നെഞ്ചിലൊരു വെടിമരുന്നറയുള്ള കവിതകൾ

oru-habbiyude-kumbasaram-001
SHARE

ഒരു ഹബ്ബിയുടെ കുമ്പസാരം

നിഖിൽ ആർ.കെ.

പാപ്പാത്തി പുസ്തകങ്ങൾ

വില: 120 രൂപ

നിസ്സഹായനായ ഒരു ജീവി അതിന്റെ പൊള്ളുന്ന പുറന്തോടിൽനിന്ന് കുതറിയിറങ്ങാൻ ശ്രമിക്കുന്നതിനെ ഓർമയിലെത്തിക്കുന്നു ഒരു ഹബ്ബിയുടെ കുമ്പസാരം എന്ന സമാഹാരത്തിലെ കവിതകൾ. ആ പൊള്ളലും കരച്ചിലും കുതറിപ്പിടയലും വായനക്കാരിലേക്കും പടരുന്നുണ്ട്. നിഖിൽ ആർ.കെ. എന്ന കവി തന്റെ കാലത്തോടു സംസാരിക്കുന്നത് ലാവ പോലെ പൊള്ളുന്ന ഈ കവിതകളിലൂടെയാണ്. സാധാരണ മനുഷ്യന്റെ നിത്യജീവിതവും വൈകാരിക ആകുലതകളും നിരാശയുമൊക്കെ ഈ കവിതകളിലുണ്ട്. 

ഞാനും കുക്കറും തമ്മിൽ

അഭേദ്യമായ ബന്ധമാണ്.

എന്റെ കരച്ചിലുകളുടെയും

പൊട്ടിത്തെറികളുടെയും അതേ

ശബ്ദമാണ് കക്ഷിയുടെ വിസിലിന് (കുക്കർ)

എന്ന വരികൾ നോക്കുക. തികച്ചും സാധാരണമായ ഭാഷയും ഇമേജറികളും കൊണ്ട് അതിസാധാരണമായ ജീവിതത്തെ അസാധാരണമൂർച്ചയോടെ ചിത്രീകരിക്കുന്നുണ്ട് നിഖിൽ. 

സുതാര്യതയുടെ രഹസ്യങ്ങൾ എന്ന കവിത വ്യത്യസ്തമായൊരു വായനാനുഭവമാണ്. ജീവിതത്തിന്റെ ദൈനംദിന വ്യവഹാരങ്ങളെയത്രയും മനപ്പൂർവം സങ്കീർണമാക്കുന്ന വർത്തമാനകാലത്തിന്റെ ചിരി ആ കവിതയിലുണ്ട്. 

പാക്കരാ, കടലെടുത്ത നിൻ

കുടിക്കു പകരമായി

നാലുതൂണിലൊരു മറപ്പുര കെട്ടുവാൻ

നാലണക്കു വേണ്ടി

നീയൊരു സെലിബ്രിറ്റിയാകണം (സെലിബ്രിറ്റി) 

എന്ന വരികളിലും ആ കാലമാണ് തെളിയുന്നത്. ആ കാലത്തോടുള്ള കലിയും കവിയിൽ ചിലനേരം ഒരു വാൾത്തല പോലെ മിന്നിനിൽക്കുന്നുണ്ട്. ഏറുപടക്കം എന്ന കവിത ഉദാഹരണം. ഉള്ളിൽ തീപിടിച്ച വെടിമരുന്നായി സ്വയം തിരിച്ചറിയുന്ന ഒരാൾ അതിലുണ്ട്. ശിശുദിനഭീതികൾ എന്ന കവിതയും കാലഘട്ടത്തോടുള്ള കടുംകലഹമായിത്തന്നെ വായിക്കാം. ജീവിതത്തിന്റെ ലാളിത്യവും സ്നേഹഭംഗികളും ചോർത്തിയെടുത്ത് മനുഷ്യനെ അന്യന്റെ നെഞ്ചിനു നേരേ ചൂണ്ടപ്പെട്ട ഒരു നിറതോക്കുപോലെ അപകടകാരിയാക്കുന്ന വ്യവസ്ഥ ഈ കവിതയിലുണ്ട്. ഇക്കാല രാഷ്ട്രീയത്തിന്റെ ച്യുതികളും നിഷ്ഠൂരതയും ഈ വരികൾക്കിടയിൽ തെളിഞ്ഞുവരുന്നുണ്ട്. അങ്ങനെ അതൊരു ശക്തമായ രാഷ്ട്രീയ കവിതയാകുന്നുണ്ട്.

ഉപയോഗശേഷം ചുരുട്ടിയെറിഞ്ഞ

നഗരങ്ങൾക്കിടയിലൂടെ ഒഴുകുന്ന

നേർത്തു നേർത്തു മെല്ലിച്ച 

പുഴയെയാണ് അവളെക്കണ്ടപ്പോൾ

എനിക്കോർമവന്നത് 

എന്നു തുടങ്ങുന്ന ഈച്ചക്കാരി എന്ന കവിത കീഴാള ജീവിതത്തിന്റെ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. മനുഷ്യർ കീടങ്ങളെപ്പോലെ ‍ഞെരിച്ചുകളയപ്പെട്ട കാലങ്ങളുടെയെല്ലാം ഓർമകൾ ഈ കവിത വായനക്കാർക്കുനേരേ വച്ചുനീട്ടുന്നു. നേർത്തു മെല്ലിച്ച പുഴ എന്ന ബിംബം ഒരേസമയം പെണ്ണിന്റെയും പ്രകൃതിയുടെയും മുഖച്ഛായ പേറുന്നതാണ്. 

സമൂഹവും വ്യവസ്ഥിതിയുമൊക്കെച്ചേർന്നു തുന്നിയ ഒരു മുൾക്കൂട്ടിൽപ്പെട്ട ഏകാകിയുണ്ട് ഈ സമാഹാരത്തിലെ ഏതാണ്ടെല്ലാ കവിതകളിലും. അയാൾ ചിലനേരം പിടയുകയും ചിലനേരം പൊരുതുകയും ചെയ്യുന്നു. അതേസമയം ആഴമുള്ളൊരു കരച്ചിലിന്റെ മുഴക്കവും ഈ കവിതകളിൽ കേൾക്കാം. എഴുതുന്നതെന്തിന് എന്ന ചോദ്യത്തിന്, അതിജീവിക്കാൻ എന്നായിരിക്കും ഈ കവിയുടെയും ഉത്തരം. 

English Summary : Oru Habbiyude Kumbasaram Poem By Nikhil R.K 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA
;