അടിമകളുടെ ഉടമകളിലും മനുഷ്യപ്പറ്റുള്ളവരുണ്ട്; അലഞ്ഞുഗമനങ്ങളുടെ പുസ്തകം

savishesha-sancharangal-potrait
SHARE

സവിശേഷ സഞ്ചാരങ്ങൾ

എഡിറ്റർ : ഹാരിസ് നെന്മേനി

ലോഗോസ് ബുക്സ്

170 രൂപ

എങ്ങോട്ടെന്നില്ലാത്ത  പോക്കിൽ എവിടെയെന്നില്ലാത്ത വഴിയരികിൽ  ഒരു വേള   കണ്ടുമുട്ടുന്ന ആരോ ഒരാൾ നിങ്ങളെ എന്തു പേര് ചൊല്ലി വിളിക്കണം? 

യാത്രാക്കാരാ... !

മറ്റെന്തിനെക്കാളും ഉപരിയായി അങ്ങനെ സ്നേഹപൂർവം വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ, വരൂ, കുറച്ചു നേരം അലഞ്ഞു  തിരിയുന്നവരുടെ ‘സവിശേഷ സഞ്ചാരങ്ങൾ’  കേൾക്കാം. പഴകി പതിഞ്ഞ രീതിയിൽ ഇത്രമണിക്ക് ഇന്നയിടത്ത് ഇങ്ങനെ ചെയ്തു എന്ന പരിചിത വഴികൾ ഇല്ലാത്ത ചില യാത്രികരെ  ഈ പുസ്തകത്തിൽ കാണാം. ലക്ഷ്യങ്ങൾ ഇല്ലാത്ത, വഴികളും വഴിയോരങ്ങളും മാത്രമാവുന്ന യാത്രകളുമുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയാണിവ.  

ജയ്സാൽമീറിലേക്ക് പോവാൻ ബസിന്റെ മേൽത്തട്ടിൽ സ്ഥലം പിടിക്കുന്ന യാത്രികന്, സഹയാത്രിക നായ് എത്തുന്ന ചെറുപ്പക്കാരൻ ലഹരിയുടെ കുപ്പി നീട്ടുന്നു. അപാരമായ ആകാശം, താഴെ മണൽപ്പരപ്പ്, നിറനിലാവ്.. നിലാവിന്റെ കടൽ, നിലാവിന്റെ തിരമാലകൾ..അപ്പോൾ ‘വേറെ ലഹരിയെന്തിന്! നിങ്ങൾ കുടിക്കൂ, എനിക്കീ നിലാവുമതി’. യാത്രികന്റെ മറുപടിയാണിത്.  ഈ സമാഹാരത്തിലെ ഏറ്റവും ചെറിയ കുറിപ്പാണ്. വി.ടി. ജയദേവന്റെയെങ്കിലും ഉള്ളിൽ നിലാവ് നിറയ്ക്കുന്ന വാക്കുകളാണ്.

ഒ.കെ. ജോണിയുടെ ‘മനുഷ്യർ, അടിമകൾ’ എന്ന കുറിപ്പ് ഹോങ്കോങ്ങിൽ അടിമകളെപ്പോലെ വീട്ടുവേല ചെയ്യുന്ന ഫിലിപ്പിനോകളെക്കുറിച്ചാണ്. തടങ്കലിൽ നിന്ന് പരോൾ ലഭിക്കും പോലെ ആഴ്ചയിൽ കിട്ടുന്ന ഒരു ഞായറാഴ്ച പൊതുസ്ഥലത്താണ് അവരുടെ ഒത്തുകൂടൽ. അവരെ ശല്യക്കാരെന്നു മുദ്രകുത്തി അവിടം വിലക്കിയിരുന്നെങ്കിലും പൊരുതി നേടിയ സ്വാതന്ത്ര്യമാണ് അത്. ജോലിചെയ്യുന്ന വീടുകളിൽ നാലടി നീളമുള്ള സോഫയിൽ ചുരുണ്ടുകിടന്നു രാവുറങ്ങുന്നവർ നീണ്ടു നിവർന്നു കിടക്കാൻ ഞായറാഴ്ചകളിൽ പാർക്കിലും പൊതുസ്ഥലത്തും എത്തുന്നു. 

അടിമകളുടെ ഉടമകളിലും മനുഷ്യപ്പറ്റുള്ളവർ ഉണ്ടെന്നത്  ഇടയ്ക്കൊരു സന്തോഷമാവുന്നു. ഇതിനൊരു മറുവശം പോലെയാണ് ഗൗരീനാഥൻ എഴുതിയ ‘അക്ക്വവാബ ഘാന’ എന്ന ലേഖനത്തിലെ മക്കോളയിലെ മഹാറാണിമാർ എന്ന ഭാഗം. ഘാനയിലെ മാർക്കറ്റുകൾ ഭരിക്കുന്ന സ്ത്രീകളെയാണ് ഇതിൽ പരിചയപ്പെടു ത്തുന്നത്; അവർ അധികാരം കയ്യാളുന്ന റാണിമാർ തന്നെയാണ്. സോഷ്യൽ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഭാഗമായി നടത്തിയ യാത്രയുടെ വിവരണത്തിൽ  കണ്ണീരിന്റെയും വേദനയുടെയും രക്തത്തിന്റെയും മണമുള്ള എല്മിഴന സ്ലേവ് കാസിലിനെ കുറിച്ചും മഴക്കാടുകളിലെ വൃക്ഷത്തലപ്പുകൾക്ക് മുകളിലൂടെ ഉള്ള യാത്രയെ കുറിച്ചും കൂടി വിവരിക്കുന്നുണ്ട്. 

അടിമക്കോട്ടയുടെ ചിത്രം നമുക്ക് തികച്ചും അപരിചിതമായ കാഴ്ചകളാണ് പങ്കുവയ്ക്കുന്നത്. ആഫ്രിക്കയിൽനിന്നു വേട്ടയാടിപ്പിടിക്കപ്പെട്ട അടിമകളെ പാർപ്പിച്ചിരുന്ന ഇടമാണത്. കിണ്ടികൾ ഇന്ന് മലയാളിക്ക് കാഴ്ചവസ്തുവാണ്. പക്ഷേ രാജസ്ഥാനിലെ ബാഡ്‌മീറിലെ കിണ്ടികൾ വായിച്ചു കഴിഞ്ഞാൽ കേരളത്തിൽ കിണ്ടി സംസ്കാരം വീണ്ടെടുക്കേണ്ടി വരുമോ എന്നൊരു ചിന്തയ്ക്കു വകുപ്പുണ്ട്. വെള്ളം ഒരു അമൂല്യവസ്തുവാകുമ്പോൾ രണ്ടു കിണ്ടി വെള്ളം കൊണ്ട് വല്ലപ്പോഴുമൊരിക്കൽ കുളിക്കുന്നതു പോലും ആർഭാടമാവുന്നത് എങ്ങനെയെന്ന് ഹമീദലി വാഴക്കാട് എഴുതുന്നു. എഴുത്തുകാരനും ഈ പുസ്തകത്തിന്റെ എഡിറ്ററുമായ ഹാരിസ് നെന്മേനി, സൈക്കിൾ ശരീരത്തിന്റെ ഭാഗമെന്നോണം ജീവിക്കുന്ന നെതർലൻഡിലെ ജനതയെ ക്കുറിച്ചാണ് നമ്മളോടു പറയുന്നത്. കൗമാരത്തിനപ്പുറം സൈക്കിൾ അധികപ്പറ്റാവുന്ന നമുക്ക് ഒരു സമൂഹം മുഴുവൻ ഇരുചക്രത്തെ നെഞ്ചോടു ചേർക്കുന്നതെന്തുകൊണ്ടെന്നത് അദ്ഭുതമാവാം.  

ചില യാത്രകൾ എങ്ങനെയാണ് യാത്രയാവുന്നതെന്ന് പറഞ്ഞു ഫലിപ്പിക്കാൻ ആവില്ല. രാജീവ് ജി. ഇടവ എന്ന സൈനികൻ പങ്കുവയ്ക്കുന്നത് ജോലിക്കിടയിലെ അപകടവും വേദന നിറഞ്ഞ ഹോസ്പിറ്റൽ യാത്രകളുമാണ്. അതുപോലെ ശബരിമലക്കാലത്തെ ജോലിയാത്രയ്ക്കിടയിൽ വന്നുപെടുന്ന ആന്ധ്രക്കാരി സ്ത്രീയുടെ സംരക്ഷണത്തെക്കുറിച്ച് പറയുന്ന സാദിർ തലപ്പുഴയുടെ ‘ശബരിമലയിലെ പൂവമ്മ’ എന്ന ലേഖനം വായനയ്ക്ക് അവസാനം ഒരുപാട് ചിന്തകൾ ബാക്കി വയ്ക്കുന്നുണ്ട്. 

ആരുമില്ലാത്ത പൂവമ്മ ആരോഗ്യം മോശമായിട്ടും ശബരിമലയിൽ എത്തുകയും ഒറ്റപ്പെടുകയുമാണ്. ഭക്തിയും യാത്രയുമെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. സംശയത്തോടെയെങ്കിലും അവരെ സംരക്ഷിക്കുന്നവരും സ്വന്തം മക്കൾ പോലും താങ്ങാവാത്ത മാതാപിതാക്കളുടെ കാലത്ത് പൂവമ്മയെ കൊണ്ടുപോവാൻ എത്തുന്ന ബന്ധുവും നനുത്ത സന്തോഷമാണ്.

സ്നേഹത്തിന്റെ, അനുകമ്പയുടെ, നന്മയുടെ ഓർമകളും അനുഭവങ്ങളും പലരിലൂടെ, പലതിലൂടെ പടർന്നുപോവുന്നതിന്റെ  പകർത്തെഴുത്താണ് നാസർ എഴുതുന്ന ‘ലവ് & കംപാഷൻ’.   എല്ലാത്തരത്തിലുള്ള ലഹരികളും ആനന്ദവും നിറയുന്ന ഹിമാലയത്തിന്റെ  താഴ്‍വരയും അവിടത്തെ ബുദ്ധ ആശ്രമത്തിലെ വാസക്കാലവുമാണ് വായനക്കാരുടെ മുന്നിലെത്തുന്നത്. കണ്ടുമുട്ടുന്ന, പരിചയപ്പെടുന്ന ഓരോരുത്തരെയും ഒരു യാത്രയ്ക്ക് തുല്യമായ അനുഭവമാക്കുകയാണ് നാസറിന്റെ വാക്കുകൾ. ഈയിടെ കേരളത്തിൽ എത്തിയിരുന്ന ടിബറ്റിന്റെ വിപ്ലവകാരി തെൻസിങ്ങിനെയും നമുക്ക് ഈ കൂട്ടത്തിൽ കാണാം.

നമുക്ക് ചിരപരിചിതരായ എഴുത്തുകാരും  ഈ പുസ്തകത്തിൽ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ആൻഡമാനിലെ സെന്റിനൽ ദ്വീപിലെ ആദിവാസികൾ അടുത്തകാലത്ത് വാർത്തയായതാണ്. പണ്ട് നാടുകടത്തലിന്റെ പര്യായമായിരുന്ന ആൻഡമാനിലേക്ക് നടത്തിയ യാത്രയാണ് പി. സുരേന്ദ്രന്റെ ലേഖനത്തിന്റെ വിഷയം. വിനോദസഞ്ചാരത്തിന്റെ ഭാഗമായി സംഭവിക്കുന്ന ചില മാറ്റങ്ങളിൽ തന്റെ ആകുലതകൾ കൂടി അദ്ദേഹം പങ്കുവയ്ക്കുന്നു. 

സ്ഥലങ്ങൾ കാണുന്നത് മാത്രമല്ലല്ലോ യാത്ര എന്നത് അഷ്ടമൂർത്തി കൃത്യമായി പറഞ്ഞു വയ്ക്കുകയാണ്  ‘തിരുവണ്ണാമലൈ- ചിദംബരം വഴി പിച്ചാവരം’ എന്ന വിവരണത്തിൽ. ഇ. സന്തോഷ് കുമാർ തന്റെ പാരിസ് യാത്രാക്കുറിപ്പിൽ ആറ് ദശാബ്ദമായി അവിടെ താമസിക്കുന്ന കൂത്തുപറമ്പ് സ്വദേശിയായ ‘നാരാ വലിയ കൊല്ലേരി’ യെ പരിചയപ്പെടുത്തുന്നു. പതിറ്റാണ്ടുകൾ മുമ്പത്തെ മലയാളം പറയുന്ന ഫ്രഞ്ച് മലയാളിയായ, ഇപ്പോഴും നാട്ടുരുചികൾ നാവിൽ ഊറുന്നൊരാളുടെ ജീവിതത്തെ നാദബഹുലമായ ഏകാന്തതയെന്നാണ് എഴുത്തുകാരൻ വിവരിക്കുന്നത്. ഇ.കെ. ഷീബയുടെ, ഹൈദരാബാദിനെ കുറിച്ചുള്ള ലേഖനം വായിക്കുമ്പോൾ അഗർബത്തികളുടെ മണം വായനക്കാർക്കും അനുഭവപ്പെടും.

അബ്ദുല്ലക്കുട്ടി എടവണ്ണയുടെ ‘ഗംഗൈകൊണ്ട ചോളപുരത്തെ തകിൽ വാദകൻ’ വായിച്ചു തീരുമ്പോൾ ഉള്ളിൽ ഒരു വേദന ബാക്കിയാവും. അച്ഛനെ കാത്തിരിക്കുന്ന ഒരു കുഞ്ഞു മനസ്സിന്റെ നൊമ്പരവും തമിഴ് ഗ്രാമത്തിന്റെ സ്നേഹസൗന്ദര്യവും നിറയുന്ന കുറിപ്പാണിത്. കൊങ്കൺ റെയിൽവേയിലെ ട്രെയിൻ ഡ്രൈവർ ആയ സിയാഫ് അബ്ദുൽഖാദറിന്റെ യാത്രാനുഭവമാണ് ‘പ്രേതം എക്സ്പ്രസ്സ്’. കാഴ്ചകൾ സ്ലീപ്പറുക ളുടെയും പാളങ്ങളുടെയും പ്രണയത്തിലേക്ക് ചുരുങ്ങുന്ന വിരസമായ രാത്രിയാത്രയുടെ സുന്ദരമായ അവതരണമാണ് ഈ ലേഖനം. 

ഈസ്റ്റ് കർണാടകയിലെ ആഞ്ജനേയാദ്രിബേട്ടയിലേക്ക് ഉള്ള യാത്രയാണ് ശൈലന്റെ കുറിപ്പിന് ആധാരം.  മലമുകളിൽനിന്ന് 575 ചവിട്ടുപടികൾ ഇരുട്ടിൽ ഇറങ്ങേണ്ടി വരുമ്പോഴാണ് അത് പുലിയിറങ്ങുന്ന വഴിയാണെന്ന് അറിയുന്നത്. ആ മലയിറക്കത്തെ, അരികിൽ എവിടെയോ അവൻ ഉണ്ടെന്ന തോന്നലിനെ സുന്ദരമായി വരച്ചിടുകയാണ് ‘കിഷ്ക്കിന്ധയിലെ സിറുത്തൈകൾ’. ലക്ഷദ്വീപ് കേരളത്തിന്റെ ഭാഗമെങ്കിലും നമുക്ക് അത്ര എളുപ്പം എത്തിച്ചേരാവുന്ന ഇടമല്ല.  ആ ദ്വീപുസമൂഹത്തിലെ അഗത്തിയെക്കുറിച്ചുള്ള മനോഹരമായ ഒരു ലേഖനം ചെയ്തിരിക്കുന്നത് മഞ്ജു സന്തോഷ് ആണ്. 

വായനയെ പൂർണമാക്കാൻ എന്ന വണ്ണം കൂടെ ചേർത്തിട്ടുള്ള ചിത്രങ്ങൾ എടുത്തു പറയേണ്ടവയാണ്. പക്ഷേ പുസ്തകത്തിന്റെ പേരിൽ ഈ അലഞ്ഞുതിരിയലുകളെ എന്തിനാണാവോ  അലഞ്ഞുഗമനങ്ങളാക്കിയത്?

English Summary: Savishesha Sancharangal Book By Harris Nenmeni

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA
;