അവള്‍ കൈ വീശി നടന്നുപോകുമ്പോഴാണ് ഞാന്‍ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്; ഫാത്തിമയുടെ നിക്കാബ് മുഴുവന്‍ ചോരകൊണ്ട്...

andhar-badhirar-mookar-potrait
SHARE

അന്ധര്‍ ബധിരര്‍ മൂകര്‍ 

ടി.ഡി.രാമകൃഷ്ണന്‍ 

ഡിസി ബുക്സ് 

വില 199 രൂപ 

ഇന്ത്യക്കാരിയാണോ പാക്കിസ്ഥാനിയാണോ എന്നു ചോദിച്ചാല്‍ ഫാത്തിമ നിലോഭറിന് ഉത്തരമില്ല. എന്നാല്‍, കശ്മീരുകാരിയാണെന്ന് ഉറച്ച സ്വരത്തില്‍ പറയും. ജനിച്ചത് ശ്രീനഗറിലാണെന്നും. മാതാവ് നിലോഭര്‍ ഭട്ട്. പിതാവ് ? നിലോഭര്‍ ഭട്ടിനെ ബലം പ്രയോഗിച്ച് കീഴടക്കിയ മൂന്നു പട്ടാളക്കാരില്‍ ആരോ. രണ്ടു മക്കള്‍. മെഹറും യാസിനും. മെഹര്‍ മുതിര്‍ന്ന പെണ്‍കുട്ടിയാണ്. യാസിനു കണ്ണു കാണാനാവില്ല. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോള്‍ പെല്ലറ്റ് കണ്ണില്‍ തറച്ചതാണ്. 

വിദഗ്ധ ചികിത്സ കിട്ടിയിട്ടില്ല. കണ്ണ് മൂടിക്കെട്ടിവച്ചിരിക്കുകയാണ്. ഒരര്‍ഥത്തില്‍ ആ കൊച്ചു കുട്ടി ഒരു ജനതയുടെ പ്രതീകമാണ്. കാഴ്ച നിഷേധിക്കപ്പെട്ട, കേള്‍വി നിരോധിക്കപ്പെട്ട, സംസാരശേഷി ചോര്‍ത്തിയെടുക്കപ്പെട്ട ഒരു ജനതയുടെ പ്രതീകം. കശ്മീരിന് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിരുന്ന പ്രത്യേക അവകാശങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് എടുത്തുകളഞ്ഞതിനുശേഷം,  ജനിച്ചുവളര്‍ന്ന പ്രദേശത്ത് തടവിലാക്കപ്പെട്ട ഒരു ജനതയുടെ പ്രതീകം. 

അവരുടെ കഥയാണ് തന്റെ പുതിയ നോവലിലൂടെ ടി.ഡി.രാമകൃഷ്ണന്‍ പറയുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോരയുടെയും സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെയും മാമ ആഫ്രിക്കയുടെയും രചയിതാവിന്റെ ഏറ്റവും പുതിയ നോവല്‍. ചരിത്രത്തിലെ ഇരുണ്ട കഥകളായിരുന്നു മുന്‍ നോവലുകളുടെ പ്രമേയമെങ്കില്‍ വര്‍ത്തമാന കാലമാണ് പുതിയ നോവലില്‍ രാമകൃഷ്ണന്‍ തിര‍ഞ്ഞെടുത്തിരിക്കുന്നത്. അതും രാജ്യത്ത് ഇപ്പോള്‍ ചര്‍ച്ചാവിഷയമായ, കശ്മീര്‍ തന്നെ. 

2019 ഓഗസ്റ്റ് നാലിനാണ് നോവല്‍ തുടങ്ങുന്നത്. തൊട്ടുപിറ്റേ ദിവസമായ ആഗസ്റ്റ് 5 ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ദിവസമാണ്. അന്നാണ് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഉം 35 A യും അനുസരിച്ച് ജമ്മുകശ്മീരിനുണ്ടായിരുന്ന എല്ലാ പ്രത്യേക പദവികളും റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് റാം നാഥ് കോവിന്ദ് ഒപ്പുവച്ചത്.  രാമകൃഷ്ണന്റെ നോവല്‍ ഓഗസ്റ്റ് 4 ന് തുടങ്ങി 13 ന്  അവസാനിക്കുന്നു. 10 ദിവസം. ആ ദിവസങ്ങളില്‍ ഫാത്തിമ നിലോഭറിനും ഉമ്മ നിലോഭര്‍ ഭട്ടിനും മക്കള്‍ മെഹറും യാസിനും കടന്നുപോകേണ്ടിവന്ന അനുഭവങ്ങള്‍. 

നിലോഭര്‍ ഫാത്തിമയും രക്തസാക്ഷി തന്നെയാണ്. ആ യുവതി, അമ്മ, കശ്മീരുകാരി ഇന്ന് ഈ ലോകത്തില്ല. മകന്റെ ശസ്ത്രക്രിയ വേഗം നടത്താന്‍ അതിര്‍ത്തി കടന്നു രക്ഷപ്പെടാനുള്ള ശ്രമത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. മരണശേഷം സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ എന്നു തീരുമാനിക്കുന്നതിനു മുന്‍പ് അള്ളാഹു ഒരൊറ്റകാര്യം മാത്രം ചെയ്യാന്‍ അനുവദിച്ചപ്പോള്‍ ടി.ഡി. രാമകൃഷ്ണനെ കാണാന്‍ വന്നതാണ്. സുഗന്ധിയുടെയും താരയുടെയും കഥ അള്ളാഹു തന്നെയാണ് നിലോഭറിനു പറഞ്ഞുകൊടുത്തത്. പരിചയപ്പെടുത്തിക്കൊടുത്തത്. അവരാണ് അവരുടെ കഥയെഴുതിയ രാമകൃഷ്ണനെ നിലോഭറിനു പരിചയപ്പെടുത്തിയതും. 

മരിച്ചെങ്കിലും തന്റെ കഥ ഈ ലോകം അറിയണമെന്ന് നിലോഭര്‍ ആഗ്രഹിക്കുന്നു. അതിനാണു നോവലി സ്റ്റിനെ സമീപിച്ചത്. രാജ്യം 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അന്ന് നിലോഭര്‍ രാമകൃഷ്ണനെ ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തുന്നു. തന്റെ കഥ എഴുതാന്‍ ആവശ്യപ്പെടുന്നു. അന്ധരാക്കപ്പെടുകയും ബധിരരാക്കപ്പെടുകയും മൂകരാക്കപ്പെടുകയും ചെയ്ത കശ്മീരി ജനതയ്ക്കുവേണ്ടി നിലോഭറിന്റെ ചോരയും കണ്ണീരും കൊണ്ട് രാമകൃഷണന്‍ നോവലെഴുതുന്നു. 

സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ അയയ്ക്കപ്പെടുക എന്നറിയാതെ ആത്മാക്കളുടെ ലോകത്തേക്ക് മടങ്ങിപ്പോകുന്നതിനു മുന്‍പ് ഫാത്തിമയെന്നോട് ഒരുകാര്യം കൂടി ആവശ്യപ്പെട്ടു. എനിക്ക് സാറിന്റെ വിരലുകളില്‍ ഒന്നു ചുംബിക്കണം. എന്റെ കൈ പിടിച്ച് വിരലുകളില്‍ ഉമ്മ വയ്ക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരു തുള്ളി കണ്ണുനീര്‍ എന്റെ കയ്യിലേക്ക് വീണു. അവള്‍ കൈ വീശി നടന്നുപോകുമ്പോഴാണ് ഞാന്‍ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഫാത്തിമയുടെ നിക്കാബ് മുഴുവന്‍ ചോരകൊണ്ട് നനഞ്ഞിരിക്കുന്നു. അവളുടെ തലയിലും പുറത്തും നാലഞ്ചു സ്ഥലത്ത് വെടിയേറ്റിരുന്നു. 

ഫാത്തിമ നിലോഭറിന്റെ ഓര്‍മയ്ക്കു മുന്നില്‍ തലകുനിച്ചുകൊണ്ട് അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന നോവല്‍ തുടങ്ങുകയായി. ഇന്നത്തെ കശ്മീരിന്റെ മുഖമാണ് നോവലിസ്റ്റ് വരച്ചുകാണിക്കുന്നത്. ഏറ്റവും തീഷ്ണമായും തീവ്രമായും. രാജ്യസ്നേഹത്തേക്കാള്‍, ദേശാഭിമാനത്തേക്കാള്‍, ചതിക്കപ്പെട്ട ഒരു ജനതയുടെ വേദനയിലാണ് നോവലിന്റെ ഊന്നല്‍. എതിരഭിപ്രായങ്ങള്‍ ഉള്ളവരുണ്ടാകും. രാജ്യസ്നേഹികളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്ന ഒട്ടേറേ രംഗങ്ങള്‍ നോവലിലുണ്ടു താനും. പ്രത്യേകിച്ചും നിലോഭര്‍ ആര്‍മി ജനറലിനാല്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍. എന്നാല്‍ സമാധാനത്തിനുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് അവര്‍ ആവര്‍ത്തിച്ചു പറയുന്നുമുണ്ട്. 

കലാപരമായി ഉന്നതനിലവാരം പുലര്‍ത്തുന്നതാണ് നോവല്‍ എന്ന് അവകാശപ്പെടാനാവില്ല. ഒരു ജനതയുടെ ദുരന്തം തീക്ഷ്ണമായി അവതരിപ്പിക്കാനായി എന്നതുറപ്പാണു താനും. നോവലിനെക്കാള്‍ ഒരു പ്രത്യയ ശാസ്ത്ര ലഘുലേഖയുടെ സ്വഭാവമാണ് പലപ്പോഴുമുള്ളത്. ആശയങ്ങള്‍ക്കുവേണ്ടി കലയെ ബലികഴിച്ചെ ങ്കിലും അത്ര പെട്ടെന്നു തള്ളിക്കളയാനാവില്ല നിലോഭറിന്റെ കരച്ചില്‍. കീഴടക്കപ്പെട്ടതിന്റെ വേദന. തെറ്റുചെയ്യാതെ ചൊരിയപ്പെട്ട ചോര. അതിര്‍ത്തി കടന്ന് രക്ഷപ്പെട്ടുവെന്നു കരുതുന്ന മെഹറിന്റെ യാസ്മിന്റെയും ഭാവി. മറക്കാനാവില്ല, രണ്ടു കയ്യുമുയര്‍ത്തി ആകാശത്തേക്ക് നോക്കി നിലോഭര്‍ കരഞ്ഞുവിളിക്കുന്നത്. 

പരമകാരുണ്യവാനായ നാഥാ, 

ഈ നരകത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ... 

English Summary : Andhar Bathirar Mookar Book By T.D Ramakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA
;