ആരാണ് ഹിഡാക്കയെ കൊന്നത്? എന്തിനു വേണ്ടി?

malice-potrait
SHARE

മാലിസ്

ക്രൈം നോവൽ

ഇംഗ്ലിഷ് 

വില: 399  രൂപ 

പ്രശസ്ത എഴുത്തുകാരനായ ഹിഡാക്ക അയാളുടെ എഴുത്തുമുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയാണ്. കണ്ടെത്തുന്നത് അയാളുടെ സുഹൃത്തും കുട്ടികൾക്ക് വേണ്ടി പുസ്തകമെഴുതുന്നയാളുമായ നാനോഗുച്ചിയും ഹിഡാക്കയുടെ ഭാര്യ റിയയും. 

നാനോഗുച്ചി അതിനു മണിക്കൂറുകൾക്ക് മുൻപ് ഹിഡാക്കയെ കണ്ടു സ്വന്തം വീട്ടിലേക്കും ജോലിയിലേക്കും മടങ്ങിയതേ ഉണ്ടായിരുന്നുള്ളു, അപ്പോഴാണ് ആറു മണിയായപ്പോൾ ഹിഡാക്ക നാനോഗുച്ചിയെ വിളിക്കുന്നതും അത്യാവശ്യമായി ഒരു വിഷയം സംസാരിക്കാൻ വീട്ടിൽ എത്തണമെന്ന് പറയുന്നതും. നാനോഗുച്ചിയുടെ എഡിറ്ററാണ് അതിനു സാക്ഷി. 

അതിൻ പ്രകാരം വീട്ടിൽ വരുമ്പോഴാണ് മരിച്ച സുഹൃത്തിനെ അയാൾ കാണുന്നത്. കഥ അവിടെ തുടങ്ങുകയാണ്. ഡിറ്റക്ടീവ് കാഗ അന്വേഷണം ആരംഭിച്ചെങ്കിലും തെളിവുകൾ ഒന്നും അവശേഷിപ്പിച്ചിട്ടല്ല കൊലപാതകം നടന്നിട്ടുള്ളത്. മുൻവശത്തെ വാതിലിൽ കൊലയാളിയുടെ വിരലടയാളമില്ല, ഹിഡാക്കയുടെ മുറിയിലുമില്ല. തലയിൽ പേപ്പർ വെയിറ്റ് കൊണ്ട് അടിച്ച ശേഷം ഫോൺ വയർ കൊണ്ട് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. 

അന്വേഷണം തുടങ്ങുന്നത് ഹിഡാക്കയെ അവസാനം കാണാൻ വന്ന നാനോഗുച്ചിയിൽ നിന്നും പിന്നെ ഫ്യൂജിയോ എന്ന സ്ത്രീയിൽ നിന്നും. എഴുത്തുകാരൻ ജീവിതം നോവലാക്കിയതിനാൽ അതിന്റെ പക മനസ്സിൽ വച്ചുകൊണ്ടിരിക്കുന്ന കുടുംബത്തിലെ അംഗമാണ് ഫ്യൂജിയോ എന്ന് മറക്കാൻ പറ്റില്ല. 

ഒൻപതു ഭാഗങ്ങളായാണ് കെയ്‌ഗോ ഹിഗാഷിനോയുടെ ക്രൈം നോവൽ മാലിസ് അവതരിക്കപ്പെടുന്നത്. മാലിസിന്റെ കഥാഗതിയുടെ ആരംഭമാണ് മുൻപ് പറഞ്ഞതും. നാനോഗുച്ചിയാണ് ആദ്യം കഥ പറയുന്നത്. ഹിഡാക്കയുടെ വലിയ ഭവനത്തിലെത്തുന്നതും അവിടെ നിൽക്കുന്ന ചെറി ബ്ലോസമിനെ കുറിച്ചുമൊക്കെ എത്ര മനോഹരമായാണ് കെയ്‌ഗോ പറഞ്ഞിരിക്കുന്നത്! പുസ്തകത്തിലെ ഓരോ വാക്കും അളന്നു തൂക്കി കൃത്യമായി വേണ്ടയിടങ്ങളിൽ പ്ലെയിസ് ചെയ്തിട്ടുണ്ട്, ആദ്യം അതിന്റെ പ്രാധാന്യമെന്തെന്ന് തിരിച്ചറിയാനായില്ലെങ്കിലും വായന പുരോഗമിക്കുമ്പോൾ ഓരോ നിമിഷത്തിനും കുറ്റാന്വേഷണത്തിൽ പങ്കു വഹിക്കാനുണ്ടെന്നു മനസ്സിലാവും. 

‘ദ് ഡിവോഷന്‍ ഓഫ് സസ്‌പെക്ട് എക്‌സ്’, ‘സാല്‍വേഷന്‍ ഓഫ് എ സെയിന്റ്’ എന്നീ നോവലുകൾ എഴുതിയ കെയ്‌കോയുടെ ഈ രണ്ടു കൃതികളും ഏറെ പ്രശസ്തമാണ്. ജാപ്പനീസ് ഭാഷയിൽ എഴുതിയിട്ടുള്ള കെയ്‌കോയുടെ പുസ്തകങ്ങൾ വളരെക്കാലത്തിനു ശേഷമാണ് ഇംഗ്ലിഷിലേക്കു പോലും പരിഭാഷ ചെയ്യപ്പെട്ടത് എന്നതുകൊണ്ട് വളരെ പരന്ന വായന വളരെ മെല്ലെയാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ ഉണ്ടായത്. 

‘ദ് ഡിവോഷന്‍ ഓഫ് സസ്‌പെക്ട് എക്‌സ്’ എന്ന പുസ്തകത്തിൽനിന്ന് ആശയം കടമെടുത്തതാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന മലയാള സിനിമയെന്ന വാർത്തകൾ ആ സമയത്തു തന്നെയുണ്ടായിരുന്നു. ഒരു ക്രൈം ഫിക്‌ഷനു ചേരുന്ന വിധത്തിൽ ഒട്ടും മെലോഡ്രാമ കുത്തിത്തിരുകാതെ എന്നാൽ കുറ്റാന്വേഷണത്തിന്റെ സാധ്യതകളെല്ലാം ഉപയോഗിച്ച് ഡിറ്റക്ടീവ് കാഗ മാലീസിലെ ഉത്തരം കണ്ടെത്തുന്നു. ഒൻപത് നോവലുകളും ഒരു ചെറുകഥാ പുസ്തകവുമാണ് ഡിറ്റക്ടീവ് കാഗയുടെ സീരീസിൽ കെയ്‌ഗോയുടേതായി പുറത്തിറങ്ങിയിരിക്കുന്നത്. 

ക്രൈം ഫിക്‌ഷനിൽ പൊതുവേ ആരാണ് കൃത്യം നടത്തിയത് എന്നതിനെ ആശ്രയിച്ചാണ് വായനയുടെ ത്രില്ല് തീരുമാനിക്കപ്പെടുക. അത് ആരാണെന്ന് അറിയാനുള്ള ഉദ്വേഗമായിരിക്കും വായനക്കാരനിൽ മുന്നിട്ടു നിൽക്കുന്നതും. അതുകൊണ്ടുതന്നെ എങ്ങനെയാണ് കൃത്യം നടന്നത് എന്ന ഉപ വിഭാഗം അതിന്റെ പിന്നിൽ നിൽക്കുന്നതേയുള്ളൂ. പക്ഷേ കെയ്‌ഗോയുടെ മാലിസ് എങ്ങനെയാണ് കൃത്യം നടന്നത് എന്ന വിഭാഗത്തിലാണ് വരുന്നതെങ്കിലും ഒട്ടും വായനയുടെ ത്രില്ല് നഷ്ടപ്പെടുത്തുന്നില്ല. കൊലപാതകിയെ ആദ്യത്തെ മൂന്ന് ഭാഗങ്ങളിലായി ഡിറ്റക്ടീവ് കാഗ കണ്ടെത്തുന്നുണ്ട്, എന്നാൽ ആ കൊലയാളി എന്തിനു വേണ്ടിയാണ് കൃത്യം നടത്തിയത് എന്നതു കണ്ടെത്തേണ്ടതിന്റെ ആവശ്യകത ഡിറ്റക്ടീവ് കാഗ മനസ്സിലാക്കിത്തരുന്നു. 

കൊലപാതകി ഫ്രെയിം ചെയ്തു വച്ചിരുന്ന ഒരു ലക്ഷ്യം അനാവരണം ചെയ്യപ്പെടുമ്പോൾ പോലും കാരണം കിട്ടിയെന്ന ഉത്തരത്തിൽ കേസ് അവസാനിപ്പിക്കാൻ കാഗ തയാറാകാത്തത് സത്യം പറഞ്ഞാൽ അതിശയിപ്പിക്കും. കൊലപാതകിയെ കിട്ടി, കൊല ചെയ്ത കാരണങ്ങൾ അയാൾ തന്നെ വെളിപ്പെടുത്തുകയും ചെയ്തു, ഇനിയുമെന്താണ് അതിന്റെ പിന്നിൽ അന്വേഷിക്കാനുള്ളതെന്നു ചോദിച്ചാൽ ചില മനുഷ്യരുടെ ആത്മാഭിമാനം സംരക്ഷിക്കാൻ എന്ന് തന്നെയാണ് ഉത്തരം. എങ്ങനെയെങ്കിലും കേസന്വേഷണം അവസാനിപ്പിക്കാൻ ധൃതി കാട്ടുന്ന ഉദ്യോഗസ്ഥർക്കുള്ള മികച്ച മറുപടിയാണ് ഡിറ്റക്ടീവ് കാഗ. 

ഒരു കേസന്വേഷണം എങ്ങനെയൊക്കെ മുന്നോട്ടു കൊണ്ടുപോകാമെന്നുള്ള കൃത്യമായ വഴികളിലൂടെ എഴുത്തുകാരൻ ഡിറ്റക്ടീവിനെ കൊണ്ടുപോകുന്നുണ്ട്. കൊലപാതകിയുടെയും മരണപ്പെട്ടയാളുടെയും ജീവിതങ്ങളിലേക്ക് അയാൾ നടന്നു തുടങ്ങുമ്പോൾ പല സത്യങ്ങളും മുന്നിലേക്കെത്തുകയും അത് ഒടുവിൽ വെളിപ്പെടുകയും ചെയ്യുന്നു. എങ്ങനെയാണ് കൊലപാതകം നടത്തിയതെന്നാണ് പുസ്തകം പറയുന്നതെങ്കിലും ആകാംക്ഷയും ഉദ്വേഗവും അവസാനം വരെ അവസാനിക്കുന്നതേയില്ല. ഇന്ററോഗേഷൻ ഓരോ ചെറിയ സൂചകങ്ങളിലേക്കു വരെ നയിക്കുമ്പോൾ അന്വേഷണത്തിനുള്ള വഴികൾ ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് തുറന്നു കിട്ടുന്നു. 

ഇംഗ്ലിഷിലേക്ക് മാലിസ് വിവർത്തനം ചെയ്യപ്പെട്ടത് 1996 ലാണ്. അതിനു ശേഷം ഇതുവരെ ബെസ്റ്റ് സെല്ലറായി ലോക സാഹിത്യത്തിൽ കെയ്‌ഗോയുടെ പുസ്തകം ഇടം പിടിച്ചിരിക്കുന്നു. നോവലിന്റെ ആദ്യ അധ്യായത്തിൽത്തന്നെ തുടങ്ങുന്ന കൊലപാതകവും അതിന്റെ തുടരന്വേഷണവും ലോകമെങ്ങുമുള്ള വായനക്കാരെ പിടിച്ചിരുത്തുന്നു. ആമസോണിൽ പുസ്തകം ലഭ്യമാണ്. കിൻഡിൽ വായനക്കാർക്കും മാലിസ് വായിക്കാനുള്ള അവസരമുണ്ട്. 

English Summary : Malice Crime Novel By Keigo Higashino

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA
;