍ ഏറെ പൊള്ളിക്കുന്നുണ്ട് വായനക്കാരനെ. ഊതിയൂതി സ്ഫുടം ചെയ്ത വാക്കുകള്‍... വെന്തു പാകമായ അവതരണ ശൈലി. മഴയില്‍ തുടങ്ങി (ക)വിതയില്‍ അവസാനിക്കുന്ന ഒരുമ്പെട്ടവരിലെ 45 കവിതകളില്‍ ബാല്യമുണ്ട്, പ്രണയമുണ്ട്, പരിസ്ഥിതിനാശത്തിന്റെ ആശങ്കകളുണ്ട്, മഴയും പുഴയും കടലും പ്രകൃതിയും നിറഞ്ഞ ജീവിതമുണ്ട്, തത്വചിന്തയുണ്ട്, അദ്വൈതമുണ്ട്...അങ്ങനെ ജീവിതത്തെ അതിന്റെ സമഗ്രതയില്‍ സമീപിക്കുന്ന കവിയൊച്ചയാണ് ഒരുമ്പെട്ടവര്‍.
ഇനി ഈ പുസ്തകത്തെക്കുറിച്ച് ഒറ്റവാക്യത്തില്‍ ഒരു വിശേഷണമാകാമോ എന്നു ചോദിച്ചാല്‍ ‘നിസഹായരുടെ ഘോഷയാത്ര’ എന്ന് ഞാനങ്ങോട്ട് നിസ്സംശയം പറയും. വികലാംഗന് എന്നൊരു കവിതയുണ്ട്
തുടങ്ങുന്നതിങ്ങനെ..
‘എനിക്ക് നന്നായി പന്തെറിയാനും
ബാറ്റു ചെയ്യാനുമറിയാമായിരുന്നു.
എന്നിട്ടുമവരെന്നെ കരയ്ക്കിരുത്തി
എനിക്കായി വാദിക്കാന്‍ അച്ഛനും
ജ്യേഷ്ഠനും ചേച്ചിയുമില്ലായിരുന്നു.’
‘ചോക്കില്ലാതെവന്ന ജീവശാസ്ത്രടീച്ചറിന്
ചോക്കെടുക്കാനായി മുതിര്‍ന്നപ്പോള്‍
അടുത്തയാഴ്ചത്തേക്കല്ലന്നു പറഞ്ഞ്
പൊട്ടിച്ചിരിച്ച് പരിഹസിച്ചിരുന്നു.’
നിസ്സഹായതയില്‍ നിന്ന് ജീവിതത്തെക്കുറിച്ചു പറയുകയും ജീവിതത്തെ നോക്കി ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന ഒരുമ്പെട്ടവരിലെ ആദ്യത്തെ കവിത മഴ യാണ്. മഴ എന്ന കവിതയില്‍ ആറ് കഥാപാത്രങ്ങളാണ്. ആദ്യത്തേ രണ്ടെണ്ണം ആകാശവും കാറ്റും. പിന്നെ ചേച്ചി, അമ്മ, മുത്തശ്ശി, ഞാന്‍. വര്‍ത്തമാനകാല ജീവിതം കോറിയിടുകയാണ് കവി ഇവിടെ. ഒരു കൗമാരക്കാരിയെ സംബന്ധിച്ച് ജീവിതം ഭയത്തിന്റെയാണ്. അവള്‍ക്ക് ഭയന്നു വേണം ജീവിക്കാന്‍. മഴയെ, കാറ്റിനെ, രാത്രിയെ, ഇരുട്ടിനെ ഒക്കെ തന്നെ. പുറത്തിറങ്ങുന്ന ഏതൊരു പെണ്ണിനും മഴയുടെ വരവ് ഭയത്തിന്റെ വരവാണ്. കൊടും മഴയത്ത് എവിടെയും നനയാതെ കയറി നില്ക്കാന് ഭയമാണ് ഒരു സാധാരണ പെണ്ണിന്. നനഞ്ഞു പോകാമെന്നു വെച്ചാലോ...? കുടയുണ്ടെങ്കിലും എറിച്ചില്‍ പോലെ വന്നു പതിക്കും ശരീരത്തിന്റെ നനവിടങ്ങളില്‍ കഴുകന് കണ്ണുകള്‍. അതുകൊണ്ട് പകല്മഴയെ ഭയക്കുന്നുണ്ട് ഭൂരിപക്ഷം സാധാരണ പെണ്‍കുട്ടികളും.
മഴ വീഴുന്നതിനു മുന്‍പ് എല്ലാ ഉണക്കലുകളും പെറുക്കി മാറ്റാന്‍ ശ്രമിക്കുന്ന അമ്മ മറ്റൊരു ബിംബമാണ്. സ്ത്രീയുടെ മറ്റൊരു മുഖം. വീട്ടില്‍ പതിക്കാവുന്ന എല്ലാ ഉണക്കലുകളും പെറുക്കി മാറ്റാന്‍ പരിശ്രമിച്ച് കുഴയുന്നവള്. അമ്മയുടെ പരിശ്രമങ്ങള്‍ക്ക് അവസാനമില്ല. മുത്തശ്ശിയാകട്ടെ നിസ്സഹായയും. നിസ്സഹായരുടെ ഒരേ ഒരു വഴി അപരനെ ആശ്രയിക്കലാണ്. ആരുമില്ലാതെ വരുമ്പോള്‍ ആശ്രയം ഈശ്വരനിലേക്ക് ചെന്നുചേരുന്നു. കട്ടിലിനപ്പുറത്തുള്ള ഒരു ലോകം മുത്തശ്ശിക്ക് അപ്രാപ്യമാണ്. അപ്പോള്‍ നാമം ജപിച്ച് കാലം കഴിക്കാന്‍ ശ്രമിക്കുന്നു അവര്‍. കാലം പെയ്യുകയാണ്. മാറ്റം ആഞ്ഞുവീശുകയാണ്. അപ്പോഴും നിസ്സഹായതയോടെ സ്ത്രീകള്‍...കാലത്തിനൊപ്പം കടലാസുതോണിയുണ്ടാക്കി യാത്ര ചെയ്യുന്ന കവിയും.....
ചുമടുതാങ്ങിയും ഒരു കുടുംബ പശ്ചാത്തലത്തിലാണ്. തനിക്കു വേണ്ടി ഒന്നും ചെയ്യാനാകാതെ കുടുംബത്തിന്റെ ആനന്ദത്തിനു വേണ്ടി മുഴുവന്‍ ചുമക്കുന്ന മുത്തവന്.
‘താടി രോമങ്ങളെ വളരാനിട്ട്
ഓര്‍മ്മക്കുളിരില്‍ നീരാടി
വെള്ളില മുടിയിഴകളില്‍ നിന്ന്
വിരലുകള്‍ പറിച്ചെറിഞ്ഞ്
പൊട്ടിയവാറുകളോടി.’
അങ്ങനെ സ്വന്തം സൗന്ദര്യമോ വസ്ത്രമോ ശ്രദ്ധിക്കാതെ പുലര്‍ച്ചെ മുതല്‍ പാതിരാത്രി വരെ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരുവന്.
ഓര്‍മയുടെ ഒരു പൊട്ടക്കിണറാണ് ഒറ്റക്കണ്ണന്‍. സങ്കടങ്ങളുടെ തുരുമ്പോര്മ്മകളാണവിടെ. സാക്ഷാത്കരിക്കാത്ത സ്വപ്നങ്ങളിലേക്ക് കണ്ണുതുറിച്ച് കിടക്കുന്ന കൊച്ചേച്ചിയും പട്ടിണിയില്‍ മരിച്ച അമ്മയും കടമേറി കിണറ്റുകയറില്‍ തൂങ്ങിയാടിയ അച്ഛനും നിറഞ്ഞ ആ കവിത സങ്കടത്തിന്റെ ഒരു വലിയ കിണറിലേക്ക് നമ്മെ വലിച്ചിടുന്നു.
പ്രണയം പറയുന്നതും പാടുന്നതും കാലാതീതമായ അനുഭൂതിയാണ്. നഷ്ടപ്രണയത്തിന്റെ നോവിക്കുന്ന മധുരം ഒരു സുഖാനുഭൂതി തന്നെ. ക്ഷണിക്കപ്പെട്ട മറ്റാര്‍ക്കോ വേണ്ടി പാതി മുഖം മറച്ചു നടന്നു നീങ്ങിയവളെക്കുറിച്ചുള്ള ഓര്‍മയാണ് പ്രണയത്തിന്റെ വെളിപാടുകള്‍.
തലക്കെട്ടു കവിതയാണ് ഒരുമ്പെട്ടവന്‍. കപടസദാചാരത്തിന്റെ സാമൂഹിക ദ്രോഹമാണ് വിഷയം. ജൈവ പ്രക്രിയകളെ മതത്തിന്റെയും സദാചാരത്തിന്റെയും മിഥ്യാബോധത്തിന്റെയും അതിരുകളിലിട്ട് കുറ്റവിചാരണ ചെയ്യുന്നവരെ ഈ കവിത വിചാരണ ചെയ്യുന്നു. മുഖംമൂടി വച്ചവരെ വലിച്ചു കീറുന്നു. പ്രണയവും സംഭോഗവും സ്വപ്നം കാണുന്നവര്‍ പകല്‍ സദാചാരരാകുന്നതിന്റെ കാപട്യം തുറന്നു കാട്ടുന്നു ഒരുമ്പെട്ടവരില്‍.
പുതുകവിതയിലെ പാരഡി പ്രവണതയനുസരിച്ച് എഴുതിയ തീവണ്ടി എന്ന കവിത പ്രേമിക്കുന്നവരെക്കുറിച്ചാണ്. ഞാനൊരു ചരക്കു വണ്ടിയും നീയൊരു സൂപ്പര്‍ഫാസ്റ്റും. മറ്റുള്ളവര്‍ കടന്നു പോകുന്നതിനായി നമ്മള് വിരുദ്ധ പാളങ്ങളില്‍ ചൂളം വിളിച്ചു കിടക്കുമായിരുന്നു. അതിനിടയില്‍ പരസ്പരം കണ്ടില്ലെന്നു പറഞ്ഞാല്‍ നമ്മള് വിശ്വസിക്കില്ല. നഷ്ട പ്രണയത്തിന്റെ നെടുവീര്‍പ്പുകള്‍, അല്ല ചൂളം വിളികളാണ് ഈ കവിത. ഒരോരുത്തരുടെയും സാഹചര്യവും സമ്പത്തുമാണ് പ്രണയത്തിന്റെ സാധ്യതകള്‍. രമണന്റെ കാലത്തായാലും ഇന്നായാലും.... രമണന് ആത്മഹത്യയില്‍ അവസാനിപ്പിക്കുമ്പോള്‍ ഇന്ന് ഒരു അര്ദ്ധവിരാമത്തില് നെടുവീര്‍പ്പിടുന്നു.
അരുതുകള്‍ പറയുന്ന കവിതയാണ് നാലാം ലോകം. വര്‍ത്തമാനകാലത്തിനു നേരെ കണ്ണടയ്ക്കുന്നതാണുത്തമമെന്ന് നമുക്ക് മുന്നറിയിപ്പു നല്കുന്നു ഈ കവി. സങ്കടപ്പെടുത്തുന്ന മറ്റൊരു കവിതയാണ് കൊഴിഞ്ഞ ഇലകള്‍. ബ്രാഹ്മണ്യത്തിന്റെ തിരിച്ചു വരവ് എന്ന് വിളിച്ചു കൂവുമ്പോഴും ആ സമുദായത്തിലെ സാധാരണക്കാരന്റെ നിസഹായതകള്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്നു. പാവപ്പെട്ട ഒരു കുടുംബത്തിന്റെ നേര്‍ച്ചിത്രം വരച്ചിടുന്നു ഈ കവിതയില്‍. ഭൂപരിഷ്ക്കരണ നിയമം വന്നതിനു ശേഷം കേരളത്തിലെ ഭൂരിപക്ഷ ബ്രാഹ്മണര്‍ക്കും ഉണ്ടായ ദുരവസ്ഥ തിരിച്ചറിയാന്‍ സമൂഹത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഉച്ചഭക്ഷണത്തിനു വേണ്ടി സ്കൂളില്‍ പോകുന്ന, ചാത്തന്റവിടുത്തെ വാസുവണ്ണന്റെ പഴയ പാകമാകാത്ത ഉടുപ്പുകളിടുന്ന, റേഷന്‍ പോലും നിഷേധിക്കപ്പെടുന്ന.... ഇല്ലവും അച്ഛനും അമ്മയും നഷ്ടപ്പെടുന്ന ഒരു നമ്പൂതിരിക്കുട്ടിയുടെ നിസഹായത വായനക്കാരന്റെ സ്വസ്ഥത നശിപ്പിക്കുന്നു എന്നു പറയുന്നതില്‍ അത്ഭുതമില്ല.
മരിച്ച പുഴക്കൊരു ശ്രാദ്ധാര്ച്ചനയാണ് പുഴ: ഭ്രഷ്ടാക്കപ്പെട്ടവള് എന്ന കവിത.
‘ജലം വറ്റിയ പുഴ തന് മാറിലിരുന്ന്,
കൊറ്റി ഛര്‍ദ്ദിക്കുന്നു
മുള്ളുകള്‍ മീനായ്
വരാന്‍’ എന്ന് വായിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നു പുഴയില്ലാത്തൊരു ഭൂമിശാസ്ത്രം.
പി.പി. രാമചന്ദ്രന്റെ ലളിതം എന്ന കവിതയുടെ ശൈലിയില്‍ നവസാങ്കേതികവിദ്യയിലെ ജീവിതത്തെ പരിഹസിച്ചെഴുതിയ ‘ടച്ചിലൊതുങ്ങും ജീവിതം’ ചുണ്ടില്‍ ചിരിപരത്തുന്നുണ്ട്. സോഷ്യല്‍ മീഡിയകളിലൊതുങ്ങുന്ന ജീവിതത്തിന്റെ നിര്‍ജലീകരണം നിറഞ്ഞു നില്ക്കുന്നു ഈ കവിതയില്‍. പുറത്തിറങ്ങിയാല്‍ ലൈക്കുകള്‍ കുറയുമെന്നോര്‍ത്ത് അടച്ചകത്തിരിക്കുന്നവരെ വല്ലാതെ പരിഹസിക്കുന്നുണ്ട് കവി.
കടല്‍ നോക്കി ജീവിത പാഠങ്ങള്‍ എഴുതുകയാണ് കടല്‍ ഒരു ചിത്രമെന്ന കവിതയില്‍ . കയറ്റത്തിന്റെയും ഇറക്കത്തിന്റെയും പ്രതീകമായും പ്രണയത്തിന്റെ നീലിമയായും ഒറ്റപ്പെട്ടവന്റെയും അനാഥന്റെയും സിരാപടലമായും ജീവിതത്തിന്റെ ബാലപാഠം തരുന്ന വിശപ്പിന്റെ പുസ്തകമായും ഒടുക്കത്തെ ഉറക്കത്തിന്റെ ജലശയ്യയായുമൊക്കെ കടലിനെ വരച്ചിടുന്നു.
മണ്ണും മരവും മാംസവും കല്ലും കടലും കണ്ണും വീതിച്ചെടുത്ത് സൈബര്‍ വലയിലുറങ്ങി കോണ്ക്രീറ്റുകാട്ടില് വീണുഴറുന്നവരെക്കുറിച്ച് പറയുന്നു പുനര്‍ജ്ജനി എന്ന കവിത...'
നിന്റെ രചനകളില്‍ ഈ പ്രണയഭംഗത്തിനപ്പുറം താളം തെറ്റിയ സംഗീതത്തിനപ്പുറം, തുള്ളിത്തെറിച്ച മഴത്തുള്ളികള്ക്കുമപ്പുറം മറ്റൊന്നുമില്ലേ..? ഒരു ആത്മഹത്യ, ഒരപകടം, ഒരു ഉത്സവം, ഒരു പീഡനം :... സുഹൃത്തുക്കളുടെ ഈ ചോദ്യത്തിന് കവിയുടെ മറുപടി ഇങ്ങനെയാണ്.
ഞാനൊരു കാമുകനാണ്
പക്ഷേ, കൃഷ്ണനല്ല
ഞാനൊരു ഗായകനല്ല
വെറും ഗന്ധര്വ്വന്
ഞാന്‍ മഴയല്ലാ, എന്നുമൊരു മഴ മേഘം
ഞാന്‍ രാത്രിയല്ല. പകല്‍ മാത്രം ...
കവി പ്രവാചകനാണെന്നു പറഞ്ഞാല്‍ മിസ്റ്റിക് വിഡ്ഢിത്തവുമായി ഇറങ്ങരുത് എന്നുചിലരെങ്കിലും പറയും. കടലു കാണാന്‍ ഇറങ്ങിയവര്‍ എന്ന കവിത ഒരു പ്രവചനം പോലെയായിരുന്നു.'
2018 ജൂണ്‍ 24ന് എഴുതിയ കവിത അറം പറ്റുന്ന പോലെയായി ഓഗസ്റ്റ് 15 ആയപ്പോഴേക്കും.
'കൂട്ടരൊക്കെ പായാരം പറയെ
ചെമ്പട താളത്തില്‍ തുള്ളിയുറഞ്ഞ്
കോലമാടിയെത്തിയ തുള്ളിക്കൊപ്പം
നാടും നഗരവും കടലു കാണാനിറങ്ങി .....
(കടലു കാണാന്‍ ഇറങ്ങിയവര്‍)
വിഷയവൈവിധ്യം കൊണ്ടും രചനാശൈലി കൊണ്ടും ബിംബ കല്പനകള് കൊണ്ടും മലയാള കവിതയില്‍ തന്റേതായ ഇടം ഉറപ്പിക്കുന്നു ഒരുമ്പെട്ടവര്‍ എന്ന കാവ്യസമാഹാരത്തിലൂടെ നിബുലാല്‍ വെട്ടൂര്‍.
English Summary: Orumbettavar Book By Nibu lal vettoor